UAPA എന്ന കരിനിയമം സ്റ്റേറ്റിന് നമുക്കുനേരെ എങ്ങനെയൊക്കെ എടുത്തുപയോഗിക്കാം

213

Baiju Swamy

UAPA പ്രതിപക്ഷത്തിരിക്കുമ്പോൾ എല്ലാവർക്കും കരിനിയമം ആണെന്ന് സംശയം ഇല്ല. അധികാരത്തിലെത്തിയാൽ എന്തെങ്കിലും പറഞ്ഞു കൊണ്ട് അതെടുത്തു വീശും. ആ നിയമം ഉണ്ടാക്കിയ കോൺഗ്രസ്സ് പാർട്ടിയുടെ പ്രതിപക്ഷ നേതാവ് നിയമസഭയിൽ അതിനെ കരിനിയമം എന്നും രാഷ്ട്രീയ പ്രതിയോഗികൾ ദുരുപയോഗം ചെയ്യുന്നു എന്നുമൊക്കെ ഉളുപ്പില്ലാത്ത ഭാഷയിൽ അടിച്ചു വിടുന്നു. മറുവശത്ത് ഈ നിയമം കേരളത്തിന്‌ വെളിയിൽ എവിടെ പ്രയോഗിച്ചാലും ശക്തമായി എതിർക്കുന്ന സിപിഎം അതിനെ സൂത്രത്തിൽ ന്യായീകരിക്കുന്നു. രസകരമായ കാര്യം പാർട്ടി ഇപ്പോളും ആ നയം തുടരുന്നു എന്നതാണ്. ഈ നിയമം പാർലമെന്റ് പാസാക്കുമ്പോൾ ഉള്ള ചർച്ചയിൽ പങ്കെടുത്തപ്പോൾ ഉള്ള വിഡിയോ ഒന്ന് റീവൈൻഡ് ചെയ്തു കാണുക എന്നെ രണ്ട് കൂട്ടരോടും പറയാനുള്ളൂ. ഭരണ പ്രതിപക്ഷ കക്ഷികൾ ഹാഫ് ടൈം കഴിഞ്ഞ് സൈഡ് മാറിയെന്ന് മാത്രം.

ഈ നിയമം മൂലം ഏറ്റവും വലിയ അപകടം അത് ചിന്തയെപോലും തടവിൽ ഇടാമെന്ന രീതിയിൽ വ്യാഖ്യാനിക്കാം എന്നതാണ്. മനുഷ്യൻ അറിവ് നേടുന്നത് വായനയിലൂടെയാണ്. മാവോയിസത്തെ എതിർക്കാനാണെങ്കിൽ പോലും അതെന്തെന്ന് വായിക്കണം. അല്ലെങ്കിൽ നഗ്നമായ എതിർപ്പാകും, ബൗദ്ധികമായ എതിർപ്പ് ഉയർന്ന് വരില്ല. അത് രാഷ്ട്രീയം മാത്രമല്ല ഏത് സബ്ജെക്ടിലും യഥാർത്ഥ ഡിബേറ്റ് അത് അടിസ്ഥാന പരമായി മനസിലാക്കിയാൽ അങ്ങനെ ആകുന്നതാണ് നല്ലത്. UAPA ആ സാദ്ധ്യതകൾ ഇല്ലാതെയാക്കാൻ കരുത്തുള്ള നിയമം ആണ്.

ഈ നിയമം വഴി ഇനി ഏത് പുസ്തകവും തത്വത്തിൽ എങ്കിലും നിരോധിത ലിസ്റ്റിൽ പെടുത്താം. ഏത് അതിജീവന സമരവും ഒന്നോ രണ്ടോ മാവോയിസ്റ്റുകളെ തിരുകി തകർക്കാം. സമരത്തിൽ ഉപയോഗിക്കുന്ന പ്രചരണ സാമഗ്രികൾ ആരുടെയെങ്കിലും കയ്യിൽ ഉണ്ടെങ്കിൽ അവരെയും കുടുക്കി സമരത്തിൽ പങ്കാളിയാക്കി പൊതു സമൂഹത്തിൽ ആ സമരത്തെ ഒറ്റപ്പെടുത്തി മുക്കി കളയാം. ഗാന്ധിയൻ സമരങ്ങളിൽ പോലും ഉപയോഗിച്ച് സമരങ്ങളെ നാടുകടത്താൻ തക്ക ശക്തമാക്കാൻ അമിത് ഷാ അടുത്തയിടെ പാസാക്കിയ ഒറ്റയാൾ ഭീകര AMENDMENT വഴി സാധിക്കും. ഗാന്ധിയൻ സമരപ്പന്തലിൽ ഒരു “ഭീകരനെ ” തിരുകിയാൽ മതി.

അടുത്ത ഘട്ടത്തിൽ UAPA കുറച്ചു കൂടി ശക്തമാക്കുന്ന ഭേദഗതികൾ പ്രതീക്ഷിക്കാം. അതിൽ കുറെയേറെ പുസ്തകങ്ങൾ, എഴുത്തുകാർ ഒക്കെ നിരോധിത ലിസ്റ്റിൽ വരാം. അതിൽ മഹാത്മാ ഗാന്ധിയുടെ Civil disobedience, നികുതി അടയ്ക്കാതെയുള്ള സമരം സ്റ്റേറ്റ് നെതിരെയുള്ള നികുതി വെട്ടിക്കൽ ആയി വേണമെങ്കിൽ വ്യാഖ്യാനിക്കാം, ഇങ്ങനെ കുറേ “ദേശ വിരുദ്ധ ആഹ്വാനങ്ങൾ ” കുത്തിനിറച്ച My experiments with Truth ” വേണമെങ്കിൽ നിരോധിക്കാം.

മറ്റു മതങ്ങളുടെ ഗ്രന്ഥങ്ങളിൽ അക്രമത്തിന് ആഹ്വാനം ചെയ്യുന്നു എന്നത് കൊണ്ട് മതപഠനം നിരോധിക്കാം. അവയുടെ പരസ്യ പ്രചരണം നിയമ വിരുദ്ധമാക്കാം. പശുവിനെ വിശുദ്ധ മൃഗവും ദേശീയ ചിഹ്നം എന്നാക്കി അതിനെ കളിയാക്കുന്നത് പോലും ദേശ വിരുദ്ധ പ്രവർത്തിയായി വ്യാഖ്യാനിച് UAPA ചാർത്താം.

ഇതൊക്കെ വെറുതെ അടിച്ചു വിടുന്നു എന്ന് പറയുന്നവർ കേരളത്തിൽ തന്നെ പുറകോട്ട് നോക്കിയാൽ ഇതൊക്കെ നടന്നത് കാണൂ. മൈനയെ പറ്റി ഒരു പൊട്ടക്കവിത എഴുതിയെന്ന് പറഞ്ഞാണ് കമൽ സി ചവറ എന്നയാൾക്കിട്ട് UAPA കൊടുത്തത്.

ചില നിയമങ്ങൾക്ക് അനന്തമായ സാദ്ധ്യതകൾ ഭേദഗതി വഴി കിട്ടും. വളച്ചൊടിച്ചു രാജഭരണം പോലെ ഭരണഘടനയെ തന്നെ അപ്രസക്തമാക്കാം. അത് കൊണ്ട് UAPA ഭരണഘടന ഉറപ്പ് നൽകുന്ന പൗരന്റെ Fundamental Rights ന്റെ ലംഘനമാണ് ലക്ഷ്യം വെയ്ക്കുന്നത്. മുതലാളിത്തം ഫിഫ്ത് ഗിയറിൽ എത്തുമ്പോൾ അതൊക്കെ ഉണ്ടാകും. സമരം പോലും സ്റ്റേറ്റ് നെതിരെയുള്ള യുദ്ധ പ്രഖ്യാപനം ആക്കും.

അത് കൊണ്ട് പറയട്ടെ. UAPA ചിന്തയെ ആണ് ആത്യന്തികമായി തടവിൽ ഇടുന്നത്. ഇങ്ങനെ എനിക്ക് ചിന്തിക്കാൻ അവസരം ഉണ്ടാക്കിയത് എന്തും വായിക്കാവുന്ന സാഹചര്യം ആണ്. അത് ഇല്ലാതെയാക്കിയാൽ അത് തന്നെ ബൗദ്ധിക തടവ് ശിക്ഷ ആണ്.