ചന്ത : ബാബു ആന്റണിയും ജയചന്ദ്രനും..
എഴുതിയത് > Narayanan Nambu
തൊണ്ണൂറുകളിലെ കുഞ്ഞു മനസ്സിൽ ഇപ്പോളുമുണ്ട് ആ കൂളിംഗ് ഗ്ലാസ് വെച്ച് ആറടി ഉയരത്തിൽ നെഞ്ച് വിരിച്ചു നടന്നു വരുന്ന ബാബു ആന്റണിയുടെ രൂപം. അന്ന് വി.സി.ആർ ഉണ്ട് വീട്ടിൽ. അതും കാസെറ്റ് എടുക്കുന്നത് വീട്ടിൽ വിരുന്നുകാർ വരുമ്പോഴും, വിശേഷ ദിവസങ്ങളിലും മാത്രം. അങ്ങനെ ഒരു ദിവസം ആശിച്ചു മോഹിച്ചു കോഹിനൂരിലെ കാസെറ്റ് കടയിൽ നിന്ന് എടുത്തുകൊണ്ടു വന്നു കണ്ട സിനിമയാണ് ചന്ത.. !!
ബാബു ആന്റണി ഒക്കെ അന്ന് ഒരു ആക്ഷൻ തരംഗം സൃഷ്ടിക്കുന്ന സമയമാണ്. പോസ്റ്ററുകളിലും ഡിഡി ചാനലിലും വരുന്ന ബാബു ആന്റണിയുടെ സ്റ്റൈൽ കാണാൻ ഞങ്ങൾക്കെല്ലാം ആവേശമായിരുന്നു. സുരേഷ് ഗോപി ആയിരുന്നു അന്ന് എന്റെ മനസ്സിലെ ആക്ഷൻ സ്റ്റാർ. വലുതാകുമ്പോൾ പോലീസ് ആകണം എന്നൊക്കെ ചിന്തിച്ചുകൂട്ടിയ കുട്ടികാലം. മോഹൻ തോമസിനെ തലയിണയിലേക്ക് ആവാഹിച്ചു ആ തലയിണ എന്നും ഇഞ്ചപ്പരുവമാക്കിയിരുന്ന കുട്ടിക്കാലം. ആ സമയത്താണ് വെത്യസ്തമായ ഒരു ശൈലിയിൽ ബാബു ആന്റണിയുടെ വരവ്. അമിത വികാരങ്ങൾ ഒന്നും ഇല്ലാതെ, ഭാവപ്രകടനങ്ങളിൽ അധികം പ്രാധാന്യം നൽകാതെ, ആറ്റിട്യൂടിനും അക്ഷനും പ്രാധാന്യം നൽകിയ സ്റ്റൈലൻ ശൈലി അദ്ദേഹത്തിന് ഒരുപാട് ആരാധകരെ സൃഷ്ടിച്ചു..
1995ലാണ് സുനിൽ സംവിധാനം ചെയ്ത ‘ചന്ത’ റിലീസ് ചെയ്യുന്നത്. കോഴിക്കോട് പശ്ചാത്തലമായി ഇറങ്ങിയ ‘ചന്ത’ ആ കൊല്ലത്തെ സൂപ്പർ ഹിറ്റ് ആയിരുന്നു. ബാബു ആന്റണിയുടെ സ്റ്റൈലും ലുക്കും ആക്ഷനും തന്നേ ആയിരുന്നു സിനിമയുടെ പ്രധാന ആകർഷണം. ലാലു അലെക്സിനെ വിരട്ടി വിടുന്ന സീനൊക്കെ 😍
ബാബു ആന്റണിയുടെ കരാട്ടെ ആക്ഷൻ സീക്വൻസുകൾ കണ്ടു അതുപോലെ തലയിണയിലും,ഭിത്തിയിലും, ചേട്ടന്മാരിലും അനുജന്മാരിലും മേലെ അനുകരിക്കാൻ ശ്രമിച്ചിരുന്ന കുട്ടിക്കാലമാകും തൊണ്ണൂറുകളിൽ ജനിച്ച പലർക്കും..
ഇന്നും ചില സിനിമകളിൽ അദ്ദേഹത്തിന്റെ മുഖം കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നാറുണ്ട്. ‘ഹോംലി മീൽസ്’ എന്ന സിനിമയിൽ ചന്തയെക്കുറിച്ചും ദാദയെകുറിച്ചും പരാമര്ശിച്ചപ്പോൾ ഉണ്ടായ നൊസ്റ്റാൾജിയ വളരെ വലുതാണ്. ഇടുക്കി ഗോൾഡിലും, വിണ്ണൈ താണ്ടി വരുവായയിലും,കരിങ്കുന്നം സിക്സെഴ്സിലും,കായംകുളം കൊച്ചുണ്ണിയിലും ഒക്കെ അദ്ദേഹത്തെ വീണ്ടും കണ്ടപ്പോൾ ഒരുപാട് സന്തോഷമായി. “കരിങ്കുന്നം സിക്സെഴ്സിലെ” ഡഗ്ലസ് എന്ന കഥാപാത്രം അദ്ദേഹത്തിന്റെ ഒരു under rated പെർഫോമൻസ് ആയി തോന്നി. അദ്ദേഹം അത്രക്ക് സൂക്ഷ്മമായി ചെയ്ത റോൾ ആയിരുന്നു അത്..✌✌
ചിത്രഗീതത്തിൽ അന്ന് കേട്ടിരുന്ന പാട്ടായിരുന്നു ചന്തയിലെ “യത്തീമിൻ സുൽത്താൻ വന്നേ..”
എം. ജയചന്ദ്രൻ ആദ്യമായി സംഗീത സംവിധാനം ചെയ്ത ആ കാലത്തെ സൂപ്പര്ഹിറ് ഗാനം..
ഗിരീഷ് പുത്തഞ്ചേരിയുടെ രചനയിൽ എം. ജി. ശ്രീകുമാർ ആലപിച്ച പാട്ട് വല്യങ്ങാടിയിലെ ആഘോഷം ഒക്കെയായി ആണ് ചിത്രീകരിച്ചിരിക്കുന്നത്. എം. ജി യുടെ തനതായ ശൈലിയിൽ മനോഹരമായി പാടിയ അടിച്ചുപൊളി പാട്ട്.
കൂളിംഗ് ഗ്ലാസ് ഒക്കെ ഇട്ട്,ഒരു ബനിയനും അതിനുമേൽ വേറൊരു ഷർട്ടും ഇട്ട്, അന്നത്തെ ആക്ഷൻ സ്റ്റാർ ബാബു ആന്റണി ഈ പാട്ടിനോടൊപ്പം ഇങ്ങനെ സ്റ്റൈലിൽ നടക്കുന്നത് ഇപ്പോളും ഓർക്കുന്നുണ്ട് ❤😍
ഗിരീഷ് പുത്തഞ്ചേരിയുമായുള്ള സൗഹൃദമാണ് ദേവരാജൻ മാസ്റ്ററുടെ ശിഷ്യനായ എം. ജയചന്ദ്രനെ ഈ സിനിമയിലേക്കെത്തിക്കുന്നത്.
പശ്ചാത്തലം ഉൾക്കൊള്ളാൻ ആയി കോഴിക്കോട് ജയ ഓഡിറ്റോറിയത്തിൽ ഇരുന്ന് സൃഷ്ടിച്ച പാട്ട്.ഏറ്റവും വല്യ പ്രത്യേകത എന്തെന്നാൽ ഒരുപാട് കേരള സംസ്ഥാന പുരസ്കാരങ്ങൾ പിന്നീട് കരസ്ഥമാക്കിയ ആ എം. ജയചന്ദ്രൻ തന്റെ ജീവിതത്തിൽ ആദ്യമായി ഒരു സിനിമക്ക് വേണ്ടി ഈണമിട്ട ഗാനമായിരുന്നു “യത്തീമിൻ സുൽത്താൻ വന്നേ.. “! ആക്ഷൻ സ്റ്റാർ ബാബു ആന്റണിയെയും ജയചന്ദ്രൻ സാറിനെയും നമുക്ക് നൽകിയ ‘ചന്ത’യെ ഓർത്തുകൊണ്ട്… ഇന്ന് ‘ചന്ത’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നുണ്ട് എന്ന് ബാബു ആന്റണിയുടെ പേജിൽ കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി..സുൽത്താനെ ഒരുവട്ടം കൂടി തീയേറ്ററിൽ കാണാമല്ലോ.