സബിതാ ആനന്ദിന്റെ പതിനഞ്ചാം വയസിലെ അനുഭവം ഇന്നത്തെ പെൺകുട്ടികളും ഏറ്റുവാങ്ങുന്നു

1397

Backer M Abdulla

ബക്കർ എം അബ്ദുള്ളയുടെ ഹൃദയസ്പർശിയായ കുറിപ്പ്

വിധേയൻ സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ചാണ്, സബിതാ ആനന്ദിനെ ആദ്യമായി കാണുന്നതും സംസാരിക്കുന്നതും.
അടൂരിനേയും മമ്മൂട്ടിയേയും ഇന്റർവ്യൂ ചെയ്യാൻ ചെന്നതായിരുന്നു, അവിടെ.

ഷൂട്ടിംഗിന്റെ വിശേഷങ്ങൾ പറയുന്നതിനിടെ സബിതയുടെ ശബ്ദത്തിൽ ഇത്തിരി മുമ്പ് തോർന്ന ഒരു കരച്ചിലിന്റെ പൊള്ളുന്ന തണുപ്പ്.
ചോദിച്ചപ്പോൾ പറഞ്ഞു:
കഥാപാത്രത്തിനു വേണ്ടി കരഞ്ഞതാണ്.

സബിത കരഞ്ഞപ്പോൾ അടൂർ പറഞ്ഞത്രേ
”ജീവിതത്തിൽ കരയാറുള്ളതുപോലെ കരയൂ ”

ഞാനെന്റെ ചെറുപ്പക്കാലത്തെ ഓർത്തു
ശരിക്കും കരഞ്ഞുപോയി എന്ന്
മഴ നനയുന്ന ഒരു നിലാവിന്റെ ചിരിയോടെ
അവർ പറഞ്ഞു.

സബിതയുടെ അച്ഛന്റെ ചികിൽസയ്ക്കു പണം കണ്ടെത്താൻ ഒരു ബന്ധുവാണ് സബിതയെ പരസ്യത്തിൽ അഭിനയിക്കാൻ നിർബ്ബന്ധിച്ചത്.
പതിനഞ്ചാമത്തെ വയസ്സിലാണത്.
ഇന്നർവേർ നിർമ്മിക്കുന്ന കമ്പനിയുടെ പരസ്യമോഡൽ എന്നൊക്കെപ്പറഞ്ഞാൽ എന്താണെന്നറിയില്ലായിരുന്നു അന്നെന്ന് പറഞ്ഞപ്പോൾ അവർ വീണ്ടും കരയാൻ തുടങ്ങുകയാണെന്നു എനിക്കു തോന്നി. ഞാൻ പിൻ വാങ്ങി.
………..
വർഷങ്ങൾക്കു മുമ്പ്
കോഴിക്കോട് മഹാറാണി ലോഡ്ജിന്റെ മുറ്റത്തു പിണങ്ങിയ ഭാവത്തിൽ നിൽക്കുന്ന ഒരു കൗമാരക്കാരിയെ കണ്ടതോർമ്മയുണ്ട്.
അമ്മയും ഒരമ്മാവനും കൂടി കൂട്ടിക്കൊണ്ടു വന്നതാണ്.
ഏതോ സിനിമയിൽ അവസരം വാങ്ങിത്തരാമെന്ന ആരുടെയോ വാക്കിന്റെ ചൂണ്ടയിൽ കൊത്തി വന്നതാണവർ.
……………
ഇന്ന് പുലർച്ചേ ഒരച്ഛൻ വിളിച്ചു.
ഏതെങ്കിലും ചാനലിൽ ആങ്കറായോ മറ്റോ ഒരു ജോലി, മകൾക്കാണ്. അവൾ ഈ വർഷം പ്ലസ് ടു കഴിഞ്ഞു.ഒന്നു ശ്രമിക്കുമോ എന്നു ചോദിച്ചതിനൊപ്പം ആ ‘അച്ഛൻ’
ഒരു കാര്യം കൂടി സൂചിപ്പിക്കാൻ ബദ്ധപ്പെട്ടു.
മകൾ സുന്ദരിയാണെന്ന കാര്യം.
………….
നമ്മളിപ്പഴും അവിടൊയൊക്കെത്തന്നെ
നിൽക്കുകയാണ്.
ചാവാത്തത് കൊണ്ട് മാത്രമാണ്
ദുർഗന്ധം വമിക്കാത്തത്.