400 കിലോമീറ്റർ ഉയരമുള്ള ബിൽഡിങ്ങിലെ ഗ്രാവിറ്റി

0
135

Baijuraj

400 കിലോമീറ്റർ ഉയരമുള്ള ബിൽഡിങ്ങിലെ ഗ്രാവിറ്റി..
.
ബഹിരാകാശനിലയത്തിൽ ഗ്രാവിറ്റി അനുഭവപ്പെടില്ല എന്ന് നമുക്കറിയാം. കാരണം അത് ഭൂമിയെ ഓർബിറ്റ് ചെയ്യുന്നതുകാരണമാണ്. ഓർബിറ്റ് ചെയ്യുന്ന വസ്തുക്കൾക്ക് ഭാരവും ഉണ്ടാവില്ല. കാരണം.. അവ ഫ്രീഫാൾ സ്റ്റേറ്റിൽ ആണ്. ലിഫ്റ്റ് പൊട്ടി നമ്മൾ താഴേയ്ക്ക് വീഴുന്ന അവസ്ഥ. വീണുകൊണ്ടിരിക്കുമ്പോൾ നമുക്ക് ഭാരമുണ്ടാവില്ല. ആ അവസ്ഥ തന്നെയാണ് ബഹിരാകാശനിലയത്തിലും. എന്നാൽ.. ബഹിരാകാശനിലയം പോകുന്ന 400 കിലോമീറ്റർ ഉയരമുള്ള ഒരു ബിൽഡിങ്ങിന്റെ മുകളിലത്തെ മുറിയിൽ ആണ് നമ്മൾ ഇപ്പോൾ ഉള്ളത് എന്ന് കരുതുക.

ചോദ്യം – 1) 100 കിലോ ഭാരം ഉള്ള എനിക്ക് അവിടെ എത്ര ഭാരം കാണും ?

ഉത്തരം:
ബഹിരാകാശനിലയത്തിൽ ഭാരം ഇല്ലാത്തതു അത് ഭൂമിയെ ഓർബിറ്റ് ചെയ്യുന്നതുകൊണ്ടാണ്. എന്നാൽ അതെ ഉയരത്തിൽ ഉള്ള കെട്ടിടത്തിന്റെ മുകളിലെ മുറി ഭൂമിയെ ഓർബിറ്റ് ചെയ്യുന്നില്ല. അതിനാൽ അവിടെ വസ്തുക്കൾക്ക് ഭാരം ഉണ്ടായിരിക്കും. എന്നാൽ ഭൂമിയിൽ നിന്ന് 400 കിലോമീറ്റർ ദൂരെ ആയതിനാൽ അൽപ്പം ഗ്രാവിറ്റിയിൽ കുറവുണ്ടാവും. എന്റെ ഭാരം ഭൂമിയിലെ കടൽ നിരപ്പിലുള്ള ഭാരത്തിന്റെ 88 % ഭാരം ആയി കുറയുന്നു എന്ന് മാത്രം. വെറും 12 % ഭാരക്കുറവ് . അതിനാൽ 100 കിലോ g ഭാരം ഉള്ള എനിക്ക് അവിടെ 88 കിലോ g ഭാരം ആ ഉയരത്തിൽ ഉണ്ടായിരിക്കും. ബിൽഡിങ് ഒരിടത്തായി ഇരിക്കുന്നു. എന്നാൽ പേടകം ഓർബിറ്റ് ചെയ്യുന്നു അതാണ് ഭാരവ്യത്യാസത്തിനു കാരണം.

ചോദ്യം – 2) ഒരു മെഴുകുതിരി ആ മുകളിലെ മുറിയിൽ കത്തിച്ചു വച്ചാൽ അതിന്റെ തീനാളം നീണ്ടിരികുമോ അതോ ഉരുണ്ടിരിക്കുമോ ?

ഉത്തരം: 400 കിലോമീറ്റർ ഉയരത്തിലെ ബില്ഡിങ്ങിന്റെ ഉള്ളിൽ മെഴുകുതിരി കത്തിച്ചുവച്ചാൽ തീനാളം മുകളിലേക്ക് നീണ്ടുതന്നെ ഇരിക്കും. എന്നാൽ അതെ ഉയരത്തിലെ ബഹിരാകാശനിലയത്തിൽ മെഴുകുതിരി കത്തിച്ചുവച്ചാൽ തീനാളം ഉരുണ്ടിരിക്കും. കാരണം സംവഹനം ( convection ) അവിടെ ഇല്ലാത്തതാണ് കാരണം. ചൂടുപിടിച്ച വായു മുകളിയ്ക്കും, തണുത്ത വായു താഴേയ്ക്കും നീങ്ങുന്നതിനെ ആണ് സംവഹനം എന്ന് പറയുക. ഇത് എല്ലാ വാതകങ്ങൾക്കും, ദ്രാവകങ്ങൾക്കും ബാധകം ആണ്.

ചോദ്യം – 3) ആ മുകളിലെ മുറിയുടെ വാതിൽ തുറന്നു എനിക്ക് സ്പേസ് വാക്ക് ചെയ്യാൻ സാധിക്കുമോ ?

ഉത്തരം :
ഇല്ല. ആ മുകളിലെ മുറിയുടെ വാതിൽ തുറന്നു സ്പേസ് വാക്ക് ചെയ്യാൻ ശ്രമിച്ചാൽ നേരെ ഭൂമിയിലേക്ക് വീഴും. കാരണം അവിടെ എനിക്ക് 88 % ഭാരം ഉണ്ട്.

* 400 കിലോമീറ്റർ ഉയരത്തിലൂടെ പോവുന്ന ബഹിരാകാശനിലയത്തിലെ കാര്യവും, 400 കിലോമീറ്റർ ഉയരത്തിലെ മുറിയിലെ കാര്യവും തീർത്തും വ്യത്യസ്തമാണ്. കാരണം ബഹിരാകാശനിലയം ഓർബിറ്റ് ചെയ്യുന്നു.എന്നാൽ അത്ര ഉയരമുള്ള ബിൽഡിങ് അവിടെ ഒരിടത്തായി നിൽക്കുന്നു. അതാണ് ഈ വ്യത്യാസത്തിന് കാരണം