എന്തിനാണ് എംപിമാരേ അനാവശ്യമായി മുക്കിനുമുക്കിന് ഈ ഹൈമാസ്റ്റ് ലാമ്പുകൾ ?

73

Baiju Swamy യുടെ പോസ്റ്റ്

അത്യാവശ്യമുള്ള കുറച്ചു സാധങ്ങൾ വാങ്ങാനും ഒരു കൊറിയർ അയക്കാനും ടൗണിൽ പോയപ്പോൾ ആണ് ഒരു കാര്യം ശ്രദ്ധിച്ചത്. ടൗണിൽ രണ്ട് കിലോമീറ്റർ ചുറ്റളവിൽ കുറഞ്ഞത് പത്ത് ഹൈ മാസ്റ്റ് ലാമ്പ് നോക്കുകുത്തി പോലെ നിൽക്കുന്നു. ഓരോന്നിനും കുറഞ്ഞത് 30 ലക്ഷം ആണ് അടങ്കൽ തുക. എല്ലാം തന്നെ എംപി മാരുടെ ലോക്കൽ ഏരിയ ഡെവലപ്പ്മെന്റ് ഫണ്ടിൽ നിന്നും സ്ഥാപിച്ചത്. ഒറ്റക്കണ്ണൻ പോലെ ചിലത് മാത്രം ഒരു ലൈറ്റ് കത്തുന്നു. ചിലതിൽ കാക്ക കൂട് കൂട്ടി.

ഞാൻ ആലോചിച്ചത് കേരളത്തിൽ ഇങ്ങനെ എത്രയെണ്ണം വെറുതെ നിൽപുണ്ടാകും എന്നാണ്. ഇതെല്ലാം MPLAD സ്‌കീമിൽ ഓരോ എംപി ക്കും ഓരോ വർഷവും കൊടുക്കുന്ന 5 കോടി മുടക്കി നിർമ്മിക്കുന്നതാണ്. കേരളത്തിൽ മൊത്തത്തിൽ രാജ്യ സഭ ഉൾപ്പെടെ 29 എംപി മാർ ഉണ്ട്. അപ്പോൾ ഒരു വർഷം 145 കോടി രൂപ ഹൈ മാസ്റ്റ് ലാമ്പ്, ജോസ് മോന്റെ വിശ്വ വിഖ്യാതമായ 35 ലക്ഷം രൂപ മുടക്കിയ വെയ്റ്റിംഗ് ഷെഡ് ഒക്കെയായി മാറി ആരുടെയൊക്കെയോ പോക്കറ്റിൽ എത്തുന്നു.

അഞ്ച് കൊല്ലത്തെ 29 എംപി മാരുടെ തുക കൂട്ടി ചേർത്താൽ 725 കോടി രൂപയുണ്ട്. ഇത് ഒരു സഞ്ചിത നിധി ആക്കിയാൽ, അത് ഒരു ഗ്രാന്റ് ആക്കി ആശുപത്രിയിൽ സൗകര്യം വർധിപ്പിക്കാൻ കൊടുത്തിരുന്നുവെങ്കിൽ ഈ കോവിഡ് കാലത്ത് പ്രയോജനപ്പെട്ടനെ…ആരോട് പറയാൻ, ആര് കേൾക്കാൻ..