പകൽ വെളിച്ചത്തിൽ എംപി മാർ കാവൽ നിന്ന് ബാബരി മസ്ജിദിനെ പൊളിച്ചു കളഞ്ഞു, ആരെയെങ്കിലും ഒരു ദിവസം കോടതി പിരിയുന്ന വരെയെങ്കിലും ശിക്ഷിച്ചോ ?

207
Baiju Swamy
കൊച്ചിയിലെ റാലിയെ കുറിച്ച് ഒരു പോസ്റ്റിട്ടു. മൂടി വെച്ച് പറയുന്ന കാര്യങ്ങൾ പച്ചയായി പറയുന്ന സ്വഭാവം കേരളത്തിൽ നല്ലതല്ല എന്ന് ഒരിക്കൽ കൂടി തെളിവ് കിട്ടി. അന്തംസ് മുതൽ സംഘികൾ വരെയും എന്നെ സുടാപ്പി ആക്കി. ആയിക്കോട്ടെ ഇനി സുടാപ്പി എങ്കിൽ അങ്ങനെ. Paid പോസ്റ്റ്‌ എന്ന് ചിലരുടെ ഒളിയമ്പ്. ആരെയും കൂസാതെ നെറ്റിയിലെ വിയർപ്പ് കൊണ്ടാണ് എന്റെ ജീവിതം. പോടാ പുല്ലേ എന്നെ പറയാനുള്ളൂ.
ഇത് ആമുഖമായി പറഞ്ഞില്ലെങ്കിൽ താഴെ പറയുന്നത് വായിച്ചു കൊണ്ട് ദേശദ്രോഹിയാക്കി പാകിസ്ഥാൻ വിസ അടിക്കും.സത്യം പറഞ്ഞാൽ എൺപതുകളിൽ കൗമാര കാലത്ത് ഷാർജ ക്രിക്കറ്റ് യുഗത്തിൽ ജീവിച്ച എനിക്ക് മുംബൈയിൽ പോയി ജീവിതം എന്തെന്ന് മനസിലാകുന്നത് വരെയും ആവറേജ് ഹിന്ദുവിനെ പോലെ ലേശം അകൽച്ച മുസ്ലിം എന്ന religious മുസ്ലിമിനോട് ഉണ്ടായിരുന്നു. അവർ പ്രശ്നക്കാർ ആണെന്നുള്ള ഒരു പൊതുബോധം ഉണ്ടായിരുന്നു. ലിബറൽ ഹിന്ദു ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച ഞാൻ എന്റെ ഒരു അമ്മാവൻ പറഞ്ഞത് പോലെ ചണ്ഡാളൻ മാർഗം കൂടിയ ജന്മം ആയിരുന്നു. പൂണൂൽ അച്ഛന്റെ ബലി ഇടുമ്പോൾ അല്ലാതെ ഇടാറില്ല. പന്നി, ബീഫ് ഇങ്ങനെ എന്തും തിന്നും. ബിയർ അടിക്കും. രാവിലെ എഴുന്നേറ്റു കുളിച്ചു സാളഗ്രാമത്തിൽ വെള്ളം ഒഴിക്കേണ്ട ഞാൻ ചിലപ്പോൾ കറങ്ങി നടന്ന് ഒരു ദിവസം കുളിയെ ഇല്ലാതെ പാതി രാത്രിയിൽ ഉടുത്തു വന്ന ജീൻസ് ഇട്ട് കിടന്നുറങ്ങുന്ന പാഴ്ജന്മം ആയിരുന്നു.
മുംബയിൽ പോയപ്പോൾ ശനിയും ഞായറും ചുറ്റി നടക്കും. ആദ്യമാദ്യം സബർബൻ റൂട്ട് ഞാൻ പേയിങ് ഗെസ്റ്റ് ആയി താമസിക്കുന്ന ആളുടെ അടുത്ത് ചോദിക്കും. പുള്ളി ചില സ്ഥലങ്ങളിൽ പോകരുത് എന്ന് പേടിപ്പിക്കും. കാരണം അവിടെ മുഴുവൻ മുസ്ലിം ആണത്രേ. പക്ഷേ ആ ഏരിയയിൽ നല്ല നോൺ വെജ് ഭക്ഷണം, കാസറഗോഡ് ടീമുകളുടെ ഹോട്ടലിൽ മലയാളി പൊറോട്ട കിട്ടും. അങ്ങനെ “മുസ്ലിം ഏരിയ യിൽ ” പോകാൻ തുടങ്ങി.
ബാബരി മസ്ജിദ് പൊളിഞ്ഞു കഴിഞ്ഞു മുംബൈ കലാപം നടന്നു കഴിഞ്ഞുള്ള കാലമാണ്. ഇടക്കൊക്കെ ബോംബ് ഭീഷണി, ചിലപ്പോൾ പൊട്ടിയതായി വാർത്ത ഒക്കെ കേൾകാം. ഇതൊക്കെ കൊണ്ട് ആ സ്ഥലങ്ങളിൽ പോകാൻ പേടിയും ഉണ്ട്.
അങ്ങനെ കറങ്ങി നടന്ന് ഒരു ഇറേനിയൻ റെസ്റ്റോറന്റ് ഇടക്ക് സ്ഥിരം താവളമായി. ഒരു അപ്പാപ്പനും കുടുംബവും നടത്തുന്നു. പുള്ളി ഉഗ്രൻ സാഹിത്യം, സംഗീതം ടീം. ആ സൗഹൃദമൊക്കെ എന്നോട് പറഞ്ഞു ഇവരുടെയൊക്കെ സൗഹൃദം ഊഷ്മളത കൂടുതൽ ആണല്ലോ? വെറും ആചാരമല്ലാത്ത തീവ്രത ഉണ്ടല്ലോ? അങ്ങനെ മുസ്ലിം രീതികൾ ശ്രദ്ധിക്കാൻ തുടങ്ങി. അതിൽ മനസിലായ കാര്യം ബുള്ളറ്റ് പോയിന്റ് ആയി പറയാം.
ആവറേജ് മുസ്ലിം വളരെ റിലീജിയസ് ആണ്. മതം ആണ് ഐഡന്റിറ്റി. എന്ന് വെച്ച് അവരെ മത തീവ്രവാദി ആക്കേണ്ട കാര്യമില്ല. അവരെ മതം പറഞ്ഞും അതിലെ തെറ്റുകൾ പറഞ്ഞും പ്രകോപിപ്പിക്കുന്നത് ഒഴിവാക്കിയാൽ ശാന്തരാണ്. അവരിൽ കുറേ ആളുകൾ ലിബറേറ്റഡ് ആണ്. മുത്തലാക് പോലെയുള്ള കാര്യങ്ങൾ ഇപ്പോൾ വളരെ കുറവാണ്. ആവറേജ് മുസ്ലിം ഭാര്യക്ക് ഏതൊരു ഹിന്ദുവും കൊടുക്കുന്ന കെയർ കൊടുക്കുന്നുണ്ട്. Exception ഉണ്ടാകാം. പക്ഷേ അത് rule അല്ല. ഇനി അവരിൽ കണ്ട ന്യുനത.
മറ്റു മതവിഭാഗത്തിൽ ഉള്ളതിനേക്കാളുള്ള മത നിഷ്ഠ, പുരോഹിതരോടുള്ള വിധേയത്വം ഒക്കെ നോൺ മുസ്ലിമിൽ മത തീവ്രവാദി എന്ന തോന്നൽ ഉണ്ടാക്കും. ഉത്തരേന്ത്യയിൽ അവർ രാഷ്ട്രീയമായി സംഘടിക്കാതെ മത മേലധ്യക്ഷന്മാരെ അതിനു വിനിയോഗിക്കും. അവർ മുസ്ലിമിന്റെ പട്ടിണി, വിദ്യാഭ്യാസം എന്നിവ രാഷ്ട്രീയ വിഷയം ആയി ഉന്നയിക്കാതെ മതത്തിന്റെ പ്രശ്നങ്ങൾ എടുത്തു വിവാദങ്ങൾ ഉണ്ടാക്കും. വിഭജന കാലത്ത് നടന്ന കലാപങ്ങളുടെ ഹാങ്ങ്‌ ഓവറിൽ ജീവിക്കുന്ന, ലോകം ഇസ്ലാമിക ഭീകരർ അശാന്തമാക്കി എന്ന് കേൾക്കുന്ന, ചിന്ത ശേഷി കുറവുള്ള ആവറേജ് ഉത്തരേന്ത്യൻ മധ്യവർഗ ഹിന്ദു ഇതാ, ഇവനാണ് എന്റെ ശത്രു എന്ന് ഉറപ്പിക്കും. സോഷ്യലിസം+ അഴിമതി തകർത്തു കളഞ്ഞ ലോകത്തു ചിതൽ പോലെ മണ്ണ് തിന്നു ചായ്പുകളിൽ നരകം പോലെ ജീവിക്കുന്ന ഹിന്ദുവിന് കുഴപ്പങ്ങൾ മുഴുവൻ പാകിസ്ഥാൻ പിരി കേറ്റിയ മുസ്ലിം ഉണ്ടാക്കുന്നത് ആണ്. അല്ലെങ്കിൽ ആക്കാൻ ജന്മനാ അർദ്ധ സംഘിയായ ഉത്തരേന്ത്യൻ കൊണ്ഗ്രെസ്സ്കാർ പോലും ശ്രമിക്കും.
ഇനി ഒരു straight ചോദ്യം.
മുസ്ലിം സമൂഹത്തെ നമ്മൾ ഇന്നും രണ്ടാം കിട പൗരൻ പോലെയല്ലേ ട്രീറ്റ്‌ ചെയ്യുന്നത്? ഡിഫെൻസ് ഉൾപ്പെടെ പ്രധാന മേഖലയിൽ തലവൻ ആയി മുസ്ലിം വരാതെ നോക്കുന്ന തന്ത്രം പയറ്റാറില്ലേ? അവർക്ക് ആനുപാതിക അളവിൽ എന്തെങ്കിലും കൊടുക്കുന്നുണ്ടോ? ഒരു പൊതുമേഖല,സ്വകാര്യ മേഖല ജോലി മാർക്കറ്റിൽ മുസ്ലിം എന്ന ലേബൽ ജോലി കിട്ടാതെ ഇരിക്കാൻ ഉള്ള കാരണം ആകുന്നത് ശ്രദ്ധിച്ചിട്ടില്ലേ?
ആർക്കും കടന്നു ചെല്ലാവുന്ന കച്ചവടം എന്ന മേഖലയിൽ മത്സരിച്ചു കഠിനാധ്വാനം ചെയ്തും ബാങ്കുകൾ മൂലധനം കൊടുക്കാത്ത അവസ്ഥയിൽ പൂൾ ചെയ്തും മതം എന്ന നൂൽ കോർത്തു പിടിക്കുന്ന ബന്ധങ്ങളിലും അല്ലേ കുറേ മുസ്ലിം രക്ഷപ്പെടുന്നത്. മത്സ്യം,മീറ്റ്, മറ്റു പെരിഷബിൾ ഫുഡ് ഐറ്റം ഇവർ അല്ലാതെ റിസ്ക് എടുത്തു ബിസിനസ് കെട്ടിപ്പടുത്തു തൊഴിൽ കൊടുക്കാനും ഉപഭോക്താവിന് വേണ്ടത് എത്തിക്കാനും കുറ്റം പറയുന്ന മുന്നോക്ക ഹിന്ദു ശ്രമിക്കുന്നുണ്ടോ?
ചില റീറ്റെയ്‌ൽ ജയന്റിന്റെ കൺസെപ്റ്റ് നോട്ടിൽ ഭക്ഷ്യ റീറ്റെയ്‌ൽ unassailable competitor ആരെന്ന് അറിയാമോ? “Bearded muslim petty trader “എന്നാണ് ഞാൻ കണ്ടത്. ചുരുക്കത്തിൽ ഇക്കൂട്ടർ മത്സരിക്കുന്നത് വോൾമാർട് മുതൽ അംബാനി വരെയുള്ളവരോടാണ്.
ഇനി ഒരല്പം രാഷ്ട്രീയം.
ഇന്ത്യയിൽ ആദ്യത്തെ മുസ്ലിം കേന്ദ്ര ആഭ്യന്തര മന്ത്രി മുഫ്തി മുഹമ്മദ്‌ സയ്ദ് വന്നപ്പോൾ ഉത്തരേന്ത്യൻ സംഘികൾ അതിനെ വി പി സിംഗ് ഇന്ത്യയെ പാകിസ്താന് വിറ്റു എന്നാണ് എഴുതിയത്. തിരഞ്ഞെടുപ്പിൽ ജയിച്ചു വന്ന ആർക്കും ഇരിക്കാവുന്ന പദവിയിൽ മതം, പേര് എന്നിവ നോക്കി ഒരാളെ പാകിസ്താനി ആക്കുന്ന പ്രവണത മൂന്ന് ദശാബ്ദം കഴിഞ്ഞിട്ടും മാറ്റമുണ്ടോ?
ഉന്തു വണ്ടിയിൽ പച്ചക്കറി വിറ്റു നൂറ് രൂപ ഉണ്ടാക്കി ജീവിക്കുന്ന മൊബൈൽ ഫോൺ കണ്ടിട്ടില്ലാത്ത, അക്ഷരം അറിയാത്ത മുസ്ലിം എങ്ങിനെ തന്ത്ര പ്രധാന കെട്ടിടങ്ങളുടെ ഫോട്ടോ എടുത്തു പാകിസ്താന് കൈമാറുന്നു എന്ന് ഉത്തരേന്ത്യൻ സംഘിയോട് ചോദിച്ചിട്ട് കാര്യമില്ല. കാരണം അവർ IIT യിൽ ആണെങ്കിലും ഇന്നും ചാണകം പ്ലൂട്ടോണിയം വിശ്വാസി ആണ്. ഒരു ചോദ്യം കൂടി.
ഒരു മതേതര രാജ്യത്തിലെ പ്രധാന മന്ത്രി, പാർലമെന്റ്,സുപ്രീം കോടതി അങ്ങനെ ഭരണ ഘടന സ്ഥാപനങ്ങൾ ഉറപ്പ് ആയിരുന്നല്ലോ ബാബറി മസ്ജിദ് ന്റെ സുരക്ഷ. അത് കോടതിയെ പുല്ല് പോലെ വക വെച്ച് പകൽ വെളിച്ചത്തിൽ എംപി മാർ കാവൽ നിന്ന് പൊളിച്ചു കളഞ്ഞു. ആരെയെങ്കിലും ഒരു ദിവസം കോടതി പിരിയുന്ന വരെയെങ്കിലും ശിക്ഷിച്ചോ?
ഈ ഒരൊറ്റ ചോദ്യത്തിന്റെ ഉത്തരത്തിൽ അവരെ കോടതി പോലും രണ്ടാമതേ കാണുന്നുള്ളൂ എന്ന് പറയേണ്ടി വരും.
I rest my case here.
ഞാൻ നിർത്തുന്നു.