ലിയോ സിനിമയുടെ ലൊക്കേഷനിൽ ബാബു ആന്റണിക്ക് കിട്ടിയ ബഹുമാനവും പരിഗണനയും എത്രമാത്രമെന്നു പറയുകയാണ് അദ്ദേഹത്തിന്റെ മേക്കപ്പ് മാനായ രജീഷ് ആർ. സോഷ്യൽ മീഡിയ കുറിപ്പിലൂടെയാണ് രജീഷ് പ്രേക്ഷകർക്കായി ഇക്കാര്യം പങ്കുവച്ചത്. അദ്ദേഹത്തിനെ കുറിപ്പ് വായിക്കാം

കുറിപ്പിന്റെ പൂര്‍ണരൂപം

ഇന്ന് തെന്നിന്ത്യൻ സിനിമ പ്രേക്ഷകർക്ക് ആഘോഷത്തിന്റെ ആരവങ്ങളുടെ ആർപ്പുവിളികളുടെ ദിനമാണ്. തമിഴകത്തിന്റെ ബ്രില്യന്റ് മാസ് ഡയറക്ടർ ലോകേഷ് കനകരാജ് സർ എന്നെന്നും എന്റെ പ്രിയപ്പെട്ട ഹീറോ സൂപ്പർ സ്റ്റാർ ദളപതി വിജയ് സർ ഇവർ ഒരുമിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ലിയോ ലോകമെമ്പാടും റിലീസ് ചെയ്യുന്നു. കശ്മീരിലും, ചെന്നൈയിലും ആയി ചിത്രീകരിച്ച ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിച്ച ഏക മലയാളി ടെക്നീഷ്യൻ ആയിരുന്നു ഈ ഞാൻ.

 

ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു മനസ്സിൽ ഒരുപാട് ആരാധിക്കുന്ന “വിജയ്” സാറിനെ ഒന്ന് അടുത്ത് കാണാൻ. ആ ആഗ്രഹം നടന്നു എന്നതിനപ്പുറം രണ്ടു മാസങ്ങളോളം അദ്ദേഹത്തിനൊപ്പം വർക്ക് ചെയ്യുവാനും കഴിഞ്ഞു. അദ്ദേഹത്തെ ആദ്യമായി കണ്ട നിമിഷം ഇപ്പോഴും ഒരു സ്വപ്നം പോലെയാണ്. കശ്മീരിലെ കൊടും തണുപ്പില്‍ ഭാഷയറിയാതെ, അവിടത്തെ സിം ഇല്ലാതെ അടപടലം പെട്ടപ്പോൾ എന്നെ രാവിലെ ലൊക്കേഷനിലേക്ക് പിക്ക് ചെയ്യാൻ വന്ന ഹിന്ദിക്കാരൻ ഇന്നോവ ഡ്രൈവർ കുറച്ചുനേരം എവിടെയോ വെയിറ്റ് ചെയ്ത് എന്നെ കൂട്ടാതെ ലൊക്കേഷനിലേക്ക് പോയി.

ആദ്യദിവസം തന്നെ വണ്ടി മിസ്സ്‌ ആയി പണി കിട്ടിയ ഞാൻ പ്രൊഡക്‌ഷൻ ഫുഡ് വണ്ടിയിലാണ് ആദ്യ ലൊക്കേഷൻ യാത്ര. പ്രിയപ്പെട്ട ബാബു ആന്റണി സർ നേരത്തെ ലൊക്കേഷനിൽ എത്തിയിട്ടും ഉച്ചയോടെ അടുപ്പിച്ചാണ് ഞാൻ എത്തിയത്. ഒരു കോഫി ഷോപ്പിൽ ആയിരുന്നു ലൊക്കേഷൻ. ചുറ്റിലുമായി നിർത്തിയിട്ടിരിക്കുന്ന പത്തോളം കാരവൻ. തോക്കും കറുത്ത കുപ്പായവും അണിഞ്ഞ ഒരുപാട് ആൾക്കാരുടെ സെക്യൂരിറ്റി. അതിനപ്പുറം ഒരുപാട് പൊലീസുകാർ.

ദൂരെ മാറി ഒരുപാട് പേർ ഷൂട്ട്‌ കാണാൻ നിൽക്കുന്നു. ആർക്കും അകത്തേക്ക് പ്രവേശനമില്ലെന്ന് ഇതിൽനിന്നും മനസ്സിലായി. കയ്യിലെ മേക്കപ്പ് ബാഗുമായി മുന്നിലോട്ട് നടന്ന എന്നെ അപരിചിതനെ പോലെ പലരും നോക്കുന്നുണ്ടായിരുന്നു. ഇടയിൽ ഒരു തോക്കുമായി ഒരാൾ അടുത്ത് വന്ന് അദ്ദേഹത്തിന്റെ ഭാഷയിൽ ആരാണെന്ന് ചോദിച്ചു. ഞാനെന്റെ ഭാഷയിൽ മറുപടി പറഞ്ഞു, ‘ബാബു ആന്റണി’ എന്ന താരത്തിന്റ പേര് കേട്ടപ്പോൾ തന്നെ ബഹുമാനത്തോടെ എന്നെ അകത്തേക്ക് വിട്ടു. ആ നിമിഷം ഞാൻ കണ്ട കാഴ്ച ലൈഫിൽ ഒരിക്കലും എനിക്ക് മറക്കാൻ കഴിയില്ല. എന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്ന വിജയ് സാർ, ഹിന്ദി സിനിമയുടെ സൂപ്പർ ഹീറോ സഞ്ജയ് ദത്ത് സർ എന്നിവർക്കൊപ്പം മലയാളത്തിന്റെ പവർ സ്റ്റാർ ബാബു ആന്റണി സർ. മൂന്നുപേരും ഒരു ടേബിളിന് ചുറ്റും ഇരിക്കുകയാണ്. ഞാൻ അതിനടുത്തേക്ക് ചെറിയ പേടിയോടെ നടന്നുപോയി. മനസ്സിനുള്ളിൽ എന്തോ ഒരു ആളൽ. കണ്ണെടുക്കാതെ ഞാൻ വിജയ് എന്ന അദ്ഭുതത്തെ നോക്കി നിന്നു.പെട്ടെന്ന് ആമുഖം എനിക്ക് നേരെ ഉയർന്നു. നല്ലൊരു പുഞ്ചിരി. ഞാനും ചിരിച്ചു.

തൊട്ടുമുന്നിൽ ഒരു കയ്യെത്തും ദൂരത്ത്. എന്റെ ഹീറോ… എന്നെ നോക്കി ചിരിക്കുന്നു.. ബാബു സാറിനോട്‌ വളരെ സ്നേഹത്തോടെ ആദരവോടെ അദ്ദേഹം സംസാരിക്കുകയാണ്. എന്തൊരു എളിമ, ഒരു താര ജാഡയോ തലക്കനവും ഇല്ല. ഏറ്റവും സൈലന്റ് ആയി സെറ്റിന്റെ ഒരു കോണിൽ അദ്ദേഹം ഉണ്ട്. ഷൂട്ട് തുടങ്ങിയപ്പോൾ ഞാൻ എന്റെ ജോലിയിൽ മുഴുകി. അതോടുകൂടി എല്ലാവർക്കും ഞാനാരാണെന്നും എന്റെ ജോലി എന്താണെന്നും മനസിലായി.

സിനിമയിൽ വർക്ക് ചെയ്യുന്ന എൺപത് ശതമാനം പേർക്കും ഇവരുടെ അടുത്ത് പോകാനും സംസാരിക്കുവാനും ഒന്നും കഴിയില്ല.. അപ്പോഴേക്കും സെക്യൂരിറ്റി വന്ന് മാറ്റും.

പക്ഷേ എല്ലാ സീനിലും ബാബു സർ ഒപ്പം ഉള്ളത് കൊണ്ട് ഇവർക്കൊപ്പം തന്നെ നിൽക്കാനുള്ള ഭാഗ്യവും എനിക്കുണ്ടായി. അപ്രതീക്ഷിതമായി നടന്നുവന്ന വിജയ് സർ എന്റെ മുഖത്തു നോക്കി പുഞ്ചിരിച്ചു കൊണ്ട് ‘‘മലയാളി ആണോ?’’ എന്ന് ചോദിച്ചത് ഇപ്പോഴും എന്റെ കാതുകളിൽ കേൾക്കാം. മലയാളികളോട് അദ്ദേഹത്തിന് പ്രത്യേക ഇഷ്ടമാണ്. ആ നിമിഷമാണ് ആദ്യമായി ഷെയ്ക്ക്ഹാൻഡ് തന്നത്. ആ നിമിഷം തൊട്ട് പിന്നെ രണ്ടുമാസത്തോളം അവർക്കൊപ്പം ആയിരുന്നു. എല്ലാദിവസവും രാവിലെ ഗുഡ് മോർണിങ് പറയും കൈ തരും. “ബാബു ആന്റണി” എന്ന മഹാപ്രതിഭയ്ക്ക് അവർ നൽകിയിരുന്ന ആദരവിന്റെ, ബഹുമാനത്തിന്റെ ഒരു കുഞ്ഞു വിഹിതം, സ്നേഹം അദ്ദേഹത്തിന്റെ ഒപ്പം വർക്ക് ചെയ്ത എനിക്കും കിട്ടി എന്നത് സത്യം.

കണ്ണുനിറയെ കണ്ടു, ഒരുപാട് സംസാരിച്ചു. എല്ലാവരും എന്നെ ചേർത്തുനിർത്തി..”ലോകേഷ് സാറിന്റെ “പിറന്നാള്‍ ദിനത്തിൽ ഏറ്റവും ആഗ്രഹിച്ച കുറച്ച് ഫോട്ടോസ് എടുത്തു. അത് പുറത്തുവിടാൻ ഇതുവരെ പേടിയായിരുന്നു… ഇപ്പോൾ ലുക്കും, ട്രെയിലറും, ടീസറും വന്നു. ഇനി മണിക്കൂറുകൾ മാത്രം അവശേഷിക്കുന്നു ഈ ബ്രഹ്മാണ്ഡ സിനിമ ഇറങ്ങാൻ… സിനിമാ ഗ്രൂപ്പുകളിലും, ഫ്രാൻസ് പേജുകളിലും ഈ സിനിമ ചർച്ചയാകുമ്പോൾ ഇതിന്റെ ഒരു കുഞ്ഞു ഭാഗമാകാൻ കഴിഞ്ഞതിൽ ഏറെ അഭിമാനം… അതിന് ഏറ്റവും കൂടുതൽ നന്ദി പറയുന്നത് പ്രിയപ്പെട്ട ബാബു ആന്റണി സാറിനോട്‌ ആണ്..

ആരാധകരെ ആവേശതിരയിലാർത്തുന്ന ദളപതിയുടെ കോരിത്തരിപ്പിക്കുന്ന മാസ് സീനുകൾ ഉള്ള.. ലോകേഷ് കനകരാജിന്റെ ബ്രില്യന്റ് ഡയറക്‌ഷനിൽ, അൻപറിവ് മാസ്റ്ററുടെ മികച്ച ബ്രഹ്മാണ്ഡ ഫൈറ്റുകളുള്ള പ്രിയപ്പെട്ട മ്യൂസിക് ഡയറക്ടർ അനിരുദ്ധിന്റെ മാന്ത്രികത നിറഞ്ഞ ഒരു പക്കാ മാസ്സ് എന്റർടെയ്നർ ആയിരിക്കും ലിയോ. ഈ സിനിമയ്ക്കും, അണിയറ പ്രവർത്തകർക്കും ഹൃദയം നിറഞ്ഞ വിജയാശംസകൾ. നാളെ ഇവിടെ ചെറുവത്തൂർ പാക്കനാറിൽ വിജയ് സാറിനെ ഏറ്റവും ഇഷ്ടപ്പെടുന്ന എന്റെ കുഞ്ഞുമക്കൾക്കൊപ്പം.

You May Also Like

മെക്സിക്കൻ ഗോളിയുടെ കിടക്ക പങ്കിടലും.. അനുപമ യുടെ ലിപ്‌ലോക്കും, വീഡിയോ കാണാം 

മെക്സിക്കൻ ഗോളിയുടെ കിടക്ക പങ്കിടലും.. അനുപമയുടെ ലിപ്‌ലോക്കും. ബൂലോകം വീഡിയോ കാണാം തങ്ങളുടേതായ ദിവസങ്ങളില്‍ ഏത്…

പാപ്പൻ വൻ വിജയത്തിലേക്ക്, പത്തുദിവസത്തെ കളക്ഷൻ ഞെട്ടിക്കുന്നത്

പൊറിഞ്ചു മറിയം ജോസിന് ശേഷം ജോഷി വിജയം ആവർത്തിക്കുകയാണ്. സുരേഷ് ഗോപിയെ നായകനാക്കി ജോഷി സംവിധാനം…

തുനിവിൽ അജിത്തിന് നായികയില്ല, പിന്നെ മഞ്ജു ചിത്രത്തിൽ ആരാണ് ? സംവിധായകൻ ആദ്യമായി ഇക്കാര്യം വെളിപ്പെടുത്തുന്നു

അജിത്തിനൊപ്പം നേർക്കൊണ്ട പാർവൈ , വലിമൈ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത എച്ച്.വിനോദ് ഇപ്പോൾ തുനിവ്…

ഫാന്റസി സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് പറ്റിയ നല്ലൊരു കൊമേഴ്‌സ്യൽ സിനിമയാണ് ബിംബിസാര

Richard Castle Bimbisara (2022) Jr NTR ന്റെ മൂത്ത സഹോദരനായ കല്യാൺ റാം നായകാനായി…