ചന്ദ്രയാൻ -2 ചന്ദ്രന്റെ ഭ്രമണപഥത്തിൽ

0
382

Baiju Raju

ചന്ദ്രയാൻ -2 ചന്ദ്രന്റെ ഭ്രമണപഥത്തിൽ എത്തി !

ഓഗസ്റ്റ്-20  ഇന്ത്യൻ സമയം രാവിലെ 9.50നാണ് ചന്ദ്രയാൻ 2 ചന്ദ്രന്‍റെ ഭ്രമണപഥത്തിലെത്തിയത്.

കഴിഞ്ഞ മാസം ജൂലായ്-22 നായിരുന്നു ചന്ദ്രയാൻ -2 വിക്ഷേപിച്ചത്.

Baiju Raju

ഇതുവരെ ചന്ദ്രയാൻ-2 ദീർഘ വൃത്താകൃതിയിൽ ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കുക ആയിരുന്നു. അതിനിടയ്ക്ക് എടുത്ത ഭൂമിയുടെ മനോഹരമായ ഫോട്ടോകൾ രണ്ട് ആഴ്ച മുന്നേ നമുക്ക് കിട്ടിയിരുന്നു

വിക്ഷേപിച്ച് 29 ദിവസങ്ങൾക്ക് ശേഷമാണ് ചന്ദ്രയാൻ-2 ചന്ദ്രന്‍റെ ഭ്രമണ പഥത്തിൽ പ്രവേശിക്കുന്നത്.

ഇന്ധനം വളരെ കുറച്ചു ചിലവാക്കി ചന്ദ്രനിൽ എത്തുക എന്ന രീതിയിലുള്ള ടെക്‌നോളജി ഉപയോഗിച്ചതുകൊണ്ടാണ് ഇവിടെനിന്നും ചന്ദ്രനിൽ എത്താൻ ഇത്ര താമസിച്ചത്.

ചന്ദ്രനിൽ നിന്ന് 118 കിലോമീറ്റർ അടുത്ത ദൂരവും 18078 കിലോമീറ്റർ എറ്റവും കൂടിയ ദൂരവുമായ ഭ്രമണപഥത്തിലാണ് ഉപഗ്രഹം ഇപ്പോൾ പ്രവേശിച്ചിരിക്കുന്നതു. ഇനി 5 ഘട്ടങ്ങളിലായി പേടകത്തിന്റെ ഭ്രമണപഥത്തിൽ മാറ്റം വരുത്തി ചന്ദ്രനുമായുള്ള അകലം കുറയ്ക്കും. സെപ്റ്റംബർ ഒന്നു വരെ നീളുന്ന ഈ പ്രക്രിയയിലൂടെ ചന്ദ്രനിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിൽ ഉപഗ്രഹത്തെ എത്തിക്കും. അവിടെ ഒരു വർഷം ഈ ദൂരത്തിൽ ‘ ചന്ദ്രയാൻ ഓർബിറ്റർ ‘ ചന്ദ്രനെ ചുറ്റിക്കൊണ്ടിരിക്കും. അതിനിടെ സെപ്റ്റംബർ രണ്ടിന് വിക്രം ലാൻഡറും ചന്ദ്രയാൻ രണ്ട് ഓ‌ർബിറ്ററും വേർപെടും. സെപ്റ്റംബർ ഏഴിനായിരിക്കും ചരിത്രപരമായ ലൂണാർ സോഫ്റ്റ് ലാൻഡിംഗ്.

ആദ്യം ലൂണാർ സോഫ്റ്റ് ലാന്റർ റഷ്യ നമുക്കായി ചെയ്തു തരാമെന്നാണ് ഏറ്റിരുന്നത്. എന്നാൽ റഷ്യയുടെതന്നെ മറ്റൊരു ലാന്റർ പരാജയപ്പെട്ടപ്പോൾ അവർ നമ്മുടെ ലാന്റർ ദൗത്യത്തിൽനിന്നു പിന്മാറി. അങ്ങനെ ചന്ദ്രയാൻ ലാന്റർ നമ്മൾ സ്വയം രൂപകൽപ്പന ചെയ്തു ഉണ്ടാക്കി. അതീവ വെല്ലുവിളി നിറഞ്ഞ ഘട്ടമാണ് ചന്ദ്രനിലെ സോഫ്റ്റ് ലാന്റിംഗ്. അത് വിജയിച്ചാൽ ചന്ദ്രയാൻ- 2 വിജയിച്ചതായി നമുക്ക് വിലയിരുത്താം. അത്ര പ്രാധാന്യമാണ് ഈ സോഫ്റ്റ് ലാന്റിങ്ങിനുള്ളത് !!

ചൊവ്വയിൽ സോഫ്റ്റ് ലാന്റിംഗ് വഴി പേടകം ഇറക്കുമ്പോൾ ഓർബിറ്റിൽനിന്നു 7 മിനിറ്റു കൊണ്ടാണ് താഴെ എത്തുക.

ആ 7 മിനിറ്റിനെ ” 7 minutes of terror ” എന്നാണ് പലരും വിശേഷിപ്പിച്ചത്. അതുപോലെ ചന്ദ്രനിൽ വിക്രം എന്ന ലാന്റർ ഇറങ്ങുന്ന 15 മിനിറ്റിനെ ” 15 minutes of terror ” എന്ന് പറയാം. ശരിക്കു പറഞ്ഞാൽ ചൊവ്വയിൽ പേടകം ഇറക്കുന്നതിനേക്കാൾ ബുദ്ധിമുട്ടാണ് ചന്ദ്രനിൽ പേടകം ഇറക്കാൻ. കാരണം ചന്ദ്രനിൽ ചൊവ്വയിലുള്ളത്രപോലും വായു ഇല്ല എന്നതാണ്.

അമേരിക്കയും, റഷ്യയും, ചൈനയുമൊക്കെ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് വിജയകരമായി ചെയ്തിട്ടുണ്ട്. എന്നാലും നമ്മുടെ ആദ്യ പരീക്ഷണം ആയതുകൊണ്ട് ചന്ദ്രയാൻ-2 ലെ ഏറ്റവും ഏറ്റവും നിർണായകമായ കാര്യം ഇതാണ്.