feminism
“പ്രിയപ്പെട്ട പെണ്ണുങ്ങളേ ഒരു പൊതു ഇടത്തിലേക്ക് കടന്നു വരുമ്പോൾ നമ്മെ സ്വീകരിച്ചാനയിക്കാൻ ധാരാളം പേർ കാണും, സത്യസന്ധമെന്ന് കരുതരുത് “

✍🏻ബഹിയ
പ്രിയപ്പെട്ട പെണ്ണുങ്ങളെ,
ഒരു പൊതു ഇടത്തിലേക്ക് കടന്നു വരുമ്പോൾ നമ്മെ സ്വീകരിച്ചാനയിക്കാൻ ധാരാളം പേർ കാണും. അതെല്ലാം സത്യസന്ധമായ സ്വീകരണമാണെന്ന് ദയവായി കരുതാതിരിക്കുക. കാരണം ചുറ്റും കാപട്യങ്ങൾ മുഖംമൂടി ധരിച്ച് വിലസുന്നുണ്ട്. അത് തിരിച്ചറിയാൻ വൈകിയാൽ പിന്നെ പലതും തിരിച്ചു പിടിക്കാൻ പ്രയാസമാണ്.
അത്തരം കെണിയിൽ പെടാതിരിക്കാൻ ആദ്യം വേണ്ടത് സ്വന്തത്തെക്കുറിച്ചുള്ള കൃത്യമായ ബോധമാണ്. നാം അർഹിക്കുന്നതിൽ അധികം പ്രോത്സാഹനം ആരെങ്കിലും തരുന്നു എങ്കിൽ അറിയുക, അത് നമ്മോടുള്ള ആരാധനയല്ല; മറിച്ച് കെണിയാണ്. എല്ലാ വെരി ഗുഡ്, എക്സലൻ്റ് അഭിനന്ദനങ്ങളും നമ്മെ അഹങ്കാരികൾ ആക്കാനല്ല; ഇരയാക്കാനാണ്. അമിതമായ വിമർശനവും അപ്രകാരം തന്നെ. ഈ രണ്ടു കൂട്ടരെയും അവഗണിച്ചാൽ നാം പാതി രക്ഷപ്പെട്ടു.
അടുത്ത പടി ആരെയും പൂർണമായും വിശ്വസിക്കാതിരിക്കുക എന്നതാണ്. നമ്മുക്ക്
ചില സഹായങ്ങൾ നല്കുന്നു എന്നതിനാൽ മാത്രം ആരെയും പൂർണമായും വിശ്വസിക്കരുത്. പലരും മറ്റുള്ളവരുടെ നേരെ ഇത്തരം സഹായങ്ങൾ നീട്ടുന്നത് ചില ലക്ഷ്യങ്ങൾ മുൻനിർത്തി ആവാം. പണം, ശരീരം എന്നിവയാണ് അതിൽ പ്രധാനം. ചില സ്ത്രീകൾ പണം, പേര്, പ്രശസ്തി തുടങ്ങിയ ചിലത് ലക്ഷ്യം വെച്ച് ചില സ്ത്രീകളെയും പുരുഷന്മാരെയും വശത്താക്കാറുണ്ട്. ചില പുരുഷന്മാർ ശരീരം തന്നെയാണ് പ്രധാനമായും ലക്ഷ്യം വെക്കാറുള്ളത്. ചിലർ പണവും. എല്ലാവരും അങ്ങനെയാണ് എന്നല്ല, തീർത്തും ആരോഗ്യകരമായ ധാരാളം മാനുഷിക പരിഗണനകൾ നമ്മുക്ക് ചുറ്റുമുണ്ട്. പക്ഷേ പൊതുവേ സമൂഹത്തിന്റെ പുതിയ ട്രെൻഡ് അനുസരിച്ച് സദാചാരം എന്നാൽ പിന്തിരിപ്പൻ പാപവും വിലക്കുകളില്ലാത്ത ആസ്വാദനം ഫാഷനുമാണ്.
അങ്ങിനെ ആഘോഷിക്കപ്പെടുന്ന സമൂഹത്തിൽ തെറ്റിനെ ശരിയെന്നും തെറ്റിനെ ശരിയെന്നുമാണ് കണക്കാക്കുന്നത്. അതിനാൽ തന്നെ ശരി/തെറ്റ് കാഴ്ചപ്പാട് പോലും ഇല്ലാതാകുന്ന സാഹചര്യത്തിൽ നല്ലവരാണോ എന്നൊന്നും നോക്കാനാവാതെ എല്ലാവരുടെയും സ്നേഹ വാത്സല്യങ്ങളെ സംശയത്തോടെ നോക്കി പോകുന്നു. അതിനാൽ തന്നെ അത്തരം നല്ല മനസ്സുകളെ തിരിച്ചറിയാനുള്ള അവസരങ്ങൾ നിരന്തരം നഷ്ടപ്പെടുന്നു. ചൂഷകരെ നല്ലവരെന്ന് കരുതിപ്പോവുകയും കബളിക്കപ്പെടുകയും ചെയ്യുന്നതോടെ എല്ലാവരോടും ഭയം നിറയുന്നതും സ്വാഭാവികം, ആടിനേയും ചെന്നായയേയും തിരിച്ചറിയാൻ കഴിയാത്തതിനാലുള്ള ഭയം.
കൃത്യമായി പറഞ്ഞാൽ ചിലരെ, ചിലതിനെ ഒറ്റ വായനയിൽ തന്നെ ഒരു വരമ്പിനപ്പുറം നിർത്താൻ പെണ്ണുങ്ങൾ പഠിക്കണം. അവരെ പെട്ടെന്ന് മനസ്സിലാക്കാൻ കഴിയും. മറ്റു ചിലരെ പെട്ടെന്ന് മനസ്സിലാവില്ല. നിഷ്കളങ്കരായി നിന്ന് നിന്ന് ഒടുവിൽ അവസരം നോക്കി അവർ തനിനിറം പുറത്തെടുക്കും. അതിനാൽ വെളുത്തതെല്ലാം പാലല്ല എന്നും ഏത് പാലും നിശ്ചിത സമയം കഴിഞ്ഞാൽ പുളിക്കുമെന്നും ഒരു ബോധവും അറിവും എപ്പോഴും ഉള്ളിൽ വേണം. അഥവാ എത്ര അടുത്ത മനുഷ്യനെയും ആവശ്യം വന്നാൽ കരണക്കുറ്റി നോക്കി ഒന്നു പൊട്ടിക്കണം എന്നുള്ള ഒരു ധൈര്യപ്പെടൽ മനസ്സിന് സദാ നല്കണം.
ഓർക്കുക, നമ്മുടെ പേഴ്സണൽ ലൈഫ്, കുടുംബ പ്രശ്നങ്ങൾ, സങ്കടങ്ങൾ, നിരാശകൾ, കെട്ടിയോനും കുടുംബവും സർഗാത്മകതക്ക് അനുകൂലമല്ലെന്ന പരാതികൾ, കെട്ടിയോനും കുടുംബവും അറിയാതെയാണ് എന്തെങ്കിലും വർക്കുകൾ ചെയ്യുന്നതെന്ന വെളിപ്പെടുത്തൽ ഇവയൊന്നും സഹായിക്കാൻ തയ്യാറായ/ സൗഹൃദം പങ്കിട്ട ഒരാളോടും വേണ്ട. കാരണം അവയാണ് നാളെ നമ്മെ തല്ലാനുള്ള വടിയായി ചൂഷകർ ഉപയോഗിക്കുക. വീട്ടിൽ പലതും പറയാത്ത ഇര ഇയാളെന്നെ പറ്റിച്ചേ എന്ന് പരസ്യമായി പറയില്ല എന്ന് വേട്ടക്കാരന് നന്നായി അറിയാം. കാരണം വേട്ടക്കാരനേക്കാൾ ഇരക്ക് പേടി കുടുംബത്തെയാണെന്നും കുടുംബം തകരുമെന്ന് ഭയന്ന് ഇര മൗനത്തിലാഴുമെന്നും താൻ പിടിക്കപ്പെടില്ല എന്നും വേട്ടക്കാരന് ബോധ്യമുണ്ട്.
അതിനാൽ പെണ്ണുങ്ങളെ, നമ്മളെ നമ്മൾ സ്വയം സൂക്ഷിക്കുക. നോ പറഞ്ഞാൽ കുറ്റവാളിയാകുന്നേടത്ത് രണ്ടു പൊട്ടിച്ചു തന്നെ നോ പറയലാണ് ഹീറോയിസം. വേട്ടക്കാരൻറെ കവിളിലെ ഇരയുടെ കയ്യൊപ്പാണ് അവളുടെ നിരപരാധിത്വം തെളിയിക്കാനുള്ള രേഖ. ഓർക്കുക, വേട്ടക്കാർ ആരുമാവാം. എത്ര അടുത്ത ആളും. അതിനാൽ തന്നെ എല്ലാ അടുപ്പത്തിലും ഒരകലം സൂക്ഷിക്കുക. ഒരു കൈയ്യകലം. അഥവാ കൈ ഒന്ന് ആഞ്ഞുവീശി മുഖത്തടിക്കാനുള്ള ദൂരം.
1,124 total views, 8 views today