Shymon Sebastian Parassery

കഴിഞ്ഞ ദിവസം നടന്ന ഓക്സ്ഫോര്‍ഡ് യൂണിയന്‍ ഡിബേറ്റില്‍ ഡിബേറ്റേഴ്സായി പങ്കെടുത്തതത് സി.പി.ഐ (എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്‍റ് ഭായ്ജയന്ത് പാണ്ഡയും ആയിരുന്നു. ‘കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കേണ്ടതുണ്ടായിരുന്നോ’ എന്നതായിരുന്നു വിഷയം. പ്രത്യേക പദവി റദ്ദാക്കിയ നടപടിയെ അനുകൂലിച്ച് പാണ്ഡെയും പ്രതികൂലിച്ച് യെച്ചൂരിയും സംസാരിച്ചു

പാണ്ഡ: ‘കശ്മീരില്‍ ഒരു കുഴപ്പവുമില്ല. ജനജീവിതം സാധാരണ നിലയിലാണ്. കശ്മീരിലെ ജനങ്ങളുടെ മനസ് കീഴടക്കുന്ന നടപടികളുമായാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്.’

യെച്ചൂരി: ‘കശ്മീരില്‍ ഒരു കുഴപ്പവുമില്ലെന്നാണ് ജയ് പറയുന്നത്. കശ്മീരിലെ ഒരു മണ്ഡലത്തില്‍ നിന്നും നാലു തവണ തുടര്‍ച്ചയായി എം.എല്‍.എ ആയി തിരഞ്ഞെടുക്കപ്പെട്ട എന്‍റെ സഖാവ് യൂസുഫ് തരിഗാമിയും ഈ ചര്‍ച്ചയില്‍ പങ്കെടുക്കണമായിരുന്നു എന്നാണ് എന്‍റെ ആഗ്രഹം. എന്നാല്‍ അദ്ദേഹം എവിടെയാണ്? മാസങ്ങളായി അദ്ദേഹം തടവിലാണ്.’

പാണ്ഡ: ‘എല്ലാവര്‍ക്കും അറിയാവുന്നതു പോലെ കമ്മ്യൂണിസ്റ്റുകാര്‍ എക്കാലവും ദേശവിരുദ്ധരാണ്. ഇന്ത്യക്കെതിരെ നിലകൊള്ളുന്നവരാണ് അവര്‍. ഇന്ത്യാ-ചൈന യുദ്ധത്തില്‍ അവര്‍ ചൈനക്കൊപ്പം ആയിരുന്നു.’

യെച്ചൂരി: ‘ഈ വിഷയവുമായി ഒരു ഒരു ബന്ധവുമില്ലാത്ത വിഷയങ്ങളാണ് സുഹൃത്ത നിങ്ങള്‍ പറയുന്നത്. കമ്മ്യൂണിസം, ചൈന എന്നൊക്കെ പറഞ്ഞ് താങ്കള്‍ വിഷയം മാറ്റുകയാണ് (സദസില്‍ നിറഞ്ഞ കൈയ്യടി). ഈ വേദിയില്‍ സുഖകരമല്ലാത്ത കാര്യങ്ങള്‍ പറയാന്‍ എന്നെ നിര്‍ബന്ധിക്കാതിരിക്കുകയാകും താങ്കള്‍ക്ക് നല്ലത്. മഹാത്മാ ഗാന്ധിയുടെ കൊലയാളികളെ പുകഴ്ത്തുന്നവരല്ലേ നിങ്ങളുടെ പാര്‍ട്ടിക്കാര്‍? (സദസില്‍ വീണ്ടും ഹര്‍ഷാരവം). അതുകൊണ്ട് അവിടേക്കൊക്കെ കടന്ന് സംസാരിക്കാന്‍ എന്നെ നിര്‍ബന്ധിക്കരുത്. നമുക്ക് കശ്മീരിനെ കുറിച്ച് സംസാരിക്കാം.’

പാണ്ഡയെ ഒന്നു തോണ്ടിക്കൊണ്ട് യെച്ചൂരി തുടരുന്നു:

‘വെറുതെ കശ്മീരിനെ സംബന്ധിച്ച വസ്തുതകള്‍ വളച്ചൊടിക്കരുത്. നമ്മള്‍ ഇതിനെ കുറിച്ച് മുന്‍പും ചര്‍ച്ച ചെയ്തിട്ടുണ്ട്. താങ്കള്‍ പാര്‍ലമെന്‍റ് അംഗമായിരിക്കുമ്പോള്‍. അന്നു പക്ഷേ താങ്കള്‍ ബിജു ജനതാദളില്‍ ആയിരുന്നു. ഇപ്പോള്‍ ബി.ജെ.പി.യിലും.’

പാണ്ഡെ പിന്നെ ചര്‍ച്ചയിലൊരിടത്തും യെച്ചൂരിയെയോ അദ്ദേഹത്തിന്‍റെ പാര്‍ട്ടിയെയോ ചൊറിയാന്‍ ശ്രമിച്ചില്ല. ചര്‍ച്ചയിലുടനീളം മികച്ച പിന്തുണയാണ് സദസില്‍ നിന്നും യെച്ചൂരിക്ക് ലഭിച്ചത്.

NB: ബ്രിട്ടനിലെ ഏറ്റവും പഴക്കമേറിയതും ലോകത്തെ ഏറ്റവും പ്രശസ്തവുമായ സ്റ്റുഡന്‍റ് യൂണിയനുകളില്‍ ഒന്നാണ് ഓക്സ്ഫോര്‍ഡ് യൂണിയന്‍. പ്രധാനമായും ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്നുള്ളവരാണ് അതിലെ അംഗങ്ങളില്‍ ഏറെയും. ശശി തരൂര്‍ ഉള്‍പ്പെടെയുള്ളവര്‍ മുന്‍പ് യൂണിയനിലെ ഡിബേറ്റില്‍ പങ്കെടുത്തിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്‍റുമാര്‍ ആയിരുന്ന റോണള്‍ഡ് റെയ്ഗന്‍, ജിമ്മി കാര്‍ട്ടര്‍, റിച്ചാര്‍ഡ് നിക്സന്‍, ബില്‍ ക്ലിന്‍റന്‍, ബ്രിട്ടീഷ് പ്രധാനമന്ത്രിമാരായിരുന്ന വിന്‍സ്റ്റന്‍ ചര്‍ച്ചില്‍, മാര്‍ഗരറ്റ് താച്ചര്‍ തുടങ്ങി നിരവധി പ്രമുഖര്‍ പലപ്പോളായി യൂണിയനിലെ സംവാദങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്.

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.