തോറ്റു പോയ കുഞ്ഞുങ്ങൾക്ക് പത്താം ക്ലാസ് പരീക്ഷ എഴുതാത്ത ഒരങ്കിൾ എഴുതുന്നത്

794

Backer M Abdulla എഴുതുന്നു 

തോറ്റു പോയ കുഞ്ഞുങ്ങൾക്ക് പത്താം ക്ലാസ് പരീക്ഷ എഴുതാത്ത ഒരങ്കിൾ എഴുതുന്നത്.

കൂട്ടുകാരൊക്കെ പത്താം ക്ലാസ് പരീക്ഷയ്ക്ക് തയ്യാറെടുക്കാനായി വീട്ടിൽ മുറിയടച്ചിരുന്ന ദിവസങ്ങളിൽ അതിനുള്ള ഭാഗ്യമില്ലാതെ പോയ ഞാൻ കൂട്ടിനാളില്ലാതെ അനാഥനായി നടന്നു.

അതിന് അഞ്ചു വർഷം മുമ്പ് അവർ
അഞ്ചാം ക്ലാസ് പരീക്ഷ എഴുതാൻ പോയപ്പോഴും എനിക്കതിനുള്ള ഭാഗ്യമില്ലായിരുന്നു.

ഞാൻ പഠിച്ചിരുന്ന അഞ്ചാം തരം മാത്രം ക്ലാസുകളുള്ള മദ്രസയിൽ നിന്ന് ഔദ്യോഗികമായി പ്രമോഷൻ ലഭിക്കാൻ അംഗീകാരമുള്ള ഏതെങ്കിലും വിദ്യാലയത്തിൽ പരീക്ഷയ്ക്കിരുന്ന് ജയിക്കണമായിരുന്നു, അന്ന്.

പക്ഷേ, നാലാം ക്ലാസ് കഴിഞ്ഞപ്പഴേ വീട്ടിൽ തീരുമാനം വന്നിരുന്നു.
ഓനെ പള്ളിദർസിൽ ചേർക്കാം.

മദ്രസയിൽ മതപഠനത്തിനു പുറമേ ഓരോ പീര്യഡ് സാമൂഹ്യ പാഠവും സയൻസും മലയാളവുമൊക്കെ ഉസ്താദുമാർ പഠിപ്പിച്ചിരുന്നു.
മൂന്നാം ക്ലാസിലെ മലയാളം പഠിപ്പിച്ചിരുന്ന ഉസ്താദ് ബോർഡിൽ അ’ഗ’ത്ത് എന്നെഴുതി വച്ചത് അദ്ദേഹത്തിന്റെ അഭാവത്തിൽ അകത്ത് എന്നു തിരുത്തിയാണ് ഞാൻ
പ്രൂഫ് റീഡിങ്ങ്, എഡിറ്റിംഗ് തുടങ്ങിയ പിൽക്കാല കൂലിപ്പണിക്ക് തുടക്കമിട്ടത്.

പത്ത് വയസ്സു മുതൽ പത്തു വർഷം പള്ളിദർസിലായിരുന്നു പഠനം.
പശ്ചാത്തലം ആറാം നൂറ്റാണ്ടിലെ അറേബ്യയും ഭാഷ അറബിയുമായിരുന്നു.

പള്ളിയുടെ രണ്ടാം നിലയിലായിരുന്നു ദർസ്.
മൂന്നാം നില പഠിതാക്കളുടെ വസ്ത്രം ഉണങ്ങാനിടാനും, സാമഗ്രികൾ സൂക്ഷിക്കാനുമുള്ളതായിരുന്നു.
നട്ടുച്ചകളിലും സന്ധ്യകളിലും അവിടെ ജിന്നുകൾ കൂട്ടത്തോടെ വന്നിരുന്ന് വിശ്രമിച്ചിരുന്നു.

പെൺമണമില്ലാത്ത ആൺമഠങ്ങൾ എന്നു വിശേഷിപ്പിക്കാവുന്ന പള്ളിദർസിൽ എന്നെ സാന്ത്വനിപ്പിച്ചത് ആ മൂന്നാം നിലയായിരുന്നു.
ഞാനവിടെ ജിന്നുകളെ കാത്തിരിക്കുമായിരുന്നു.
ഒരു പതിനൊന്നു വയസ്സുകാരന് സങ്കൽപിക്കാവുന്ന രൂപത്തിൽ ജിന്നുകൾ എന്റെ അരികിൽ വന്ന് കൂട്ടിരിക്കുമായിരുന്നു.

ചെറിയ കിതാബുകളിൽ നിന്ന് എന്നെക്കാൾ ഭാരമുള്ള കിതാബുകളിലേക്കെത്തിയപ്പോൾ അറേബ്യൻ ഗോത്രങ്ങളും ആചാരങ്ങളും യുദ്ധങ്ങളും എന്റേതല്ലാത്തൊരെന്നെ എന്നിൽ നിർമ്മിച്ചെടുക്കാൻ തുടങ്ങി.

മലയാളിയാവാൻ മലയാളത്തിൽ ജീവിക്കാൻ, സ്വപ്നം കാണാൻ ഞാൻ അതിയായി ആഗ്രഹിച്ചു.
പക്ഷേ മലയാളത്തിലെ എല്ലാ അക്ഷരങ്ങളും ശരിയായി പഠിക്കാൻ കഴിഞ്ഞിട്ടില്ലാത്ത എനിക്കു തുടക്കത്തിൽ വായന വെല്ലു വിളിയായി നിന്നു.

മുട്ടത്തു വർക്കി, കോട്ടയം പുഷ്നാഥ്, എംടി എന്നിങ്ങനെ ഓരോരുത്തരെയായി ഞാൻ ദർസിലേക്കു കൊണ്ടു വന്ന് വലിയ കിതാബുകൾക്കുള്ളിൽ ഒളിച്ചു വച്ചു.

എനിക്കു മലയാളം വായിക്കാനറിയാമെന്ന് അഞ്ചാറു വർഷം കൊണ്ട് ബോദ്ധ്യമായി.
ഞാൻ ചിലതൊക്കെ കുറിച്ചിടാൻ തുടങ്ങി.

ഒരു ദിവസം ഡൽഹിയിൽ ഇന്ത്യാ ടുഡേയുടെ മലയാളം വിഭാഗം എഡിറ്ററായിരുന്ന മാങ്ങാടു രത്നാകരന്റെ ഒരു കത്തു വന്നു.
ദേശാഭിമാനി വാരികയിലെ ബാലപംക്തിയിൽ എന്റെ കടമ്പ എന്ന കഥ വായിച്ചു, നന്നായിട്ടുണ്ടെന്നായിരുന്നു കത്ത്.
മലയാളം എഴുതാനും ഞാൻ പഠിച്ചു എന്നെനിക്കാ കത്തു വായിച്ചപ്പോൾ തോന്നി.

പിന്നെ പത്തിരുപത് കഥകൾ, വായനക്കാർക്ക് കവിത എന്ന് തോന്നിയ കുറച്ചു കുറിപ്പുകൾ, തുടരേയുള്ള ഫീച്ചറുകൾ, ബഷീർ മുതൽ ചുള്ളിക്കാടുവരേയുള്ളവരുമായി അഭിമുഖങ്ങൾ എഴുതി പ്രസിദ്ധീകരിച്ച് ഞാൻ മലയാളം എഴുതാൻ പഠിച്ചു കൊണ്ടേയിരുന്നു.

ഇന്നും, ഈ മുഖ പുസ്തകത്തിൽ കുറിച്ചിടുന്ന വരികൾക്ക് കിട്ടുന്ന ലൈക്കുകൾ ഞാൻ മലയാളം എഴുതാൻ പഠിച്ചു എന്നതിന്റെ അംഗീകാരമായി ഞാൻ വരവു വയ്ക്കുന്നു.
……..
എന്റെ കുഞ്ഞുങ്ങളെ,
മുഖം തണുത്ത വെള്ളത്തിൽ കഴുകി
അമർത്തിത്തുടച്ച് ഉച്ചത്തിൽ ചിരിക്കുക.
വഴങ്ങിയ ലോകത്തേക്കാൾ സൗന്ദര്യമുണ്ട് വഴങ്ങാതെ ഒഴിഞ്ഞു മാറിയതിനെ കീഴടക്കുമ്പോൾ…