ആന്ദ്രെ തർക്കോവ്സ്കി “മാലാഖമാരെ ദർശിച്ച മനുഷ്യൻ”

280

Balachandran Chirammil

 

ലോകസിനിമയിൽ എക്കാലത്തും ഓർക്കപ്പെടുന്ന അസാമാന്യ സംവിധായകപ്രതിഭയാണു ആന്ദ്രെ തർക്കോവ്സ്കി. തന്റെ സ്വതസിദ്ധവും സ്വതന്ത്രവുമായ കഥപറച്ചിൽ രീതികൊണ്ട് അനുവാചകനെ എക്കാലവും അസ്വസ്ഥനാക്കിയ ചലചിത്രകാരനാണു അദ്ദേഹം. സത്യത്തിന്റെയും മിഥ്യയുടെയും അതി വിദഗ്ധമായ ഇഴ ചേർക്കലാണ് തർക്കോവ്സ്കിയുടെ ഓരോ സിനിമയും. ഈ സിനിമകൾ ആസ്വാദനത്തിന്റെ തീർത്തും അപരിചിതമായ തലത്തിലേക്കാണ് നമ്മെ നയിക്കുക. കണ്ണാടികൾ കൊണ്ട് നിർമിച്ച മുറിയിലകപ്പെട്ട നിരായുധനായ മനുഷ്യനെപ്പോലെ ആസ്വാദകൻ നേരും പതിരും തിരിച്ചറിയാനാകാത്ത വിധം വീർപ്പുമുട്ടും. അതേ സമയം സിനിമ നമ്മെ അലോസരപ്പെടുത്തും. സിനിമ കഴിഞ്ഞാലും കാലങ്ങളോളം ഒരു ഒഴിയാബാധ പോലെ അത് നമ്മെ പിന്തുടരും. എത്ര കുടഞ്ഞു കളഞ്ഞാലും അകന്നു പോകാതെ വെള്ളത്തിലേക്ക് അമർത്തി വിട്ട റബ്ബർ പന്ത് പോലെ അത് തിരിച്ചു വന്നു കൊണ്ടേയിരിക്കും.

Image result for andrei tarkovskyനേർ രേഖയിലൂടെയല്ല തർക്കോവ്സ്കിയുടെ കഥ പറച്ചിൽ. അപ്രതീക്ഷിതമായി കടന്നു വരികയാണ് കഥാപാത്രങ്ങളായാലും സന്ദര്ഭങ്ങളായാലും. അവ നമ്മുടെ വ്യവസ്ഥാപിത ആസ്വാദനപ്രക്രിയയുടെ കടക്കലാണ് എപ്പോഴും മുറിവേൽപ്പിക്കുന്നത് .ആസ്വാദകന്റെ മുൻധാരണകളെ തകിടം മറിച്ചാണ് ഓരോ സിനിമയും ഒരോ ഷോട്ടും മുന്നോട്ട് പോകുന്നതും അവസാനിക്കുന്നതും.

എല്ലാ കലാപ്രതിഭകളെയും പോലെ അധികാരത്തോടുള്ള നിരന്തരമായ ഏറ്റുമുട്ടലുകളാണു തർക്കൊവ്സ്കിക്കു സിനിമ. സ്വതന്ത്രനായ ഏതു കലാകാരനെപ്പോലെയും സ്വന്തം പ്രതിഭ തെളിക്കുന്ന വഴിയിലൂടെയുള്ള നിർഭയവും ഏകാന്തവുമായ പ്രയാണമാണ് അദ്ദേഹത്തിന്റെ സിനിമകൾ. വ്യവസ്ഥാപിതമായ നിയമങ്ങളുടെ അതിരുകൾക്കുള്ളിൽ ഒതുക്കാ വുന്നതായിരുന്നില്ല അദ്ദേഹത്തിന്റെ സിനിമകൾ. ഇത് ഭരണകൂടവുമായുള്ള നിരന്തരമായ ഏറ്റുമുട്ടലുകളിലാണ് പലപ്പോഴും എത്തിച്ചേർന്നത്. ആന്ദ്രേയ് റെബ്‌ളേവ് എന്ന ചിത്രം ഏകദേശം ആറ് വര്ഷക്കാലമാണ് അധികാരികളുടെ സമ്മതത്തിനായി കാത്തു കിടന്നതു, അതും ഒരു പാട് മാറ്റങ്ങൾക്ക് ശേഷം മാത്രം അതിനു സെൻസർഷിപ്പ് ലഭിച്ചതും.

Image result for andrei tarkovskyപ്രത്യക്ഷമായ രാഷ്ട്രീയ പ്രസ്താവനകളല്ല തർക്കോവ്സ്കിയുടെ ഒരു സിനിമയും. അവ ധിഷണയുടെ വെളിച്ചപ്പെടൽ മാത്രമാണ്. പക്ഷെ സ്വതന്ത്രമായ നിരീക്ഷണങ്ങൾ പലപ്പോഴും ഭരണകൂടത്തിന്റെ വ്യവസ്ഥയിലേക്കുള്ള കടന്നു കയറ്റമായി മാറുന്നു. വർഗസമൂഹം നിലനിൽക്കുന്നിടത്തോളം സ്വതന്ത്രമായ പ്രസ്താവനകളെ ഭരണകൂടങ്ങൾ അനുവദിക്കില്ല. വർഗ്ഗരഹിതമായ ഒരു സമൂഹത്തിൽ മാത്രമേ സ്വതന്ത്രമായ ആശയ പ്രകാശനം സാധ്യമാവൂ.

അധികാരത്തോട് സന്ധി ചെയ്യാത്തത് കൊണ്ടാവും തർക്കോവ്‌സ്‌കിക്ക് സോവിയറ്റ് യൂനിയൻ വിട്ടു പോകേണ്ടി വന്നു. അദ്ദേഹത്തിന്റെ അവസാനത്തെ രണ്ടു ചിത്രങ്ങൾ സോവിയറ്റ് യൂണിയന് വെളിയിലാണ് നിർമിച്ചത്. നൊസ്റാൾജിയയും സാക്രിഫൈസും . മാതൃരാജ്യം വിട്ടു പോയെങ്കിലും സോവിയറ്റ് യൂണിയനോടുള്ള അടങ്ങാത്ത അടുപ്പം അദ്ദേഹത്തിന്റെ സിനിമകളിൽ ദൃശ്യമാണ്. പ്രത്യേകിച്ചും നൊസ്റാൾജിയയിൽ. പുറത്താക്കപ്പെട്ട ഒരു കവിയാണു ഇതിലെ മുഖ്യ കഥാപാത്രം. ഓരോ നിമിഷവും സ്വന്തംരാജ്യത്തേക്കു തിരിച്ചു പോകാൻ കൊതിക്കുന്ന ഒരു കവി.

Image result for andrei tarkovskyഇപ്പോഴത്തെ ബെലൊറഷ്യയിലെ സവ്രാഷെ യിലാണ് (Zavrazhye) തർക്കോവ്സ്കി ജനിച്ചത്-1932 ഏപ്രിൽ 4 ന്. അദ്ദേഹത്തിന്റെ അച്ഛൻ ആർസെനി അലക്സാണ്ടറോവിച് തർക്കോവ്സ്കി(Arseny Alexandrovich Tarkovsky), റഷ്യയിലെ പ്രശസ്തനായ കവിയും ‘അമ്മ മരിയ ഇവാനോവ വിഷ്ന്യകോവ (Maria Ivanova Vishnyakova) നടിയുമായിരുന്നു. മാത്രമല്ല അവർ റഷ്യയിലെ പ്രശസ്തമായ മാക്സിം ഗോർകി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും സാഹിത്യത്തിൽ ബിരുദവും നേടിയിട്ടുണ്ട്.
1937 ൽ അദ്ദേഹത്തിന്റെ അഞ്ചാം വയസ്സിൽ അച്ഛനും അമ്മയും വേർപിരിഞ്ഞു ഇത് തർക്കോവ്സ്കിയുടെ ജീവിതത്തെ വല്ലാതെ ഉലച്ചു കളഞ്ഞു എന്നു അദ്ദെഹത്തിന്റെ സിനിമകളിലെ കുട്ടിക്കഥാ‍പത്രങ്ങൾ സൂചന നൽകുന്നു. അരക്ഷിതരായി ആരാലും ശ്രദ്ധിക്കപ്പെടാതെ കഥയുടെ ഓരങ്ങളിൽ അലയുന്നവരാണു അദ്ദേഹത്തിന്റെ കുട്ടിക്കഥാപാത്രങ്ങൾ. അമ്മയും അച്ചനും തമ്മിലുള്ള് വിവാഹബന്ധം പിരിഞ്ഞതോടെ അദ്ദേഹം അമ്മയോടൊപ്പം മോസ്കോവിലേക്കു താമസം മാറുകയും അവിടെ വിദ്യാഭ്യാസം തുടരുകയും ചെയ്തു. തർക്കോവ്സ്കിയുടെ ‘അമ്മ അവിടെ ഒരു പ്രൂഫ് റീഡറായി ജോലി ചെയ്തു . (മിറർ എന്ന സിനിമയിലെ നായിക ഒരു പ്രൂഫ് റീഡറാണു എന്നു ഓർക്കുക. മിററിൽ അദ്ദേഹത്തിന്റെ അമ്മ അഭിനയിക്കുന്നുമുണ്ട്). രണ്ടാം ലോകമഹായുദ്ധത്തിന്റെ കാലമായിരുന്നു അത്. മോസ്കോവിലുള്ളവരെ സർക്കാർ ഒഴിപ്പി ച്ചത് കാരണം തർക്കോവ്‌സ്‌കിക്ക് കുറച്ച് കാലം മോസ്കോവിൽ നിന്നും മാറി നിൽക്കേണ്ടിയും വന്നു.

Image result for andrei tarkovskyഇതിനിടെ നിര്ബന്ധ സൈനിക സേവനത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ അച്ഛന് യുദ്ധമുന്നണിയിൽ പോകേണ്ടി വരികയും, യുദ്ധത്തിൽ അദ്ധേഹത്തിന്റെ കാലു നഷ്ടപ്പെടുകയും ചെയ്തു.
അമ്മയുടെ ആഗ്രഹപ്രകാരം തർക്കോവ്സ്കി സംഗീതവും ചിത്രകലയും പഠിക്കാൻ തുടങ്ങി. അതോടൊപ്പം അദ്ദേഹത്തിന് കവിതയിലും സാഹിത്യത്തിലും കമ്പം കയറുകയും ചെയ്തു.
1952 ൽ ബിരുദം നേടിയ ശേഷം തർക്കോവ്സ്കി കുറച്ചുകാലം അറബി ഭാഷ പഠിക്കാൻ ശ്രമിച്ചെങ്കിലും പൂർത്തീകരിക്കാനായില്ല. ഉടനെ തന്നെ അദ്ദേഹം സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിനിമാട്ടോഗ്രാഫോയിൽ (State Institute of Cinematography (VGIK)). ചേർന്നു . ഷുക്‌സിൻ , മിഖായേൽ റോം കൊഞ്ചലോവ്സ്ക്കി തുടങ്ങിയ പ്രശസ്തരായ ആളുകളായിരുന്നു അദ്ദേഹത്തിന്റെ ഗുരുക്കൾ.

1957 ൽ സുഹൃത്തും ക്ലാസ് മേറ്റുമായ ഇമ റൂഷിനെ Irma Rausch അദ്ദേഹം വിവാഹം ചെയ്തു. 1970 വരെ ഈ ബന്ധം തുടർന്നു. 1970ൽ ഇവർ വേർപിരിയുകയും തർക്കൊവ്സ്കി ലാരിസ്സ കിസ്സിലോവയെ വിവാഹം ചെയ്യുകയും ചെയ്തു. 1986ൽ ഡിസമ്പർ 29 നു പാരീസിൽ ശ്വാസ കോശ അർബുദം ബാധിച്ച് അദ്ദേഹം അന്തരിച്ചു. സിനിമയുടെ തനതായ ഭാഷ കണ്ടെത്തിയ മഹാനായ ചലചിത്രകാരനാണു തർകോവ്സ്കി എന്നാണു ബർഗ്മാൻ അദ്ദേഹത്തെക്കുറിച്ചു എഴുതിയത്.
1960 മുതൽ 1986 വരെ നീണ്ട തന്റെ ചലചിത്രജീവിതത്തിനിടയിൽ വെറും ഏഴു ഫീച്ചർ ചിത്രങ്ങളും മൂന്ന് ഡിപ്ലോമ ചിത്രങ്ങളും പിന്നെ ഒരു ഡോകുമെന്ററിയുമാണ് തർക്കോവ്സ്കിയുടെ ചലച്ചിത്ര സംഭാവന. പഠനകാലത്ത് തന്നെ അദ്ദെഹം ഒരു സംവിധായകൻ എന്ന നിലയിൽ ലോകം മുഴുവൻ ശ്രദ്ധിക്കപ്പെട്ടു. “ദി സ്റ്റീം റോള്ളർ ആൻഡ് വയലിൻ” എന്ന അദ്ദേഹത്തിന്റെ ഡിപ്ലോമ ചിത്രം തന്നെ ലോകപ്രശസ്തമായി .ന്യൂയോർക് സ്റ്റുഡന്റസ് ഫിലിം ഫെസ്റ്റിവലിൽ ഇതിനു അവാർഡ് ലഭിക്കുകയും ചെയ്തു.

1960 ൽ ഇവാൻസ് ചൈൽഡ്ഹുഡ് എന്ന വ്യാഖ്യാത ചിത്രം സംവിധാനം ചെയ്തുകൊണ്ടാണു അദ്ദേഹം തന്റെ സിനിമാ ജീവിതം ആരംഭിച്ചത്. അതു വരെ നിലനിന്നു പോന്ന വ്യവസ്ഥാപിത ചലചിത്ര രചനാരീതിയോട് കലഹിക്കുന്ന നൂതനവും വ്യത്യസ്തവുമായ ഒരു ചലചിത്രക്ലാസ്സിക് ആയാണു ലോകത്തെങ്ങുമുള്ള ചലച്ചിത്രകാരന്മാർ ഈ സിനിമയെ നിരീക്ഷിച്ചതു. ചിത്രകലയെ ചലച്ചിത്രം സ്വാംശീകരിക്കുന്ന അപൂർവത ഈ ചിത്രത്തിൽ തുടങ്ങി അദ്ദേഹത്തിന്റെ എല്ലാ ചിത്രങ്ങളിലും കാണാം. മധ്യകാലചിത്രകലയുടെ അപൂർവവും മനോഹരവുമായ കൂടിച്ചേരലാണു അദ്ദേഹത്തിന്റെ ഒരോ സിനിമയും ഓരോ ഫ്രെയിമും. ഒട്ടു മിക്ക ഫ്രെയിമുകളും ചലച്ചിത്രത്തേക്കാളും ചിത്രകലയോടാണു കൂടുതലും അടുത്ത് നിൽക്കുന്നതു. ഇവാൻസ് ചൈൽഢ്ഹുഡിലെ ആദ്യഫ്രെയിം –ഒരു കുട്ടി ചിലന്തി വലകൾക്ക് പിറകിൽ നിൽക്കുന്ന ഒറ്റ ഫ്രെയിം തന്നെ ഇതിന്റെ മകുടോദാഹരണമാണു. ഈ “ചിത്രവിസ്മയം” ഒട്ടുമിക്ക ചിത്രങ്ങളിലും കണാവുന്നതാണു.

ആൽബ്രെഹ്ത് ഡ്യൂറെറുടെ ചിത്രങ്ങളും, ആന്ദ്രേ റുബാലെവിന്റെ ഐകോണുകളും , ഡാവിൻസിയുടെയും ബ്രൂഗേലിന്റെയും റംബ്രാന്റിന്റെയും ഒക്കെ ചിത്രങ്ങളും അദ്ദേഹം സിനിമയിൽ ഉപയോഗിച്ചിട്ടുണ്ട്. സോളാരിസിലെ ബഹിരാകാശ വാഹനം തന്നെ 1565 ലെ ബ്രൂഗേലിന്റെ “ദി മന്ത്” (The Month ) എന്ന സീരിയൽ ചിത്രങ്ങൾ കൊണ്ട് അലംകൃതമാണ്. മാത്രമല്ല മിക്ക സിനിമകളും ചിത്രകലയോട് അടുത്ത് നിൽക്കുന്ന ഫ്രയിമുകൾ കൊണ്ട് നിറഞ്ഞവയാണ്. സിനിമ എന്നതിലുപരി മധ്യകാലചിത്രങ്ങളുടെ ഒരു കൊളാഷ് പോലെയാണു അദ്ദേഹതിന്റെ ഓരോ സിനിമയും.
നിസ്തുലമായ ശൈലിയുടെ ഉടമയാണ് തർക്കോവ്സ്കി .തന്റെ സിനിമയിലധികവും നിശ്ചലവും വിശാലവുമായ ഫ്രയിമിനകത്ത് ഗതികിട്ടാതെ അലയുന്നവരാണ് അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ. ക്യാമറ കഥാപാത്രങ്ങളെ പിന്തുടരുന്നതിനു പകരം തുറന്ന് വെച്ച ഫ്രയിമിനകത്തേക്കു അതിക്രമിച്ചു കടന്നു വരികയും പിന്നെ പുറത്തേക്കു പോകുകയാണ് ചെയ്യുകയാണ് കഥാപാത്രങ്ങൾ. അങ്ങിനെ സിനിമ പലപ്പോഴും ഒരു നാടകത്തിന്റെ അനുഭൂതികൂടി നമുക്ക് നൽകുന്നുണ്ട്.

കാലപ്പഴക്കം കൊണ്ട് മങ്ങിപ്പോയ ഒരു ഒരു പഴയ ചിത്രത്തെപ്പോലെയാണ് ചിലപ്പോഴൊക്കെ തർക്കോവ്സ്കിയുടെ ഫ്രയിമുകൾ. നിറങ്ങളെ ഇത്രയും മോശമായി മറ്റൊരു സിനിമയിലും കാണാനാവില്ല, പലപ്പോഴും നിറങ്ങളും നിറമില്ലായ്മയും തമ്മിലുള്ള അതിർ വരമ്പുകൾ പ്രേക്ഷകന് നഷ്ടപ്പെടും. അതെ സമയം തന്നെ വര്ണത്തെ ഇത്ര ഭംഗിയായി ഉപയോഗിച്ച മറ്റൊരു സംവിധായകനും ഉണ്ടാവില്ല. പ്രകൃതിയിലേക്ക് ക്യാമറ കണ്ണ് തുറക്കുമ്പോൾ അസാമാന്യമായ വര്ണഭംഗിയാണ് പ്രേക്ഷകന്റെ മുന്നിലേക്ക് തുറന്നു വെക്കുന്നത്. സൊളാരിസ്ന്റെ തുടക്കത്തിലെ ഫ്രെയും, സാക്രിഫൈസിലെ ആദ്യത്തെയും ഒടുവിലത്തെയും ഫ്രെയിം, അങ്ങിനെ പ്രകൃതിയുടെ അനിതരസാധാരണമയ പകർപ്പെടുപ്പാണു അദ്ദേഹത്തിന്റെ സിനിമാദൃശ്യങ്ങൾ. പ്രകൃതിയെ ഇത്ര മനോഹരമായി ഒപ്പിയെടുക്കാൻ തർക്കോവ്സ്കിയെക്കാൾ സമർത്ഥനായി മറ്റൊരാളെ നമുക്ക് കാണാനാവില്ല. എന്നു ഇവാൻസ് ചൈൽഡ് ഹുഡിലെ ബെർച് മരങ്ങൾക്കിടയിലൂടെയുള്ള ക്യാപ്റ്റൻ ഖോലിന്റെയും മാർഷയുടെയും പ്രണയരംഗങ്ങളുടെ ചിത്രീകരണം കാട്ടിത്തരുന്നു. പ്രകൃതിയെ ഇത്രയും മനോഹരമായി ചിത്രീകരിക്കാനാവുമോ എന്ന് നാംഅത്ഭുതപ്പെടും.

നഷ്ട ബാല്യങ്ങളുടെയും യുദ്ധവിരുദ്ധതയുടെയും കവിതയാണ് തർക്കോവ്സ്കിയുടെ ആദ്യ ചിത്രം-ഇവാൻസ് ചൈൽഡ് ഹുഡ്. ചെറുപ്പത്തിൽ തന്നെ യുദ്ധത്തിൽ അച്ഛൻ നഷ്ടപ്പെടുകയും നാസി അധിനിവേശത്തിൽ ‘അമ്മ കൊല്ലപ്പെടുകയും ചെയ്ത അനാഥ ബാലനാണ് സിനിമയിലെ നായകൻ ഇവാൻ. നാസികളോടുള്ള അടങ്ങാത്ത പ്രതികാരവാഞ്ച അവനെ ചെമ്പടയുടെ ചാരനാക്കി. അവനെ മിലിറ്ററി സ്‌കൂളിൽ അയക്കാനുള്ള മേലധികാരികളുടെ ശ്രമം അവൻ അനുസരിക്കുന്നില്ല.
ഇടക്കിടെ വന്നു പോകുന്ന അമ്മയോടുത്തുള്ള ഓർമകൾ മാത്രമാണ് ഇവാന് അവന്റെ ബാല്യം. ആ സ്വപ്നങ്ങളൊക്കെ അവസാനിക്കുന്നത് പേടി സ്വപ്നങ്ങളായിട്ടാണു എന്നത് കുട്ടിക്കാലത്തിന്റെ പരുക്കൻ യാഥാർത്ഥ്യ ങ്ങളായി അവശേഷിക്കുന്നു.

സ്വപ്നങ്ങളുടെ മനോഹാരിതക്കു പുറത്ത് പരുക്കനായ യുദ്ധമാണ് ഇവാന്റെ ജീവിതം. ബാല്യം നഷ്ടപ്പെടുന്ന കുട്ടികൾ തർക്കോവ്സ്കിയുടെ സിനിമയിൽ മിക്കതിലും കാണാം. ആരാലും ശ്രദ്ധിക്കപ്പെടാതെ പ്രത്യേകം ധർമം ഒന്നും നിർവഹിക്കാനില്ലാതെ വലിയവരുടെ വലിയ ലോകത്തിന്റെ അരികു പറ്റി അവർ സിനിമയിൽ പ്രത്യക്ഷപ്പെടുന്നു. സാക്രിഫൈസിലെ ലിറ്റിൽ മാൻ, സ്റ്റാക്കറിലെ നായകന്റെ മകൾ അങ്ങിനെ ഒരു പാട് കുട്ടികൾ ആരാലും ശ്രദ്ധിക്കപെടാതെ സിനിമകളിലുടനീളം അലയുന്നത് നമുക്ക് കാണാം. തർക്കോവ്സ്കിയുടെ നിറംകെട്ട സ്വന്തം ബാല്യ സ്മരണകളാവും ഇതിലൂടെ വെളിപ്പെടുന്നത്.

ഗ്രഹാതുരത്വമാണു തർക്കോവ്സ്കിയുടെ സിനിമകൾ നമ്മിലുണർത്തുന്ന സ്ഥായീഭാവം. കത്തിപ്പൊകുന്ന അല്ലെങ്കിൽ കത്തിക്കുന്ന വീടുകൾ തർക്കൊവ്സ്കിയുടെ സ്വന്തം നാടിനോടും സ്വന്തം ഓർമകളോടുമുള്ള ഒടുങ്ങാത്ത സ്നേഹത്തിന്റെയും അതു നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന വേദനയുടെയും തീവ്രത നമുക്കു കാട്ടിത്തരുന്നു. നൊസ്റ്റാൽജിയയിലെ കവിയുടെ മനസ്സിൽ സ്വന്തം നാട്ടിലേക്കുള്ള മടക്കയത്രയാണു എരിയുന്നത്. റഷ്യ വിട്ടു പോയെങ്കിലും അദ്ദേഹത്തിന്റെ മനസ്സ് പിന്നെയും തേടി അലയുന്നത് സ്വന്തം നാടിന്റെ ജൈവസ്പന്ദനമാണു എന്നു സിനിമ കൂടെക്കൂടെ നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്. മിററിലെ കത്തിയമരുന്ന വീടും സാക്രിഫൈസിലെ കത്തിക്കുന്ന വീടും സ്വത്വം നഷ്ടപ്പെട്ട ഒരു കലാകാരന്റെ ഗ്രഹാതരത്വമാണു നമ്മിൽ അടയാളപ്പെടുത്തുന്നത്.
അപൂർണമായ ജീവിതത്തിൽ പൂർണതക്കായുള്ള അലച്ചിലാണ് ഓരോ കഥാപാത്രവും തർക്കോവ്‌സ്‌ക്കി സിനിമകളിലൂടെ നടത്തുന്നത്. സ്റ്റാൾക്കറിലെ കവിയും പ്രൊഫസ്സറും മിററിലെ മരിയയും, സാക്രിഫൈസിലെ അലക്സാണ്ടറും, നൊസ്റാൾജിയയിലെ ഡൊമിനിക്കോയും ഒക്കെ എന്തോ തേടിയുള്ള അനന്തമായ അലച്ചിലിനൊടുവിൽ ഒന്നും നേടാനാവാതെ അവസാനിച്ചവരാണ്. ഈ പൂര്ണതയാണ് തർക്കോവ്സ്കി ഓരോ സിനിമയിലൂടെയും തേടിക്കൊണ്ടേയിരുന്നതും. ഈ അപൂര്ണത കാണികളിലേക്കു സന്നിവേശിപ്പിക്കാനായി എന്നതാണ് ഓരോ തർക്കോവ്സ്കി സിനിമയെയും പൂർണതയിലെത്തിക്കുന്നത് . സിനിമ കഴിഞ്ഞാലും പ്രേക്ഷകന് തന്റെ അന്വേഷണം അവസാനിപ്പിക്കുകയില്ല.

കാലത്തിലൂടെയുള്ള യാത്രകളാണ് തർക്കോവ്സ്കിയുടെ സിനിമകൾ. നമ്മുടെ സാമ്പ്രദായക കാലപരിഗണനയോട് ഒട്ടും നീതി പുലർത്താത്തതാണ് അദ്ദേഹത്തിന്റെ സിനിമകൾ. ഒരേ സമയം തന്നെ ഭൂതവും വർത്തമാനവും ഭാവിയും പരസ്പരം ഇടയുകയും വർത്തമാനകാലത്തിലൂടെ ഭൂതകാലത്തിലേക്ക് നിർദയം കടന്നു പോവുകയും ചെയ്യുന്ന രചനാ രീതിയാണ് അദ്ദേഹം പലപ്പോഴും അവലംബിച്ചിട്ടുള്ളത്. മിററിൽ ഇത് പ്രത്യക്ഷമാണെങ്കിൽ ഇവാൻസ് ചൈൽഡ് ഹുഡിൽ ഇത് ഫ്ലാഷ്ബാക്കിലിന്റെ അനന്യമായ നെയ്തെടുക്കലിലൂടെ നാം കാണുന്നത്.

യുദ്ധത്തോടുള്ള ഒടുങ്ങാത്ത വെറുപ്പു അദ്ദേഹത്തിന്റെ ഡിപ്ലോമ ചിത്രത്തിൽ തന്നെ ദൃശ്യമാണ്. അതിന്റെ പേരു പോലും അതിശയിപ്പിക്കും വിധം യുദ്ധവിരുദ്ധമാണു. സ്റ്റീം റോളർ ആന്റ് വയലിൻ. ഒരു സ്റ്റീം റോളർ ഡ്രൈവറും വയലിൻ പഠിക്കുന്ന ഒരു കൊച്ചു കുട്ടിയും തമ്മിലുള്ള അസാധാരണമായ ബന്ധത്തിലൂടെ മുതലാളിത്തത്തിന്റെ ആക്രമണോല്സുകമായ കടന്നു കയറ്റത്തിനെതിരെ നടത്തുന്ന ചെറുത്ത് നിൽപ്പിന്റെ കഥയാണ് ഈ ചിത്രം നമ്മോട് പറയുന്നത്.സെല്ലുലോയ്‌ഡിൽ നെയ്തെടുത്ത മനോഹരമായ കവിതയാണ് തർക്കോവ്സ്കിയുടെ സിനിമകൾ അത് കൊണ്ടാണ് സുപ്രസിദ്ധ സംവിധായകൻ ഇങ്മർ ബർഗ്‌മാൻ പറഞ്ഞത്.-സിനിമയുടെ തനതായ ഭാഷ കണ്ടെത്തിയ അസാമാന്യ പ്രതിഭയാണ് തർക്കോവ്സ്കി എന്ന്. അദ്ദേഹത്തിന്റെപാരീസിലെ റഷ്യൻ സെമിത്തേരിക്ക് മുകളിൽ ഇങ്ങിനെ ആലേഖനം ചെയ്തിട്ടുണ്ട്
“മാലാഖമാരെ ദർശിച്ച മനുഷ്യൻ”

Advertisements