കയ്യിൽ പിടിച്ചിട്ടുള്ളത് പ്രണയിനിയുടെ യൂറിൻ ബാഗാണെന്ന് മുഖത്തെ ഭാവം കണ്ടാൽ തോന്നുമോ ? അയാളുടെ കണ്ണുകളിൽ നിന്ന് തുളുമ്പുന്ന ആ പ്രേമമുണ്ടല്ലോ, അത് ഒരത്ഭുതമാണ്

192

Babu Ramachandran

ഇവളുടെ പേര് നസീമ എന്നാണ്. സുഖമില്ലാതെ ആശുപത്രിയിൽ അഡ്മിറ്റാണ്. ഐസിയുവിലാണ് കിടത്തിയിട്ടുള്ളത്. ഭർത്താവ് എന്നും ഐസിയുവിന്റെ പുറത്തുള്ള വെയ്റ്റിംഗ് ഏരിയയിൽ വന്നു കാത്തിരിക്കും. ഒരു ഞായറാഴ്ച ദിവസം, ആ ഇരിപ്പുകണ്ട് പാവം തോന്നിയിട്ടാവും, ഡോക്ടർ അയാൾക്ക് ചെറിയൊരു ഇളവ് അനുവദിച്ചു കൊടുത്തു. വേണമെങ്കിൽ കുറച്ചു നേരം നസീമയെ ഐസിയുവിനു പുറത്തുള്ള ഇടനാഴിയിലൂടെ നടത്തിച്ചോളൂ. അങ്ങനെ അയാൾക്ക് ഭാര്യയെ ദിവസങ്ങൾ കൂടി ഒന്ന് കാണാൻ പറ്റി. അതിന്റെ സന്തോഷമാണ് ആ മുഖത്ത്.

നടന്നു ക്ഷീണിച്ചപ്പോൾ കോറിഡോറിലെ മരബെഞ്ചിൽ ഒന്നിരുന്നതാണവൾ, ഒപ്പം വെറുംനിലത്ത് അവനും. ആ എടുത്ത് കയ്യിൽ പിടിച്ചിട്ടുള്ളത് അവളുടെ യൂറിൻ ബാഗാണെന്ന് മുഖത്തെ ഭാവം കണ്ടാൽ തോന്നുമോ?

കാലം അത്രമോശമാണ് ഇന്നത്തെ. എന്നുമെന്നും കൂടെയുണ്ടാകും എന്ന് വാക്കും കൊടുത്ത് പിന്നാലെ നടന്നു പ്രേമിച്ച പലർക്കും കൈപിടിക്കേണ്ട സമയത്ത് അതിനുള്ള ധൈര്യമുണ്ടാവാത്ത, മനസ്സുണ്ടാവാത്ത കെട്ട കാലമാണ്. അതിനും ഒഴിവുകഴിവ് പലതും പറയാനുണ്ടാവുന്ന കാലമാണിത്. ഭാര്യയുടെ യൂറിൻ ബാഗ് കയ്യിൽ വെച്ചും അയാളുടെ മുഖത്ത് ഇങ്ങനെയൊരു ഭാവം വരണമെങ്കിൽ, അവളെ ഉപാധികളില്ലാതെ സ്നേഹിക്കുന്നവനാണയാൾ. ആ മുഖത്ത് അവളോടുള്ള പ്രേമം ദൃശ്യമാണ്. അങ്ങനെയുള്ള പ്രേമം ഈ ലോകത്ത് കുറ്റിയറ്റു പോകരുതേ എന്നൊരു പ്രാർത്ഥനമാത്രമാണ് ഉള്ളിൽ അവശേഷിക്കുന്നത്. പ്രാർത്ഥനയായി ആജീവനാന്തം കൂട്ടുപോരുന്ന ജാതി പ്രേമം.

അയാളുടെ കണ്ണുകളിൽ നിന്ന് തുളുമ്പുന്ന ആ പ്രേമമുണ്ടല്ലോ, അത് ഒരത്ഭുതമാണ്. അത് പ്രകടങ്ങൾക്ക് അതീതമാണ്. അത് അനുദിനം പരസ്പരം വാഗ്ദാനങ്ങൾ നൽകുന്ന ഒന്നല്ല. അതിന് നിസ്സഹായതയുടെ ഭാവഗീതങ്ങളും പാടാനറിയില്ല. അതിന് അറിയാവുന്നത് ഒരേയൊരു കാര്യമാണ്. ചത്താലും കൈ വിടില്ല. കൊന്നാലും കൂട്ടുവിടില്ല. അല്ലെങ്കിലും പ്രേമം സാക്ഷാത്കരിക്കപ്പെടേണ്ടത് അടഞ്ഞ മുറികൾക്കുള്ളിലല്ലല്ലോ. അത് സ്വീകരിക്കപ്പെടുമ്പോൾ, ബഹുമാനിക്കപ്പെടുമ്പോഴാണ്. പ്രേമിക്കുന്നവന്റെ മുഖത്ത് അവനവന്റെ പ്രേമത്തെ പ്രതി അഭിമാനം തുളുമ്പി നിൽക്കും. വല്ലാത്തൊരു വാത്സല്യമുണ്ടാകും അവന്റെ നോട്ടത്തിൽ പോലും…

ഇന്ന് ഇയാൾ ഇങ്ങനെ പ്രണയത്തെക്കുറിച്ചുള്ള അവകാശവാദങ്ങളും, ഗീർവ്വാണങ്ങളും വെടിഞ്ഞ്, കേവലം ഒരു നോട്ടത്തിൽ അതിനെ ഒതുക്കുമ്പോൾ, അത് കണ്ടിരിക്കുന്ന അവൾക്കും ആജീവനാന്തം അവനെ തിരികെ പ്രണയിക്കാൻ അത് ധാരാളമാണ്. ഇങ്ങനെ പരസ്പരം നോക്കി മുഗ്ധരായിരിക്കുന്ന ഇവരെ കാണുമ്പൊൾ ധൈര്യത്തോടെ പറയാൻ തോന്നുന്നുണ്ട് ,” ഉവ്വ്, ഞാൻ പ്രേമത്തിന്റെ മുഖം കണ്ടിട്ടുണ്ട്. പ്രണയിക്കുന്ന രണ്ടാത്മാക്കളെ ഒരിക്കൽ നേരിൽ കണ്ടിട്ടുണ്ട്” എന്ന്..! എന്റെ ആയുഷ്കാലത്തിനിടെ ഇങ്ങനൊന്ന് നേരിൽ കാണാൻ എനിക്ക് യോഗമുണ്ടായി. പ്രണയത്തിലുള്ള എന്റെ നഷ്ടപ്പെട്ടുകൊണ്ടിരുന്ന വിശ്വാസം ഇതാ പുനഃസ്ഥാപിക്കപ്പെട്ടിരിക്കുന്നു… നിങ്ങളുടെയോ?
( Just another attempt to translate, this time an FB post courtesy निधि नित्या)