കൊറോണക്കാലത്തെ സിനിമകൾ

233

കൊറോണക്കാലത്ത് പഴയ ക്ലാസ്സിക് സിനിമകൾ വീണ്ടും കാണുകയാണ്. അവയെ സമകാലീന രാഷ്ടീയ സാമൂഹ്യാവസ്ഥയിൽ വിലയിരുത്തുകയാണ്.

അമ്മ അറിയാൻ

ജോൺ എബ്രഹാം

മലയാളിയുടെ ധിഷണക്ക് എത്തിപ്പിടിക്കാൻ പറ്റാത്ത ഉയരത്തിൽ നിൽക്കുന്ന അസാധാരണ ചലച്ചിത്രകാരനാണ് ജോൺ എബ്രഹാം.  ശരാശരി മലയാളിയുടെ സിനിമാസങ്കല്പങ്ങൾക്ക് മുറിവേല്പിക്കുന്ന ചലച്ചിത്രശീലങ്ങളുടെ അവതാരകനാണ് അദ്ദേഹം. അതു കൊണ്ട് തന്നെ മധ്യവർഗമലയാളിയുടെ ചലച്ചിത്രബോധത്തെ ഒരിക്കലും ശല്യപ്പെടുത്താത്ത സംവിധായകനും കൂടിയാണ് ജോൺ എബ്രഹാം എന്ന മഹാപ്രതിഭ.

1971ൽ വിദ്യാർഥികളെ ഇതിലെ ഇതിലെ എന്ന ഒരു സാധാരണ സിനിമയുമായി മലയാളസിനിമാരംഗത്ത് കാലെടുത്ത് വെച്ച ഈ ഋതിക് ഘട്ടക്കിന്റെ അരുമ ശിഷ്യനും മണി കൌളിന്റെ ആൽമാർഥ സുഹൃത്തുമായ പ്രക്ഷോഭകാരിയാണ് ലോകത്ത് തന്നെ ആദ്യമായി ജനകീയ കൂട്ടായ്മയിലൂടെ ഒരു സിനിമ പുറത്തിറക്കിയത്. മലയാള സിനിമയുടെ ചരിത്രത്തെ തന്നെ മാറ്റി മറിച്ച “അമ്മ അറിയാൻ” എന്ന ചിത്രവിസ്മയം അങ്ങിനെ ഒരു പ്രസ്ഥാനമായി മാറി. വടകരയിൽ ഒഡേസ സത്യന്റെ നേതൃത്വത്തിൽ രൂപം കൊണ്ട ഒഡേസ മൂവീസ് ആണ് സിനിമയുടെ നിർമാതാവ്‌. സാധാരണക്കാരിൽ നിന്നും 100 രൂപ വീതം പിരിവെടുത്താണ് ഒഡേസ ചിത്രം പൂർത്തിയാക്കിയത്.

വിപ്ലവത്തിന്റെ തീക്ഷ്ണയൌവനങ്ങൾ കൊടികുത്തിവാണിരുന്ന ഒരു കാലത്താണ് സിനിമ സംഭവിക്കുന്നത്. രാഷ്ട്രീയ പരിസരം നക്സൽ വസന്തങ്ങളുടെ ഗർഭം പേറി നിന്ന 1960 കളിലെ കാമ്പസ്സിൽ നിന്നും തെരുവുകളിലേക്ക് പെയ്തിറങ്ങിയ യുവാക്കളിൽ ഒരാൾ ആൽമഹത്യ ചെയ്യുന്നിടത്ത് നിന്ന് സിനിമ ആരംഭിക്കുന്നു.

ആൽമഹത്യ ചെയ്ത ഹരി എന്ന ചെറുപ്പാക്കാരനായ തബലിസ്റ്റിന്റെ സുഹൃത്ത്, പുരുഷൻ, ഡെൽഹിയിലേക്കുള്ള യാത്രക്ക് തന്റെ കാമുകി പാറുവിനെ ഒപ്പം കൂട്ടാൻ വയനാടിലേക്ക് തിരിച്ചപ്പോഴാണ് ഹരിയുടെ മൃതദേഹം കാണുന്നതും യാത്ര മതിയാക്കി പാറുവിനെ വിട്ട് ഹരി ആരാണ് എന്ന് കണ്ടെത്തി അയാളുടെ അമ്മയെ വിവരമറിയിക്കാൻ പുറപ്പെടുന്നതും. ഈ ദീർഘമായ യാത്രയിൽ ഹരിയെ നേരിട്ടും അല്ലാതെയും അറിയുന്ന കേരളത്തിലങ്ങോളമിങ്ങോളമുള്ള ചെറുപ്പക്കാർ പുരുഷനോടൊപ്പം ചേരുന്നു. പുരുഷന്റെ യാത്ര വെറും ഒരു യാത്രയായിരുന്നില്ല. കേരളത്തിന്റെ രാഷ്ട്രീയവും സാംസ്കാരികവുമായ ചരിത്രത്തിലൂടെയുള്ള ഒരു പഠനയാത്രയാണ് ശരിയായിപ്പറഞ്ഞാൽ സിനിമ നിർവഹിക്കുന്നത്. ഉപരിവർഗചരിത്ര നിർമ്മിതിയിൽ ഇടം പിടിക്കാതെ പോയ ഒരു പാട് ജനകീയ സമരങ്ങളുടെ ജയപരാജയങ്ങളുടെ മാർക്സിസ്റ്റ് അവലോകനമാണ് സിനിമ നിർവഹിക്കുന്നത്.

യുവാക്കളുടെ ഈ പടയണിയുടെ പിന്നാമ്പുറത്ത് കദനവുമായി കാവൽ കിടക്കുന്ന ഒരു പാട് അമ്മമാരുമുണ്ട്. കഥയുടെ പിന്നാമ്പുറത്ത് എല്ലാ വേദനകളും സഹിച്ച് കൊണ്ട് തങ്ങളുടെ മക്കളുടെ, അവരുടെ ആശയങ്ങളുടെ കാവലാളായി അവർ നിശ്ശബ്ദം നിലകൊണ്ടു. ബാലേട്ടന്റെ അമ്മ, സത്യജിത്തിന്റെ അമ്മ,പാറുവിന്റെ അമ്മ,  സത്യന്റെ അമ്മ, തോമസിന്റെ അമ്മ, പാറുവിന്റെ അമ്മ, വാസ്വേട്ടന്റെ അമ്മ,രാജപ്പന്റെ അമ്മ, നസീമിന്റെ ഉമ്മ  ഒടുവിൽ ഹരിയുടെ അമ്മയും അങ്ങിനെ. ഇവരൊക്കെ അമ്മമാരാണ്. അവരുടെ ജീവന്റെയും കണ്ണീരിന്റെയും കനലിൽ പൂത്തവരാണ് ഇതിലെ ഓരോ ചെറുപ്പക്കാരും. അതു കൊണ്ടാണ് സിനിമയുടെ പേരു തന്നെ “അമ്മ അറിയാൻ” എന്നാക്കിയത്. ഈ അമ്മ ഹരിയുടെ അമ്മയല്ല. ബാലേട്ടന്റെയോ സത്യജിത്തിന്റെയോ അമ്മയല്ല കേരളത്തിലെ ഓരോ ചെറുപ്പക്കാരന്റെയും അമ്മയാണ്. വിപ്ലവത്തിന് ജീവൻ ബലിയർപ്പിച്ച ഓരോ ചെറുപ്പക്കാരന്റെയും അമ്മ. അവരുടെയൊക്കെ കണ്ണീരിലേക്കാണ് ജോൺ എബ്രഹാം തന്റെ ക്യാമെറ നീട്ടുന്നത്. അതോടൊപ്പം കേരളത്തിലെ വലുതും ചെറുതുമായ നിരവധി പോരാട്ടങ്ങൾക്ക് രക്തം നൽകിയ മനുഷ്യരുടെ ചരിത്രത്തിലേക്ക് കൂടിയാണ് സിനിമ വെളിച്ചം പരത്തുന്നത്. “ഒരു ദിവസം ഏ റ്റവും ദരിദ്രരായ ജനങ്ങളാൽ എന്റെ നാട്ടിലെ ബുദ്ധിജീവികൾ ചോദ്യം ചെയ്യപ്പെടും” എന്ന് ആ ചരിത്രം നമ്മോട് എപ്പോഴും ഓർമ്മിപ്പിച്ച് കൊണ്ടേയിരിക്കുന്നുണ്ട്.

വ്യവസ്ഥാപിത സമരങ്ങളെ പലപ്പോഴും ജോൺ ചോദ്യം ചെയ്യുന്നുണ്ട്. പുരുഷൻ ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങുമ്പോൾ കേൽക്കുന്ന നവജാത ശിശുവിന്റെ കരച്ചിലും സമരം ചെയ്യുന്ന മെഡിക്കൽ വിദ്യാർഥികളുടെ സമരത്തിന്റെ പോസ്റ്ററുകൾ പശു തിന്നുന്നതുമടക്കം നിരവധി ദൃശ്യങ്ങൾ വ്യവസ്ഥാപിത സമരങ്ങളെ വിമർശനവിധേയമാക്കുന്നതാണ്. അതോടൊപ്പം “ആളുകൾ എന്തിനാണ് മരിക്കുന്നത്’ എന്ന നിഷ്കളങ്കമായ ചോദ്യം ഉന്നയിക്കുന്ന കുട്ടി അത് അച്ഛനോടല്ല സമൂഹത്തോടാണ് ചോദിക്കുന്നത്.

1967 ഓട് കൂടി തുടങ്ങിയ നക്സൽബാരി പ്രസ്ഥാനം പരാജയപ്പെട്ടുവെങ്കിലും അത് ഇന്ത്യൻ സാംസ്കാരിക രംഗത്തിനു നൽകിയ സംഭാവന ചെറുത്തൊന്നുമല്ല. സിനിമ, നോവൽ, സംഗീതം തുടങ്ങി കലയുടെ സമസ്തമേഖലെയും അത് അതിന്റെ മാന്ത്രിക സ്പർശം കൊണ്ട് ധന്യമാക്കിയിട്ടുണ്ട്. മലയാളത്തിൽ തന്നെ കബനീ നദി ചുവന്നപ്പോൾ, ഉത്തരായനം തുടങ്ങി സിനിമകളും, നാട് ഗദ്ദിക തുടങ്ങിയ നാടകങ്ങളും ഒക്കെ നക്സൽ പ്രസ്ഥാനത്തിൽ നിന്നും ഊർജം ഉൾക്കൊണ്ടവയാണ്. ആ ജനുസ്സിലുള്ള മറ്റൊരു ക്ലാസ്സിക്കാണ് ‘അമ്മ അറിയാൻ”

ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഏറ്റവും മികച്ച പത്ത് ഇന്ത്യൻ സിനിമകളിൽ ഒന്നാണ് ഈ സിനിമ. സമാനതകളില്ലാത്ത ഈ ചിത്രം മലയാള സിനിമയിലെ ഏറ്റവും മികച്ച സിനിമകളിലൊന്നാണ്.

റാഷമോൺ

അകിര കുറസോവ

ചില സിനിമകൾ ചരിത്രത്തോടൊപ്പം നടക്കുന്നവയാണ്. അവയുടെ ഉള്ളടക്കം ഒരു പ്രത്യേക കാലത്തിലേക്ക് ചുരുങ്ങുന്നവയല്ല. അവ മനുഷ്യനും അധികാരവുമുള്ള കാലത്തോളം നില നിൽക്കുന്നതും എക്കാലത്തും സാംഗത്യമുള്ളതും ആയിരിക്കും. ചാപ്ലിൻറെ “ ദ ഗ്രെയിറ്റ് ഡിക്റ്റേറ്റർ”,  ഡിസീക്കയുടെ “ബൈസിക്കിൾ തീവ്സ്”,  ബെർഗ്മാന്റെ “സൈലൻസ്” ഒക്കെ അത്തരം ക്ലാസ്സിക്കുകളാണ്. അത്തരം ഒരു ക്ലാസ്സിക്കാണ് കുറസോവയുടെ “റാഷമോൺ”. ഇവയൊക്കെ കൈകാര്യം ചെയ്യുന്നത് കഥയല്ല, കാലത്തെയാണ്.

സത്യത്തിന്റെയും നീതിയുടെയും പൊരുളാണ് കുറസോവ ചിത്രത്തിലൂടെ അന്വേഷിക്കുന്നത്. സത്യവും നീതിയും ഓരോ മനുഷ്യരുടെയും ജീവിതവുമായി ബന്ധപ്പെട്ടതാണെന്നും ആത്യന്തികമായി ഒരു സത്യവും നിലനിൽക്കുന്നില്ല എന്നുമാണ് ചിത്രത്തിലൂടെ കുറസോവ പറഞ്ഞു വെക്കുന്നത്.  അവ ഓരോ മനുഷ്യരിലും ഉണ്ടാക്കുന്നത് വ്യത്യസ്തമായ അനുഭവമായിരിക്കും.

റാഷമോൺ നഗരത്തിന്റെ ചത്വരത്തിൽ ഒരു പുരോഹിതനും ഒരു മരംവെട്ടുകാരനും മഴയുള്ള ഒരു നാൾ ഭീകരമായ ഒരു കൊലപാതകത്തിന്റെ നടുക്കത്തിൽ ഇരിക്കവെ ഒരു വഴിപോക്കൻ അതു വഴി വരുന്നിടത്ത് നിന്നാണ് കഥ തുടങ്ങുന്നത്. വഴിപോക്കനോട് നടന്ന സംഭവങ്ങൾ പുരോഹിതനും വിവരിക്കുന്നു. പക്ഷെ ഓരോ ആളും പറയുന്നത് വ്യത്യസ്തമായ കഥയാണ്. ഈ വ്യത്യസ്തമായ കഥയിലൂടെ ലോകത്തിന്റെ മനസ്സാക്ഷിയെ പോസ്റ്റ്മാർട്ടം ചെയ്യുകയാണ് കുറസോവ.

വ്യത്യസ്തജീവിതാനുഭവങ്ങളുള്ള, വ്യത്യസ്തചിന്തകളുള്ള മനുഷ്യർ ആത്യന്തികമായ സത്യത്തെ എങ്ങിനെ വിശദീകരിക്കുന്നു എന്നാണ് കുറസോവ പറയുന്നത്.

ഒരേ മനുഷ്യൻ തന്നെ ഒരേ സംഭവത്തെ രണ്ട് സന്ദർഭങ്ങളിൽ രണ്ട് രീതിയിൽ കാണുന്നു എന്നതും മനുഷ്യൻ സത്യത്തെ എങ്ങിനെ വിശദീകരിക്കുന്നു എന്നതിന്റെ ദൃഷ്ടാന്തമാണ്.

മരം വെട്ടുകാരനും കള്ളനും ഇരയായ സ്ത്രീയും കൊല്ലപ്പെട്ട ഭർത്താവും ഒക്കെ ഒരേ സംഭവം തന്നെയാണ് വിശദീകരിക്കുന്നത്, പക്ഷെ അവ തമ്മിൽ സാമ്യം ഒട്ടുമില്ല അഥവാ അവ ഒരേ സംഭവത്തിന്റെ വിവിധ ഭാവങ്ങൾ മാത്രമാണ്.

പലപ്പോഴും കള്ളനാണ് യഥാർഥത്തിൽ യഥാർഥമനുഷ്യൻ എന്ന് കുറസോവ ചൂണ്ടിക്കാണിക്കുന്നുണ്ട്. സ്ത്രീകൾ പൊതുവെ ദുർബലരാണ് എന്നും അവരെ സംരക്ഷിക്കേണ്ടതുണ്ട് എന്നും കള്ളനു ബോധ്യമുണ്ട്. പക്ഷെ രണ്ട് പുരുഷന്മാർ തന്നെ കളങ്കപ്പെടുത്തിയത് കൊണ്ട് അവരിൽ ഒരാളേ ജീവിച്ചിരിക്കാവൂ എന്ന് സ്ത്രീ നിഷ്കർഷിക്കുന്നത് കൊണ്ടാണ് അയാൾക്ക് ഭർത്താവിനെ കൊല്ലേണ്ടിവന്നത് എന്ന് കള്ളൻ സൂചിപ്പിക്കുന്നുണ്ട്.

കള്ളൻ അസാമാന്യ മാന്യത പുലർത്തുന്നുണ്ട്. എതിരാളി ശക്തനായത് കൊണ്ട് അയാൾ ബഹുമാനം അർഹിക്കുന്നു എന്നു അയാൾ സൂചിപ്പിക്കുന്നുണ്ട്.

പുരുഷന്റെ ജൈവപരമായ ബലഹീനത കുറസോവ ചൂണ്ടിക്കാട്ടുന്നുണ്ട്. പുരുഷന്മാർ ബലഹീനരാണ് അതു കൊണ്ടാണ് അവർ കള്ളം പറയുന്നത് എന്ന് മരം വെട്ടുകാരനെ ഉദ്ദേശിച്ച് പുരോഹിതൻ പറയുന്നത് മൊത്തം പുരുഷന്മാരെ ഉദ്ദേശിച്ച് തന്നെ.

സമകാലീന ലോകത്തിന്റെ പ്രധാന പ്രശ്നം മനുഷ്യർ തമ്മിലുള്ള പരസ്പരവിശ്വസം നഷ്ടപ്പെട്ടതാണ് എന്നും കുറസോവ പറയുന്നുണ്ട് സിനിമയിൽ.

ഒരു പ്രത്യേക കാലത്തിന്റേതല്ല മനുഷ്യൻ ജീവിക്കുന്ന എല്ലാ കാലത്തേയും കുറിച്ചാണ് കുറസോവ പറയുന്നത്. അത് കൊണ്ട് തന്നെ റാഷമോൺ എല്ലാകാലത്തും പ്രസക്തമായ സിനിമയാണ്.

27 ഡൌൺ

അവതാർ കൃഷ്ണ കൌൾ

അവതാർ കൃഷ്ണ കൌളിനെ പുതുതലമുറക്ക് പരിചയമുണ്ടാകണമെന്നില്ല. ഒറ്റ സിനിമ നിർമ്മിക്കുകയും ആ ഒറ്റ സിനിമയിലൂടെ ഇന്ത്യൻ സിനിമയിൽ മാത്രമല്ല ലോക സിനിമയിൽ തന്നെ സ്വന്തം ഇരിപ്പിടം ഉറപ്പിക്കുകയും ചെയ്ത കൌളിനെ തന്റെ സിനിമക്ക് ദേശീയ അവാർഡ് ലഭിച്ച് ഏതാനും ദിവങ്ങൾക്കുള്ളിൽ ബോംബെയിൽ കടലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അദ്ദേഹം കടലിൽ ചാടി ആൽമഹത്യ ചെയ്യുകയായിരുന്നു എന്ന് അക്കാലത്ത് ശ്രുതിയുണ്ടായിരുന്നു. 1972 ൽ പുറത്തിറങ്ങിയ “27 ഡൌൺ“അന്നും ഇന്നും ലോകസിനിമയിലെ ക്ലാസ്സിക്കുകളിലൊന്നായി നിലകൊള്ളുന്നു.  രമേഷ് ബക്ഷിയുടെ “അതാരാ സൂരജ് കെ പൌധെ” എന്ന നോവലിനെ ഉപജീവിച്ച് കൌൾ തന്നെ തിരക്കഥയെഴുതി നിർമ്മിച്ചതായിരുന്നു 27 ഡൌൺ.

ബോംബെക്കും വാരാണസിക്കും ഇടയിൽ ഓടിയിരുന്ന ഒരു തീവണ്ടിയുടെ പേരായിരുന്നു 27 ഡൌൺ. ഈ വണ്ടിയിൽ ടിടിഇ ആയിരുന്ന സഞ്ജയ് എന്ന ചെരുപ്പക്കാരന്റെ ആൽമഗതത്തിൽ നിന്നാണ് സിനിമ തുടങ്ങുന്നത്. പിന്നീട് അയാളുടെ ഓർമ്മകളിലൂടെ കഥ മുന്നേറുന്നു.

ജീവിതത്തിൽ ഒട്ടുമിക്ക സമയവും തീവണ്ടിയിൽ ചിലവഴിച്ച സഞ്ജയ് ജനിച്ചത് പോലും തീവണ്ടിയിലാണ്.

ജീവിതത്തിലെ നഷ്ടങ്ങളെക്കുറിച്ചാണ് സഞ്ജയിന്റെ ഓർമകൾ മുഴുവൻ. കടും പിടുത്തക്കാരനായ അച്ഛന്റെയും സ്നേഹമയിയായ അമ്മയുടെയും ഇടയിൽ ഞെരിഞ്ഞമർന്ന് പോയ സ്വന്തം ജീവിതത്തെ ഒടുവിൽ നിലക്കാത്ത തീവണ്ടി യാത്രകളിൽ നഷ്ടപ്പെടുത്തിയ സഞ്ജയിന് തന്റെ ഇഷ്ടപ്രണയത്തെ പോലും തിരസ്കരിക്കേണ്ടി വന്നു. കലാകാരനാവുക എന്ന തന്റെ സ്വപ്നം അയാൾക്ക് നഷ്ടപ്പെടുത്തിയ അച്ഛനെ പക്ഷെ അയാൾക്ക് വെറുക്കാനാവുമായിരുന്നില്ല. സ്വന്തമായി ഒരു തീരുമാനമെടുക്കാൻ ശേഷിയില്ലാത്ത എല്ലാ ചെറുപ്പക്കാരനെയും പോലെ സഞ്ജയിന്റെ ജീവിതവും എങ്ങുമെത്താത യാത്രകളിൽ കുരുങ്ങി മരിച്ചു. സ്റ്റേഷനുകളിൽ നിന്നു സ്റ്റേഷനുകളിലേക്ക് അയാളുടെ ജീവിതം തളച്ചിടപ്പെട്ടു. പാലങ്ങളും പുഴകളും ഇടയിൽ കടന്ന് പോകുന്ന സ്റ്റേഷനുകളും കയറ്റങ്ങളും ഇറക്കങ്ങളും അയാൾക്ക് എങ്ങുമെത്താത്ത ഇടവേളകളായി. വാരാണസിയിലെ വേശ്യയുടെ മുറിയിൽ നിന്നും ദുസ്വപ്നം കണ്ട് ഭയന്ന അയാൾ ഒടുവിൽ സ്വന്തം ഭാര്യയുടെ അടുത്ത് തിരിച്ചെത്തിയെങ്കിലും അവളുടെ ജീവിതത്തെ പറ്റിയുള്ള കാഴ്ചപ്പാടുകൾ അയാളെ ഭയപ്പെടുത്തി.

എം കെ റെയിനയുടെയും രാഖിയുടെയും സമാനതകളില്ലാത്ത അഭിനയം കൊണ്ട് തിളങ്ങിയ സിനിമയെ തന്റെ സംഗീത സാന്ദ്രമായ ഭംസുരി കൊണ്ട് ചൌരാസ്യയും, വയലിൻ കൊണ്ട് ബുബനേശ്വർ മിശ്രയും അനശ്വരമാക്കി. കുണുങ്ങിയൊഴുകുന്ന ഒരു പുഴ പോലെ ശാന്തമായി ഒഴുകിയ സിനിമയെ ഇവരുടെ സംഗീതം കുറച്ചൊന്നുമല്ല സഹായിച്ചത്. യഥാർഥത്തിൽ ഇത് ഒരു സംഗീത കവിതയാണ്. അരവിന്ദന്റെ പോക്കുവെയിൽ മാത്രമാണ് ഇതിനെ വെല്ലുന്ന മറ്റൊരു സംഗീത അർച്ചനയായി പിന്നീട് കണ്ടിട്ടുള്ളൂ.

ഒറ്റ സിനിമ. അത് അവതാർ കൃഷ്ണ കൌൾ സ്വന്തം ഹൃദയത്തിൽ നിന്നും പറിച്ചെടുത്താണ് നമുക്ക് തന്നത്. അത് കൊണ്ട് തന്നെയാവും മറ്റൊരു സിനിമ നിർമിക്കാൻ അദ്ദേഹം ഇല്ലാതെ പോയത്. പ്രണയ സിനിമകൾ നിരവധി കണ്ടെങ്കിലും പ്രണയത്തെ ആർദ്രമായ ഒരു അനുഭൂതിയാക്കി മാറ്റിയ മറ്റൊരു സിനിമ ഇതിന് മുൻപും ശേഷവും കണ്ടിട്ടില്ല

ബൈസിക്കിൾ തീവ്സ്

വിട്ടോരിയൊ ഡിസീക്ക

വിട്ടോരിയൊ ഡി സീക്കയുടെ ഈ ചലച്ചിത്രം സിനിമാചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച ക്ലാസിക്കായാണ് സിനിമാപ്രേമികൾ വിലയിരുത്തുന്നത്.  ലുയിഗി ബർറ്റോണിയുടെ നോവലിനെ ഉപജീവിച്ച് സൃഷ്ടിച്ച ഈ ക്ലാസ്സിക് സിനിമ രണ്ടാം ലോകമഹായുദ്ധാനന്തര ഇറ്റലിയുടെ ജനജീവിതത്തിന്റെ പരിഛേദമാണ് മുന്നോട്ട് വെക്കുന്നത്. അത് പക്ഷെ ലോകത്തിന്റെ തന്നെ  പരിഛേദമായി മാറുകയും  ചെയ്തു. (കോവിഡാനന്തരം ലോകം നേരിടാൻ പോകുന്ന സാമ്പത്തിക സാഹചര്യം ചിലപ്പോൾ ഇതാവും).

രണ്ടാം ലോക മഹായുദ്ധാനന്തരം ലോകം നേരിട്ട അതിഭീകരമായ സാമ്പത്തിക കുഴപ്പത്തിന്റെയും തൊഴിലില്ലായ്മയുടെയും ക്ഷാമത്തിന്റെയും ഒക്കെ നേർ ചിത്രം കാണിച്ച് തരുന്ന ചിത്രം സമ്പന്നരുടെ സുഖജീവിതത്തിന്റെ ചിത്രവും കൂടി നമുക്ക് കാട്ടിത്തരുന്നുണ്ട്.

അന്റോണിയോ എന്ന മനുഷ്യന് പോസ്റ്റർ ഒട്ടിക്കുന്ന ജോലി ലഭിക്കുന്നിടത്ത് നിന്നാണ്  സിനിമ ആരംഭിക്കുന്നത്. ഈ ജോലിക്ക് ഒരു നിബന്ധനയുണ്ട്.  അന്റോണിയോക്ക് സ്വന്തമായി ഒരു സൈക്കിൾ വേണം. അന്നന്നത്തെ ഭക്ഷണത്തിനു പോലും ബുദ്ധിമുട്ടിയിരുന്ന അന്റോണിയോക്ക് ഇതു തങ്ങാനാവുന്ന നിബന്ധന ആയിരുന്നില്ലെങ്കിലും വീട്ടിൽ ഉണ്ടായിരുന്ന പഴയ സാധനങ്ങളൊക്കെ വിറ്റ് പെറുക്കി അയാൾ ഒർഉ സൈക്കിൾ വാങ്ങുന്നു. പക്ഷെ ആദ്യദിവസം തന്നെ അയാളുടെ സൈക്കിൾ മോഷണം പോകുന്നു. ആ സൈക്കിളിന്റെ അന്വേഷണത്തിലൂടെ ഇറ്റലിയിലെ സാമൂഹ്യാവസ്ഥ കാട്ടിത്തരികയാണ് സംവിധായകൻ. അന്റോണിയോവിനോടൊപ്പം അയാളുടെ മകൻ ബ്രൂണോയും ചേരുന്നുണ്ട് അന്വ്രഏഷണത്തിൽ.

ജീവിതമാർഗം നഷ്ടപ്പെട്ടാൽ മനുഷ്യന് സംഭവിക്കുന്ന മൂല്യചുതിയും ജീവിതം തിരിച്ച് പിടിക്കാൻ മനുഷ്യൻ നടത്തുന്ന, പലപ്പോഴും അസംബന്ധം എന്ന് തന്നെ തോന്നിപ്പോകുന്ന ദൃശ്യങ്ങൾ കൊണ്ട് സമ്പന്നമാണ് സിനിമ. ജോലി കിട്ടിയ ഉടനെ ഭാവി പ്രവചിക്കുന്ന സ്ത്രീയെ കാണാൻ പോകുന്ന ഭാര്യയെ പരിഹസിക്കുന്ന അന്റോണിയോ തന്നെ അതേ സ്ത്രീയുടെ അടുത്ത് ഭാവി അന്വേഷിച്ച് പോകുന്ന ദയനീയ അവസ്ഥനമ്മെ കരയിക്കും. അതോടൊപ്പം ഈ ദുരിതങ്ങൾക്കിടയിലും മകനെ കൂട്ടി റെസ്റ്റോറന്റിൽ നിന്നും മദ്യപിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന അന്റോണിയോ പട്ടിണിപ്പാവങ്ങളായ സാധാരണമനുഷ്യന്റെ യഥാർഥ മാതൃകയാണ്. അതോടൊപ്പം ധനികനായ ഒരു കുട്ടി ഭക്ഷണം  കഴിക്കുന്നത് ആർത്തിയോടെ നോക്കുന്ന ബ്രൂണൊ നമ്മുടെ മനസ്സാക്ഷിയെ നൊമ്പരപ്പെടുത്തുകയും ചെയ്യും.

ബ്രോണൊ ഒരു സ്വതന്ത്രകഥാപാത്രമായല്ല അന്റോണിയോവിന്റെ പ്രതിരൂപമായാണ് പലപ്പൊഴും തോന്നിയിട്ടുള്ളത്. പൂർത്തീകരിക്കാത അന്റോണിയോയുടെ കാമനകളുടെ പ്രതിരൂപമാണോ ബ്രൂണൊ എന്ന് സംശയിക്കാൻ തോന്നും പലപ്പോഴും. പ്രത്യേകിച്ചും അന്റോണിയോ സൈക്കിൾ മോഷ്ടിക്കുന്ന രംഗം. ഇവിടെ അന്റോണിയോവിന്റെ മനസ്സാക്ഷിയുടെ എല്ലാ സംഘർഷങ്ങളും അതിന്റെ മുഴുവൻ തീക്ഷണതയോടെ ബ്രൂണോയുടെ മുഖത്ത് നമുക്ക് കാണാനാവും. ഒടുവിൽ ആളുകളുടെ പരിഹാസത്തിന്റെ ഇരയായി ആൾക്കൂട്ടത്തിലേക്ക് നടന്ന് മറയുന്ന അന്റോണിയോവിന്റെ മുഖം ഒരിക്കലും മറക്കാനാവാത്ത വേദനയായി പ്രേക്ഷകന്റെ മനസ്സിൽ തറഞ്ഞ് കിടക്കും.

അന്റോണിയോവിനെക്കാളും നമ്മിൽ തറഞ്ഞ് കിടക്കുക ബ്രൂണൊ ആണ്. അച്ഛന്റെ നിഴൽ പോലെ അയാളുടെ എല്ലാ വേദനകളും അതിന്റെ മുഴുവൻ തീവ്രതയോടും അനുഭവിക്കുന്ന ആ ബാലൻ ലോകസിനിമയിൽ സമാനതകൾഇല്ലാത്ത കഥാപാത്രമാണ്. ലോകം മുഴുവൻ കുറ്റപ്പെടുത്തിയിട്ടും സ്വന്തം അച്ഛനെ കൈവിടാതെ മുഴുവൻ ധൈര്യവും കൊടുത്ത് ആൾക്കൂടത്തിലേക്ക് കൈപിടിച്ച് നടത്തുന്ന ധീരനായ ആ ബാലനെ ആർക്ക് മറക്കാനാവും.

കൊറോണോക്കാലത്ത് കാണാൻ പറ്റിയ ഏറ്റവും മികച്ച ചിത്രമായിരിക്കും ബൈസിക്കിൾ തീവ്സ്.

ബ്രീത്ത് ലെസ്സ്

ഴാൻ ലുക് ഗൊദ്ദാർദ്

ഫ്രഞ്ച് സിനിമയുടെ മാത്രമല്ല ലോക സിനിമയുടെ തന്നെ തലവര മാറ്റിയെഴുതിയ പ്രസ്ഥാനമാണ് “ ഫ്രഞ്ച് ന്യു വേവ്” പ്രസ്ഥാനം. 1950 കളിലും 1960 കളിലും സജീവമായി നിന്ന “നവതരംഗം അഥവാ നോവെല്ലെ വേഗ്” എന്ന ഈ പ്രസ്ഥാനം മുഖ്യധാരാ ഫ്രഞ്ച്സിനിമയുടെ മുഖച്ഛായ തന്നെ മാറ്റിയെഴുതിയ വിപ്ലവകരമായ പുതിയ സിനിമക്ക് തുടക്കം കുറിച്ച പ്രസ്ഥാനമാണ്. ഫ്രാൻകൊ ത്രുഫോൽട്, ഴാൻ ലുക് ഗൊദ്ദാർദ്, ക്ലോദ് ഷാബ്രൊ, എറിക് റോമെർ, ജാക്വെ റിവെ, ലൂയി മാല്ലെ, അലെൻ റെനെ, ആഗ്നെസ് വാർദ,ജാക്വെ ഡിമെ തുടങ്ങിയ എക്കാലത്തെയും പ്രഗൽഭരായ സംവിധായകരാണ് ഈ പുതിയ പ്രസ്ഥാനത്തിന്റെ മുഖ്യ പ്രയോക്താക്കൾ. കഹെ ദു സിനേമ എന്ന അക്കാലത്തെ പ്രശസ്തമായ ഫ്രഞ്ച് സിനിമാ പ്രസിദ്ധീകരണത്തിന്റെ നിർലോഭമായ പിന്തുണയും ഈ പ്രസ്ഥാനത്തിനു ലഭിച്ചു. അലൻ റെനെയുടെ “ഹിരോഷിമ മോൺ അമോർ (1959)” എന്ന ചിത്രത്തോടെ തുടക്കം കുറിച്ച ഈ പ്രസ്ഥാനത്തിലെ മികച്ച ചിത്രങ്ങളിലൊന്നാണ് “ ബ്രെത് ലെസ്സ്”.

സിനിമയുടെ അവതരണത്തിൽ തീർത്തും പുതുമ സ്വീകരിച്ച ഈ ഫ്രഞ്ച് പ്രണയ സിനിമ കഥാപാത്രനിർമിതിയിലും ചിത്രീകരണത്തിലും ലൊക്കേഷനിലും ഒക്കെ സ്വതസിദ്ധമായ പുതുമ നിലനിർത്തിയ ചിത്രമാണ്.  തെരുവിലേക്ക് നടന്നിറങ്ങിയ സിനിമയാണ് “ബെർത് ലെസ്സ്”. ചിത്രീകരണത്തിൽ മാത്രമല്ല എഡിറ്റിങ്ങിലും –പഴയ ലൈൻ കട്ടിങ്ങിനു പകരം ജമ്പ് കട്ടിങ്ങാണ് സിനിമയിൽ പരീക്ഷിച്ചത്-, ക്യാമെറയിലും- ട്രൈപോഡ് ക്യാമെറക്ക് പകരം ഹാൻഡ് ഹെൽഡ് ക്യാമെറയാണ് ഉപയോഗിച്ചത്-,  ഒക്കെ തീർത്തും പുത്തൻ രീതിയാണ് സിനിമ പ്രയോഗിച്ചത്.

പാരീസിലേക്ക് പത്രപ്രവർത്തനം പഠിക്കൻ വന്ന് തെരുവിൽ പത്രം വിൽക്കുന്ന ഒരു അമേരിക്കൻ പെൺകുട്ടിയും ഒരു കൊലയാളിയും തമ്മിലുണ്ടായ അസാധാരണപ്രണയത്തിലൂടെ വികാസം പ്രാപിക്കുന്ന സിനിമ ഒടുവിൽ നമ്മെ അമ്പരപ്പിക്കുന്ന രീതിയിലാണ് അവസാനിച്ചത്.

മിഷേൽ പോർടൈൽ എന്ന കുറ്റവാളിയുടേതും  അയാളുടെ അമേരിക്കൻ കാമുകിയുടേയും യഥാർഥ ജീവിതമാണ് കഥയുടെ അടിസ്ഥാനം. ത്രൂഫൊ ഇത് സിനിമയാക്കാൻ തീരുമാനിച്ചതെങ്കിലും പിന്നീട് ഉപേക്ഷിക്കുകയായിരുന്നു.

ഫ്രഞ്ച് സിനിമയുടെ ചരിത്രം തിരുത്തിക്കുറിച്ച ബെർത്ത് ലെസ്സ് ലോക സിനിമയിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽഒന്നായി ഇപ്പോഴും തുടരുന്നു.

സിറ്റിസൺ കെയിൻ

ഓർറ്റ്സൺ വെൽസ്

ലോക സിനിമയിലെ എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്നായി നിരൂപകരും ആസ്വാദകരും വിലയിരുത്തിയ ചിത്രമാണ് ഓർസൺ വെൽസിന്റെ “സിറ്റിസൺ കെയിൻ”. 1941ൽ പുറത്തിറങ്ങിയ ഈ സസ്പെൻസ് ത്രില്ലെർ 80 കൊല്ലം കഴിഞ്ഞിട്ടും അതിന്റെ ചാരുത ഒട്ടും കുറയാതെ നിലനിൽക്കുന്നു എന്നത് സിനിമാ ചരിത്രത്തിലെ തിളങ്ങുന്ന അധ്യായമാണ്. 1998 ൽ അമേരിക്കൻ ഫിലിം ഇന്സ്റ്റിറ്റ്യൂട്ട് നടത്തിയ “100 വർഷം 100 സിനിമ” എന്ന ജനകീയ തെരെഞ്ഞെടുപ്പിൽ സ്ഥാനം നേടിയ ചിത്രം പത്ത് വർഷം കഴിഞ്ഞ് അവർ തന്നെ വീണ്ടും നടത്തിയ തെരെഞ്ഞെടുപ്പിൽ അതിന്റെ സ്ഥാനം നിലനിർത്തി. ഓർസൺ വെത്സിന്റെ വൺ മാൻ ഷോ ആയി പരിഗണിക്കാവുന്ന ഈ ചിത്രത്തിന്റെ നിർമാണം, സംവിധാനം, മുഖ്യവേഷം എന്നിവ കൈകാര്യം ചെയ്ത വെത്സ് തന്നെയാണ് ഹെർമൻ ജെ മാൻ കീവീസുമായി ചേർന്ന് തിരക്കഥയും എഴുതിയത്. അത് കൊണ്ട് തന്നെ ഈ ഒറ്റ ചിത്രം കൊണ്ട് വെത്സ് ലോകസിനിമയിൽ അദ്ദേഹത്തിന്റെ അതുല്യമായ സ്ഥാനം ഉറപ്പിച്ചു. സിറ്റിസൺ കെയിൻസിനെ മറന്നു കൊണ്ട് ഒരു സിനിമാചരിത്രം സാധ്യമല്ല തന്നെ.

സിനിമ തുടങ്ങുന്നത് ഒരു സിനിമയിലൂടെയാണ്. ചാൾസ് ഫോസ്റ്റർ കെയിൻസ് എന്ന മീഡിയ റ്റൈക്കൂണിനെ കുറിച്ചുള്ള ഡോക്യുമെന്ററി സിനിമയാണ് നാം ആദ്യം കാണുന്നത്. മീഡിയ ടൈക്കൂൺ ആയ ക്കെയിൻസ് തന്റെ സ്വകാര്യ ബംഗ്ലാവായ ക്സാനഡുവിൽ വെച്ചാണു മരിക്കുന്നത്. മരിക്കുമ്പോൾ അയാളുടെ കയ്യിലുണ്ടയിരുന്ന ഒരു ചെറിയ “സ്നോ ബോൾ” താഴെ വീണു പൊട്ടുകയും കെയിൻസ് “റോസ്ബഡ്” എന്ന് അവസാനമായി പറയുകയും ചെയ്യുന്നിടത്ത് ഡോക്യുമെന്ററി അവസാനിക്കുകയും സിനിമ തുടങ്ങുകയും ചെയ്യുന്നു. ഈ വാക്കിന്റെ അർഥം തേടി ജെറി തോംപ്സൺ എന്ന പത്രപ്രവർത്തകൻ നടത്തുന്ന അന്വേഷണങ്ങളിലൂടെ മനുഷ്യാവസ്ഥയുടെ വൈരുദ്ധ്യാൽമകതയും മുതലാളിത്തലോകത്തിന്റെ കപടതയെയും തുറന്ന് കാട്ടുകയാണ് വെത്സ് ചെയ്യുന്നത്. റോസ്ബഡിന്റെ ഉത്തരം തോംപ്സണ് കണ്ടെത്താനാവുന്നി ല്ലെങ്കിലും, അല്ലെങ്കിൽ അയാൾ കണ്ടെത്തുന്ന അർഥമല്ല യതാർഥ അർഥമെന്നും കാണികൾക്ക് കണ്ടെത്താനാവുന്നിടത്താണ് സിനിമ അവസാനിക്കുന്നത്.  കെയിൻസിന്റെ അമ്മ മേരി ക്വെയിൻസ്, രണ്ടാം ഭാര്യ സൂസൻ അലക്സാണ്ടർ,ബാങ്കർ വാൽടർ താച്ചർ, മാനേജർ ബേൺസ്റ്റീൻ, സുഹൃത്ത് ജെദേദിയ ലേലാന്റ് തുടങ്ങിയവരുമായി തോംസൺ നടത്തുന്ന കൂടിക്കാഴ്ചകളിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്.

സമകാലീന ജീവിതത്തിന്റെ മാത്രമല്ല രാഷ്ട്രീയത്തിലെയും പുഴുക്കുത്തുകളെ എടുത്ത് കാണിക്കുന്നുണ്ട് വെത്സ് ചിത്രത്തിലൂടെ. തെരെഞ്ഞെടുപ്പുകളിൽ ജയിക്കാൻ സ്ഥാനാർഥികൾ എത്രയും വൃത്തികെട്ട അടവുകളാണ് പ്രയോഗിക്കുന്നത് എന്നത് മാത്രമല്ല അതു ഒരു മനുഷ്യന്റെ ജീവിതത്തിൽ ഉണ്ടാക്കുന്ന അപചയങ്ങളെയും ചിത്രം നമുക്ക് കാട്ടിത്തരുന്നുണ്ട്.

പണത്തിന്റെ ഭീമമായ സ്വാധീനം നമുക്ക് കാട്ടിത്തരുന്നതാണ് കെയിൻസ് സ്വന്തം ഭാര്യയെ പ്രമോട്ട് ചെയ്യന് നടത്തുന്ന ശ്രമങ്ങൾ. പക്ഷെ ഒടുവിൽ എല്ലാം ഇട്ടേച്ച് അവർ പോകുമ്പോൾ കെയിൻസ് പോലും തകർന്ന് പോകുന്നുണ്ട്. പണത്തിനു എല്ലാം വാങ്ങാനാവില്ല എന്ന സത്യം വെൽസ് നമുക്ക കാട്ടിത്തരികയാണ്. ലോകത്തെ മൊത്തം സുഖങ്ങൾ എല്ലാം വില കൊടുത്ത് വാങ്ങുന്നതിനിടയിൽ സ്വന്തം ജീവിതം നഷ്ടപ്പെട്ട് പോയത് വൈകയാണു കെയിൻസിന് മനസിലായത്. അപ്പോഴേക്കും ജീവിതം അവസാനിച്ചിരുന്നു.

പണത്തിന്റ്റെയും അധികാരത്തിന്റെയും പളപളപ്പിൽ എല്ലാം മറന്ന് പോകുന്ന മനുഷനു മുന്നിലാണ് കെയിൻസ് സ്വന്തം ജീവിതം തുറന്ന് വെച്ചിരിക്കുന്നത്. അതാണു ഓർസൺ വെൽസ് എന്ന കലാകാരനും നമ്മുടെ മുന്നിലേക്കു നീട്ടിത്തരുന്നത്. അതു കൊണ്ടാണ് സിറ്റിസൺ കെയിൻ ലോകത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായി മാറുന്നത്.

8 ½

ഫ്രെഡെരിക്കൊ ഫെല്ലിനി

ചിന്തകളെ ഭ്രാന്ത് പിടിപ്പിക്കുന്ന സിനിമയാണ് ഫെഡെറിക്കൊ ഫെല്ലിനിയുടെ   8 ½. ഒരു സിനിമ എന്നതിനപ്പുറം സിനിമയുടെ ഉള്ളിൽ നടക്കുന്ന സംഘർഷങ്ങളെ കൂടി ചിത്രീകരിക്കുന്ന ഈ സിനിമ ലോകസിനിമാ ചരിത്രത്തിലെ തന്നെ ഒരു നാഴികക്കല്ലാണ്. ഫെല്ലിനിയുടെ നൂറാം ജന്മവാർഷിക വർഷത്തിൽ ( 1920 ജനുവരി 20നാണ് ഫെല്ലിനി ജനിച്ചത്) കാണേണ്ട സിനിമകളിൽ ഒന്നാണ് 8 ½, പ്രത്യേകിച്ചും സിനിമയെ ഗൌരവമായി കാണുന്നവരും സിനിമാ വിദ്യാർഥികളും. “ലാ സ്ട്രാഡ” എന്ന മഹത്തായ സിനിമയുടെ സംവിധായകനിൽ നിന്ന് ഇതിൽ കുറച്ചൊന്നും പ്രതീക്ഷിക്കാൻ സിനിമാസ്വാദകർക്ക് സാധ്യവുമല്ല.

ഗെയ്ദോ എന്ന സംവിധായകന് പെട്ടെന്ന് തന്റെ സർഗശേഷി നഷ്ടപ്പെടുത്തിടന്ന് നിന്നാണ് സിനിമ ആരംഭിക്കുന്നത്. ഒന്നും ചെയ്യാനാവാതെ, വിഷണ്ണനായ ഒരു സർഗപ്രതിഭയുടെ ജീവിതം എത്രമാത്രം ദുരന്തപൂരിതമാകും എന്നത് ഒരു സംവിധായകൻ കൂടിയായ ഫെല്ലിനി പറയുമ്പോൾ അത് സ്വന്തം ഹൃദയത്തിൽ നിന്നാവുന്നത് സ്വാഭാവികമാണ്. ഇത് ഫെല്ലിനിയുടെ ആൽമാംശം അലിയിച്ച് ചേർത്ത സിനിമയാണെന്ന് നിരൂപകർ വിലയിരുത്തിയിട്ടുണ്ട്.

തനിക്ക് ചുറ്റും ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമാമേഖലയിലെ തന്നെ മറ്റ് മനുഷ്യർ അവരുടെ ജീവിതം ജീവിതം കരുപ്പിടിപ്പിക്കുവാൻ ഗെയ്ദോക്ക് നേരെ തിരിയുമ്പോൾ അതിൽ നിന്നെല്ലാം ഒളിച്ചോടി സ്വന്തം കവചത്തിലേക്ക് ചുരുങ്ങുന്ന ഗെയ്ദോ ആരിലും സഹതാപമുണ്ടാക്കും.

ചങ്ങല പോലെ ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പടർന്ന് കയറുന്ന രീതിയിലാണ് സിനിമ ആവിഷ്കരിച്ചിരിക്കുന്നത്. കഥാപാത്രങ്ങൾ ക്യാമറക്ക് മുൻപിൽ നിൽക്കുന്നതിന് പകരം ഓരോ കഥാ‍പാത്രത്തിന്റെയും പിറകെ പിറകെ നടക്കുകയാണ് ക്യാമറ. അങ്ങിനെ കണ്ണികൾ ചേർത്ത് ചേർത്ത്  മുന്നോട്ട് പോവുകയാണ് സിനിമ. അത് കൊണ്ട് തന്നെ ആസ്വാദനത്തിന്റെ തീർത്തും അപരിചിതമായ തലങ്ങളിലേക്ക് നയിക്കപ്പെടുകയാണ് ആസ്വാദകൻ.

ഒന്നിലും ഒരു തീരുമാനവുമെടുക്കാനാവാതെ നിസ്സംഗനായിപ്പോയ ഗെയ്ദൊക്ക് ചുറ്റും നടക്കുന്നത് നിർമാതാവ് മാത്രമല്ല സ്വന്തം ഭാര്യയും, കാമുകിയും എന്തിന് മറ്റ് നിരവധി നടന്മാർ കൂടിയാണ്. ഈ ദുരന്തങ്ങൾക്കിടയിൽ ഗെയ്ദൊ തികച്ചും നിസ്സഹായനാണ്.

ജീവിതത്തിന്റെ ഇരട്ടമുഖങ്ങളെ അനാവരണം ചെയ്യുന്ന നിരവധി മുഹൂർത്തങ്ങൾ കൊണ്ട് ധന്യമാണ് ചിത്രം. മനസ്സ് വായിക്കാനുള്ള കഴിവുമായി വരുന്ന മാന്ത്രികൻ എല്ലാവരെയും ഭയചകിതരാക്കുന്നത് ചെറിയ കാര്യമല്ല. അത് ആളുകളെ പരിഭ്രാന്തരാക്കുന്നുണ്ട്, ഒരു പക്ഷെ പ്രേക്ഷകനെയും.

ഇടക്ക് കടന്നു വരുന്ന ബാല്യകാലസ്മരണകൾ ഗെയ്ദോയെ പിന്തുടരുന്ന നൊസ്റ്റാൾജിയ ആണ് . അത്തരം ഒരു മുഹൂർത്തത്തിൽ സ്വന്തം മുത്തശ്ശി പറയുന്നുണ്ട് ഇനി മറ്റൊരു ജന്മം കിട്ടുകയാണെങ്കിൽ ഞാൻ സുന്ദരനായ മറ്റൊരു ചെറുപ്പക്കാരനെയാവും കല്ല്യാണം കഴിക്കുക എന്നത്. ജീവിതത്തിൽ മനുഷ്യർ നേരിടുന്ന ഒരു ദാർശനിക സമസ്യയാണ് ഫെല്ലിനി ഇവിടെ ചൂണ്ടിക്കാട്ടുന്നത്.

ചെറുപ്പത്തിൽ ഒരു വേശ്യയുമായി ഗെയ്ദോ നടത്തുന്ന ഡാൻസിന്റെ പേരിൽ അയാളെ പള്ളി ശിക്ഷിക്കുന്നുണ്ട്. അതേ സമയം തന്നെ കർദിനാൾ ഗെയ്ദോയെ കാണാൻ ആഗ്രഹം പ്രകടിപ്പിക്കുന്നുണ്ട് പിന്നീട് ഗെയ്ദോ അറിയപ്പെടുൻന സംവിധായകൻ ആയതിനു ശേഷം.

ഗെയ്ദോ ഭാര്യയോട് പറയുന്ന കള്ളങ്ങളൊക്കെ പിന്നീട് പിടിക്കപ്പെടുന്നതും അത് ഭാര്യയുമായി ഗെയ്ദോക്കുണ്ടാകുന്ന അകൽചയും ഒക്കെ സിനിമ കൈകാര്യം ചെയ്യുന്നുണ്ട്.

സമകാലീന സമൂഹത്തിൽ മനുഷ്യർ നേരിടുന്ന ആൽമീയമായ പ്രതിസന്ധിയെ ഇത്രയും ഭംഗിയായി ചിത്രീകരിച്ച മറ്റൊരു സിനിമ ഇല്ല തന്നെ. അതു കൊണ്ടാണ് ഇന്നും ഈ ചിത്രം ആഘോഷിക്കപ്പെടുന്നത്.

ലാസ്റ്റ് ടാംഗോ ഇൻ പാരീസ്

ബർണാർഡോ ബർട് ലൂച്ചി

സിനിമയിൽ ലൈംഗികത അതിന്റെ പാരമ്യത്തിൽ ഉപയോഗിച്ച ആദ്യകാല സംവിധായകരിൽ ഒരാളാണ് ബർണാഡോ ബർട് ലൂച്ചി. തന്റെ സിനിമയുടെ മനശ്ശാസ്ത്രപരമായ ഉള്ളടക്കത്തിന്റെ തീവ്രത വർധിപ്പിക്കാൻ അദ്ദേഹം പലപ്പോഴും തീവ്രമായ ലൈഗികതയെ കൂട്ടുപിടിച്ചു. അത് കൊണ്ട് തന്നെ അദ്ദേഹത്തിന്റെ ചിത്രങ്ങൾ പലപ്പോഴും നിരൂപകരുടെയും കാണികളുടെയും കടുത്ത വിമർശനങ്ങളാണ് ഏറ്റുവാങ്ങിയത്.  അമേരിക്കയിൽ ഈ ചിത്രം സെൻസറിങ്ങിന് വിധേയമായി എന്ന് മാത്രമല്ല “X” റെയിറ്റിങ്ങോടെയാണ് അനുവദിച്ചത്. പിന്നീട് 25 വർഷങ്ങൾക്ക് ശേഷം തിരുത്തിയെങ്കിലും.

ഒരു സിനിമാ നടിയും- ജെയിൻ,  ഒരു മധ്യവയസ്കനും-പോൾ, ഒരു അപാർട്മെന്റിൽ കണ്ടുമുട്ടുന്നിടത്ത് നിന്നാണ് സിനിമ തുടങ്ങുന്നത്. ഭൂതകാലത്തെ പറ്റിയും സ്വന്തം അസ്തിത്വത്തെ പറ്റിയും പരസ്പരം മറന്ന് കൊണ്ട് അവർ ഒരു അപാർട്മെന്റിൽ തുടരുകയാണ്. അതിനിടയിൽ ക്രൂരമായ ലൈംഗികജീവിതത്തിലൂടെ അവർ കടന്ന് പോകുന്നു. സമാന്തരമായി തന്നെ ജെയിൻ അവളുടെ അഭിനയ ജീവിതവും തുടരുന്നുണ്ട്.

ഫ്ലാഷ് ബാക്കുകൾ ഇഴചേർത്ത് വികസിക്കുന്ന സിനിമ പോളിന്റെ ഭൂതകാലജീവിതത്തിലെ ദാരുണമായ ദുരന്തങ്ങൾ നമുക്ക് കാട്ടിത്തരുന്നതിൽ നിന്നും ജെയിനിനോടുള്ള അയാളുടെ പെരുമാറ്റത്തിന്റെ മനശ്ശാസ്ത്രപരമായ അടിസ്ഥാനം നമുക്ക് ബോധ്യമാവും. ഒരു മനുഷ്യന്റെ മറ്റ് വ്യക്തികളോടുള്ള സമീപനത്തെ അയാളുടെ വ്യക്തിജീവിതത്തിലെ ദുരന്തങ്ങൾ എത്രമാത്രം സ്വധീനിക്കുമെന്ന് ബോധ്യപ്പെടുത്തുകയാണ് ബെർട് ലൂച്ചി ചെയ്യുന്നത്. തന്നോട് അങ്ങേയറ്റം ക്രൂരമായി പെരുമാറിയിട്ടും പോളിനോടുള്ള തന്റെ പ്രണയം അതേ പടി സൂക്ഷിച്ച ജെയിൻ പക്ഷെ ഒരു വാക്ക് പോലും പറയാതെ അപ്രത്യക്ഷനായ അയാൾക്ക് മാപ്പ് കൊടുക്കാൻ തയ്യാറായിരുന്നില്ല.

തന്റെ ഭൂതകാലം തുറന്ന് പറഞ്ഞ് കൊണ്ട് പോൾ തിരിച്ച് വന്നുവെങ്കിലും അയാളെ സ്വീകരിക്കാനും പൊറുക്കാനും ജെയിൻ തയ്യാറായിരുന്നില്ല.

പുരുഷന്റെ കരുത്തിനു മുൻപിൽ എപ്പോഴും അടിയറവ് പറയുന്നംറ്റേത് സ്ത്രീയേയും പോലെ ദുർബലയായ സ്ത്രീയായിരുന്നു ജെയിൻ എങ്കിലും നിർണ്ണായകമായ ഒരു നിമിഷത്തിൽ സ്വന്തം ശേഷി പുറത്തെടുക്കുന്നതിൽ അവൾ സ്ത്രീയുടെ കരുത്ത് കാട്ടി. അവളുടെ ജീവിതത്തിന്റെ തുടർച്ച തീരുമാനിക്കുന്നതിൽ അവൾ വിജയിച്ചു എന്ന് ചിത്രത്തിൻറെഅന്ത്യം നമുക്ക് സൂചന നൽകുന്നുണ്ട്. പോളുമായുള്ള തന്റെ ബന്ധം വെറും ഒരു സ്വപ്നമാണ് എന്ന് പറഞ്ഞുവെക്കാൻ അവൾക്ക് ഒരു റിഹേർസൽ ആവശ്യമായിരുന്നില്ല. തന്റെ സിനിമയിലെ അന്ത്യം മനോഹരമാക്കാൻ അവൾ തയ്യാറെടുത്തിരുന്നു.

മനുഷ്യബന്ധങ്ങളുടെ പ്രവചനാതീതമായ വികാസത്തിന്റെ മനോഹരമായ കഥയാണ് ബെർട് ലൂച്ചി നമ്മോട് പറയുന്നത്. മനുഷ്യ മനസ്സുകൾ എത്രമാത്രം ദുരൂഹമായ വഴികളിലൂടെയാണ് സഞ്ചരിക്കുന്നത് എന്നും അദ്ദേഹം നമുക്ക് കാട്ടിത്തരുന്നു. മുന്നോട്ടുള്ള വഴികൾ അടയുമ്പോൾ അത് പ്രവചനാതീതമായ പുതിയ വഴികളിലൂടെ കടന്ന് പോകും, നമുക്ക് ഊഹിക്കാൻ പോലും വയ്യാത്ത വഴികളിലൂടെ

വെർട്ടിഗോ

ആൽഫ്രെഡ് ഹിച്ച്കോക്ക്

ആൽഫ്രെഡ് ഹിച്ച്കോക്ക് എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ ഓറ്റിയെത്തുന്ന സിനിമ സൈക്കോ ആയിരിക്കും. എന്നാൽ ലോക ക്ലാസ്സിക്കായി സിനിമാസ്നേഹികൾ എക്കാലത്തും മനസ്സിൽ കൊണ്ടുനടക്കുന്ന ചിത്രം വെർട്ടിഗോ ആണ്. കാണികളെ ചിത്രത്തിന്റെ അവസാനഷോട്ട് വരെ മുൽമുനയിൽ നിർത്താനുള്ള ഹിച്ച്കോക്കിന്റെ അനിതരസാധാരണമായ കഴിവ് അതിന്റെ പൂർണാർഥത്തിൽ പ്രകടിപ്പിക്കപ്പെട്ട ചിത്രമാണ് വെർട്ടിഗോ.

ഹിച്ച്കോക്കിന്റെ മനശാസ്ത്രപരമായി കഥയെ സമീപിക്കാനുള്ള അതുല്യമായ ശേഷി അതിന്റെ പൂർണതയിൽ പ്രകടമായ ചിത്രം കൂടിയാണ് വെർടിഗോ. 1958ൽ പുറത്തിറങ്ങിയ ഈ ചിത്രം ഇന്നും അതിന്റെ ചാരുത നിലനിർത്തിക്കൊണ്ട് പ്രേക്ഷകരുടെ മനം കവരുന്നുവെങ്കിൽ അതിന്റെ ഭംഗി ആലോചിക്കവുന്നതേ ഉള്ളൂ.

ക്രൈംത്രില്ലറുകളുടെ ശ്രേണിയിലെ ഈ ചിത്രം ഒരു മുൻ ഡിറ്റക്റ്റീവിനെ (ജോൺ സ്കോട്ടീ ഫെർഗൂസൻ) ചുറ്റിയാണ് മുന്നേറുന്നത്. അക്രോഫോബിക് (ഉയരങ്ങളോടുള്ള ഭയം) മനോരോഗം ബാധിച്ച അദ്ദേഹം അതു കാരണം ജോലി രാജിവെച്ച് വിശ്രമത്തിലേക്ക് കടന്നയാളാണ്. അങ്ങിനെയിരിക്കെ അദ്ദേഹത്തിന്റെ സുഹൃത്ത് ഗാവിയർ എത്സ്റ്റെർ  സ്വന്തം ഭാര്യയെ,മെഡെലിയൻ,  രഹസ്യമായി പിന്തുടരാനുള്ള ദൌത്യം സ്കോട്ടിയെ ഏല്പിക്കുന്നു. അവർക്ക് പ്രത്യേകമായ ഒരു മനോരോഗം പിടിപെട്ടു എന്നും സ്വന്തം മുത്തശ്ശിയുടെ പ്രേതം അവരെ പിടികൂടി എന്നും ഗാവിയർ പറയുന്നു. സ്കോട്ടിയുടെ അന്വേഷണങ്ങൾ അവസാനം എത്തിച്ചേരുന്ന അമ്പരപ്പിക്കുന്ന വെളിപ്പെടലുകളാണ് ഹിച്ച്കോക്ക് നമുക്ക് മുന്നിൽ അവതരിപ്പിക്കുന്നത്.

ഹിച്ച്കോക്കിയൻ സിനിമകളുടെ എല്ലാ ചേരുവകളും അതിന്റെ ഏറ്റവും മനോഹരമായ അളവിൽ ചേർത്ത അദ്ദേഹത്തിന്റെ ഏറ്റവും നല്ല ചിത്രങ്ങളിലൊന്നാണ് വെർടിഗോ.