ഒരു അന്യഗ്രഹ ജീവി നമ്മളെ കാണുന്നത് നാം കാണുന്നപോലെ ആയിരിക്കുമോ ?

62

Baiju Raj

ഒരു അന്യഗ്രഹ ജീവി നമ്മളെ കാണുന്നത് നാം കാണുന്നപോലെ ആയിരിക്കുമോ ?

നമ്മൾ മനുഷ്യരും, ഭൂമിയിലെ മിക്ക ജീവികളും ചുറ്റും ഉള്ള വസ്തുക്കൾ കാണുന്നത് ചുവപ്പു മുതൽ വയലറ്റ് വരെയുള്ള പ്രകാശ തരംഗങ്ങളിൽ മാത്രമാണ്. എന്നാൽ നമുക്കറിയാം.. അത് വളരെ വിപുലമായ പ്രകാശ തരംഗശ്രേണിയിലെ കുറച്ചു ഭാഗം മാത്രമാണെന്ന്. നാം കാണുവാൻ ഉപയോഗിക്കുന്ന ചുവപ്പു മുതൽ വയലറ്റ് വരെയുള്ള ആ തരംഗംങ്ങളെ നാം ദൃശ്യ പ്രകാശം ( visible light ) എന്ന് പറയുന്നു.

ഓരോ ജീവിവർഗവും അവ ജീവിക്കുന്ന സാഹചര്യത്തിന് അനുസരിച്ചു പരിണമിച്ചാണ് ഇതുവരെ എത്തിയിരിക്കുന്നത്. അതുകൊണ്ടാണ് ഇവിടെ ഏറ്റവും അധികമുള്ള ദൃശ്യപ്രകാശം തിരിച്ചറിയാൻ പറ്റുന്ന അവയവം നമുക്ക് ഉണ്ടായിരിക്കുന്നത്. നാം ഒരുപക്ഷെ കൂടുതൽ ഇൻഫ്രാറെഡ് ഉള്ള ഒരു സാഹചര്യത്തിലാണ് ജീവിച്ചിരുന്നത് എങ്കിൽ നമുക്ക് ആ തരംഗങ്ങൾ കാണുവാനുള്ള കണ്ണായിരിക്കും രൂപപ്പെട്ടിരിക്കുക. അപ്പോൾ ചിലപ്പോൾ നീല, വയലറ്റ് മുതലായ നിറങ്ങൾ നമുക്ക് കാണാൻ പറ്റണം എന്നില്ല.

അതുപോലെ നാം അൾട്രാവയലറ്റ് കൂടുതൽ ഉള്ള സാഹചര്യത്തിലാണ് ജീവിച്ചിരുന്നത് എങ്കിൽ നമുക്ക് ആ തരംഗങ്ങൾ കാണുവാനുള്ള കണ്ണായിരിക്കും രൂപപ്പെട്ടിരിക്കുക. അപ്പോൾ ചിലപ്പോൾ ചുവപ്പ്, മഞ്ഞ മുതലായ നിറങ്ങൾ നമുക്ക് കാണാൻ പറ്റണം എന്നില്ല.ചിലപ്പോൾ അൾട്രാവയലറ്റും, ദൃശ്യപ്രകാശവും, ഇന്ഫ്രാറെഡും ഒക്കെ കാണുന്ന ജീവികളും അന്യ ഗ്രഹങ്ങളിൽ ഉണ്ടാവാം. അന്യഗ്രഹ ജീവികളെ നാം ഇതുവരെ കണ്ടെത്തിയിട്ടില്ല. എന്നാലും അവയുടെ കണ്ണും കാതുമൊന്നും നമ്മുടേതുപോലെ ആവണം എന്നില്ല.ഭൂമിയിൽത്തന്നെ നമുക്ക് കാണുവാൻ കഴിയാത്ത അൾട്രാവയലറ്റ് പ്രകാശം കാണുവാൻ പറ്റുന്ന ജീവികൾ ഉണ്ട്.എന്തായാലും ശാസ്ത്രം ഉപയോഗിച്ച് നാം ആ കഴിവുകേടുകളെ ഒക്കെ മറികടക്കുന്നുണ്ട്.

ഇൻഫ്രാറെഡ് ആയാലും, ഉൾട്രാവയലറ്റ് ആയാലും, എക്സ്റേ ആയാലും, ഗാമ റെ ആയാലും, റേഡിയോ തരംഗങ്ങളായാലും നമുക്ക് അവയെ ഒക്കെ പകർത്തുവാനുള്ള ഉപകരണങ്ങൾ ഉണ്ട്.നാം അവ ഉപയോഗിച്ച് ഫോട്ടോകൾ എടുക്കുന്നുണ്ട്.ഉദാഹരണത്തിന് ഭൂമിയുടെ ചിത്രം ഓരോ തരംഗസ്രെണിയിലും എടുത്താൽ എങ്ങനെ ഉണ്ടാവുമെന്ന് ഇവിടെ കൊടുത്തിരിക്കുന്ന ചിത്രത്തിൽ കാണാം.