Baiju R Thrikkovil
പൃഥ്വിരാജ് – ആസിഫ് അലി മൾട്ടി സ്റ്റാർ ചിത്രം കാപ്പയുടെ ബോക്സോഫീസ് കളക്ഷൻ വ്യക്തമായ മേൽക്കൈയോടെ മറികടന്ന് ഉണ്ണിമുകുന്ദൻ ചിത്രം മാളികപ്പുറം. മാളികപ്പുറം സിനിമയുടെ ഇരട്ടിയിലേറെ ബജറ്റിൽ നിർമ്മിക്കപ്പെട്ട കാപ്പ മാളികപുറത്തെക്കാൾ ഒരാഴ്ച മുൻപ് തീയറ്ററുകളിലെത്തിയെങ്കിലും ഫാമിലി ഓഡിയൻസിനെ ആകർഷിക്കാൻ സാധിക്കാതെ വന്നതോടെയാണ് കളക്ഷനിൽ പിന്നോട്ട് പോയത്. അതേ സമയം വർഷങ്ങളായി തീയറ്ററുകളോട് മുഖം തിരിഞ്ഞു നിന്ന വലിയ വിഭാഗം കുടുംബപ്രേക്ഷകരെ തീയറ്ററുകളിലേക്ക് തിരികെയെത്തിക്കാൻ സാധിച്ച ചിത്രമാണ് മാളികപ്പുറം.
നിറഞ്ഞ സദസ്സുകളിൽ പ്രദർശനം തുടരുന്ന മാളികപ്പുറം 20 കോടി എന്ന ലക്ഷ്യം ഉടൻ മറികടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കേരളത്തിന് പുറത്തും മികച്ച അഭിപ്രായം നേടാൻ സാധിച്ച ചിത്രത്തിന്റെ തമിഴ്, തെലുഗു, കന്നഡ വേർഷനുകളും ഉടൻ റിലീസിനെത്തും. ചിത്രത്തിന്റെ സാറ്റ്ലൈറ്റ് റൈറ്റുകളിൽ നിന്ന് ലഭിച്ച വരുമാനം ഔദ്യോഗികമായി പുറത്തു വന്നിട്ടില്ലെങ്കിലും ഉണ്ണിമുകുന്ദന്റെ കരിയറിലെ റെക്കോർഡ് തുകയ്ക്കാണ് ബിസിനസ് നടന്നതെന്നാണ് സൂചന. ഏഷ്യാനെറ്റ്, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ പ്ലാറ്റ് ഫോമുകളാണ് റൈറ്റ്സ് സ്വന്തമാക്കിയതെന്ന് സൂചനയുണ്ട്. വാരിസ്, തുനിവ് തുടങ്ങിയ വമ്പൻ അന്യഭാഷാ റിലീസുകൾ ഉടനുണ്ടാകുമെങ്കിലും തീയറ്ററുകളുടെ ശക്തമായ പിന്തുണയോടെ ലോങ്ങ് റണ്ണിലേക്കാണ് മാളികപ്പുറം കുതിക്കുന്നത്. അതേ സമയം ചിത്രത്തിന്റെ രണ്ടാം ഭാഗം സംബന്ധിച്ച ചർച്ചകളും സജീവമാണ്.