ബാഗ്‌ദാദി : ലോകത്തെ വിറപ്പിച്ച ആരാച്ചാർ

365

കോലായക്കുറിപ്പുകൾ

ബാഗ്‌ദാദി : ലോകത്തെ വിറപ്പിച്ച ആരാച്ചാർ

കൊലപ്പെടുത്തിയ ആളുകളുടെ എണ്ണം കൊണ്ടല്ല മറിച് കൊലപ്പെടുത്തിയ മാർഗങ്ങൾ കൊണ്ടാണ് ഐ എസ് ചുരുങ്ങിയ നാളുകൾകൊണ്ട് ഒരു ആഗോള ഭീകര പ്രസ്ഥാനമായി മാറിയത്. ഇരയുടെ നിസ്സഹായതയും വേട്ടക്കാരൻറെ ക്രൂരതയും ഭീകരതയുടെ പുതിയ വിപണതന്ത്രങ്ങളായി. 2014 ആഗസ്റ്റിൽ അമേരിക്കൻ പത്രപ്രവർത്തകനായിരുന്ന ജെയിംസ് ഫോലെയെ കഴുത്തറത്തു കൊല്ലുന്നതിൻറെ വീഡിയോ പ്രദർശിപ്പിച്ചാണ് ‘ജിഹാദി ജോൺ’ എന്നറിയപ്പെട്ട മുഹമ്മദ് എംവാസി എന്ന ഐ. എസ് ആരാച്ചാരുടെ രംഗപ്രവേശം. തുടർന്നുള്ള ആഴ്ചകളിൽ സ്റ്റീവൻ സോട് ലോഫ്, ഡേവിഡ് ഹെയിൻസ്, അലൻ ഹെന്നിങ്, പീറ്റർ കാസിംഗ് എന്നിവരും അതിക്രൂരമായ രീതിയിൽ കൊലചെയ്യപ്പെട്ടു. കൊലചെയ്യുക മാത്രമല്ല ഈ കൊലപാതകങ്ങളുടെയെല്ലാം ദ്ര്യശ്യങ്ങൾ ലോകത്തിനു മുൻപിൽ പ്രദർശിപ്പിച്ചു ഭീതി പരത്തുകയും ചെയ്തു. ഈ ക്രൂരകൊലപാതകങ്ങൾ ഐ എസിനെ ചുരുങ്ങിയ കാലങ്ങൾ കൊണ്ട് തീവ്രവാദ സംഘടനകളുടെ കേന്ദ്ര സ്ഥാനത്തു എത്തിച്ചു. പിന്നീട് കുറേക്കാലം ലോകം കണ്ണ് തുറന്നതു ഭീകരതയുടെ ഓരോ പുതിയ കഥകളുമായിട്ടാണ്.

പൂർവ ചരിത്രം

അബ്രഹാമിക് മതങ്ങളായ ഇസ്ലാം മതം, ജൂതമതം, ക്രിസ്തുമതം എന്നിവ പിറവിയെടുത്തത് മധ്യപൂർവേഷ്യ യിലെ ദുർഘട മരുഭൂമിയിലെ ഗോത്രവർഗങ്ങളിലാണ്. ഈ ഗോത്രവർഗങ്ങളിലെല്ലാം നിലനിന്നിരുന്നത് തീവ്ര മതവിശ്വാസങ്ങളും അതിനിഷ്ട്ടൂരമായ പീഠന രീതികളുമാണ്. എട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന അഹമ്മദ്-ഇബ്ൻ ഹാൻബലും (780-855), അതിനുശേഷം അഞ്ചു നൂറ്റാണ്ടുകൾക്കിപ്പുറം ജീവിച്ചിരുന്ന ഇബ്ൻ തൈമിയ്യ (1263-1328) യുമാണ് തീവ്ര മുസ്ലിം ആരാധനാ രീതികൾ പിന്തുടരുന്ന സലഫിസ്റ് പ്രസ്ഥാനത്തിൻറെ ആത്മീയ ഗുരുക്കളായി കരുതപ്പെടുന്നത്. ഈ തീവ്രനിലപാടുകളിൽ ആവേശം പൂണ്ട് അതിലും തീവ്രമായ ആശയങ്ങളുമായി പിന്നീട് എത്തിച്ചേർന്ന മുഹമ്മദ് ഇബ്ൻ അബ്ദ് അൽ വഹാബിന്റെ (1703-1792) ആശയങ്ങലാണ് പിന്നീട് ‘വഹാബിസം’ എന്ന തീവ്ര നിലപാടുകളായി പിന്നീട് വളർന്നു വന്നത്. തീവ്ര മതാനുഷ്ടാനങ്ങൾക്കു ഭീകരതയുടെയും നശീകരണത്തിന്റെയും മാനം നൽകിയത് വഹാബും അദ്ദേഹത്തിന്റെ വഹാബിസവുമാണെന്ന് പറയാം. പ്രവാചകൻ മുഹമ്മദ് നബിയുടെ സന്തത സഹചാരിയായിരുന്ന സയ്യിദ് ഇബ്ൻ അൽ കത്താബിന്റെ ശവകുടീരം തകർത്തുകൊണ്ടായിരുന്നു വഹാബിസം തുടക്കം കുറിച്ചത്. അല്ലാഹുവിനെയല്ലാതെ ഒന്നിനെയും ആരാധിക്കരുതെന്നും അതിന് തടസ്സം നില്കുന്നതെല്ലാം നശിപ്പിക്കപ്പെടണമെന്നുള്ള വിശ്വാസപ്രമാണമായിരുന്നു വഹാബിനെയും കൂട്ടരെയും ഇതിലേക്ക് നയിച്ചത്.

അറേബ്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലുതും ശക്തവുമായ രാജ്യമായി പിന്നീട് മാറിയ സൗദി അറേബ്യയയുടെ സ്ഥാപകനായ മുഹമ്മദ് ഇബ്ൻ സഊദ് മായുണ്ടാക്കിയ തന്ത്രപരമായ സഖ്യം വഹാബിസത്തിന്റെ വളർച്ചയെ വലിയ രീതിയിൽ സഹായിച്ചു. മുഹമ്മദ് ഇബ്ൻ സഊദ് ൻറെ കുടുംബം ക്രമേണ വളർന്ന് സൗദി രാജകുടുംബമായി അറിയപ്പെടാൻ തുടങ്ങി. അതോടൊപ്പം സൗദി അറേബ്യ മധ്യ പൂർവേഷ്യയിലെ ശക്തമായ രാജ്യമായി വളർച്ച പ്രാപിച്ചു. അടിയുറച്ച വഹാബിസലാഫിസവും എണ്ണപ്പണത്തിൻറെ കുത്തൊഴുക്കും അറേബ്യൻ ഉപഭൂഖണ്ഡത്തിൽ ജിഹാദ് പ്രസ്ഥാനത്തിന്റെ വളർച്ചക്ക് വളമായി. സൗദിയിൽ രൂപം കൊണ്ട ജിഹാദി ആശയങ്ങൾ ലോകത്തിന്റെ നാനാഭാഗങ്ങളിൽ പടർന്നു പിടിക്കാൻ അധികസമയമെടുത്തില്ല. പലതലമുറ കൈമാറിയെത്തിയ ജിഹാദി നാളം കെടാതെ സൂക്ഷിച്ചതും ആളിപ്പടർത്തിയതും ഇരുപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഈജിപ്ഷ്യൻ ചിന്തകനായിരുന്ന സയ്യിദ് ഖുത്ബ് ആണ്. വഹാബി സലഫിസത്തിൽനിന്നും അൽ ഖ്വയിദയിലേക്ക് ഒരു പാലം പണിതിട്ടു അദ്ദേഹം.

ഒരു യാഥാസ്ഥിതിക മുസ്ലിം കുടുംബത്തിൽ പിറന്ന സയ്യിദ് രണ്ടു വർഷത്തെ അമേരിക്കൻ ജീവിതത്തിൽ കണ്ടറിഞ്ഞ വിശ്വാസതകർച്ചയും ലൈംഗിക അരാചകത്വവും സഹിക്കാവുന്നതിനപ്പുറമായിരുന്നു. പശ്ച്യാത്യ ലോകത്തെ മൂല്യച്യുതികൾക്കുമെതിരെ തിരിച്ചടിക്കാൻ അദ്ദേഹം തിരഞ്ഞെടുത്തത് തീവ്ര മതവിശ്വാസത്തിൻറെ പാതയാണ്. രണ്ടു മഹായുദ്ധങ്ങൾ പശ്ച്യാത്യരാജ്യങ്ങൾക്കു പ്രത്യേകിച്ചും അമേരിക്കക്ക് അവരുടെ ഭൂഖണ്ഡത്തിപ്പുറത്തേക്കും ശക്തി പകർന്നു കൊടുത്തു. മാത്രമല്ല അമേരിക്ക അവർക്ക് താല്പര്യമുള്ള രാജ്യങ്ങളിലെല്ലാം അവരുടെ ഏറാൻ മൂളികൾക്കു ഭരിക്കാനുള്ള സൗകര്യവും ചെയ്തുകൊടുത്തു. ഇത് പശ്ച്യാത്യ സംസ്കാരം ലോകത്തിന്റെ പലഭാഗങ്ങളിലും, യാഥാസ്ഥിതിക മുസ്ലിം രാജ്യങ്ങളിലുൾപ്പെടെ, വ്യാപിക്കുന്നതിനു കാരണമായി. ഈ വിശ്വാസ തകർച്ചക്കും മൂല്യച്യുതികൾക്കുമെതിരെ വിശുദ്ധയുദ്ധം പ്രഖാപിച്ചു സയ്യിദ് ഖുത്ബ് രംഗത്ത് വന്നു. അവിശ്വാസികളും അല്പവിശ്വാസികളുമായ മുസ്ലിമുകളെ കാഫിറുകളായി മുദ്രകുത്തി ഇല്ലാതാക്കുക എന്നത് ഏതൊരു വിശ്വാസിയുടെയും കടമയാണെന്ന് അദ്ദേഹം പ്രചരിപ്പിച്ചു. അതിനായി ഇസ്ലാമിക് ബ്രദർഹുഡ് എന്ന ഒരു സംഘടന അദ്ദേഹം വളർത്തി വലുതാക്കിയെടുത്തു. എന്നാൽ ഈജിപ്ഷ്യൻ പ്രസിഡണ്ട് നാസറിനെ കൊല്ലാൻ ഗൂഢാലോചന നടത്തിയെന്ന കുറ്റമാരോപിച്ചു സയ്യിദ് ഖുത്ബിനെ 1966 ൽ നാസറിന്റെ ഭരണകൂടം തൂക്കിലേറ്റി.

സയ്യിദ് തൂക്കിലേറ്റപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ ആശയങ്ങൾ അദ്ദേഹം രചിച്ച പുസ്തകങ്ങളിലൂടെ ലോകമെമ്പാടും പ്രചുരപ്രചാരം നേടി. വിശ്വാസ സംരക്ഷണത്തിനു വേണ്ടി രക്തസാക്ഷിത്വം വരിച്ച ഒരു വിശുദ്ധന്റെ പദവി അദ്ദേഹത്തിന് വിശ്വാസികൾക്കിടയിലുണ്ടായി. വിശുദ്ധ യുദ്ധത്തിന് ഭീകരതയുടെ ചട്ടക്കൂട് വിളക്കിചേർത്ത് ലോകസമാധാനത്തിന് തന്നെ ഭീഷണിയായി മാറിയ അൽ ക്വയ്ദയുടെ എമീർ ആയിരുന്ന ബിൻ ലാദനും, അൽ സവാഹിരിയുമൊക്കെ സയ്യിദ് ഖുത്ബിന്റെ ആശയങ്ങളിൽ ആകൃഷ്ടരായി വിശുദ്ധയുദ്ധം ചെയ്യാൻ ഇറങ്ങി പുറപ്പെട്ടവരാണ്.

എല്ലാ ജിഹാദി പ്രസ്ഥാനങ്ങളുടെയും ഉറവിടം എന്നാണ് ബിൻ ലാദൻ സയ്യിദിനെ വിശേഷിപ്പിച്ചത്. ആധിനികലോകത്തിലെ വിശുദ്ധയുദ്ധത്തിന്റെ കാഹളമെന്നു വിശേഷിപ്പിക്കാവുന്ന 9/ 11 (2001) വേൾഡ് ട്രേഡ് സെന്റർ സ്ഫോടനത്തെ അൽ ക്വയ്ദ ന്യായീകരിച്ചത് വിശ്വാസ സംരക്ഷണത്തിനുവേണ്ടി എന്തും ചെയ്യാമെന്ന സയ്യിദിന്റെ സൈദ്ധാന്തികനിലപാടുകൾക്കനുസൃണമായാണ്. പിൽക്കാലത്തു വളർന്നുപന്തലിച്ച ഭീകരപ്രസ്ഥാനങ്ങൾക്കെല്ലാം അടിത്തറയായതു അബ്ദുൽ വഹാബിന്റെ വഹാബിസവും അത് നടപ്പിൽ വരുത്താൻ സ്വീകരിക്കപ്പെട്ടത് സയ്യിദ് ഖുത്ബിൻറെ മാർഗങ്ങളുമായിരുന്നു.
അഫ്ഗാനിസ്ഥാൻ: തീവ്രവാദത്തിന്റെ പരീക്ഷണശാല

യാഥാസ്ഥിതിക മുസ്ലിം രാജ്യമായ അഫ്ഗാനിസ്ഥാന്റെ ഭൂമിക ആയുധവത്കരിക്കപ്പെട്ട തീവ്രവിശ്വാസത്തിന് വളക്കൂറുള്ള വിളനിലമായി. 1979 ലെ സോവിയറ്റ് അധിനിവേശവും കൈയടക്കലുമാണ് അഫ്ഗാനിസ്ഥാനെ ജിഹാദി പ്രസ്ഥാനത്തിന് വളരാനുള്ള വളക്കൂറുള്ള മണ്ണാക്കി മാറ്റിയത്. അഫ്ഗാൻ അറബുകൾ എന്നറിയപ്പെടുന്ന ഏകദേശം 35000 അറബ് ജിഹാദികൾ പോരാട്ടവീര്യവുമായി അഫ്ഗാനിസ്ഥാനിലെത്തി അവിടുത്തെ അഫ്ഗാൻ മുജാഹിദീൻ ഗറില്ലകളുമായി ചേർന്ന് വിശുദ്ധ യുദ്ധത്തിന് തയ്യാറെടുത്തു. പരിശീലനത്തിനും മറ്റും ആവശ്യമായ പണം പാകിസ്താന്റെ പിന്നാമ്പുറത്തുകൂടെ സൗദി തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ഒഴുകിയെത്തി. കൂടാതെ സോവിയറ്റ് യൂണിയനെ തുരത്തിയോടിക്കാൻ ഓപ്പറേഷൻ സൈക്ലോൺ എന്നപേരിൽ സി.ഐ.എ. വഴി അമേരിക്കയിൽ നിന്നും പണവും ആയുധവും ധാരാളമായി ലഭ്യമായി. അങ്ങനെ അറിഞ്ഞോ അറിയാതെയോ ജിഹാദി പ്രസ്ഥാനത്തിൻറെ പരീക്ഷണശാലയാകാൻ വിധിക്കപെടുകയായിരുന്നു അഫ്ഗാനിസ്ഥാൻ.

1984 ലെ സോവിയറ്റ് പിന്മാറ്റത്തോടെ അഫ്ഗാൻ പൂർണമായും അൽഖ്വയിദയുടെ നേതൃത്വത്തിലുള്ള ജിഹാദി പ്രസ്ഥാനത്തിൻറെ ബേസ്ക്യാമ്പ് ആയി മാറി. 1996 ൽ അധികാരത്തിലെത്തിയ താലിബാൻ അൽഖ്വയിദയുടെയും അതിന്റെ തലവനായിരുന്ന ബിൻലാദനും ആളും അർത്ഥവും നൽകി സഹായിച്ചു. ഈ സംരക്ഷണത്തിൻറെ പിൻബലമാണ് 9/ 11 പോലുള്ള വൻകിട ഭീകരപ്രവർത്തനങ്ങൾ നടത്താൻ അൽഖ്വയിദക്ക് ആത്മവിശ്വാസമുണ്ടാക്കിക്കൊടുത്തത്. സോവിയറ്റ് സേനയുമായുണ്ടായ നിരന്തര സംഘട്ടനം അവരെ എന്തിനും പോന്ന ചാവേർ പോരാളികളാക്കി മാറ്റിയെടുത്തു. ഈ പോരാട്ടവീര്യവും തീവ്ര മത വിശ്വാസവുമാണ് പിൽക്കാലത്തു ഇസ്ലാമിക് സ്റ്റേറ്റിന്റെ ആവിർഭാവത്തിനു വഴിമരുന്നിട്ടത്.

അൽഖ്വയിദയും ഇസ്ലാമിക സ്റ്റേറ്റും

ജോർഡാനിയൻ ജിഹാദി ആയിരുന്ന അബു മുസാബ് അൽ സർഖ്വാവിയാണ് ഇസ്ലാമിക് സ്റ്റേറ്റിന്റെ തലതൊട്ടപ്പനായി കരുതപ്പെടുന്നത്. അവിശ്വാസികളെയെല്ലാം ഉന്മൂലനം ചെയ്ത് സംശുദ്ധമായ ഇസ്ലാമിക ഖാലിഫേറ്റ് സ്ഥാപിക്കുന്നതിനായാണ് ഇസ്ലാമിക് സ്റ്റേറ്റ് രൂപപെട്ടതെന്ന് പറയപ്പെടുന്നതെങ്കിലും ഈ പ്രസ്ഥാനത്തിന്റെ ആദിപിതാവായ അബു മയക്കുമരുന്നും ലൈംഗിക അതിക്രമങ്ങളുമായി ബന്ധപ്പെട്ട് ധാരാളം കേസുകളിൽപ്പെട്ട ആളായിരുന്നു. സോവിയറ്റ് യൂണിയന്റെ തിരിച്ചുപോക്ക് കാണാനായി അഫ്ഗാനിൽ എത്തിയ അബു ജിഹാദി ആശയങ്ങളിൽ ആകൃഷ്ടനായി അവിടെത്തന്നെ തുടരുകയായിരുന്നു. പിന്നീട് ജോർദാനിൽ തിരിച്ചെത്തിയ അബുവിനെ കാത്തിരുന്നത് ഭീകരപ്രവർത്തനങ്ങൾ നടത്തിയതിനുള്ള നീണ്ട ജയിൽ ശിക്ഷയാണ്. പിന്നീട് മനുഷ്യത്വ പരമായ കാരണങ്ങളാൽ ജയിൽ മോചിതനായ അബു 1999 ൽ അൽഖ്വയിദ നേതാക്കളായ ലാദനെയും അൽ സവാഹിരിയെയും കണ്ടു മുട്ടി. പരുക്കനും അഹങ്കാരിയുമായ അബുവിനെ രണ്ടുപേർക്കും പിടിച്ചില്ലെങ്കിലും തങ്ങളുടെ അനുയായികളെ പരിശീലിപ്പിക്കാൻ ചുറുചുറുക്കുള്ള അബുവിന് കഴിയുമെന്ന് അവർ കണക്കു കൂട്ടി. അങ്ങനെ അബു അൽഖ്വയിദയുടെ ഔദ്യോഗിക പരിശീലകനായി മാറി.

പരുക്കനും ക്രൂരനും കുറ്റകൃത്യങ്ങളോട് ആസക്തിയുമുണ്ടായിരുന്ന അബു തൻ്റെ സ്വഭാവവിശേഷങ്ങളെല്ലാം പരിശീലനാർഥികളിലേക്കും സന്നിവേശിപ്പിച്ചു. ഭീകരത എങ്ങിനെയൊക്കെ മറ്റുള്ളവരിൽ പരീക്ഷയ്ക്കാമെന്നു വിവരിക്കുന്ന രണ്ടു കൃതികൾ-മുഹാജിൻ എഴുതിയ ‘വിശുദ്ധയുദ്ധത്തിൻറെ ദൈവശാസ്ത്രവും’ (Theology of Jihad) (ഇത് പിന്നീട് രക്തചൊരിച്ചിലിന്റെ ദൈവശാസ്ത്രം എന്നപേരിൽ കുപ്രസിദ്ധമായി), അബു ബക്ർ നജി യുടെ ‘ക്രൂരതയുടെ നിവർത്തീകരണ’വും (The Management of Savagery) – ആയിരുന്നു അബുവിന്റെ പ്രധാന റഫറൻസ് ഗ്രന്ഥങ്ങൾ. ബന്ധികളോട് കരുണയില്ലാതെ പെരുമാറുന്നതും അനുകമ്പ ഒട്ടുമില്ലാതെ ഏറ്റവും ക്രൂരമായ രീതിയിൽ കൊല ചെയ്യുന്നതും ദൈവത്തെയും പ്രവാചകനെയും സന്തുഷ്ടരാക്കുമെന്നു പ്രസ്തുത കൃതികൾ അബുവിനെ പഠിപ്പിച്ചു. അവിശ്വാസികളായ കാഫിറുകളെ അതിനിഷ്ടൂരമായ രീതിയിൽ കൊലചെയ്ത് ഇസ്ലാമിക് ഖാലിഫേറ്റ് സ്ഥാപിക്കാൻ ആഹ്വാനം ചെയ്യുന്ന കൃതികൾ അബുവിൻ്റെ പരിശീലനപുസ്തകങ്ങളായി. ഈ തരത്തിലുള്ള നിഷ്ടൂരമായ നരഹത്യകൾ പശ്ച്യാത്യ ലോകത്തെ ഞെട്ടിച്ചു വിളറിപിടിപ്പിക്കുമെന്നും അതുവഴി ഒരു വിശുദ്ധയുദ്ധത്തിനായുള്ള സാഹചര്യം ഉരുത്തിരിയുമെന്നും പ്രസ്തുത കൃതികളിലൂടെ അബുവും കൂട്ടാളികളും വിശ്വസിച്ചു. ഈ തത്വശാസ്ത്രത്തിന്റെ ലോഞ്ചിങ് പാഡ് ആയിരുന്നു വേൾഡ് ട്രേഡ് സെന്റർ ആക്രമണം. പ്രതീക്ഷിച്ചതുപോലെ ലോകം മുഴുവൻ ഭീകരതയുടെ ഈ പുതിയ മുഖം കണ്ട് തരിച്ചുനിന്നു. എന്നാൽ പെട്ടെന്ന് തന്നെ അമേരിക്ക താലിബാനെതിരെ അതിശക്തമായി തിരിച്ചടിച്ചു. ബിൻ ലാദൻ ഒളിവിൽ പോയി. മറ്റുള്ളവർ അഫ്ഗാനിസ്ഥാനിൽ നിന്നും പാലായനം ചെയ്തു. പുതിയ തട്ടകം ഒത്തുകിട്ടുന്നതുവരെ കാത്തിരിക്കാൻ അവർ തയ്യാറായി. എന്നാൽ അവർക്കു അധികം കാത്തിരിക്കേണ്ടി വന്നില്ല. 2003 ൽ അമേരിക്കയുടെയും ബ്രിട്ടൻറെയും നേതൃത്വത്തിൽ പശ്ച്യാത്യശക്തികൾ സദ്ദാംഹുസൈനെതിരെ ആക്രമണം അഴിച്ചുവിട്ടു. ഈ ബഹുമുഖ ആക്രമണത്തിൽ ഇറാഖ് ഛിന്നഭിന്നമായി.

സദ്ദാമിൻറെ ഭരണകാലത്തു സർവ്വസ്വതന്ത്രരായിരുന്ന ന്യൂനപക്ഷ സുന്നി വിഭാഗക്കാർ ഭൂരിപക്ഷമായ ഷിയാ വിഭാഗത്തെ പലതരത്തിലും ദ്രോഹിച്ചിരുന്നു. എന്നാൽ അമേരിക്കൻ ആക്രമണത്തിൽ സുന്നി വിഭാഗം തകർന്നടിഞ്ഞു. ഈ സാഹചര്യമാണ് മേഖലയിൽ സലഫിസ്റ് ജിഹാദിന്റെ വളർച്ചക്ക് വഴിമരുന്നിട്ടത്. അവസരം നോക്കിയിരുന്ന അബു സർഖ്വാവി തൗഹീദ് വ അൽ ജിഹാദ് എന്ന തീവ്രമുസ്ലിം സംഘടനയുടെ ശാഖകൾ ഇറാഖിൽ പലയിടത്തായിരൂപീകരിച് അംഗങ്ങൾക്ക് ചാവേർ ആക്രമണമുൾപ്പെടെയുള്ള പരിശീലനം നൽകി. തരം കിട്ടുമ്പോഴെല്ലാം വിദേശീയരെയും അതുപോലെ തന്നെ ഷിയാ വിഭാഗക്കാരെയും ആക്രമിച്ചികൊണ്ടിരുന്നു. പ്രവാചകൻറെ പിന്തുടർച്ചാവകാശത്തെച്ചൊല്ലിയായുള്ള തർക്കമായിരുന്നു പ്രധാനമെങ്കിലും സംഘട്ടനം പലപ്പോഴും രാഷ്ട്രീയവും സാമൂഹികവുമായ കാര്യങ്ങളുടെ പേരിലായിരുന്നു.

2003 ആഗസ്റ്റിൽ ബാഗ്ദാദിലെ യു.ൻ കാര്യാലയം ബോംബ് സ്ഫോടനത്തിൽ തകർത്തുകൊണ്ടു തങ്ങളുടെ സാന്നിത്യമറിയിച്ചു. ഈ ആക്രമണത്തിൽ ഇരുപതോളം പേരാണ് കൊല്ലപ്പെട്ടത്. അതെ വർഷം തന്നെ ഷിയാ വിഭാഗത്തിൻറെ നേതാവുൾപ്പെടെ എൺപതോളം പേരെ ഒരുചാവേർ കാർ സ്ഫോടനത്തിൽ വധിച്ചുകൊണ്ടു ഭീകരതയ്ക്കും ജിഹാദിനും പുതിയ മാനം നൽകി. അതുപോലെ ബന്ധിയാക്കപ്പെട്ടിരുന്ന നിക്കൊളാസ് ബെർഗ് എന്ന അമേരിക്കക്കാരനെ കഴുത്തറത്തു കൊന്ന് ലോകത്തെ ഞെട്ടിച്ചു. അമേരിക്കക്കെതിരെ നടത്തിയ ഈ ഭീകരകൃത്യം ബിൻ ലാദനെ സന്തുഷ്ടനാക്കുകയും അബുവിനെ അൽഖ്വയിദയുടെ ഇറാഖിലെ നേതാവായി അവരോധിക്കുകയും ചെയ്തു. എങ്കിലും ഷിയാ വിഭാഗത്തോടുള്ള അബുവിന്റെ ശത്രുത ലാദൻ ഭീതിയോടെയാണ് നോക്കികണ്ടത്. മുസ്ലിമുകൾ മുഴുവൻ തങ്ങൾക്കെതിരാകുമെന്ന് ലാദൻ ഭയപ്പെട്ടുവെങ്കിലും സർഖ്വാവി കുലുങ്ങിയില്ല. 2006 ൽ അമേരിക്കൻ ബോംബാക്രമണത്തിൽ കൊല്ലപ്പെടുന്നതുവരെ ഭീകരതയുടെ എല്ലാ മാർഗങ്ങളും പരീക്ഷിക്കുകയും പ്രയോഗിക്കുകയും അടുത്തവരിലേക്ക് അത് പടർത്തുകയും ചെയ്തു.

അൽഖ്വയിദയുടെ വിവിധ ഘടകങ്ങളെ ഏകോപിപ്പിച് ഇറാഖി ഇസ്ലാമിക് സ്റ്റേറ്റ് എന്ന സംഘടന രൂപം കൊണ്ടെങ്കിലും തുടർച്ചയായ അമേരിക്കൻ ആക്രമത്തിൽ ഇതിൻറെ നേതാക്കൾ എല്ലാവരും തന്നെ കൊല്ലപ്പെടുകയാണുണ്ടായത്. 2010 ആയപ്പോഴേക്കും ഇറാഖിലെ സുന്നി ഭൂരിപക്ഷ പ്രദേശങ്ങളിൽ മാത്രമായി സംഘടന ചുരുങ്ങി. താമസിയാതെ ഇറാഖിലെ അൽഖ്വയിദയുടെയും ഇസ്ലാമിക് സ്റ്റേറ്റിന്റേയും ചുമതല അധികമാരും കേട്ടിട്ടില്ലാത്ത ഇബ്രാഹിം അവാധ് അൽ ബദ്രി യിൽ വന്നു ചേർന്നു. അൽ ബദ്രി യാണ് പിന്നീട് ഇസ്ലാമിക് സ്റ്റേറ്റ് എന്ന സ്വയം പ്രഖ്യാപിത ഖാലിഫേറ്റിന്റെ ഖലീഫയും ഐസിസ് എന്ന ഭീകര സംഘടനയുടെ തലവനുമായിത്തീർന്ന അബൂബക്ർ അൽ ബാഗ്ദാദി.

1971 ൽ വടക്കൻ ബാഗ്ദാദിൽ മുഹമ്മദ് നബിയുടെ ഖുറേഷ് ഗോത്രത്തിലാണ് ബാഗ്ദാദിയുടെ ജനനം. ചെറുപ്പത്തിൽ തന്നെ കഠിനവിശ്വാസപ്രമാണങ്ങളിൽ അടിയുറച്ചതായിരുന്നു ബാഗ്ദാദിയുടെ ജീവിതരീതി. ശാന്തനും പഠിക്കാൻ മിടുക്കാനുമായിരുന്ന ബാഗ്ദാദി ഇസ്ലാമിക പഠനത്തിൽ ഡോക്ടറേറ്റും നേടിയിട്ടുണ്ട്. 2003 ൽ അമേരിക്കയുടെ അധിനിവേശകാലത് ബാഗ്ദാദി സുന്നി തീവ്രവാദ ഗ്രൂപ്പുകളുമായി ചേർന്ന് പ്രവർത്തിച്ചുവരികയായിരുന്നു. മറ്റുള്ളവരോടൊപ്പം ബാഗ്ദാദിയെയും അറസ്റ്റു ചെയ്ത് ഇറാഖിലെ ക്യാമ്പ് ബുഖ ജയിലിൽ ആക്കി. ഇരുപതിനായിരത്തോളം കുറ്റവാളികൾ ഉണ്ടായിരുന്ന ഈ ജയിൽ വാസമാണ് അബൂബക്ർ അൽ ബാഗ്ദാദിയെന്ന ശാന്തനും പണ്ഡിതനുമായ മതവിശ്വാസിയെ ഭീകരനായ മതതീവ്രവാദിയാക്കി മാറ്റിയതെന്ന് കരുതപ്പെടുന്നു. പുറമെ ശാന്തനായി കാണപ്പെട്ട ബാഗ്ദാദി അമേരിക്കക്കാർക്ക് ഒരു ഭീഷണിയായി തോന്നിയില്ല. അക്കാരണം കൊണ്ടുതന്നെ അധികം താമസിയാതെ ബാഗ്ദാദി സ്വതന്ത്രനായി. 2010 ൽ ജയിൽ മോചിതനായ ബാഗ്ദാദി തീവ്രനിലപാടുള്ളവരെ ഏകോപിപ്പിച് ജിഹാദി പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുകയാണ് ആദ്യമായി ചെയ്തത്.

ഐസിസിന്റെ പിറവി

ഈ സമയം അയൽരാജ്യമായ സിറിയയിൽ ഭരണത്തലവനായ ആസാദിനെതിരെ സുന്നി വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള അൽ നുസ്റ എന്ന വിമത വിഭാഗം ആഭ്യന്തര കലാപം നടത്തി വരികയായിരുന്നു. 2011 ൽ ബാഗ്ദാദി സിറിയൻ തലസ്ഥാനമായ ഡമാസ്കസിൽ അതിശക്തമായ കാർ ബോംബ് സ്ഫോടനം നടത്തി ആസാദിനെ ഞെട്ടിച്ചുകൊണ്ട് സിറിയയിലെ തങ്ങളുടെ സാന്നിധ്യമറിയിച്ചു. അതെ സമയം അൽ നുസ്റ തൻ്റെ വരുതിയിൽ നില്കില്ലെന്നു മനസ്സിലാക്കിയ ബാഗ്ദാദി എല്ലാ തീവ്രവാദ സംഘടനകളെയും ഒറ്റ അധികാരപരിധിയിലാക്കി 2013 ൽ പുതിയ സംഘടനാ പ്രഖ്യാപിച്ചു. അതാണ് ഇസ്ലാമിക് സ്റ്റേറ്റ് ഇൻ ഇറാഖ് ആൻഡ് അൽഷാം അഥവാ ഐസിസ് (ISIS). എന്നാൽ ബാഗ്ദാദിയുടെ നേതൃത്വം അംഗീകരിക്കുവാൻ അൽനുസ്രയുടെ തലവനായിരുന്ന ജൂലാനി തയാറായില്ലെന്നുമാത്രമല്ല ലാദൻ കൊല്ലപ്പെട്ടതിനുശേഷം അൽഖ്വയിദയുടെ നേതൃത്വം ഏറ്റെടുത്ത അൽ സവാഹിരിയുമായി ചേർന്ന് ഐസിസിനെതിരെ രൂക്ഷമായ ആക്രമണം അഴിച്ചുവിട്ടു, സിറിയയുടെ വടക്കു പടിഞ്ഞാറൻ മേഖലയുടെ നിയന്ത്രണം നഷ്ടപ്പെട്ടെങ്കിലും ബാഗ്ദാദിയുടെ നിയന്ത്രണത്തിലായിരുന്ന വടക്കു കിഴക്കൻ മേഖലയായ റാഖ ഐസിസിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ചു. നിലപാടുകളിലെ കാഠിന്യം ധാരാളം അൽ നുസ്റ പോരാളികലെ ഐസിസിലേക്ക് ആകർഷിച്ചു. 2011 അവസാനത്തോടെ അമേരിക്കൻ സൈന്യം ഇറാഖിൽ നിന്നും പിൻവാങ്ങാൻ തുടങ്ങിയപ്പോൾ ഷിയാ വിഭാഗക്കാരനായ പ്രധാനമന്ത്രിയുടെ കീഴിൽ സുന്നി വിഭാഗം അവശതകൾ അനുഭവിച്ചു. ഈ സാഹചര്യത്തിലാണ് ബാഗ്ദാദിയുടെ രണ്ടാം വരവ്. സലഫിസ്റ് ജിഹാദി വിഭാഗങ്ങളും സുന്നി വിഭാഗത്തിൽ നിന്നുള്ള തീവ്രവാദികളും ഐസിസിലേക്ക് ആകൃഷ്ടരായി എത്തപ്പെട്ടു. മൊസൂൾ കീഴടക്കിയ ഐസിസ് ഒളിപ്പോർ സംഘടന എന്ന നിലയിൽ നിന്ന് തുറന്ന പോരാട്ടത്തിലേക്ക് എത്തിച്ചേർന്നു. 2014 ജൂൺ 29 ന് അബൂബക്ർ ബാഗ്ദാദി ഇസ്ലാമിക് സ്റ്റേറ്റ് എന്ന ഖാലിഫേറ്റ് സ്ഥാപിച്ചു ഖലീഫയായി സ്വയം അവരോധിച്ചു.

യഥാർത്ഥ ഇസ്ലാം മതവിശ്വാസികളെ സ്വാധീനിക്കുവാൻ കഴിഞ്ഞില്ലെങ്കിലും തീവ്രനിലപാടുകാരായ ധാരാളം പേരെ ഐസിസിലേക്ക് ആകർഷിക്കാൻ ബാഗ്ദാദിക്ക് കഴിഞ്ഞു. ലിബിയയിലെ തീവ്രവാദി വിഭാഗമാണ് ബാഗ്ദാദിയുമായി ആദ്യം കൈകോർത്തത്. തുടർന്ന് ഈജിപ്തിലെ സീനായ് പ്രവിശ്യായിലെ മറ്റൊരു തീവ്രവാദഗ്രൂപ്പിനെ തൻ്റെ വലയിലെത്തിക്കാൻ ബാഗ്ദാദിക്ക് കഴിഞ്ഞു. നൈജീരിയയിലെ ബൊക്കോഹറാമിൻറെ പിന്തുണയായിരുന്നു ഇതിൽ ഏറ്റവും പ്രധാനം. തീവ്രവാദത്തിൽ ഐസിസ് പോലെ തന്നെ കുപ്രസിദ്ധരാണ് ബോക്കോഹറാം ഗ്രൂപ്പും. ഒരു വർഷത്തിനുള്ളിൽ തന്നെ ഏകദേശം പന്ത്രണ്ടോളം രാജ്യങ്ങളിൽ ഐ.എസിൻറെ സ്വാധിനം ഉറപ്പിക്കുവാൻ ബാഗ്ദാദിക്ക് സാധിച്ചു. തൻ്റെ നിയന്ത്രണത്തിലുള്ള പ്രവിശ്യകളിൽ ഇസ്ലാമിക് സ്റ്റേറ്റിന്റെ നിയമവ്യവസ്ഥകൾ കർശനമായിത്തന്നെ ബാഗ്ദാദി നടപ്പിലാക്കി.

സ്ത്രീകൾക്ക് ശിരോവസ്ത്രവും മുഖപടവും നിർബന്ധമാക്കി. പുരുഷന്മാർ താടി വളർത്തണമെന്നത് കൂടാതെ കണംകാലിനു മുകളിൽ നിൽക്കുന്ന രീതിയിൽ മാത്രമേ വസ്ത്രം ധരിക്കാവൂ എന്നാക്കി. സിഗരറ്റ് ഹുക്ക തുടങ്ങിയിയവയെല്ലാം നിരോധിച്ചു. സംഗീതം, ടി.വി.മൊബൈൽ ഫോൺ തുടങ്ങിയവക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി. ഇതിനെയെല്ലാം നിരീക്ഷിക്കാൻ സദാചാരപോലീസുകാർ തലങ്ങും വിലങ്ങും പാഞ്ഞു. തെറ്റ് ചെയ്തവരെപ്പോലെ തെറ്റ് ചൂണ്ടിക്കാട്ടാത്തവരെയും കഠിനമായ ശിക്ഷാവിധികൾക്കു വിധേയരാക്കി. തങ്ങളുടെ സ്വാധിനമേഖലക്കു പുറത്തുള്ള പ്രാദേശികളിൽ അനിസ്ലാമികമായതിനെയെല്ലാം ഇല്ലായ്മ ചെയ്യാനാണ് ഐ എസ് ശ്രമിച്ചത്. പൗരാണിക നഗരങ്ങളായ സിറിയയിലെയും അസിറിയയിലെയും ഒട്ടുമിക്ക ചരിത്ര സ്മാരകങ്ങളും ഈ തേർവാഴ്ചയിൽ നിലപൊത്തി. ഇവയിൽ എടുത്തു പറയേണ്ടത് പാൽമിറയിലെ എ.ഡി 32 ൽ നിർമിച്ച ‘ടെംപിൾ ഓഫ് ബെൽ’ (Temple of Bell) ഉം മൊസൂളിലെ പതിമൂന്നാം നൂറ്റാണ്ടിൽ നിർമിച്ച ഇമാം അവ്ൻ അൽ ദിൻ ദേവാലയവുമാണ്.

തിരിച്ചു വരുമോ ഐസിസ്?

ഐസിസിന്റെ തലവൻ ബാഗ്ദാദി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിക്കപ്പെട്ട സ്ഥിതിക്ക് ഐ എസ് എന്ന സംഘടനയും അവസാനിക്കുമോ. കണ്ടറിയുക തന്നെ വേണം. ഐസിസിന്റെ ഓൺലൈൻ പ്രസിദ്ധീകരണമായ ദാബിക് (Dabiq) ൻറെ ആമുഖത്തിൽ പറയുന്നത് ‘ഇറാഖിൽ ഞങ്ങൾ കൊളുത്തിയ തീപ്പൊരി അല്ലാഹുവിൻറെ കൃപയാൽ ആളിപ്പടരും, അവൻ്റെ വിശുദ്ധ പോരാളികൾ എല്ലാവരും എരിഞ്ഞടങ്ങും വരെ’ എന്നാണ്. ഇറാഖിലെ ആ തീപ്പൊരി കാട്ടുതീയായ് പടർന്ന് ലോകം മുഴുവൻ ചുട്ടു ചാമ്പലാകും വിധം വളരുന്നത് ലോകം കണ്ടതാണ്. ആ ജ്വാലയിൽ ഉരുകിത്തീരാൻ മനസ്സും ശരീരവും സജ്ജമാക്കി യുദ്ധഭൂമിയിലേക്ക് പോകാൻ തയ്യാറായി എത്തിയത് ആയിരക്കണക്കിന് സന്നദ്ധപ്രവർത്തകരാണ്. ഒരു തിരിച്ചു വരവ് ഉണ്ടാവില്ല എന്ന അറിവോടു തന്നെയാണ് അവരെല്ലാം മുന്നോട്ടു വന്നത്. കൊന്നാൽ വിശുദ്ധയുദ്ധം ജയിച്ചു, കൊല്ലപ്പെട്ടാൽ സ്വർഗം ഇതാണ് ഐ എസ് പോരാളികളുടെ മുദ്രാവാക്യം. അതിനാൽ തന്നെ മരണത്തെ അവർ ഭയപ്പെടുന്നില്ല, കൊല്ലുന്നതിൽ പശ്ചാത്താപവുമില്ല.

കൊലപ്പെടുത്തിയ ആളുകളുടെ എണ്ണം കൊണ്ടല്ല മറിച് കൊലപ്പെടുത്തിയ മാർഗങ്ങൾ കൊണ്ടാണ് ഐ എസ് ചുരുങ്ങിയ നാളുകൾകൊണ്ട് ഒരു ആഗോള ഭീകര പ്രസ്ഥാനമായി മാറിയത്. ഇരയുടെ നിസ്സഹായതയും വേട്ടക്കാരൻറെ ക്രൂരതയും ഭീകരതയുടെ പുതിയ വിപണതന്ത്രങ്ങളായി. ഒരു പരിഷ്കൃത സമൂഹത്തിന് ഒരിക്കലും അംഗീകരിക്കാൻ പറ്റാത്തവിധത്തിലാണ് ഐ എസ് ഭീകരർ ഇരകളെ കൊന്നൊടുക്കിയത്. വെറും ഒരു തീവ്രവാദി സംഘടനയെന്നതി കവിഞ്ഞു വളരെ സംഘടിതമായ, വ്യവസ്ഥാപിതമായ ഒരു സായുധസേനയായിരുന്നു ഐസിസ്. വിവിധതരം യുദ്ധമുറകളിൽ പരിശീലനം ലഭിച്ചവരും ഫീൽഡ് ഒപ്പേറഷനിൽ പ്രഗൽഭ്യമുള്ളവരുമായിരുന്നു ഐ എസ് പോരാളികളെ പരിശീലിപ്പിച്ചിരുന്നത്. ഇറാഖിലും സിറിയയിലുമായി ഏകദേശം ഒരു കോടി ഐ എസ് അനുഭാവികൾ ഉണ്ടായിരുന്നുവെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. തീവ്രവാദത്തിനോട് ഒരിക്കലും സന്ധി ചെയ്തിട്ടില്ലാത്ത കേരളത്തിൽ നിന്നുപോലും എത്രയോ കേസുകളാണ് റിപ്പോർട് ചെയ്തിരിക്കുന്നത്. പ്രതികൂല സാഹചര്യത്തിൽ പതുങ്ങിയിരുന്ന് അവസരം കിട്ടുമ്പോൾ ആഞ്ഞടിക്കുക എന്നതാണ് ആദ്യകാലം മുതലേയുള്ള ഐസിസ് തന്ത്രം. അതുകൊണ്ട് തന്നെ, ബാഗ്ദാദിയോടൊപ്പം ഐസിസും ഇല്ലാതായി എന്ന് തീർച്ചയാക്കാൻ കഴിയില്ല. കാരണം, അത്രക്ക് ആഴത്തിൽ തീവ്രവാദത്തിൻ്റെ വിത്തുകൾ വാരിവിതറിയിട്ടാണ് ബാഗ്ദാദി മരണത്തിന് കീഴടങ്ങിയത്.

Image result for baghdadi

**