ഒരുകാലത്തു ബാബു ആന്റണിയായിരുന്നു മലയാളിത്തിന് ബ്രൂസ്‌ലിയും ജാക്കിച്ചാനും ഒക്കെ. അക്കാലത്തു താരത്തിന്റേതായി പുറത്തിറങ്ങിയ പല ചിതങ്ങൾക്കും നല്ല വരവേൽപ്പായിരുന്നു. ഫൈറ്റിൽ തന്റേതായ ശൈലി കൊണ്ടുവന്ന നായകനായിരുന്നു ബാബു ആന്റണി. നായകവേഷങ്ങൾക്കൊപ്പം തന്നെ വില്ലൻ വേഷങ്ങളും അദ്ദേഹം ചെയ്തുപോന്നു. ബാബു ആന്‍റണി നായകനായി പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം ആയിരുന്നു ‘ചന്ത’ . അതിനു രണ്ടാം ഭാഗം ഒരുങ്ങുന്നു എന്ന സൂചന നൽകുകയാണ് ബാബു ആന്റണി. സുല്‍ത്താന്‍ തിരിച്ചുവരുന്നതായും ‘ചന്ത’ രണ്ടാം ഭാഗം ഉറപ്പിച്ചതായും ബാബു ആന്‍റണി പങ്കുവച്ച പോസ്റ്റിൽ പറയുന്നു.
ആദ്യ ഭാഗത്തിന്റെ സംവിധായകന്‍ സുനില്‍ തന്നെയാകും രണ്ടാം ഭാഗവും ഒരുക്കുക. കഴിഞ്ഞ ദിവസം കൊച്ചിയില്‍ സുനിലുമായി ചര്‍ച്ചകള്‍ നടത്തിയതായും ബാബു ആന്‍റണി തന്റെ പോസ്റ്റിൽ പറയുന്നു, . ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യങ്ങൾ ബാബു ആന്‍റണി അറിയിച്ചത്. 1995 ആഗസ്റ്റ് നാലിനായിരുന്നു ‘ചന്ത’ റിലീസ് ചെയുന്നത്. ഈ ചിത്രം വില്ലനില്‍ നിന്നും ഒരു നായകനിലേക്കുള്ള ബാബു ആന്‍റണിയുടെ ചുവടുമാറ്റത്തിൽ വലിയ പങ്കുവഹിച്ചിരുന്നു. കോഴിക്കോട് വലിയങ്ങാടിയുടെ പശ്ചാത്തലത്തില്‍ ആണ് ചന്തയുടെ കഥ പറഞ്ഞത്. ബാബു ആന്റണിയുടെ കഥാപാത്രത്തിന്റെ പേര് സുല്‍ത്താന്‍ എന്നായിരുന്നു. മോഹിനിയായിരുന്നു ചിത്രത്തിലെ നായിക.