കേരളത്തിലെ ഉയർന്നു വരുന്ന മുസ്ലിം -ക്രിസ്ത്യൻ അകൽച്ചയെ ഈ മരണംകൊണ്ടും മുതലെടുക്കുന്നു

0
194

Baiju Swamy

ഇസ്രായേലിൽ ഒരു മലയാളി ഹമാസിന്റെ റോക്കറ്റ് ആക്രമണത്തിൽ മരിച്ച കാര്യത്തിൽ ഉള്ള പോസ്റ്റുകൾ വായിക്കുകയായിരുന്നു.ആ പോസ്റ്റുകൾ തരുന്ന സൂചന കേരളത്തിലെ ഉയർന്നു വരുന്ന മുസ്ലിം -ക്രിസ്ത്യൻ അകൽച്ചയാണ്. മലയാളികൾ ലോകത്തെവിടെയെങ്കിലും പ്രശ്‌നബാധിത പ്രദേശത്തു മരിക്കുന്നത് ആദ്യമായല്ല ,ഇത് അവസാനത്തെ മരണവുമായിരിക്കില്ല.മലയാളിക്ക് പോയിട്ട് ഇന്ത്യൻ ഭരണകൂടത്തിന് നിയന്ത്രണം ഇല്ലാത്ത പ്രദേശത്തു നൂറ്റാണ്ടുകളായി രണ്ടു മതങ്ങളുടെ രാഷ്ട്രീയ താല്പര്യങ്ങൾ തമ്മിൽ നടക്കുന്ന പോരാട്ടത്തിലെ ഒരു ചെറിയ സംഭവത്തിൽ മലയാളികൾ ഇവിടെ കിടന്ന് പരസ്പരം വെറുപ്പിന്റെ ഭാഷ ഉപയോഗിച്ചിട്ടെന്ത് നേടാനാണ്?

ഒന്നാമതായി പറയേണ്ട വസ്തുത അവിടെ നടക്കുന്ന യുദ്ധം മുസ്ലിമും ജൂതരും തമ്മിലാണ്.അതിൽ കേരളത്തിലെ ക്രിസ്ത്യാനി പക്ഷം പിടിച്ചു കൊണ്ട് ഗാസയിലോ വേറെ എവിടെയെങ്കിലുമോ മുസ്ലിമിനെ ഇസ്രായേൽ കൊല്ലുമ്പോളോ ഒക്കെ ഇവിടെ കിടന്ന് ആഹ്ലാദം പ്രകടിപ്പിച്ച് സമൂഹത്തിൽ വെറുപ്പിന്റെ ഫീൽ കുത്തി വെക്കുന്നത് എന്തിനാണ് ? മുസ്ലിം പ്രതിഷേധം അല്പമെങ്കിലും റെലെവന്റ് ആണെന്ന് പറയേണ്ടി വരും.കാരണം അൽ ആക്സ പള്ളിയിൽ കയറി നിരായുധരായ വിശ്വാസികളെയും പുറത്ത് പ്രതിഷേധിച്ചറേയും ഇസ്രായേൽ കൊന്നു.ഹമാസ് തീവ്രവാദികൾ പോലെയല്ല ഒരു ഭരണകൂടം.ഭരണകൂടം വിവേകപൂർണമായി വേണം പെരുമാറാൻ.ഏതെങ്കിലും മുസ്ലിം യുവാവ് കൊലപാതകത്തെ ന്യായീകരിക്കുന്നത് പോലെയല്ല ബെഞ്ചമിൻ നെതന്യാഹു പറയേണ്ടത്.അങ്ങനെ അഭിപ്രായമുള്ളവർ മോദിയെയും സംഘികളേയും ന്യായീകരിക്കാൻ നാളെ മടിക്കില്ല.കലക്ക വെള്ളത്തിൽ മീൻ പിടിച്ചു മുസ്ലിം വിരോധം വളർത്താൻ ഇപ്പോൾ കേന്ദ്ര സർക്കാരും ഇറങ്ങും.അതിന്റെ ലക്ഷണങ്ങൾ കാണാനുണ്ട്.

ജൂതർ ക്രിസ്ത്യാനികളെയും മുസ്ലിമിന്റെ ഗ്രെയ്‌ഡിൽ തന്നെയാണ് ചരിത്രപരമായി കാണുന്നത്.അതാണ് പോപ്പിന്റെ വലംകൈ ആയിരുന്ന മുസോളിനി ഹിറ്റ്ലറുടെ ഹോളോകോസ്റ്റ് പിന്തുണച്ചയാൾ ആയത്.ഹിറ്റ്ലറിനും ജൂതവിരോധത്തിന് മതപരമായ കാരണങ്ങളും ഉണ്ടായിരുന്നു .പാവപ്പെട്ട ജൂതൻ ഗ്യാസ് ചേംബറിൽ മരിച്ചു വീണത് പോലെ തന്നെയാണ് ഗാസയിലും വെസ്റ്റ് ബാങ്കിലും മുസ്ലിം മരിച്ചു വീഴുന്നതും.ബ്രിട്ടന്റെ (ഇപ്പോൾ അമേരിക്കയുടെ )സാമ്പത്തിക താല്പര്യങ്ങൾക്ക് വേണ്ടി ആയിരക്കണക്കിന് കൊല്ലം മുൻപെഴുതിയ മത ഗ്രന്തങ്ങളുടെ ബേസിൽ രാഷ്ട്രമുണ്ടാക്കിയ റോത്സ്ചൈൽഡ് – ബാൽഫർ കുരുട്ടുബുദ്ധിയാണ് ഈ പ്രശ്നങ്ങളുടെ കാതൽ.അത് ഏതെങ്കിലും മതഗ്രന്തം എടുത്തു നോക്കി പരിഹരിക്കാൻ ആവില്ല.ബാബറി മസ്ജിദ് തർക്കത്തിന്റെ അല്പം കൂടി വലിയ പതിപ്പ് ആണ് ടെംപിൾ മൗണ്ടിലെ അൽ അക്‌സാ എന്നോർത്താൽ മതി.1948 മുതൽ ഒഴുക്കിയ രക്തം ഈ പ്രശ്നത്തിലെ ഗൗരവം മനസിലാക്കി തരും.അത് കൊണ്ട് മലയാളികളുടെ പക്ഷം പിടിക്കൽ അത്ര ശെരിയായ നിലപാട് അല്ല എന്ന് പറയേണ്ടി വരും.മുസ്ലിം മരിച്ചാലും ജൂതൻ മരിച്ചാലും മലയാളി മരിച്ചാലും മരണം ഒന്ന് തന്നെ,മാനവികതയുടെ മരണം.അവിടെ ആരും ജയിക്കില്ല. ചരിത്രത്തിനെ ഒഴുകുന്ന നദി പോലെ കാണണം.അതിലെ മീൻ മാത്രമാണ് നമ്മൾ.വെള്ളം ഒഴുക്കുന്ന വഴിയിലൂടെ മാത്രമേ മീനിന് ജീവിതം ഉള്ളൂ.നദിയുടെ ഗതി മീൻ നോക്കിയാൽ മാറ്റാൻ ആവില്ല.