യാതൊരു ഭരണ പരിചയവുമില്ലാത്ത ക്രിമിനൽ പാരമ്പര്യം കൈമുതലായുള്ള വ്യക്തി ആഭ്യന്തരം കയ്യാളിയതിനു രാജ്യം കനത്ത വില നൽകേണ്ടി വരുന്ന അവസ്ഥ

3509

Baiju Swamy

ഇപ്പോൾ ഭാരതം എന്ന മഹാരാജ്യം സ്വതന്ത്രമായതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ ബഹുമുഖ പ്രതിസന്ധി ആണ്. ഇതിന് മുൻപ് ഇത്രയും ഗുരുതരം അല്ലെങ്കിലും പ്രതിസന്ധി നേരിട്ടത് ചന്ദ്ര ശേഖർ, ഗുജ്റാൾ പിന്നെ റാവു സർക്കാർ ഭരിച്ച ഏകദേശം മൂന്ന് വർഷങ്ങൾ ആണ്.

അന്ന് കുവൈറ്റ്‌ യുദ്ധം, ആഭ്യന്തര രാഷ്ട്രീയ പ്രതിസന്ധി, മണ്ഡൽ പ്രക്ഷോഭം, അദ്വാനിയുടെ രഥയാത്ര മൂലം ഉണ്ടായ വ്യാപക ജാതീയ വർഗീയ കലാപങ്ങൾ, തുടർന്ന് ബാബറി മസ്ജിദ് പൊളിക്കൽ, അത്യന്തം ദുർബലമായ സാമ്പത്തിക സ്ഥിതി ഇങ്ങനെ ഒരു രാജ്യം അസ്ഥിരപ്പെടുന്നതിനു വേണ്ട എല്ലാമുണ്ടായിരുന്നു. പക്ഷേ അന്ന് എത്ര കള്ളന്മാർ ആയിരുന്നു എങ്കിലും കോൺഗ്രസുകാർ ആയിരുന്നു ഭരണം.

കോൺഗ്രസ്സ് പാർട്ടിയുടെ ഒരു സവിശേഷത ആ പാർട്ടിയിൽ ഉള്ള ഗ്രൂപ്പിസം ആണ്. ഭരിക്കുന്നവർ ആരായാലും പിഴവുകൾ ഉണ്ടാകുമ്പോൾ ആ പാർട്ടിക്കുള്ളിൽ നിന്ന് തന്നെ ഗ്രൂപ്പിസം മൂലമാണെങ്കിലും പരസ്യമായ എതിർപ്പും വിമർശനവും ഉണ്ടാകും എന്നതാണ്. അത് കൊണ്ട് തന്നെ കേഡർ പാർട്ടികളിൽ ഉള്ളത് പോലെ തുണിയുടുക്കാത്ത തമ്പുരാന്റെ പട്ടു കോണകത്തിന്റെ ഭംഗി പുകഴ്ത്തേണ്ട അവസ്ഥയില്ല.

ഇപ്പോൾ ബിജെപി യിലെ തന്നെ ഒരു വലിയ വിഭാഗം ആളുകൾക്ക് ഈ തീക്കളി വേണ്ടായിരുന്നു എന്ന് അഭിപ്രായം ഉണ്ടാകുമെന്നുറപ്പാണ്. കാരണം ഈ അസമയത്തുള്ള ബിൽ USSR ലെ പ്രതിസന്ധി പോലെ സബ് നാഷണലിസം എന്ന ഭൂതത്തെ തുറന്ന് വിടാൻ കെല്പുള്ള നിയമം ആണ്.

നാളെ മുംബയിൽ, ബാംഗ്ലൂർ, ഹൈദരാബാദ്, ചെന്നൈ, ഡൽഹിയിൽ ഒക്കെ മണ്ണിന്റെ മക്കൾ അല്ലാത്തവർ പുറത്ത് പോകണം എന്ന വാദഗതി ഉയർത്തുന്ന സ്പ്ലിന്റെർ പാർട്ടികൾ തലപൊക്കാൻ സാധ്യത ഉണ്ട്. ഇതിനു വഴി തെളിക്കാൻ വലിയ സാമ്പത്തിക തകർച്ചയും 50 കൊല്ലത്തെ ഏറ്റവും രൂക്ഷമായ തൊഴിലില്ലായ്മയും മുന്നിലുണ്ട്. കൂടാതെ എല്ലാകാലത്തും നോർത്ത് ഈസ്റ്റ്‌ പൊളിറ്റിക്‌സിൽ താല്പര്യം ഉള്ള ചൈനയ്ക്കും ഇത് സുവർണാവസരം ആണ്. അവിടെയുള്ള ഗോത്ര സമൂഹത്തിൽ ഇനി പഴയ നാഗാ, മിസോ മൂവ്മെന്റ് പൊങ്ങി വന്നേക്കാം.

യാതൊരു ഭരണ പരിചയവുമില്ലാത്ത ക്രിമിനൽ പാരമ്പര്യം മാത്രം കൈമുതലായുള്ള വ്യക്തി ആഭ്യന്തരം കയ്യാളിയത്തിനു രാജ്യം കനത്ത വില നൽകേണ്ടി വരുന്ന അവസ്ഥയിൽ മിണ്ടാതെ ഇരിക്കുന്ന ബിജെപി യിലെ തലമുതിർന്ന നേതാക്കൾക്ക് കാലത്തിന്റെ കുളമ്പടി ശബ്ദം മനസിലാകുന്നില്ല എന്നതാണ് അത്ഭുത കരം.