ധ്രുവ നക്ഷത്രവും, കുറച്ചു രസകരമായ കാര്യങ്ങളും

249

Baiju Raju

ധ്രുവ നക്ഷത്രവും, കുറച്ചു രസകരമായ കാര്യങ്ങളും.

എപ്പോൾ നോക്കിയാലും സ്ഥാനം മാറാതെ ഒരിടത്തായി കാണുന്ന നക്ഷത്രമാണ് ധ്രുവ നക്ഷത്രം അല്ലെങ്കിൽ Polaris !
പകൽ ശക്തമായ സൂര്യപ്രകാശം ഉള്ളതിനാൽ നക്ഷത്രങ്ങളുടെ മങ്ങിയ പ്രകാശം കാണുവാൻ സാധിക്കില്ല എങ്കിലും ധ്രുവനക്ഷത്രത്തിന്റെ സ്ഥാനം ഇനി കുറെ നാൾ അവിടെത്തന്നെ ആയിരിക്കും.
ഭൂമിയുടെ സാങ്കൽപ്പീക അച്ചുതണ്ടിന്റെ ഏതാണ്ട് ഒരേ ദിശയിൽ ആയതുകൊണ്ടാണ് ധ്രുവനക്ഷത്രം സ്ഥാനം മാറാതെ അവിടെത്തന്നെയായി കാണുന്നത്. സ്ഥാനം മാറാത്തതിനാൽ പണ്ടുകാലം മുതലേ ഇതിനെ ദിശ കണ്ടുപിടിക്കുവാനായി ഉപയോഗിക്കുന്നു.
ഭൂമിയുടെ സ്വയം ഭ്രമണംമൂലം ഉത്തരധ്രുവത്തിലെ മറ്റു നക്ഷത്രങ്ങൾ (സപ്തർഷികളും മറ്റും) ധ്രുവനക്ഷത്രത്തെ ചിത്രത്തിൽ കൊടുത്തിരിക്കുന്നതുപോലെ ചുറ്റിസഞ്ചരിക്കുന്നതായി കാണപ്പെടും.

ഒരു ദിവസം കൊണ്ടുള്ള സ്വയം തിരിയലും, ഒരു വർഷം കൊണ്ടുള്ള സൂര്യനെ ഭ്രമണം ചെയ്യലും കൂടാതെ 26000 വർഷം കൊണ്ടുള്ള പുരസ്സരണം എന്നൊരു തിരിയലും ഭൂമിക്കുണ്ട്. ഈ പുരസ്സരണം കാരണം നൂറുകണക്കിന് വർഷം കഴിയുമ്പോൾ ഭൂമിയുടെ അച്ചുതണ്ട് ഇപ്പോഴത്തെ ധ്രുവനക്ഷത്രത്തിൽനിന്നു അകന്നു പോവും.

ധ്രുവനക്ഷത്രം ആയി നാം ഇപ്പോൾ കാണുന്നത് യഥാർത്ഥത്തിൽ 3 നക്ഷത്രങ്ങളുടെ ഒരു കൂട്ടത്തെ ആണ്. അതിൽ ഏറ്റവും തെളിച്ചമുള്ളതാണ് Polaris Aa.
ഇത് ഒരു ഭീമൻ നക്ഷത്രമാണ് ! സൂര്യന്റെ 7.5 മടങ്ങു മാസ്സും, 30 ഇരട്ടി വലിപ്പവും, 2200 ഇരട്ടി പ്രകാശവും ഇതിനുണ്ട് !

ഈ നക്ഷത്രത്തിന്റെ ചുറ്റുന്ന ജീവൻ ഉണ്ടാകുവാൻ പാകത്തിനുള്ള ഒരു ഗ്രഹം ഉണ്ടാവുമോ ?
ഇല്ല. എന്ന് തീർത്തു പറയാം. കാരണം പലതാണ്.

1 ) ഇതിനെ വളരെ അടുത്തായി ചുറ്റുന്ന മറ്റൊരു നക്ഷത്രമുണ്ട്. Polaris Ab, കൂടാതെ അകന്നു ചുറ്റുന്ന മറ്റൊരു നക്ഷത്രവും. ഇവ മൂന്നും ചേർന്നതാണ് അതിന്റെ സ്റ്റാർ സിസ്റ്റം. അതിനാൽ Polaris Aa യെ ചുറ്റുന്ന ഗ്രഹം ദീർഘ നാൾ നിലനിൽക്കാൻ സാധ്യത കുറവാണ്.

2) Polaris Aa നക്ഷത്രം അതിന്റെ പ്രധാന ശ്രേണി ( main sequence ) അവസാനിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ അത് ഓരോ 8 ദിവസം കൂടുമ്പോഴും, വലുതും ചെറുതും ആയി മിന്നിയും, തെളിഞ്ഞും ഇരിക്കുകയാണ്. ഇതിനെ Cepheid variable എന്ന് പറയും. ശക്തിയേറിയതും, സുസ്ഥിരമല്ലാത്തതുമായ റേഡിയേഷൻ ആയിരിക്കും ആ മേഖലയിൽ ഉണ്ടാവുക.

മുകളിൽപ്പറഞ്ഞ രണ്ട് പോയിന്റുകളും കണക്കിലെടുത്താൽ അവിടെ ജീവൻ ഉള്ള ഗ്രഹം ഉണ്ടാകുവാനുള്ള സാധ്യത ഇല്ലാതാവുന്നു.

എന്നാൽ ഈ സിസ്റ്റത്തിലെ മൂന്നാമത്തെ നക്ഷത്രമായ Polaris b വളരെ ദൂരെ സ്ഥിതി ചെയ്യുന്നു. കൂടാതെ അത് സൂര്യനെപ്പോലെ ഒരു ആവറേജ് നക്ഷത്രവുമാണ്. ആയതിനാൽ അതിനു ഗ്രഹങ്ങൾ ഉണ്ടാവാം. ചിലപ്പോൾ അവിടെ ജീവനും ഉണ്ടാവാം.