നിഷേധത്തിന്റെ പോർട്രൈറ്റ് എന്ന് മാധ്യമങ്ങൾ വിശേഷിപ്പിച്ച ചിത്രത്തെക്കുറിച്ച് പറയാം, ഇങ്ങനെയൊരു അന്ത്യരംഗം ആർക്കും ഉണ്ടാകില്ല

38

(ബി: ചന്ദ്രകുമാർ)

നിഷേധത്തിന്റെ പോർട്രൈറ്റ് എന്ന് മാധ്യമങ്ങൾ വിശേഷിപ്പിച്ച ചിത്രത്തെക്കുറിച്ച് പറയാം .

കവിയും നാടക കൃത്തും നടനും നർത്തകനും ഒക്കെ ആയിരുന്ന സുരാസുവിന്റെ അന്ത്യ യാത്രയുടെ ചിത്രം – അപാര ദൃശ്യ സമന്വയമായിരുന്നു ആ ഫ്രെയിമിന്റെ ചാലക ശക്തി .1997 ലെ മികച്ച ന്യൂസ് ഫോട്ടോക്കുള്ള തിരുവനന്തപുരം പ്രസ് ക്ലബ് പുരസ്കാരവും അമേരിക്കൻ സംഘടനയായ FOCANA യുടെ അവാർഡും എനിക്ക് നേടിത്തന്ന ചിത്രമാണത്.1997 ജൂണ് 5
സുരാസുവിന്റെ മൃതദേഹം മദ്യത്തിൽ വിഷം കലർത്തി കഴിച്ച് ആത്മഹത്യ ചെയ്യപ്പെട്ട നിലയിൽ കോട്ടയം റെയിൽവേ സ്റ്റെഷനിൽ കണ്ടെത്തുകയായിരുന്നു .അജ്ഞാതാവസ്ഥയിൽ കിടന്ന മൃതദേഹം ആരോ തിരിച്ചറിഞ്ഞു . അങ്ങനെ മാതൃഭുമിയുടെ ഒന്നാം പേജിൽ ആ മരണ വാർത്ത വന്നു .
1997 ജൂണ് 6
എറണാകുളം പച്ചാളം പൊതു ശ്മശാനതിൽ സുരാസുവിന്റെ മൃത ദേഹം സംസ്കരിക്കാനുള്ള ഒരുക്കങ്ങൾ നടക്കുമ്പോഴാണ് ഞാൻ അവിടെ എത്തുന്നത് .എന്നെപ്പോലെ പത്തു പന്ത്രണ്ടു പേർ കൂടി സ്ഥലത്തുണ്ട് .AMMA എന്ന സംഘടനയുടെ ഒരു പുഷ്പചക്രം സുരാസുവിന്റെ പുറത്തു വെച്ചിട്ടുണ്ട്. ബന്ധുക്കള്‍ എന്ന് തോന്നുന്ന ആരെയും അവിടെ കണ്ടില്ല.മതപരമായ ചടങ്ങുകളും ഉണ്ടായില്ല .”സുരാസുവിന്റെ ഭാര്യയും മക്കളും അറിഞ്ഞോ ? “- അവിടെ കൂടി നിന്നവർ പരസ്പരം ചോദിച്ചു .
“വടക്കേ ഇന്ത്യയിലെവിടെയോ ആണ് അവരിപ്പോൾ താമസമെന്നാണ് കേട്ടത് . ഇന്നത്തെ മാതൃഭുമിയിൽ ഒന്നാം പേജിൽ വാർത്ത വന്നതല്ലേ . അറിഞ്ഞുകാണും….. ” ഒരു ദീർഘ നിശ്വാസത്തോടെ ആരോ ഒരാൾ പറഞ്ഞു .മൃതദേഹം ചിതയിലേക്ക് എടുക്കാൻ സമയമായി .

Surasu – Movies, Bio and Lists on MUBIവിറക് കൊള്ളികൾ കൊണ്ട് ആറടി നീളത്തിൽ അടുക്കി വെച്ച ചിത തയ്യാറായിരിക്കുന്നു .സുരാസുവിന്റെ മൃത ദേഹം ആരാണ് ചിതയിലേക്ക് എടുക്കുന്നത് എന്നറിയാനുള്ള ആകാംക്ഷയോടെ എല്ലാരും കൈകെട്ടി നിൽകുന്നു .ശ്മശാന വളപ്പിലെ പുൽകൊടി പോലും നിശ്ചലമായ അവസ്ഥ .പെട്ടെന്ന് ഒരു കാർ അവിടെ വന്ന് നിന്നു . എല്ലാരും തിരിഞ്ഞു നോക്കി .
“സുരാസുവിന്റെ ഭാര്യയും മകനുമാണത്”
കൂടി നിന്നവരിൽ ആരോ പറഞ്ഞു .
“അമ്മുവേടത്തിയാണത് . പദ്മേച്ചിയുടെ മകനാണ് കൂടെയുള്ളത് . പദ്മേച്ചി വന്നില്ലാ തോന്നുന്നു ” – ആരോ പറഞ്ഞു . .
ആ അമ്മയും മകനും കാറിൽ നിന്നിറങ്ങി നടന്നു വന്ന് മൃതദേഹത്തിൽ ഒന്ന് നോക്കി .എന്നിട്ട് പരസ്പരം കെട്ടിപ്പിടിച്ചു കരഞ്ഞു .
സുരാസുവിന്റെ മരണ വാർത്ത വന്ന മാതൃഭുമി പത്രം ആ അമ്മ കയ്യിൽ മുറുകെ പിടിച്ചിരിക്കുന്നത് കാണാം .ഹൃദയസ്പർശിയായ ആ നിമിഷം എന്റെ ക്യാമറ ഒപ്പിയെടുത്തു. അതാണ് ഈ ദൃശ്യം .വല്ലാത്തൊരു കാഴ്ചയായിരുന്നു അത് .അച്ഛൻ, അമ്മ , മകൻ …….ചിത !!!

സൃഷ്ടി , സ്ഥിതി , സംഹാരം , താണ്ഡവം എന്നിവയുടെ നാഥനായ ശ്രീ പരമേശ്വരന്റെ, കരിക്കട്ടയിൽ ആരോ കോറിയിട്ട, ചിത്രം !!!
വർണനകൾകതീതമായ പശ്ചാത്തലവും ജീവിതത്തിന്റെയും മരണത്തിന്റെയും അനിർവചനീയമായ നിമിഷാര്ധവും ബന്ധങ്ങളുടെ ബലവും സമന്വയിച്ച ഫ്രെയിമായിരുന്നു അത് . ഞാൻ ബൈക്കിൽ കയറി മാതൃഭൂമി ഓഫീസിലേക്ക് പോയി . വണ്ടിയോടിച്ചു പോകുമ്പോൾ എന്റെ മനസ് ആ ശ്മശാനത്തിൽ തന്നെ ആയിരുന്നു . ഓഫീസിൽ ചെന്ന് നേരെ ഡാർക്ക്‌ റൂമിലേക്ക്‌ കയറി . ലൈറ്റ് ഓഫ് ചെയ്ത ശേഷം ഫിലിം കാമറയില്‍ നിന്ന് പുറത്തെടുത്തു .ഡാർക്ക്‌ റൂം അസിസ്റ്റന്റ് സുധീർ മോഹനെ ആ ഫിലിം ഏല്പിച്ചിട്ട് ഞാനൊരു കസേരയിൽ ഇരുന്നു . കൂരിരുട്ടിന്റെ അഗാധതയിലേക്ക്‌ കണ്ണ് നട്ട് ഞാന്‍ ഒരു നിമിഷം നിസന്ഗനായിരുന്നു. സുധീര്‍, ടൈമര്‍ സെറ്റ് ചെയ്തശേഷം, ഫിലിം ടാങ്കിലിട്ടു വെള്ളവും ഡെവലപറും ഫിക്സറും മാറ്റിക്കൊണ്ടിരുന്നു .

എന്താണ് ഫോട്ടോ എന്ന് അവന്‍ എന്നോട് ചോദിച്ചു .
“ഹോ , വല്ലാത്തൊരു കാഴ്ച ആയിരുന്നു അത് . കണ്ണിൽ നിന്നും അത് മായുന്നില്ല ” – ഞാൻ പറഞ്ഞു
അവനും അത് കാണാൻ ആകാംക്ഷയായി .
ഏതാനും നിമിഷങ്ങള്ക്ക് ശേഷം അവൻ ചുവന്ന ലൈറ്റ് ഇട്ടു .ഞാൻ ആകാംക്ഷയോടെ എഴുന്നേറ്റു ഫിലിം എടുത്തു നോക്കി .
രണ്ടു ഫ്രെയിം മാത്രമേ എടുത്തിട്ടുള്ളൂ . എങ്കിലും രണ്ടും നന്നായി കിട്ടിയിട്ടുണ്ട് .ഒട്ടും താമസിയാതെ ആ ഫോട്ടോ പ്രിൻറ്റിട്ടു .
ആ ഫോട്ടോ ന്യൂസ് ഡസ്കിൽ ഏല്പിചു. അത് കണ്ടവരെല്ലാം ഒരു നിമിഷം നിശ്ചലമായി

1997 ജൂണ് 7
മാതൃഭുമിയുടെ ചരമ പേജിൽ വളരെ അപ്രധാനമായാണ് ഈ ഫോട്ടോ അച്ചടിച്ച് വന്നത് .അതുകൊണ്ട് ആരും അന്ന് അത് ശ്രദ്ധിച്ചില്ല .പക്ഷെ ഈ ചിത്രത്തിന് FOCANA അവാർഡ് കിട്ടിയപ്പോൾ ആണ് ചർച്ചയായത് .അമേരിക്കയിലെ എക്സിബിഷനിൽ വെച്ചിരുന്ന ഈ ചിത്രം കണ്ട്‌ ശ്രീ സൂര്യ ക്രിഷ്ണമൂർത്തി സർ എന്നെ അവിടെ നിന്ന് വിളിച്ചു, അഭിനന്നിച്ചു .” ചന്ദ്രകുമാർ , ഇത് വെറുമൊരു ചിത്രമല്ല . ഇത് കണ്ടപ്പോൾ ഒരു നിമിഷം ഞാൻ നിശ്ചലമായ പോലെ തോന്നി . സുരാസു എന്ന കലാകാരനെ അറിയാവുന്നവര്ക്കേ ഈ ചിത്രം ഉൾകൊള്ളാനാവൂ .

എന്തായാലും അഭിനന്ദനങ്ങൾ . ഈ ചിത്രം 51 ദിവസം നീണ്ടു നിൽകുന്ന സൂര്യ ഫെസ്റിവൽ ന്റെ bookletinte ഒന്നാം പേജിൽ നിങ്ങളുടെ അനുവാദത്തോടെ ഞാൻ കൊടുക്കും . “അദ്ദേഹത്തിന്റെ ഈ വാക്കുകൾ ഞാൻ ഇപ്പോഴും നന്ദിയോടെ ഓർകുന്നു .
ചാനലുകളിൽ തുടര്ച്ചയായി വന്ന എന്റെ അഭിമുഖത്തിലൂടെ ഈ ചിത്രം വീണ്ടും വീണ്ടും ജനം പരിചയപ്പെട്ടു .
വീണിടം വിഷ്ണുലോകമായി കരുതി , എപ്പോഴെങ്കിലും വന്നുപോകാനുള്ള ഒരു ഇടത്താവളമായി കുടുംബത്തെ കണ്ടിരുന്ന സുരാസു ……….
സമ്പ്രദായങ്ങളോടൊക്കെ കലഹിച്ച്………ചട്ടക്കൂടുകളെയൊക്കെ ചവിട്ടിപ്പൊളിച്ച് ……നിഷേധിയായി ജീവിതം നയിച്ച് നിഷേധിയായി തന്നെ മരണവും വരിച്ച സുരാസുവിന്റെ അന്ത്യരംഗം ഇതാ ഞാന്‍ നിങ്ങള്‍ക്ക് മുന്നില്‍ സമര്‍പ്പിക്കുന്നു

Previous articleഇന്ത്യൻ സിനിമയിലെ കായികതാരങ്ങൾ
Next articleകൊറോണ: അവസാനത്തിന്റെ തുടക്കം?‬
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.