ജനാധിപത്യം എന്തെന്ന് ലിങ്കൺ പറഞ്ഞത് പോലെ, തട്ടിപ്പ് സർക്കാരുകൾ തട്ടിപ്പുകാർ വഴി തട്ടിപ്പുകാർക്ക് വിൽക്കുന്ന തട്ടിപ്പ് ലോട്ടറി

77

Baiju Swamy

പണ്ട് ലോട്ടറി വിൽക്കുന്നവർ വികലാംഗരും വൃദ്ധരും വിധവകളും ഒക്കെയായിരുന്നു. അത് കൊണ്ട് തന്നെ അവർക്ക് ഒരു സഹായം ആകട്ടെ എന്ന് കരുതി ലോട്ടറി എന്ന തട്ടിപ്പിൽ വിശ്വാസം ഇല്ലാത്തവരും ഈ ദുർബലരെ സഹായിക്കാൻ ലോട്ടറി വാങ്ങുമായായിരുന്നു. ലോട്ടറി വിൽക്കുന്ന ആളുകൾക്ക് ഭിക്ഷ അല്ലാതെ ആത്മാഭിമാനത്തോടെ സ്വന്തം ജീവിതം മുന്നോട്ട് കൊണ്ടു പോകുന്നു എന്ന വികാരവും ഉണ്ടായിരുന്നു. ഇപ്പോൾ സംഭവം നേരേ തിരിഞ്ഞു.

അരോഗ ദൃഢ ഗാത്രരായ അർനോൾഡ് “ശിവശങ്കരൻ ” പോലെ ഉള്ള ടീമുകൾ പോലും ബൈക്ക് സ്റ്റാൻഡിൽ വെച്ച് ഓഫീസുകളിൽ കയറിയിറങ്ങി ഡയറക്ട് മാർക്കറ്റിംഗ് ആണ്.വോൾ സ്ട്രീറ്റിലെ ഡേ ട്രെയ്‌ഡർസ് മുതൽ വാറൻ ബഫറ്റ് വരെയും ഓഹരികളുടെ വിലയിലെ ഏറ്റക്കുറച്ചിൽ ഗവേഷണം നടത്തി ജോലിക്ക് സപ്പ്ലിമെന്റായ കരിയർ കെട്ടിപ്പടുത്തത് പോലെ വൻ തുകകൾ “ശാസ്ത്രീയമായി ഗവേഷണം ” നടത്തി ചില പ്രത്യേക രീതിയിൽ നിക്ഷേപം നടതുന്നത് പോലെ ലോട്ടറി എടുത്തു ജീവിക്കുന്ന വേറൊരു വിഭാഗവും കേരളത്തിൽ ഇപ്പോൾ ഉണ്ട്.

ഇന്ന് ഒരു സർക്കാർ ഓഫീസിൽ പോയപ്പോൾ സുമുഖനായ ഒരു യുവാവ് ഷോൾഡർ ബാഗിൽ നിന്നും ലോട്ടറി എടുത്ത് “പറഞ്ഞ നമ്പർ” എല്ലാവർക്കും ഡിസ്ട്രിബ്യുട് ചെയ്യുന്നു. പ്രതാപ് പോത്തൻ സൺ ഗ്ലാസ് വയ്ക്കുന്നത് പോലെ തലയിൽ ചാരി വെച്ചിട്ടുണ്ട്. ഞാൻ ആലോചിച്ചപ്പോൾ പുള്ളിക്ക് ഒരു സിൽമ താരം ആകാനുള്ള ലുക്ക് ഉണ്ട്. മിനിറ്റ് നേരം കൊണ്ട് “പൈനായിരം “രൂപയോളം കച്ചോടം നടത്തി ആൾ അടുത്ത ഓഫീസിലേക്ക് പോയി.

ആ ഓഫീസിൽ കിട്ടുന്ന കൈക്കൂലി ഇങ്ങനെ ലോട്ടറി വാങ്ങുന്ന പ്രവണത ഉണ്ടെന്ന് ഫോട്ടോസ്റ്റാറ്റ് എടുക്കാൻ നിൽകുമ്പോൾ ഒരു ചേട്ടൻ പറഞ്ഞു. ഇത് കൂടാതെയാണ് “ലോട്ടറി എക്സ്ക്ലൂസീവ് സ്റ്റോഴ്സ് “. ശ്രീ അയ്യപ്പ, സുദർശനം, ഹരിഹര വിലാസം, വ്യാകുല മാതാ, സെന്റ് തോമസ് ലക്കി സെന്റർ ഇങ്ങനെ മൊത്തത്തിൽ ഭക്തി മയം ആണ് പേരുകൾ. ടൗണിൽ ഇറങ്ങിയാൽ മിക്കവാറും ചെറിയ ബിസിനസുകളൊക്ക പൂട്ടി ലോട്ടറി സ്റ്റോഴ്സ് ആകുന്നു.

ലോട്ടറികളിലും ഉണ്ട് ബഹുരാഷ്ട്ര കുത്തകകൾ. മീനാക്ഷി ലോട്ടറി, മഞ്ജു ലോട്ടറി എന്നിവർ ഈ രംഗത്തെ ആമസോൺ, വോൾ മാർട്ട്, ഫ്ലിപ്കാർട് ഒക്കെ ആണ്. സ്ഥിരം കസ്റ്റമേഴ്സിന് വീട്ടിൽ ഡെലിവറി ഉണ്ട്. ലോയൽറ്റി reward ആയി ഇഷ്ട നമ്പർ ഒക്കെ കൃത്യമായി എത്തിക്കും. ഫലം pdf ആക്കി വാട്സ്ആപ്പ് ചെയ്യും. ചെറിയ സമ്മാനം ഉടനെ കൊടുക്കും. ഇങ്ങനെ അസംഖ്യം സേവനം ആണ് കുത്തക കൊടുക്കുക.

ഇതാണ് ഇപ്പോളത്തെ ലോട്ടറി ഇടപാട്. ജനാധിപത്യം എന്തെന്ന് ലിങ്കൺ പറഞ്ഞത് പോലെ. തട്ടിപ്പ് സർക്കാരുകൾ തട്ടിപ്പുകാർ വഴി തട്ടിപ്പുകാർക്ക് വിൽക്കുന്ന തട്ടിപ്പ് ലോട്ടറി. മരിക്കുന്നതിന് മുൻപ് ഏതെങ്കിലും ഒരു വികലാംഗൻ വിൽക്കുന്ന ലോട്ടറി എടുത്തു ചെറ്യേ സമ്മാനം കിട്ടിയാൽ ജീവിതം ധന്യമായി.