Entertainment
‘കടലമ്മ’യിൽ സത്യൻ്റെ നായിക 59 വർഷങ്ങൾക്കുശേഷം വീണ്ടും…

‘കടലമ്മ’യിൽ സത്യൻ്റെ നായിക 59 വർഷങ്ങൾക്കുശേഷം വീണ്ടും
1963_ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് സിനിമയായ കടലമ്മയിൽ സത്യൻ്റെ നായികയായി തിളങ്ങിയ മായ എന്ന സുഷമ പദ്മനാഭൻ, 59 വർഷങ്ങൾക്കുശേഷം വീണ്ടും അഭിനയിക്കുന്നു. കടലമ്മയിലെ ഹിറ്റ് ഗാനമായ ‘പാലാഴിക്കടവിൽ’ ഇന്നും മലയാളിയുടെ മനസ്സിൽ മധുരോർമ്മകളാണ്.
വാക്കുയിർ പ്രൊഡക്ഷൻസിനുവേണ്ടി ശ്രീനന്ദനം ക്രിയേഷൻസ് നിർമ്മിക്കുന്ന പുതിയ പ്രണയഗാനമായ ‘അഴലുകളില്ലാത്ത അനുരാഗമാണ് നീ…’ യിലാണ് അവർ അഭിനയിക്കുന്നത്. പ്രശസ്ത നടി പരേതയായ മാവേലിക്കര പൊന്നമ്മയുടെ മകളാണ് ശ്രീമതി സുഷമ പദ്മനാഭൻ.
ഗ്രാമീണൻ്റെ വരികൾക്ക് പ്രശസ്ത സംഗീത സംവിധായകൻ വിഭു വെഞ്ഞാറമൂട് സംഗീതം നൽകി വെഞ്ഞാറമൂടിൻ്റെ വാനമ്പാടി അവനി സന്തോഷിനൊപ്പം ചേർന്നു പാടിയ ഈ ഗാനത്തിൽ നടി സുഷമയും അവരുടെ ഭർത്താവ് പദ്മനാഭൻ അയ്യങ്കാരും അഭിനയിക്കുന്നു.
ഇവരുടെ ചെറുപ്പകാലം സന്ദീപ് കരുണാകരനും അവന്തികയും ചേർന്ന് അവതരിപ്പിക്കുന്നു. ‘കോശിച്ചയാൻ്റെ പറമ്പ്’ എന്ന പുതിയ ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്തേക്ക് ചുവടുറപ്പിക്കുന്ന അവന്തിക ഇതിനോടകം തന്നെ സീരിയലുകളിലൂടെയും പരസ്യചിത്രങ്ങളിലൂടെയും സുപരിചിതയാണ്.
മാർച്ച് അവസാനവാരത്തോടെ പുറത്തിറങ്ങുന്ന ഈ ഗാനത്തിൻ്റെ ഛായാഗ്രഹണം രാജീവ് പേരയം, ശ്രീകണ്ഠൻ വെഞ്ഞാറമൂട് എന്നിവരും, എഡിറ്റിംഗ് ശ്യാം കഠിനംകുളവും, ഓർക്കസ്ട്രേഷൻ സുനിൽ ഒ.എസ്സ്. ഉം, സോങ് റെക്കോർഡിംഗ് & മിക്സിംഗ് അജയ് ക്രിയേറ്റീവും നിർവഹിച്ചിരിക്കുന്നു.
***
649 total views, 4 views today