ഒളിമ്പിക്സ് നീന്തൽ മത്സരങ്ങളിൽ ഗോൾഡ് മെഡൽ കിട്ടിയ ആളാണെങ്കിൽ കൂടി ചില കാര്യങ്ങൾ അറിഞ്ഞിരിക്കണം

81

Baiju Raj

പണ്ട്.. ബാഗ്ലൂരിൽ പഠിക്കുന്ന കാലം…നീന്തലോന്നും അന്ന് അറിയില്ല. അപ്പോഴാണ് അവിടെയുള്ള ഒരു ലോക്കൽ ഫ്രണ്ട് കുറച്ചു അടുത്തുള്ള ഒരു വില്ലേജിൽ നീന്തൽക്കുളത്തിൽ നീന്തൽ പ്രാക്ടീസ് ചെയ്യാം എന്ന് പറഞ്ഞു എന്നെ അവിടെ കൂട്ടിക്കൊണ്ട് പോവുന്നത്. അസ്സൽ പട്ടിക്കാട്. അവിടെ മുന്തിരി, വെള്ളിരി, പേരക്ക മുതലായവയുടെ തോട്ടങ്ങൾ ആണ്. വെള്ളം കൊച്ചു ചാലുകളിലൂടെ ദിവസേന പല പ്രാവശ്യമായി അവയ്ക്കു നൽകും. അതിനായി തറ നിരപ്പിൽനിന്നു ഒരു നിലകെട്ടിടത്തിന്റെ അത്ര ഉയരത്തിൽ ഒരു വലിയ വാട്ടർ ടാങ്ക് കെട്ടി ഉണ്ടാക്കിയിട്ടുണ്ട്. ഒരു ടെന്നീസ്‌കോർട്ടിന്റെ ഇരട്ടി വലിപ്പം അതിനുണ്ടാവും. രണ്ട് എതിർ ഭാഗത്തും ടാങ്കിനു മുകളിൽ കയറുവാനും, അതിന്റെ ഉള്ളിലേക്ക് ഇറങ്ങുവാനും ഉള്ള സിമന്റ് സ്റ്റെപ്പുകളൊക്കെ ഉണ്ട്.

ഞങ്ങൾ വൈകിട്ട് ഒരു 4 മണിക്ക് അവിടെ എത്തി. കുറെ കാരിമാടിക്കുട്ടന്മാരായ വില്ലേജ് കുട്ടികൾ തുണിയൊന്നും ഉടുക്കാതെ ടാങ്കിനു മുകളിൽ ഓടി കളിക്കുന്നുണ്ട്. അവർ ഇടയ്ക്കു വെള്ളത്തിലേക്ക് ചാടുന്നുമുണ്ട്. എല്ലാവരും നീന്തലിൽ പുലികൾ. എനിക്കാണെങ്കിൽ നീന്തലിന്റെ ABCD പോലും അറിയില്ല. പക്ഷെ കുഴപ്പമില്ല. കാരണം അവിടെ ബസ്സിന്റെയും മറ്റു വലിയ വീർപ്പിച്ച ടയർ ട്യൂബുകൾ ഉണ്ടായിരുന്നു. അത് ഒരെണ്ണം എന്റെ കൂട്ടുകാരൻ രമേശ് എടുത്തു തന്നു. കാലിലൂടെ വലിച്ചു കയറ്റി നെഞ്ചിനു ചുറ്റും, കൈയകൾക്കു താഴെയായി ഉറപ്പിച്ചു. കറക്റ്റ് സൈസ് ആയതുകൊണ്ട് ട്യൂബ് നെഞ്ചിനു ചുറ്റും മുറുകി ഇരുന്നു.

സ്റ്റെപ്പിലൂടെ മെല്ലെ വെള്ളത്തിൽ ഇറങ്ങി. കുഴപ്പമില്ല. ട്യൂബ് ഉള്ളതുകൊണ്ട് വെള്ളത്തിൽ പൊങ്ങി നിൽക്കാം. സേഫ്. മെല്ലെ സ്റ്റെപ്പിൽനിന്നു വെള്ളത്തിലേക്ക് ഇറങ്ങി നീന്തിനോക്കി. കൊള്ളാം. അങ്ങേ അറ്റംവരെ നീന്തി തിരികെ വന്നു രമേശിനോട് അനുഭവം പങ്കുവച്ചു. നല്ല കോണ്ഫിടെന്റ് ആയി. ഇനി അൽപ്പം സ്റ്റൈൽ ആയിക്കോട്ടെ എന്ന് കരുതി കൈകൾ മുന്നിലോട്ട് കൂപ്പി ഡോൾഫിൻ ചാടുന്നപോലെ സ്റ്റെപ്പിൽനിന്നു വെള്ളത്തിലേക്ക് ഡൈവ് ചെയ്തു. TV യിൽ കാണുന്നപോലെ ആ സ്പീഡിൽ മാക്സിമം, ദൂരം പോയി കൈകൾ വേർപെടുത്തി നീന്താം എന്നായിരുന്നു പ്ലാൻ. പക്ഷെ കൈകൾ വിടർത്തി തുഴഞ്ഞിട്ടും വെള്ളത്തിൽ താണുപോവുന്നു 😮 ആലോചിക്കുന്നതിനു മുന്നേ ഞാൻ മുഴുവനായി വെള്ളത്തിനടിയിൽ ആയി. അപ്പോഴാണ് കാര്യം മനസിലായത്. കാൽവഴി അല്ലേ ട്യൂബ് മുകളിലേക്ക് കയറ്റിയത്. മുന്നോട്ടുള്ള ചാടലിൽ വെള്ളത്തിന്റെ പ്രതിരോധത്തിൽ ട്യൂബ് നെഞ്ചിൽനിന്നു വഴുതി കാലിലൂടെത്തന്നെ പിന്നോട്ട് പോയി. സ്വാഹാ. ഞാനിപ്പോൾ ട്യൂബ്‍ലെസ്സ് ബൈജു ആയി 😛

എന്നാലും അൽപ്പംപോലും പേടി തോന്നിയില്ല. കാരണം രമേശും, പിന്നെ നീന്താൻ അറിയാവുന്ന ഒരുപറ്റം കുട്ടികളും ചുറ്റും ഉണ്ട്. അവർ വന്നു എന്നെ രക്ഷിച്ചോളും എന്ന് കരുതി. ഞാൻ എവിടെയാണ് ഉള്ളതെന്ന് അവരെ കാണിച്ചാൽ മാത്രം മതിയല്ലോ. അതിനായി ഞാൻ ഇടയ്ക്കു ഒന്ന് മേലേക്ക് പൊങ്ങിവന്നു കൈപ്പത്തി വെള്ളത്തിന് മുകളിൽ കാണിച്ചു. വീണ്ടും താണു. സെക്കന്റുകൾ കഴിഞ്ഞു..വെള്ളത്തിൽ ആളനക്കമോ, ട്യൂബിന്റ്റെ കറുത്ത നിഴലോ വരുമെന്ന് പ്രതീക്ഷിച്ചു, കണ്ടില്ല. ജാങ്കോ.. ഞാൻ പെട്ടൂടാ.. എന്ന് മനസു പറഞ്ഞു. മിനിറ്റുകൾ ആയി എന്ന് തോന്നി.ആരെയും കണ്ടില്ല.മനസ്സാന്നിധ്യം വീണ്ടെടുത്തു വെള്ളത്തിന് മുകളിൽ തല കൊണ്ടുവരാൻ ശ്രമിച്ചു. ഭാഗ്യം അൽപ്പം മാറി ഒരു ട്യൂബ് കണ്ടു. അതിനകത്തുകൂടെ കൈ കടത്തി മാറോട് അടുപ്പിച്ചു.

പേടിച്ചുവിറച് രണ്ട് കൈകളും ഉപയോഗിച്ച് അള്ളിപിടിച്ചിരിക്കുന്നതിനാൽ നീന്താനും കഴിഞ്ഞില്ല. ശ്രമിച്ചിട്ടും അവിടെ പൊങ്ങിനിന്നു കറങ്ങിയതേ ഉള്ളൂ. എന്നാലും സേഫ് ആണ്.നോക്കുമ്പോൾ എല്ലാവരും ചുറ്റുംനിന്ന് ചിരിക്കുന്നുണ്ട്. എനിക്കാണെങ്കിൽ ദേഷ്യവും. ഞാൻ വെള്ളത്തിൽ താണിട്ടു ഒരുത്തനും ചാടിവന്നു എന്നെ രക്ഷിച്ചില്ലല്ലോ.ആരെങ്കിലും ചാടി എന്നെ രക്ഷിക്കാൻ വന്നാൽ ഞാൻ വെപ്രാളത്തിൽ അവരെ മുറുക്കെ പിടിച്ചാൽ അവരും വെള്ളത്തിൽ താണുപോവും എന്ന്. ഹം.. ശരിയാ. എനിക്കും തോന്നി. എന്തായാലും രക്ഷപെട്ടു.

  • കേരളത്തിൽ ഓരോ വർഷവും 1000 ഇൽ അധികംപേർ മുങ്ങി മരിക്കുന്നുണ്ട് !

** കഴിഞ്ഞ രണ്ട് പ്രളയത്തിന് ശേഷം കുട്ടികളെയും മുതിർന്നവരെയുമായി ഇരുപതോളം പേരെ നീന്തൽ പഠിപ്പിച്ചതിന്റെയും അനുഭവത്തിൽ ശ്രീ മുകേഷ് കേയത്ത് എഴുതിയ കുറച്ചു കാര്യങ്ങൾകൂടെ.

🔴 നീന്തൽ പഠിക്കുക എന്നത് അത്ര വലിയ പ്രയാസമുള്ള കാര്യമല്ല നല്ലൊരു പരിശീലകന്റെ കീഴിൽ കുട്ടികൾ ആണെങ്കിൽ മൂന്ന് ദിവസമോ മുതിർന്നവർ ആണെങ്കിൽ ആറ് ദിവസത്തിനുള്ളിലൊ കൈകാലുകൾ ചലിപ്പിച്ചു കൊണ്ട് നേർ രേഖയിൽ നീന്താൻ സാധിക്കുന്നതാണ്.

🔴 ആരംഭ കാലത്തെ ഈ നീന്തൽ കൊണ്ട് ഒരിക്കലും നിങ്ങൾ ഒരു നല്ല നീന്തൽക്കാരനാവുന്നില്ല എന്ന് മാത്രമല്ല ഈ പരിചയം വച്ച് ഒറ്റക്കുള്ള നീന്തലുകൾ നിങ്ങളെ വലിയൊരു അപകടത്തിലേക്ക് നയിച്ചേക്കാം

🔴 കെട്ടികിടക്കുന്ന വെള്ളത്തിന് കട്ടി കൂടുതൽ ആയത് കൊണ്ട് ഇവിടങ്ങളിൽ നീന്തുമ്പോൾ ഒരു പാട് ഊർജ്ജം ആവശ്യമാണ്.

🔴 ഡാമുകളിൽ ഒരു കാരണവശാലും കുളിക്കാൻ ഇറങ്ങാതിരിക്കുക കാട്ടിൽ നിന്ന് നേരിട്ട് ഒലിച്ചു വരുന്ന വെള്ളം ആയത് കൊണ്ട് ഒരു പക്ഷെ മറ്റു പല ജീവികളുടെയും ആക്രമത്തിന് നിങ്ങൾ ഇരയായേക്കാം.

🔴 നീന്തുന്നതിനേക്കാൾ ബുദ്ധിമുട്ടുള്ള കാര്യം ആണ് ശ്വാസനത്തെ നിയന്ത്രിച്ചു കൊണ്ട് ആഴങ്ങളിലേക്ക് പോയി ഒരാളെ രക്ഷപെടുത്തുക എന്നത് നീന്തൽ അറിയുന്ന നൂറിൽ ഒരാൾക്ക് മാത്രമേ അതിന് സാധിക്കുകയുള്ളു. അത് കൊണ്ട് മറ്റുള്ളവർക്ക് നീന്തൽ അറിയും എന്നാ ആത്മവിശ്യസത്തോടെ വേണ്ടത്ര സുരക്ഷ ഉപകരണങ്ങൾ ഇല്ലാതെ നീന്തൽ അറിയാത്ത ഒരാൾ നീന്താൻ ഇറങ്ങുന്നത് തികച്ചും മണ്ടത്തരം ആണ്.

🔴 ഒളിമ്പിക്സ് നീന്തൽ മത്സരങ്ങളിൽ ഗോൾഡ് മെഡൽ കിട്ടിയ ആളാണെങ്കിൽ കൂടി നീന്തുന്നതിനിടയിൽ അപകടത്തിൽ പെട്ട് ശ്വാസകോശത്തിലേക്ക് വെള്ളം കയറിയാൽ അബോധ അവസ്‌ഥയിൽ ആവുകയും അത് അയാളുടെ മരണത്തിനെ വരെ കാരണമാകുകയും ചെയ്യുന്നു.

🔴 നീന്തുന്നതിനിടയിൽ ഏതെങ്കിലും കാരണവശാൽ അപകടങ്ങളിൽ പെട്ടാൽ പരമാവധി ഭയപ്പെടാതെ ശ്വാസകോശങ്ങളിലേക്ക് വെള്ളം കയറാതെ രക്ഷപെടാൻ ശ്രമിക്കുക.

🔴 നീന്തൽ എല്ലാവരും നിർബന്ധമായി അറിഞ്ഞിരിക്കേണ്ടതും എല്ലാവിധ സുരക്ഷ ഉപകരണങ്ങളുടെ സഹായത്തോട് കൂടി പഠിക്കേണ്ട ഒന്നാണ്.
* അവസാനത്തേതും, എന്നാൽ വളരെ പ്രധാപ്പെട്ടതുമായ ഒരു കാര്യംകൂടേ..

🔴 നിങ്ങൾക്ക് ഒരു പാട് കാലത്തെ അനുഭവ പരിചയവും ദിവസവും നീന്തുന്ന ഒരാളാണെങ്കിൽ കൂടി ഒരു കാരണവശാലും പരിചയമില്ലാത്ത ചളിയോ,അടിയൊഴുക്കോ ഉള്ള പുഴകളിലോ, കുളങ്ങളിലോ ഇറങ്ങാൻ പാടുള്ളതല്ല.