ഗൾഫിൽ മരിക്കുന്നവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതു വിലക്കുന്ന കേന്ദ്രസർക്കാർ ക്രൂരത

81

Bachoo Mahe

ചിത്രത്തിലുള്ളത് ഷാജിലാൽ യശോധരൻ, കായംകുളം സ്വദേശി. 46 വയസ്സ്. ഇരുപത് വർഷമായി പ്രവാസിയാണ്. എന്നാലിപ്പോൾ, ഇരുപത്തിനാല് മണിക്കൂറിലേറെയായി ഇദ്ദേഹം ദുബൈ അന്താരാഷ്ട വിമാനത്താവളത്തിൽ നാട്ടിലേക്ക് പോകാനായി കാത്തുകെട്ടിക്കഴിയുകയാണ്. ജീവനോടെയല്ല. കാർഗോ പെട്ടികളിലൊന്നിൽ എംബാം ചെയ്യപ്പെട്ട മൃതശരീരമായിട്ട്. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ഷാജിലാൽ രക്തത്തിലെ അണുബാധയെത്തുടർന്ന് (സെപ്റ്റിക് ഷോക്ക് വന്ന്) റാസൽഖൈമയിലെ സഖർ ഹോസ്പിറ്റലിൽ വെച്ച് മരിച്ചത്.

മാതാപിതാക്കൾ, ഭാര്യ, കുഞ്ഞുങ്ങൾ എന്നിങ്ങനെ അദ്ദേഹത്തിൻ്റെ ഉറ്റവരും ഉടയവരും നാട്ടിലാണ്. അന്ത്യസംസ്കാരത്തിന് മുൻപ് അവസാനമായൊന്ന് കാണുകയെന്ന അവരുടെ അഭിലാഷവും അവകാശവും പൂർത്തീകരിക്കാനായി, ഇപ്പോഴത്തെ അതീവ ദുഷ്ക്കരമായ അവസ്ഥയിലും അവിടെയുള്ള സുഹൃത്തുക്കളും ബന്ധുക്കളും സാമൂഹികപ്രവർത്തരുമൊക്കെ സത്വരമായി ഇടപെട്ട് നടപടിക്രമങ്ങൾ എല്ലാം പൂർത്തിയാക്കി.

ഇന്ത്യൻ എംബസി അനുമതിയും അവിടത്തെ പോലീസ് ക്ലിയറൻസും കൊറോണ നെഗറ്റിവ് സർട്ടിഫിക്കറ്റും ഉൾപ്പെടെ ആവശ്യമായ രേഖകൾ എല്ലാം അറ്റാച്ച് ചെയ്ത് ഇന്നലെ (വ്യാഴം) രാവിലെ 11.30 ൻ്റെ ഫ്ലൈദുബായ് കാർഗോ വിമാനത്തിൽ കൊച്ചിയിലേക്ക് മൃതശരീരം അയക്കാനായി വിമാനത്താവളത്തിൽ എത്തിയപ്പോൾ ആണ് കൊച്ചിയിൽ മൃതദേഹം ഇറക്കാൻ അനുവദിക്കില്ലെന്ന എമിഗ്രെയ്ഷൻ അധികൃതരുടെ സന്ദേശം ലഭിക്കുന്നത്.

എന്താണ് കാര്യമെന്ന് തിരക്കിയപ്പോൾ കേന്ദ്രത്തിൽ നിന്നുള്ള ഉത്തരവാണെന്നു മാത്രമാണ് ഗൾഫിലുള്ള ബന്ധുക്കൾ‍ക്കും സുഹൃത്തുക്കൾ‍ക്കും കിട്ടിയ മറുപടി. ഇത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ പുനർനിർദ്ദേശം വന്നാൽ മാത്രമേ ഇനി മൃതദേഹങ്ങൾ നാട്ടിൽ സ്വീകരിക്കൂ എന്ന്. കേന്ദ്ര ഉത്തരവിൻ പ്രകാരം തന്നെയാകണം, കഴിഞ്ഞ ദിവസം ചെന്നൈ വിമാനത്താവളത്തിൽ ദുബായിൽ നിന്നെത്തിയ രണ്ട് മൃതശരീരങ്ങൾ നിലത്തിറക്കാതെ അതേ വിമാനത്തിൽ തിരിച്ചയച്ചു എന്ന മറ്റൊരു വാർത്തയും കേട്ടു.

നാട്ടിലെത്താൻ കഴിയാതെ ഒട്ടേറെ പ്രവാസികൾ വീർപ്പ് മുട്ടിക്കഴിയുന്ന അവസ്ഥയാണ്. അതിന് പുറമെയാണ് ഗൾഫിൽ മരിക്കുന്ന ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനു പോലും കേന്ദ്രസർക്കാർ അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഗൾഫുകാരോടുള്ള അപ്പാർത്തീഡ് ആണോ ഇത്? ഈ ക്രൂരതയോട് പ്രതികരിക്കണം. മൃതദേഹങ്ങളോട്‌ ആദരവ് കാട്ടണം. പിറന്ന മണ്ണിൽ അടക്കപ്പെടാനുള്ള അവകാശം അനുവദിക്കണം. ജീവിച്ചിരിക്കുന്നവരോട് നീതി പുലർത്തണം. രണ്ടോ അതിലധികമോ ആത്മഹത്യകൾ കൊറോണയുമായി ബന്ധപ്പെട്ട് സംഭവിച്ച് കഴിഞ്ഞു.

കേരള സർക്കാർ നാട്ടിലുള്ളവരുടെ കോവിഡ് ചെറുക്കുന്ന കാര്യത്തിൽ പ്രോ-ആക്റ്റീവ് ആയി ഇടപെടുമ്പോഴും, പ്രവാസികളുടെ വിഷയത്തിൽ ‘കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്, അവർ അനുമതി നൽകട്ടെ’ എന്നൊരു ഉദാസീന നിലപാടിലാണ്. ഈ അഴകൊഴമ്പൻ സമീപനം വെടിഞ്ഞ്, കേന്ദ്രത്തിന് മുന്നിൽ ഞങ്ങളുടെ പൗരന്മാരെ തിരിച്ചെത്തിക്കാനുള്ള വിലക്ക് നീക്കണം എന്ന് വളരെ ശക്തമായി ആവശ്യപ്പെടാൻ എന്തിന് മടിക്കണം?!

P.S: ഷാജിലാലിൻ്റെ മൃതദേഹത്തിൻ്റെ കാര്യത്തിൽ ഇതുവരെ ലഭിച്ച അപ്‌ഡേറ്റ് അനുസരിച്ചാണ് പോസ്റ്റ്.