സർക്കാർ ഓഫീസുകൾക്ക് അവധി നല്കുന്നതുകൊണ്ട് മഹാന്മാർ ആദരിക്കപ്പെടുമോ

56

Bachu Cheruvadi

സർക്കാർ ഓഫീസുകൾക്ക് അവധി നല്കുന്നതുകൊണ്ട് മഹാന്മാർ ആദരിക്കപ്പെടുമോ

മഹാന്മാരുടെ ജന്മദിനത്തിനും ചരമദിനത്തിനും എന്തിനാണ് സർക്കാർ ആപ്പീസുകൾക്ക് അവധി നൽകുന്നത്. ഏതെങ്കിലും ഒരു പുരോഗമന പാർട്ടിക്ക് ഒരു പുനര്ചിന്തനം ഉണ്ടാകുമോ. ദീർഘമായ ഉപവാസംമൂലം ക്ഷീണിച്ച മഹാത്മഗാന്ധി, ഉപവാസം നിർത്തിയ ഉടൻ പോയത് തന്റെ ചർക്കയുടെ അടുത്തേക്കാണ്. ഒരുവൻ ഭക്ഷണം കഴിക്കുന്നുവെങ്കിൽ അയാൾ അതിനുള്ള ജോലിയെങ്കിലും ചെയ്തിരിക്കണം എന്നായിരുന്നു മഹാത്മാവിന്റെ സന്ദേശം. പക്ഷെ നമ്മുടെ നാട്ടിൽ അദ്ദേഹം ജനിച്ച ദിവസവും മരിച്ച ദിവസവും സർക്കാർ സ്ഥാപനങ്ങൾക്ക് അവധിയാണ്. ശമ്പളത്തോടെ സർക്കാർ ജീവനക്കാർക്ക് വീട്ടിലിരിക്കാം. (സർക്കാർ ജീവനക്കാർക്ക് മാത്രം. കർഷക തൊഴിലാളി വീട്ടിലിരുന്നാൽ അവന്റെ അടുപ്പിൽ തീ പുകയില്ല. മറ്റ്‌ അധ്വാനിക്കുന്ന വലിയ വിഭാഗവും).

നാരായണ ഗുരു അദ്ധ്വാനത്തിന്റെ മാഹാത്മ്യം വിളിച്ചോതിയ വന്ദ്യപുരുഷൻ ആണ്. അദ്ദേഹത്തിന്റെ പേരിലും സർക്കാർ ഉദ്യോഗസ്ഥർക്ക് രണ്ട്‌ ഒഴിവുകൾ സമ്മാനം. പൊതുജനത്തിന് പ്രയാസങ്ങളും. മുഹമ്മദ്നബി ജനിച്ച ദിവസം നമുക്ക് ഒഴിവാണ്. ആ മഹാൻ ജനിച്ച സൗദി അറേബ്യയിൽ അന്ന് ഒഴിവ് ദിനം അല്ല. മുഹറം 10 നമുക്ക് അവധിയാണ്. ഇസ്ലാമിക രാജ്യമായ അറേബ്യയിൽ പ്രവർത്തി ദിനം ആണ്.

ഈ വന്ദ്യപുരുഷൻമാർ എല്ലാം ഈ നിലപാടിന് അനുകൂലമായിരിക്കുമോ. സമുദായങ്ങളെ പ്രീണിപ്പെടുത്താൻ ഓരോരോ സർക്കാരുകൾ കൊണ്ടുവന്ന അന്യായമായ തീരുമാനങ്ങൾ അല്ലെ ഇതെല്ലാം. വളരെ കുറഞ്ഞ ഒരു വിഭാഗം വലിയ വേതനം വാങ്ങി വീട്ടിൽ ഇരിക്കുന്നു. പാവപ്പെട്ട മനുഷ്യർ വില്ലേജ് ഓഫീസിലും പഞ്ചായത്തു ഓഫീസിലും ബാങ്കുകളിലും ഒക്കെ കാര്യങ്ങൾ നടക്കാതെ വലയുന്നു. ഇത്രയേറെ മടിയന്മാരും മടിയന്മാർക്കു കഞ്ഞിവെക്കുന്നവരും ഉള്ള വേറെ ഒരു നാട് കാണിച്ചു തരാൻ ദൈവത്തിനുപോലും സാധിക്കില്ല.