അയാളിലെ ചേതനയുള്ള മനുഷ്യൻ എന്നേ മരിച്ചിട്ടുണ്ടാകും

65

Baiju Swamy

എഴുതണമോ വേണ്ടയോ എന്ന് പല വട്ടം ആലോചിച്ചു. കാരണം ഇങ്ങനെയുള്ള കാര്യങ്ങൾ ശ്രദ്ധിക്കുന്നവരെയും എഴുതുന്നവരെയും സ്ക്രീൻ ചെയ്യാൻ പോലും അദൃശ്യ സംവിധാനം ഉണ്ട്. അതാണ് ഡീപ് സ്റ്റേറ്റ് ന്റെ പവർ. അതിനു രാഷ്ട്രീയമില്ല.

മുപ്പത് കൊല്ലം ജെയിലിൽ കിടന്ന പേരറിവാളൻ എന്ന ഹതഭാഗ്യന് ആദ്യമായി ഒരു പരോൾ കിട്ടി. അയാൾ ചെയ്ത കുറ്റം അയൽവാസിയായ ഒരാൾക്ക് ഒരു ബാറ്ററി വാങ്ങി കൊടുത്തു. അയൽവാസി രാജീവ്‌ ഗാന്ധിയെ കൊല്ലാൻ വന്ന ചാവേർ സംഘത്തിന്റെ തലവൻ ആയിരുന്നു. കേസ് അന്വേഷണം കഴിഞ്ഞു, ശിക്ഷ വാങ്ങി അയാൾ യൗവനം തുടങ്ങുമ്പോൾ ജെയിലിൽ ആയി. തുടർന്ന് കേസ് അന്വേഷിച്ച ഉദ്യോഗസ്ഥൻ തന്നെ പറഞ്ഞു അയാളെ കേസിൽ ബലം കിട്ടാൻ പ്രതി ചേർത്തതാണ്. ഇല്ലെങ്കിൽ ഗൂഢാലോചന കുറ്റം തെളിയില്ല എന്ന്. എങ്കിലും വൃദ്ധയായ അമ്മയുടെ ഏക ആശ്രയമായ യുവാവിന് പരോൾ പോലും നിഷേധിക്കപ്പെട്ടു. നിയമദേവത കണ്ണ് ഇല്ലാത്ത ശവം ആണ്. വൈകി കൊടുക്കുന്ന പ്രാണജലം. തൂക്കിലേറ്റുന്നതിനു മുൻപ് കൊടുക്കുന്ന ഇഷ്ട ഭക്ഷണം. അതും ഇപ്പോൾ അയാൾക്ക് കൊടുക്കുന്ന പരോളും തമ്മിൽ സാങ്കേതികമായ വ്യത്യാസം മാത്രം. അയാളിലെ ചേതനയുള്ള മനുഷ്യൻ എന്നേ മരിച്ചിട്ടുണ്ടാകും.