‘എന്നോടോ ബാലാ’, എന്ന് മമ്മൂട്ടി ശ്രീനിവാസനോട് ചോദിച്ച പോലെയായിട്ടുണ്ട് കാര്യങ്ങൾ..

1648

‘എന്നോടോ ബാലാ’ , എന്ന് പണ്ട് മമ്മൂട്ടി ശ്രീനിവാസനോട് ചോദിച്ച പോലെയായിട്ടുണ്ട് എന്റെ കാര്യങ്ങൾ… !! കഥാനായകൻ എന്റെ ഒറ്റമോനാണ്. ഇന്നലെ പെറ്റിട്ടതെ ഉള്ളൂ..ഇപ്പൊ ദാ വയസ്സ് 15 ഉം ആയി . അവന്റെ ശൈശവം ,ബാല്യം ഒക്കെ ഭേദായി കഴിഞ്ഞു പോയി ..കൗമാരത്തിന്റെ ആദ്യ പാദവും തരക്കേടില്ലാതെ പിന്നിട്ടു . കുറുമ്പ് അല്പം കൂടിയാലും , പഠനവും , അനുസരണയും ഒക്കെ നിലവാരതകർച്ച നേരിടാതെ പിടിച്ചു നിൽക്കുവായിരുന്നു ഈയടുത്തു വരെ ..പക്ഷെ ഇപ്പോൾ ആരോട് പറയാൻ ആര് കേൾക്കാൻ എന്ന മട്ടായിട്ടുണ്ട്. പേടീം ,ആധീം ഒക്കെ ആയിത്തുടങ്ങീട്ടുണ്ട്…….എന്റെ കാര്യമാണ് പറയുന്നത്…അവനെന്ത് ആധിയും ,വ്യാധിയും ..!!

എന്നാലോ ..’FIF -TEEN ‘കഴിഞ്ഞു എന്ന് പറയുമ്പോൾ ഏതാണ്ട് കല്യാണപ്രായമായി എന്ന ഭാവവുമായി അവനും , ‘കേറിപ്പോടാ കുഞ്ഞേറുക്കാ’ എന്ന പുച്ഛം നമുക്കും . വിഷയഭേദമെന്യേ എന്തിലും ,ഏതിലുമുണ്ട് ഉണ്ട് ഈ തർക്കം . അങ്ങനെ ഉന്തും പിടിയുമായി മുന്നോട്ടും ,പുറകോട്ടും പോയ്കൊണ്ടിരിക്കുമ്പോഴാണ് , ബോർഡ് എക്സാം വന്നുവന്നങ് തലയിൽ കയറിയെന്ന ബോധം എനിക്ക് വരുന്നത് .അവനതു പണ്ടേയില്ലല്ലോ …കഷ്ടി 35 ദിവസം കാണും ഇനി അവസാനവട്ട ഒരുക്കത്തിന് .പക്ഷെ ചെക്കൻ കേറിയങ്ങനെ വിരിഞ്ഞു നിൽക്കുവാണ് . “കാലം ഇനിയും ഉരുളും വിഷു വരും വർഷം വരും …”. അതന്നെ..ഒരു ‘സഫലമീ യാത്ര’ attittude . പാഠപുസ്തകം കൈ കൊണ്ട് തൊടാൻ ഇത്രകണ്ട് ശുഭമുഹൂർത്തം നോക്കുന്ന അവന്റെ യാത്രയുടെ തുടക്കം തന്നെ കൂമ്പടഞ്ഞു പോകുമെന്ന് പറയാൻ ശ്രെമിക്കുന്ന ഞാനും ,യാത്രക്ക് പുറപ്പെട്ടു നിൽക്കുന്ന അവനും തമ്മിലുള്ള നിരന്തര കൊടുക്കൽ -വാങ്ങൽ തന്നെ ദിവസേന..

ഞാനൊന്നിലും ഇടപെടുന്നില്ല എന്ന നിസ്സംഗഭാവത്തിൽ തുടങ്ങി , പയ്യെ പയ്യെയുള്ള എത്തിനോക്കലിലും , ചെറിയേ ഉപദേശങ്ങളിലും , വഴിപ്പെടുന്നില്ലെന്നു കാണുമ്പോളുള്ള ഭീഷണഭാവങ്ങളിലും , പിന്നെയങ്ങോട്ട് മുഴുവനായും രൗദ്രരൂപിയുമായാണ് എന്റെ പരിണാമങ്ങൾ .ഒടുവിൽ എന്താണിത് ശിവനെ..ന്റെ ഒറ്റപുത്രൻ നശിച്ചു പോവൂല്ലോന്നുള്ള ആത്മവിലാപവും ,മോഹഭംഗവും കേട്ടാകും മിക്കവാറും കൊച്ചിന്റെ അച്ഛൻ വീട്ടിലേക്കു കയറി വരുക .”പൂയം കഴിയുകയും ചെയ്തു ,ആയില്യമൊട്ട് ആയതുമില്ല എന്നങ്ങു വിചാരിച്ചാൽ മതി ” ന്നാണ് പുള്ളീടെ ഒരു ലൈൻ . ഏത്..താരുണ്യവസ്ഥ അഥവാ ട്രാന്സിഷൻ ഏജ് ആണത്രേ ..😮എല്ലായിടത്തും ഉണ്ടത്രേ ..😥 പോരെ പൂരം .😣

എന്നാൽ പിന്നെ ഈയാവസ്ഥക്കൊരു മറുമരുന്നും കാണുമല്ലോന്നാശ്വസിച്ചു ,മാടമ്പിള്ളിയിലെ ചിത്തരോഗിയെ അന്വേഷിച്ചു ഞാൻ അല്പം പുറകോട്ടു നടന്നു .കുടുംബത്തൂന്നു തുടങ്ങാം .എല്ലാ മക്കളും ഏറ്റവും അടുത്ത് കണ്ടു പരിചയിച്ചതു സ്വന്തം മാതാപിതാക്കളെ,പ്രത്യേകിച്ച് അമ്മയെ ആയിരിക്കുമല്ലോ.ന്റെ കാര്യവും അങ്ങനെ തന്നെ ..അപ്പൊ വെത്യാസം എന്താച്ചാൽ ഞങ്ങൾ രണ്ടു പെൺകുട്ടികൾ ആയതു കൊണ്ടും ജനറേഷൻ ഒന്ന് പുറകിൽ പോയത് കൊണ്ടും ആ രീതികൾ അഡോപ്ട് ചെയുക അസാദ്ധ്യയി മാറി. എന്നാൽ ഭർത്താവിന്റെ അമ്മയോട് ചോദിക്കാമെന്ന് വെച്ചാലും അന്തരീക്ഷവും , ജനറേഷനും വീണ്ടും വില്ലൻ കളിക്കും എന്ന പിന്നെ കൂട്ടുകാരോട് ചോദിക്കാംന്ന് വെച്ചാൽ കഷ്ടകാലത്തിനു ഏറ്റവും അടുത്ത സുഹൃത്തുക്കൾക്കെല്ലാം പെൺകുട്ടികളാണ് മുതിർന്നവർ. ആങ്കുട്ട്യോളൊക്കെ ഇപ്പോളും പ്രൈമറി വിഭാഗത്തിൽ തന്നെയെന്ന് ചുരുക്കാം..

എങ്കിൽ ഒരു പ്രൊഫെഷണൽ സഹായം തേടാമെന്ന് വെച്ചാൽ അതൊക്കെ ഒരു ചടങ്ങാണ് …മുൻകൂട്ടി അനുവാദമെടുത്തു , സമയം തീരുമാനിച്ചു കഷ്ടി 40 മിനിട്ടു മുതൽ ചിലപ്പോൾ 1 മണിക്കൂർ വരെ നീണ്ടേക്കാവുന്ന പരാതിപരിഹാര & സൊല്യൂഷൻ സെഷൻ. ഉപകാരമില്ലെന്നല്ല കേട്ടോ ..പക്ഷെ വൈകീട്ട് 5 ന് പൊട്ടി പുറപ്പെട്ടു രാത്രി 10 ആകുമ്പോളേക്കും വഷളാകുന്ന ഒരു വിഷയത്തിൽ മേല്പറഞ്ഞ അനുവാദത്തിനും ,കൗൺസിലറുമായുള്ള അഭിമുഖത്തിനുമുപരിയായ് ,സംഭവത്തിൽ ഉൾപ്പെട്ടിരിക്കുന്ന വ്യക്തികളുടെ യുക്തിക്കും , പ്രയോഗികതക്കുമാണ് മേൽക്കൈ .അപ്പൊപ്പിന്നെ റിസേർച്ചല്ലാതെ മറ്റു രക്ഷയൊന്നും കാണുന്നില്ല …കാരണം നമ്മുടെ കുട്ടീടെ പ്രശ്നങ്ങളൊക്കെ നമുക്കല്ലേ കൃത്യായിട്ട് അറിയൂ .(ഓരോ തരം പ്രശ്നക്കാർക്കും ഓരോ തരം സൊല്യൂഷൻ ആണ് ) തന്നെയുമല്ല ഇന്ന് ക്ഷമാപൂർവം പരിഹരിച്ച വിഷയമല്ല നാളത്തേത് . ഇന്നലെ ശ്രെദ്ധയൊടെ കേട്ടും ,തന്ത്രപരമായി കൈകാര്യം ചെയ്തോഴിവാക്കിയതോ ആയ വിഷയമല്ല ഇന്നുയർന്നു വന്നിരിക്കുന്നത് .

ആയതിനാൽ ഒരു പിടിച്ചാൽ കിട്ടാത്ത കൗമാരക്കാരന്റെ ‘അമ്മ എന്ന നിലക്ക് ,സമാന സാഹചര്യത്തെ നേരിടുന്നവരും ,സമാന മാനസികനില കയ്യാളുന്നവരുമായ മറ്റു മാതാപിതാക്കൾക്ക് വേണ്ടി കഴിഞ്ഞ ഒരു ദശാബ്ദം (എന്താല്ലേ..?) കൊണ്ട് ഏതാണ്ടൊക്കെ (എനിക്ക്) മനസ്സിലായതും ,(ഞാൻ ) നടപ്പിൽ വരുത്തിയതുമായ ചില ചേഷ്ടാവിശേഷങ്ങൾ പറഞ്ഞു തരാം .ഒരു ‘ആൺകുട്ടിഅമ്മ’ തീർത്തും ഒഴിവാക്കേണ്ടതും എന്നാൽ മാറ്റിനിർത്താതെ കൂടെ കൂട്ടേണ്ടതുമായ ചിലതുണ്ടിതിൽ . പെൺകുട്ടികളെ അല്പം കൂടി വീട്ടിൽ ഒതുക്കത്തിന് -കുറഞ്ഞ ബഹളത്തിന് കിട്ടുമെന്നാണ് എനിക്ക് അറിയാൻ കഴിഞ്ഞിട്ടുള്ളത് അതുകൊണ്ടാണ് ആൺകുട്ടി അമ്മ എന്ന് എടുത്തു പറഞ്ഞത്

#1-സ്വാനുഭവത്തിൽ നിന്നും പറയുകയാണെങ്കിൽ ,ആദ്യം കൈവരിക്കേണ്ടത് കഴിവിന്റെ പരമാവധി ക്ഷെമിക്കാനും ,പറ്റിയാൽ അല്പസ്വല്പം അഭിനയിക്കാനുമുള്ള സിദ്ധിയാണ് .തികഞ്ഞ മനഃസാന്നിധ്യത്തോട് കൂടി മനസ്സിൽ തികട്ടി വരുന്ന സങ്കടവും , ദേഷ്യവും ഒഴിവാക്കി ,പറ്റിയാൽ പരസ്യചിത്രങ്ങളിലെ അമ്മമാരേ പോലെ ഒരു ‘Altime Happy Mom’ ആയി അഭിനയിക്കണം .100 വട്ടം പറഞ്ഞ ‘അതേ’ കാര്യമാണെങ്കിലും…, ഉദാഹരണത്തിന് കുളി കഴിഞ്ഞു Bathtowel വിരിച്ചിടുക (എവിടെയെങ്കിലും) ,ഉറക്കമുണർന്നാൽ ബെഡ് ഒരുക്കിയിടുക ,പല്ലു തേച്ചു കഴിഞ്ഞാൽ paste അടച്ചു വെക്കുക മുതലായ ദിവസേനയുള്ള ആവലാതികൾ , ഒരു മുഷിപ്പോ , മുഖത്തെ പേശികൾക്കൊരു ചുളിവൊ വരുത്താതെ മന്ദഹാസത്തോടെ ഓർമ്മിപ്പിക്കുക (ശേഷം നമ്മൾ തന്നെ ചെയുക) എന്നിട്ടു ഒന്നും സംഭവിക്കാത്ത പോലെ നമ്മുടെ പണികളിലേക്കു തിരിയുക . എന്താന്ന് വെച്ചാൽ നമ്മൾ React ചെയുന്നത് കണ്ടാണത്രെ ഇവർ പഠിക്കുന്നത് .😱

‘ഇന്നെന്താ ക്ലാസ്സിൽ നീ Distracted ആയിരിക്കുന്നെ..?’ എന്ന് ടീച്ചർ ചോദിച്ചാൽ , “My parents were too annoying” എന്ന് പറയാനും , ഇത് കേട്ട ഉടൻ പരെന്റ്സ്നെ വിളിപ്പിക്കാനും മടിയില്ലാത്തവരാണ് ഇന്നത്തെ School management എന്ന് ഞാൻ ഓർമിപ്പിക്കുകയാണ് . ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാനും കൂടി വേണ്ടി , അവരെ പറഞ്ഞു പറഞ്ഞു ശരിയായ ദിശയിലേക്കെത്തിക്കുന്ന പ്രേരകൻ ആയി കൈയിലുള്ള സകല കഴിവിനെയും തട്ടിയുണർത്തുന്ന ചാലകൻ ആയി , ശ്രദ്ധാലുവായ കേൾവിക്കാരൻ ആയി അങ്ങനെ പലപല മേലങ്കികളുടെ ബലത്തിലും തണലിലും നിന്ന് വേണം ഇവരെ നേരിടാൻ ..

#2- “എങ്ങോട്ടും പോവാൻ സമ്മതിക്കില്ല , ഇഷ്ടമുള്ള ഒന്നും ചെയ്യാൻ അനുവദിക്കില്ല ” എന്ന പതിവ് അലങ്കോലപണികൾ ആരംഭിക്കുന്നതിനു മുൻപായി , ഈ ടീനേജ്പിള്ളേരോട് അവർക്കായി നമ്മൾ ചില boundaries set ചെയ്തിട്ടുണ്ടെന്നും, ആ അതിരുകൾ നിങ്ങളുടെ സുരക്ഷക്കായാണ് അല്ലാതെ സ്വാതന്ത്ര്യത്തെ വിലക്കുന്ന ചങ്ങലകൾ അല്ലെന്നും ആദ്യമേ ഉത്ബോധിപ്പിക്കുക . എങ്കിലും, ‘നീയിന്നു ഇത്രേം കാര്യങ്ങൾ ഒക്കെ ഭംഗിയായി ചെയ്തതല്ലേ അത് കൊണ്ട് നിനക്കിന് ഇത്രടം വരെ സൈക്കിളിനു പോകാം ,അല്ലെങ്കിൽ ഗെയിം കളിക്കാം ,അല്ലെങ്കിൽ sleepover നു വിടാം മുതലായ ചില പരിഗണനകൾ അനുവദിക്കാം .മിക്കവാറും കേസുകളിൽ ഈ പണികൾ വിലപോകും ..ചിലതിൽ ങേഹേ …

#3 – ഭീകരമായ കുരുത്തക്കേടുകളെയും , സ്വാർത്ഥത നിറഞ്ഞ പെരുമാറ്റങ്ങളെയും , നമ്മളെയൊക്കെ പാടെ അവഗണിക്കുന്ന ആ വളർച്ചാപദ്ധതിയെയും ,നെഞ്ചിൽ കല്ലെടുത്തു വെക്കുന്ന ഭാരത്തോടെ തന്നെ അങ്ങോട്ട് കണ്ടില്ലെന്നു നടിക്കുക … ക്ഷെമിക്കുക .. ഇല്ലെങ്കിലെന്താ മുന്നേ പറഞ്ഞില്ലേ ..They /We will Mess Up ..മൂന്നരത്തരം . വീണ്ടുമൊന്നു ഉദാഹരിച്ചാൽ , മുടിയെല്ലാം spike ആക്കി ,എണ്ണ തൊടീക്കാൻ സമ്മതിക്കാതെ കൊണ്ട് നടക്കുന്ന ചെക്കനോട്, എണ്ണയും തലമുടിയും തമ്മിലുള്ള നൂറ്റാണ്ടുകളുടെ ബന്ധമൊക്കെ എത്ര വർണിച്ചിട്ടും കിം ഫലം ..? പകരം വേണമെങ്കിൽ നയതന്ത്രപരമായി നിന്റെ look നെ കിടു ആക്കുന്നത് മുടിയാണെന്ന് അപ്പുറവും ,ഇപ്പുറവും ഒക്കെയുള്ള പരിചയക്കാരെ കൊണ്ട് പറയിപ്പിക്കുക .അല്ലെങ്കിൽ ‘ഇന്ന് മുഖത്ത് ഒരു തിളക്കമൊക്കെയുണ്ടല്ലോ ‘ എന്ന് നിഷ്ക്കളങ്കമായി പറയുകയോ മറ്റോ ആകാം ,അപ്പോൾ അശരീരി പോലെ ‘ഇന്ന് എണ്ണ വെച്ച് കുളിച്ചിട്ടുണ്ട് ‘ എന്ന് ഒരു ശബ്ദം പിന്നണിയിൽ കൊടുക്കുകയും ,’ആഹ് വെറുതെയല്ല ഈ മിനുക്കം’ എന്ന് ഒന്നുകൂടെ ഉറപ്പിക്കുകയോ, ഒക്കെ ഒന്ന് ശ്രെമിച്ചു നോക്കാവുന്നതാണ് .(നമ്മൾ പറഞ്ഞാൽ ഗുണം കിട്ടണമെന്നില്ല -അനുഭവം ). ഒരു പടിയും കൂടി കടന്നു പറഞ്ഞാൽ ഇങ്ങനെ എണ്ണ വെക്കാതെ നടന്നാൽ കോളേജിൽ എത്തുമ്പോളേക്കും മുടിയെല്ലാം പോയ് കഷണ്ടി ആകുമെന്നും , ഫഹദ് ഫാസിലിനല്ലാതെ, കഷണ്ടി ഒരു സൗന്ദര്യമായ് തോന്നിയിട്ടുള്ള ആൺകുട്ടികൾ വേറെയില്ലെന്നും ഒക്കെ പറഞ്ഞാൽ , ആവോ…ചിലപ്പോ ഏറ്റേക്കും..!

#4 – ദുരന്തനായികയായി സ്വയം അവരോധിക്കണോ അതോ ഒരിരുപത് വർഷങ്ങൾക്കു ശേഷമെങ്കിലും ‘അമ്മയാണമ്മേ അമ്മ’ എന്നോ ‘പൊന്നമ്മയല്ല തങ്കമ്മ’യാണെന്നോ ഒക്കെ കേൾക്കണോ..? ഒറ്റവഴിയേ ഉള്ളൂ -പിള്ളേരെ നിങ്ങൾക്ക് ഞാനേ ഉള്ളൂ ഒരു ആശ്രയം എന്ന തോന്നൽ ശക്തമായുണ്ടാക്കി കൊടുക്കുക. എന്തും ഇവിടെ സ്വീകരിക്കപ്പെടും എന്ന തോന്നലാണ് ഉണ്ടാക്കിയെടുക്കേണ്ടത്.
അവരുടെ തമാശകളിൽ പങ്കു ചേരാനും , കുഞ്ഞു കുഞ്ഞു ആശങ്കകളെ അലിയിച്ചു കളയാനും , ഇടക്കൊക്കെ പോക്കറ്റ് മണി അനുവദിച്ചും , ചിലപ്പോൾ കൂടെയിരുന്നു യുട്യൂബ് കണ്ടു ബോറടിച്ചും , കോട്ടവായിട്ടും ഒക്കെ നിങ്ങൾ ‘രസിക്കേണ്ടി’ വരും . എന്നാലെന്താ 20 വർഷം കഴിയുമ്പോൾ നിങ്ങളാരാ ..?

#5 -പ്രോത്സാഹനത്തിന്റെ അക്ഷയപാത്രമാകുക ..എല്ലാ ദിവസവും ഓർമ്മിപ്പിക്കുക ‘നീ ഇന്ന് അത് നടത്തും , നിനക്ക് പറ്റും’ .😌സിനിമഡയലോഗ് പോലെയൊക്കെ തോന്നി ചിരിച്ചു തള്ളാൻ വരട്ടെ , വമ്പൻ കോർപറേറ്റുകൾ വരെ നടത്തുന്ന അഭ്യാസമാണിത് . അപ്പൊ ചോദിക്കാം എന്നാത്തിനാ ഈ പാടുകേടൊക്കെന്ന് ..പണ്ടൊക്കെ ആരെങ്കിലും ഇങ്ങനെയൊക്കെ നമ്മളോട് പറഞ്ഞിട്ടുണ്ടോന്നു .? അങ്ങനെയങ് പറയാൻ വരട്ടെ . മുൻപത്തെ കാലമാണെങ്കിൽ കുടുംബത്തിൽ അമ്മയും, അച്ഛനും ഒന്നോ രണ്ടോ കുഞ്ഞുങ്ങളും മാത്രമായിരുന്നോ ..? അപ്പൂപ്പനും, അമ്മൂമ്മയും ,ചേട്ടന്മാരും , അനിയന്മാരും ,അയലന്ദ്രവും , ബന്ധുജനങ്ങളുമൊക്കെയായി നിറഞ്ഞുകവിഞ്ഞു കിടക്കുകയല്ലായിരുന്നോ .! കണ്ണേറ് മുതലിങ്ങോട്ടുള്ള ഏതു പാടുകേടിനും ഒരു ഗൃഹവൈദ്യം നിശ്ചയം ആയിരുന്നു . ഇന്നെന്താ സ്ഥിതി..! ഈ ലോകം മുഴുവനും അങ്ങ് ചുരുങ്ങി ചുരുങ്ങി , അവനവന്റെ അതിരിനുള്ളിൽ രണ്ടാമതൊരാളെ കണ്ടാൽ കുരക്കലും , അക്രമാസക്തനാകുകയും ആണ് മനുഷ്യർ. വരമ്പും , ഞരമ്പും ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്ത നിങ്ങളുടെ കുട്ടിയെ പറ്റി നിരാശപ്പെടുത്തുന്ന അഭിപ്രായങ്ങളും , മാറ്റു കുറക്കുന്ന അവതരണങ്ങളുമാകും മിക്കവാറും കേൾക്കാൻ സാധിക്കുക .അത്കൊണ്ട് അവനിൽ വിശ്വസിക്കുക .അവന്റെ ഉന്മേഷത്തിന്റെ അളവ് കുറഞ്ഞു പോകാതെ ഒരു Cheer Leader പോലെ കാക്കുക. അത്രേം മതി .

#6 – ഇനിയൊന്നങ്ങോട്ടു ചുരുക്കി പറയുവാ ..കുട്ടികളുമായി എന്നും സംസാരിക്കാൻ ശ്രെമിക്കുക ..ഏത് ..? വെറുതെയങ്ങു സംസാരിച്ചാൽ പോരാ .. എഫക്റ്റീവ് കമ്മ്യൂണിക്കേഷൻ അഥവാ ഫലപ്രദമായ സംഭാഷണങ്ങൾ -ആകാൻ ശ്രെമിക്കണം . സാധാരണ സംഭാഷങ്ങൾ തന്നെ തീർച്ചയായും ശ്രമകരമാണ് എന്ന് അനുഭവിച്ചിട്ടുള്ളവർക്കു മനസ്സിലാകും .കാരണം മിക്കവാറും അവർക്കൊന്നും നമ്മളോട് പറയാൻ കാണില്ല ..അല്ലെങ്കിൽ നമ്മളെ കണ്ട ഉടൻ പേരിനു രണ്ടു വർത്തമാനവും പറഞ്ഞു പുസ്തകവും അടച്ചു വേറെ പല കാര്യങ്ങൾക്കായി നൈസായി മുറി വിട്ടുപോയ്ക്കളയും . രണ്ടായാലും ശ്രെമം നിർത്തണ്ട . മുട്ടുവിൻ തുറക്കപ്പെടും എന്നാണല്ലോ .

#7- കുട്ടികളും , മാതാപിതാക്കളും തമ്മിലുള്ള വൈകാരികമായ ബന്ധം കൂടുതൽ ശക്തിപ്പെടുത്തേണ്ടത് ഈ കാലഘട്ടത്തിലാണെന്നു മുന്നേ പറഞ്ഞല്ലോ .അത് കൊണ്ട് തീരെ മടിക്കേണ്ടാ.. ദിവസേന ഒരു ‘കരുതലാലിംഗനം’ ആകാം. കൂട്ടത്തിൽ ഒരു മോഡൽ അഥവാ ‘മാതൃക’ ആകാനും ശ്രെമിക്കാം .എല്ലാകാര്യത്തിലും പറ്റിയില്ലെങ്കിലും , അച്ഛനെ കണ്ടു പഠിക്കെടാ എന്നോ അമ്മയെ കണ്ടു പഠിക്കെടാ എന്നോ പറയാൻ പാകത്തിന് രണ്ടു-മൂന്നു നല്ല ശീലമെങ്കിലും പൊടിതട്ടി കാണാൻ പാകത്തിന് പ്രതിഷ്ഠിക്കാൻ ശ്രെമിക്കാവുന്നതാണ് . ‘മുല്ലപ്പൂവിന്റെ ഗുണത്താലെ വാഴനാരിനും മോക്ഷം’ എന്ന് വിവരമുള്ളവരോ പറഞ്ഞു വെച്ചിട്ടുണ്ട് .

അതുപോലെ മിക്കവാറും വ്യക്തി സ്വാതന്ത്ര്യത്തിന്റെ അതിരിന്മേലാകും കൈയാങ്കളികൾ കൂടുതലും. ഉത്തരവാദിത്വത്തോട് കൂടിയുള്ള സ്വാതന്ത്ര്യത്തിനാണ് കൂടുതൽ മധുരം എന്നീ കുട്ടികളോട് ആരെങ്കിലും ഒന്ന് പറഞ്ഞുകൊടുക്കാമോ.. എന്ന് പറഞ്ഞൊഴിയാതെ നിന്റെ ‘കടമ’യും -Duty -‘അവകാശ’വും-Right- നിനക്ക് ലഭിക്കുന്ന ‘പ്രത്യേക ആനുകൂല്യ’വും -Privilege തമ്മിൽ അന്തരമുണ്ടെന്ന് എത്ര കഷ്ടപ്പെട്ടും പറഞ്ഞു കൊടുക്കേണ്ടിയിരിക്കുന്നു.

ലളിതമായ് പറഞ്ഞാൽ സ്വാതന്ത്ര്യത്തെ, ഒരു കാർ ആയി സങ്കൽപ്പിക്കുക , ഉത്തരവാദിത്വം അതിന്റെ സ്റ്റിയറിംഗ് വീൽ ആണെന്നും അങ്ങട് ധരിച്ചോള്ളൂ…സ്റ്റിയറിംഗ് വീൽ ഇല്ലാതെ കാർ ഓടിക്കാംല്ലേ ..പക്ഷെ അങ്ങനെയങ് ഓടിച്ചാൽ ഉണ്ടാകുന്ന അപകടത്തെ പറ്റി പ്രത്യേകം പറയണോ.. .? അതുപോലെ സ്റ്റിയറിംഗ് വീൽ ഇല്ലാത്ത കാർ കൊണ്ട് എന്ത് ഗുണം എന്ന് കൂടി ഉറക്കെയും, കൂടെക്കൂടെയും ആലോചിക്കേണ്ടി വരും ..!

ഓരോ അഞ്ചു വർഷത്തിലും തലമുറകളുടെ അന്തരം കൂടി വരുന്നുവെന്നാണ് പുതിയ റിപോർട്ടുകൾ സൂചിപ്പിക്കുന്നത് . ഇന്ന് ഇരുപതുകളിൽ എത്തി നിൽക്കുന്ന മക്കളുടെ അമ്മമാർക്കൊരുപക്ഷേ അല്പം വ്യത്യാസമുള്ള കഥകളാകും പറയാനുണ്ടാവുക .ഇനിയൊരു അഞ്ചു വർഷത്തിന് ശേഷവും അങ്ങനെത്തന്നെയാകാം . ഇന്നത്തെ ലോകത്തിന്റെ വേഗത കാണുമ്പോൾ അഞ്ചു വർഷം എന്നത് രണ്ട് വർഷത്തിലേക്കു ചുരുങ്ങിയോ എന്ന് വരെ സംശയാണ്. പക്ഷെ അടിസ്ഥാനമുറച്ചാലേ ആരൂഢമുറക്കൂ എന്നത് വെറുമൊരു ചൊല്ലല്ല എന്നറിയാവുന്നിടത്തോളം കാലം ‘അരക്കാശിനു കുതിരയും വേണം അക്കരെയത് ചാടുകയും വേണം’ എന്ന പിടിവാശി കളഞ്ഞു നമുക്ക് ,സമയമെടുത്ത് , ക്ഷമാപൂർവം ,ശുദ്ധമായ സ്നേഹത്തോടെ നമ്മുടെ കുഞ്ഞുങ്ങൾക്ക് ‘പാത്രമറിഞ്ഞു ഭക്ഷണം വിളമ്പാം ‘.

NB :-ഈ കഥയെല്ലാം പറഞ്ഞിട്ടും കഴിഞ്ഞയാഴ്ച ഇവിടെ സംഭവിച്ചത് അഥവാ ഈ കുറിപ്പിന് ആധാരമായ ഒരു രേഖാചിത്രം നിങ്ങളുടെയൊക്കെ അവലോകനത്തിനായ് സമർപ്പിക്കുന്നു . കൂട്ടത്തിൽ കഥാനായകന്റെ ഒന്നാംവയസ്സിലെ ഒരു രേഖാചിത്രവും ചേർക്കുന്നു.