വരും തലമുറകൾക്കുവേണ്ടിയെങ്കിലും മലയാളം തെറ്റുകൂടാതെ എഴുതാനും വായിക്കാനും കുഞ്ഞുങ്ങളെ പഠിപ്പിക്കണം

311

ബാലചന്ദ്രൻ ചുള്ളിക്കാട്

അക്ഷരം തെറ്റിയാൽ അർത്ഥവും തെറ്റും. ‘കാക്ക’ എന്നതിനു പകരം ‘കക്ക’ എന്നെഴുതിയാൽ അർത്ഥം മാറും. വ്യാകരണം തെറ്റിയാലും ആശയക്കുഴപ്പം ഉണ്ടാവും. ‘വരും’ എന്നതിനു പകരം ‘വന്നു’ എന്നെഴുതിയാൽ കാര്യം മാറും. ഉച്ചാരണവ്യത്യാസങ്ങളും ആശയവിനിമയത്തെ ബാധിക്കും.’പനി’ എന്നു പറയേണ്ടിടത്ത് ‘പണി’ എന്ന് ഉച്ചരിച്ചാൽ കാര്യം മനസ്സിലാവില്ല. ഇതൊക്കെ എല്ലാവർക്കും അറിയാവുന്ന ലളിതമായ വസ്തുതകളാണ്. സ്കൂളിൽ കുട്ടികളെ തെറ്റുകൂടാതെ എഴുതാനും വായിക്കാനും പഠിപ്പിക്കണം എന്നു ഞാൻ പറഞ്ഞുപോയത് അതുകൊണ്ടാണ്. അതിന്റെ പേരിൽ അദ്ധ്യാപക സമൂഹം എന്നെ മാത്രമല്ല എന്റെ മരിച്ചുപോയ മാതാപിതാക്കളെപ്പോലും അസഭ്യവർഷത്തിൽ മൂടി.ഞാൻ സംഘിയാണെന്നും സവർണ്ണ ഹിന്ദു ഫാസിസ്റ്റാണെന്നും പ്രഖ്യാപിച്ചു.അന്ന് എന്നെ തെറിവിളിച്ചവരും, എനിക്കുവേണ്ടി ഒരുവാക്കു പറയാൻ തയ്യാറാകാത്തവരും, പി.എസ്.സി.പരീക്ഷ മലയാളത്തിലാക്കാൻ ആവശ്യപ്പെട്ട് സമരരംഗത്ത് എത്തിയതു കണ്ടപ്പോൾ സന്തോഷം തോന്നി. എന്നോടുള്ള വ്യക്തിവിരോധവും പകയും ശത്രുതയും ഒന്നും നിങ്ങൾ മാറ്റേണ്ടതില്ല. അതൊക്കെ പൂർവ്വാധികം ശക്തമായി തുടർന്നോളൂ. വരും തലമുറകൾക്കുവേണ്ടിയെങ്കിലും മലയാളം തെറ്റുകൂടാതെ എഴുതാനും വായിക്കാനും കുഞ്ഞുങ്ങളെ പഠിപ്പിക്കണമെന്ന് ഞാൻ അദ്ധ്യാപകസമൂഹത്തോടു താഴ്മയായി അപേക്ഷിക്കുന്നു. എന്റെ കവിത പഠിക്കാനല്ല. പി.എസ്.സി. പരീക്ഷ അക്ഷരത്തെറ്റുകൂടാതെ എഴുതാൻ.