ജനം വീട്ടിൽ പോലും മാസ്കും വെച്ച് ഇരുന്നോണം, സത്യപ്രതിജ്ഞയ്ക്ക് 800 പേർ

0
121

Baiju Swamy

അയൽവാസിയായ ഒറ്റക്ക് താമസിക്കുന്ന സീനിയർ സിറ്റിസൺ സ്ത്രീക്ക് അല്പം ഗ്രോസറി, പച്ചക്കറി, മരുന്നുകൾ വാങ്ങി കൊടുക്കാമോ എന്ന് ചോദിച്ചു. എല്ലാക്കാലത്തും നല്ല ശമര്യക്കാരൻ ആയ ഞാൻ ആ ദൗത്യം ഏറ്റെടുത്തു. മഴ ആയത് മൂലം പുറത്ത് പോകുന്നവർ കരുതേണ്ടതായ ഐ ഡി കാർഡ്,എവിടെ പോകുന്നു എന്ന ഡോക്യുമെന്റ് എന്നിവ എടുക്കാൻ മറന്നു.കുടയും ചൂടി പാതി നനഞ്ഞു കുളിച്ച് അര കിലോമീറ്റർ ദൂരെയുള്ള റിലൈൻസ് ഷോപ്പിൽ എത്തിയപ്പോൾ സെക്യൂരിറ്റിക്കാരൻ ചാടി വീണ് അകത്തേക്ക് പ്രവേശനം നിഷേധിച്ചു. കാരണം പറഞ്ഞത് “ഷോപ്പിൽ പരമാവധി അഞ്ച് പേരെ മാത്രമേ കയറ്റാവൂ എന്ന് പോലീസിന്റെ കർശനമായ നിർദേശം ഉണ്ട്. ഇന്ന് തന്നെ നാലഞ്ച് തവണ പോലീസ് വന്ന് അകത്തു കയറി നോക്കി. എനിക്ക് കേസ് ഉണ്ടാക്കി തരരുത്, പ്ലീസ് ”

എന്നാൽ ഞാൻ വെയിറ്റ് ചെയ്യാം, ആളിറങ്ങുമ്പോൾ കേറാമല്ലോ, ചേട്ടൻ അകത്തുള്ളവർ ഇറങ്ങുമ്പോൾ അറിയിക്കൂ എന്ന് പറഞ്ഞപ്പോൾ പുള്ളി ഒരു ടോക്കൺ തന്നു. എന്നിട്ട് പറഞ്ഞു ഇത് 16 ആമത്തെ നമ്പർ ആണ്, ഇവിടെ പുറത്ത് വെയിറ്റ് ചെയ്യരുത്, അതും പോലീസ് വന്ന് പിടിക്കുന്നു. അല്ലെങ്കിൽ പുറകിൽ സ്റ്റാഫ് ബൈക്ക് വെയ്ക്കുന്ന ഭാഗത്തു പോയി നിൽക്കൂ…ഞാൻ ആകെ വെട്ടിൽ ആയത് പോലെയായി. എന്റെ വീട്ടിലേക്ക് ഉള്ളതായിരുന്നുവെങ്കിൽ പോട്ടെ പുല്ല് എന്ന് പറഞ്ഞു തിരിച്ചു വരാമായിരുന്നു. ഇത് ആ സ്ത്രീയോട് പറഞ്ഞാൽ ഉടായിപ്പ്, ഒഴിവുകഴിവ് പറയുന്നത് എന്നേ കരുതൂ..ഏതായാലും ടോക്കൺ വാങ്ങി. അര മണിക്കൂർ എവിടെങ്കിലും ചിലവഴിക്കാം എന്ന് കരുതി.

കുറച്ചു മുന്നോട്ട് നടന്നു. നാഗമ്പടം ആറ്റു തീരത്ത് മീൻ പിടിക്കുന്ന കുറേയാളുകൾ. വീശു വല മുതൽ പുതിയ ഓരോരോ രീതിയിൽ മീൻ പിടിക്കുന്നു, മീൻ കോരുമ്പോൾ ആഹ്ലാദാരാവങ്ങൾ.. അത് കണ്ടു നിൽക്കാൻ തോന്നി. പക്ഷേ പോലീസ് ഉടനെ എത്തും എന്നുറപ്പ്. തിരിച്ചു നടന്നു. റിലൈൻസിന്റെ പുറകിൽ സ്റ്റാഫ് ബൈക്ക് വെയ്ക്കുന്ന സ്ഥലത്ത് മുക്കാൽ മണിക്കൂർ നിന്ന് അകത്തു കയറി. പർച്ചേസ് കഴിഞ്ഞു.
തിരിച്ചു വീട്ടിൽ എത്തി. ഫേസ്ബുക് തുറന്നു നോക്കിയപ്പോൾ ഇതാണ് കണ്ടത്.എന്താ ശുഷ്‌കാന്തി… നാട്ടുകാർ സ്വന്തം വീട്ടിൽ പോലും മാസ്കും വെച്ച് ഓരോരുത്തരും ഓരോ മുറിയിൽ ഇരുന്നോണം. സത്യപ്രതീക്ഞ്ഞക്ക്‌ 800 പേര്, നടത്തുന്നത് സ്റ്റേഡിയത്തിൽ..🙄