ലുലു, ബീവറേജ്, ജുവലറികൾ ഇവിടെയൊന്നും ഇല്ലാത്ത ആരോഗ്യപ്രശ്നമാണോ മീൻ വിൽപ്പനയിലൂടെ കേരളം നേരിടേണ്ടി വരിക

0
338

Baiju Swamy

വരേണ്യ വർഗം ഏറ്റവും പുച്ഛിക്കുന്ന,ഒരു തൊഴിൽ എന്ന നിലയിൽ ഏറ്റവും നികൃഷ്ടമെന്ന ഒരു തരം പൊതുബോധം ചാർത്തിക്കൊടുത്ത ഒന്നാണ് മൽസ്യ വ്യാപാരം. അതിന് തെളിവാണ് “മീൻ കച്ചവടം പോലെ, ഇതെന്താ മീൻ കച്ചവടം ആണോ, നിനക്ക് മീൻ വിൽക്കാൻ പൊയ്ക്കൂടേ “… എന്നൊക്കെയുള്ള പ്രയോഗങ്ങൾ.
യഥാർത്ഥത്തിൽ ഏത് ചെറുകിട വ്യാപാരത്തേക്കാളും വിഷമം ഉള്ളതും വർക്കിംഗ്‌ ക്യാപിറ്റൽ വേണ്ടതുമായ ഒരു തൊഴിൽ ആണത്. കൂടുതലും സ്ത്രീകൾ ആണ് ഈ തൊഴിൽ മേഖലയിൽ എന്നത് കൂടി ശ്രദ്ധിക്കണം. വലിയ വിദ്യാഭ്യാസയോഗ്യത ഇല്ലാത്ത under privileged ആയ, മറ്റൊരു ജോലികൊണ്ടും കുടുംബം പോറ്റാൻ സാധിക്കാത്ത സ്ത്രീകൾക്ക് സർക്കാരിന്റെയോ മറ്റാരുടേയുമോ സഹായം കൂടാതെ നടത്താവുന്ന തൊഴിൽ.

മീൻ വില കുതിച്ചു കയറിയപ്പോൾ വർക്കിംഗ് ക്യാപിറ്റൽ ആയി വലിയ തുക ഇല്ലാത്തവർ ബ്ലേഡ് പലിശക്കാരുടെ പക്കൽ നിന്ന് ഒരു ദിവസം 5% പലിശ കൊടുത്തൊക്കെയാണ് ഈ തൊഴിലിനിറങ്ങുന്നത്. ദിവസം 5% എന്നത് തള്ള് ആണെന്ന് പറയുന്നവർ തോപ്പുംപടിയിലെ ലേല കേന്ദ്രത്തിൽ പോയി പരിശോധിക്കാം.ഒരു ദിവസം 5% പലിശക്ക് പതിനായിരം രൂപയുടെ മീൻ വാങ്ങി റോഡ് സൈഡിൽ തട്ടിൽ വെച്ച് വിറ്റിട്ട് തുച്ഛമായ ലാഭം ഉണ്ടാക്കി കുടുംബം പോറ്റുന്നവർ. എന്തെങ്കിലും പ്രശ്നം ഹർത്താൽ ഇത്യാദി വന്നാൽ പിന്നെ വാങ്ങിയ മീൻ മുഴുവനും വിൽക്കാൻ ആകാതെ കടക്കെണിയിൽ പെടുന്ന പാവങ്ങൾ.

അങ്ങനെ എല്ലാവരും ചൂഷണം ചെയ്യുന്ന ആ വർഗത്തെ പ്രതിനിധാനം ചെയ്യുന്ന ഒരു മൽസ്യ വിൽപ്പനക്കാരിയായ സ്ത്രീ കരഞ്ഞു കൊണ്ട് പോലീസ്കാർ അവരുടെ മത്സ്യം എടുത്തു എറിഞ്ഞു കളഞ്ഞത് വിഡിയോയിൽ കണ്ടു. സത്യത്തിൽ നമ്മുടെ പോലീസ് എത്ര പ്രാകൃതരാണെന്ന് തോന്നിപ്പോയി. ലുലു, ബീവറേജ്, ജുവേലറികൾ പോലെ പതിനായിരക്കണക്കിന് ആളുകൾ വന്നു പോകുന്നയിടത്ത് ഇല്ലാത്ത ഹെൽത്ത്‌ ഹസർഡ് എന്താണോ ആ മീൻ വിൽപ്പനയിലൂടെ കേരളം നേരിടേണ്ടി വരിക?
അമ്മയുടെ പ്രായമുള്ള ആ സ്ത്രീയുടെ കരച്ചിൽ ഉള്ള് പൊള്ളിക്കുന്നു. ഇത് വിവാദം ആയാൽ പതിവ് പോലെയുള്ള ഒരു സസ്പെൻഷനിലൂടെ കണ്ണിൽ പൊടിയിടും. പക്ഷേ ഏമാന്മാരുടെ വർഗ സ്വഭാവം ഇങ്ങനെ തന്നെ തുടരും.