ബഹിരാകാശ കൗതുകങ്ങൾ

270

എഴുതിയത്  : Bappu Bharatheeyan

Bappu Bharatheeyan
Bappu Bharatheeyan

ലാർജ്‌ മഗല്ലനിക് ക്ലൗഡ്
വലിയ മഗല്ലനിക് മേഘം(ലാർജ്‌ മെഗല്ലനിക് ക്ലൗഡ്‌) ക്ഷീരപഥത്തിന്റെ (മിൽക്കീവേ ) ഉപതാരാപഥം ആയ ഒരു ക്രമരഹിത താരാപഥം ആണ്. ഇത് ഏകദേശം 160,000 പ്രകാശവർഷം ദൂരെ സ്ഥിതി ചെയ്യുന്നു. ഇത് ഭൂമിയിൽ നിന്ന് മൂന്നാമത്തെ അടുത്ത താരാപഥം ആണ്. ഇതിനു ഏകദേശം 10 ബില്യൻ സൗരപിണ്ഡം ഉണ്ടെന്നു കരുതുന്നു (ക്ഷീരപഥത്തിന്റെ 1/100 പിണ്ഡം). 14,000 പ്രകാശവർഷം വ്യാസം ഉള്ള ഈ ക്രമരഹിത താരാപഥം ലോക്കൽ ഗ്രൂപ്പിൽ നാലാമത്തെ വലിയ താരാപഥം ആണ്.

ഖഗോളത്തിന്റെ ദക്ഷിണാർധഭാഗത്ത്‌ മേശ നക്ഷത്രരാശിയുടെയും സ്രാവ് നക്ഷത്രരാശിയുടെയും അടുത്തതായി ഒരു നേരിയ മേഘം പോലെ ഇതിനെ കാണാം.

ചരിത്രം
എ.ഡി.964-ൽ പേർഷ്യൻ ജ്യോതിശാസ്ത്രജ്ഞൻ ആയ അൽ-സൂഫി ആണ് ആദ്യമായി വലിയ മഗല്ലനിക് മേഘത്തെപറ്റി സൂചിപ്പിച്ചത്. പിന്നീട് അമേരിഗോ വെസ്പൂചി എന്നാ നാവികനും ഇതിനെ പറ്റി സൂചിപ്പിച്ചു. എന്നാൽ ഈ താരാപഥത്തെപറ്റി യൂറോപ്യന്മാർക്ക് പരിചയപ്പെടുത്തിയത് ഫെർഡിനാൻഡ്‌ മഗല്ലൻ ആയിരുന്നു. അദ്ദേഹത്തിന്റെ 1519 ലെ പര്യടനത്തിൽ തെക്കൻ ആകാശത്ത്‌ രാത്രിയിൽ കണ്ട പുതിയ രണ്ടു മേഘസദൃശ്യ രൂപങ്ങളെ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. അതിനാൽ ഇവ അദ്ദേഹത്തിന്റെ പേരിൽ അറിയപ്പെടുന്നു.

Image may contain: night and skyആകാരം, സവിശേഷതകൾ
ഇത് ഒരു ക്രമരഹിത താരാപഥം ആയാണ് കണക്കാക്കിയിരുന്നതെങ്കിലും പുതിയ പഠനങ്ങൾ ഇതിന്റെ മദ്ധ്യത്തിലായി ഒരു ദണ്ഡ് ആകൃതി ഉള്ളതായി തെളിയിച്ചിട്ടുണ്ട്. വലിയ മഗല്ലനിക് മേഘം ഒരു ബാർഡ് സർപ്പിളഗാലക്സി ആയിരുന്നിരിക്കാം എന്ന് കരുതപ്പെടുന്നു. ക്ഷീരപഥത്തിന്റെയും ചെറിയ മഗല്ലനിക് മേഘത്തിൻറെയും ആകർഷണത്തിൽ ഇതിന്റെ രൂപം നഷ്ടപ്പെട്ടതായിരിക്കാം.

വളരെ അധികം വാതകങ്ങളും പൊടിപടലങ്ങളും ഉൾക്കൊള്ളുന്ന ഈ താരാപഥം വളരെ വേഗത്തിലുള്ള നക്ഷത്ര രൂപീകരണ പ്രക്രിയ നടക്കുന്ന ഒരു സ്ഥലമാണ്. ലോക്കൽ ഗ്രൂപ്പിലെ ഏറ്റവും സജീവ നക്ഷത്ര രൂപീകരണ മേഖല (നീഹാരിക) ആയ ടാരൻടുല നീഹാരിക വലിയ മഗല്ലനിക് മേഘത്തിലാണ്. അടുത്ത കാലത്ത് നടന്ന പഠനങ്ങൾ 60 ഗോളീയ താരാവ്യൂഹങ്ങൾ, 400 ഗ്രഹ നീഹാരികകൾ, 700 തുറന്ന താരാവ്യൂഹങ്ങൾ എന്നിവ കൂടാതെ നിരവധി ഭീമൻ നക്ഷത്രങ്ങളെയും കണ്ടെത്തി. സമീപകാലത്ത് ഉണ്ടായ സൂപ്പർനോവ, സൂപ്പർനോവ 1987a കണ്ടെത്തിയതും ഈ താരാപഥത്തിലാണ്.

ചെറിയ മഗല്ലനിക് മേഘവും വലിയ മഗല്ലനിക് മേഘവും തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് വാതകങ്ങളുടെ ഒരു പാലം ഉണ്ട്. ഇത് രണ്ടു മഗല്ലനിക് മേഘങ്ങളും തമ്മിൽ ഉള്ള സമ്പർക്കത്തെ തെളിയിക്കുന്നു. ഈ മേഖല ഒരു നക്ഷത്രരൂപീകരണ പ്രദേശം ആണ്. രണ്ടു മഗല്ലനിക് മേഘങ്ങൾക്കും പൊതുവിൽ ഒരു ഹൈഡ്രജൻ വാതക പുതപ്പ് ഉണ്ട് എന്നത് രണ്ടു താരാപഥങ്ങളും തമ്മിലുള്ള ഗുരുത്വാകർഷണ ബന്ധം ദീർഘകാലം ആയി നില നിൽക്കുന്ന ഒന്നാണെന്ന് തെളിയിക്കുന്നു.

ആകാശഗംഗ അഥവാ ക്ഷീരപഥം (മിൽക്കീവേ)
************
ഭൂമിയടക്കംസൗരയൂഥം ഉൾപ്പെടുന്ന താരാപഥമാണ് (ഗാലക്സി) ആകാശ ഗംഗ. ഇതിനെ ക്ഷീരപഥം (Milkyway) എന്നും വിശേഷിപ്പിക്കാറുണ്ട്. ആകാശ ഗംഗയ്ക്ക് പരന്ന തളികയുടെ രൂപമാണ്. താരാപഥത്തിന്റെ മദ്ധ്യ ഭാഗത്തു നിന്നും സർപ്പിളാകൃതിയിൽ നാല്‌ കരങ്ങൾ താരാപഥ കേന്ദ്രത്തെ ചുറ്റി സ്ഥിതി ചെയ്യുന്നു
വലുപ്പം
********
തളികയുടെ രൂപത്തിലുള്ള ക്ഷീരപഥത്തിന്റെ വ്യാസം 100,000 പ്രകാശ വർഷങ്ങളും കനം ശരാശരി 1000 പ്രകാശ വർഷങ്ങളുമാണ്‌. 20,000 കോടി നക്ഷത്രങ്ങൾ ക്ഷീരപഥത്തിനുണ്ടെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. ഇത് 40,000 കോടി വരെയാകാം. നക്ഷത്രങ്ങളടങ്ങിയ ഭാഗത്തെ കൂടാതെ കട്ടിയേറിയ നക്ഷത്രാന്തരീയ വാതകങ്ങൾ താരാപഥത്തിന്റെ ചുറ്റിലും സ്ഥിതിചെയ്യുന്നു. അടുത്തകാലത്തെ നിരീക്ഷണങ്ങളിൽ നിന്ന് ഈ വാതകപടലത്തിന്റെ കനം ഏകദേശം 12,000 പ്രകാശ വർഷമാണെന്ന് മനസ്സിലാക്കിയിട്ടുണ്ട്.

No photo description available.ഘടന
*******
ദണ്ഡിന്റെ ആകൃതിയിലുള്ള കേന്ദ്രഭാഗത്തെചുറ്റി നക്ഷത്രങ്ങൾ വാതകങ്ങൾ നക്ഷത്രന്തരീയ ധൂളികൾ മുതലായ പദാർഥങ്ങളെകൊണ്ടുള്ള സർപ്പിളാകൃതിയിലുള്ള നാല്‌ കൈകൾ സ്ഥിതിചെയ്യുന്നു. ഭാരം ഏകദേശം 5.8×1011 സൗരഭാരങ്ങളാണ്‌ എന്ന് അനുമാനിക്കുന്നു. ഈ ഭാരത്തിന്റെ ഭൂരിഭാഗവും തമോദ്രവ്യമാണ്‌.

ക്ഷീരപഥ കേന്ദ്രം
സൂര്യനിൽ നിന്ന് ക്ഷീരപഥത്തിന്റെ കേന്ദ്രത്തിലേക്കുള്ള ദൂരം ഏകദേശം 26,000 ± 1400 പ്രകാശ വർഷങ്ങളാണ്. മുൻകാലങ്ങളിൽ ഇത് 35,000 പ്രകാശ വർഷങ്ങൾ എന്നായിരുന്നു കണക്കാക്കിയിരുന്നത്. മധ്യത്തിൽ വളരെ ഉയർന്ന പിണ്ഡമുള്ള ഒരു വസ്തു സ്ഥിതിചെയ്യുന്നു (ഇതിന്റെ പേര്‌ സാജിറ്റാറിയസ് A*), ഇത് ഒരു അതിസ്ഥൂല തമോദ്വാരമാണെന്നാണ്‌ പരക്കെയുള്ള വിദഗ്ധാഭിപ്രായം. ഭൂരിഭാഗം താരാപഥങ്ങളുടെയും കേന്ദ്രഭാഗത്ത് ഭീമകാരനായ തമോദ്വാരമുണ്ടാകും എന്നാണ്‌ വിശ്വാസം.

ക്ഷീരപഥത്തിന്റെ കേന്ദ്രഭാഗത്തുള്ള ദണ്ഡാകൃതിയിലുള്ള ഭാഗത്തിന്‌ 27,000 പ്രകാശ വർഷങ്ങൾ നീളമുണ്ട്. ഇത് സൂര്യനും താരാപഥ കേന്ദ്രവുമായുള്ള രേഖയ്ക്ക് 44 ± 10 ഡിഗ്രിയിൽ സ്ഥിതിചെയ്യുന്നു. ഈ ഭാഗത്ത് ഭൂരിഭാഗവും ചുവന്ന നക്ഷത്രങ്ങളാണ്‌ സ്ഥിതിചെയ്യുന്നത് ഏറിയ പങ്കും നീണ്ട ജിവിത ദൈർഘ്യമുളളവയാണ്‌. ഈ ദണ്ഡിനെ ചുറ്റി “5 കി.പാർസെക്ക്” എന്ന വളയം സ്ഥിതി ചെയ്യുന്നു ഈ വളയത്തിൽ ഉയർന്ന അളവിൽ ഹൈഡ്രജൻ അടങ്ങിയിരിക്കുന്നു, ഉയർന്ന തോതിലുള്ള നക്ഷത്ര രൂപവത്കരണം ഇവിടെ നടക്കുന്നുണ്ട്. ആൻഡ്രോമീഡ പോലുള്ള മറ്റുള്ള താരപഥങ്ങളിൽ നിന്ന് നോക്കുമ്പോൾ നമ്മുടെ ക്ഷീരപഥത്തിന്റെ പ്രത്യേകതയും ഇത് തന്നെയായിരിക്കും.

രൂപപ്പെട്ടത്
**********
ആകാശഗംഗയുടെ കേന്ദ്രഭാഗം. ഹബ്ബിൾ ബഹിരാകാശ ദൂരദർശിനി, സ്പിറ്റ്സർ ബഹിരാകാശ ദൂരദർശിനി, ചന്ദ്ര എക്സ്-റേ ദൂരദർശിനി എന്നിവയെടുത്ത ചിത്രങ്ങൾ സംയോജിപ്പിച്ച് തയ്യാറാക്കിയത്.
മഹാവിസ്ഫോടനത്തിനു ശേഷമുണ്ടായ സാന്ദ്രത കൂടുതലുള്ള പ്രദേശങ്ങളൊന്നിലാണ് ആകാശഗംഗ ഉത്ഭവിച്ചത്. ആദ്യ നക്ഷത്രങ്ങളുണ്ടായി ഏതാനും ബില്യൺ വർഷങ്ങൾക്കുള്ളിൽ സ്വന്തം അച്ചുതണ്ടിൽ വേഗത്തിൽ ഭ്രമണം ചെയ്യാനുള്ള പിണ്ഡം ആകാശഗംഗക്കുണ്ടായി. ഇതുമൂലമാണ് ഇപ്പോഴുള്ള ഡിസ്ക് ആകൃതി രൂപപ്പെട്ടത്. പിന്നീടുള്ള നക്ഷത്രങ്ങൾ (സൂര്യനുൾപ്പെടെ) ഈ ഡിസ്ക്കിലാണ് രൂപപ്പെട്ടത്.ആദ്യ നക്ഷത്രങ്ങൾ രൂപപ്പെട്ട ശേഷം ആകാശഗംഗയുടെ വലിപ്പം ലയനത്തിലൂടെയും വാതകങ്ങൾ സ്വീകരിക്കുന്നതിലൂടെയും വർദ്ധിക്കുന്നുണ്ടായിരുന്നു.ആകാശഗംഗ ഇപ്പോൾ ഇതിനടുത്തുള്ള രണ്ട് ഉപഗാലക്സികളിൽ നിന്ന് ദ്രവ്യം സ്വീകരിക്കുന്നുണ്ട് (വലുതും ചെറുതുമായ മഗെല്ലനിക് മേഘങ്ങളാണ് ഇവ). സ്മിത്ത് മേഘം പോലെയുള്ളവയിൽ നിന്ന് നേരിട്ട് വാതകങ്ങൾ സ്വീകരിക്കുന്നുണ്ട്. കഴിഞ്ഞ പത്ത് ബില്യൺ വർഷങ്ങളിൽ വലിയ നക്ഷത്രസമൂഹങ്ങളൊന്നുമായും ആകാശഗംഗ ലയിച്ചിട്ടില്ല എന്നാണ് സൂചനകൾ. ഇത് ഇത്തരം നക്ഷത്രസമൂഹങ്ങളെ സംബന്ധിച്ചിടത്തോളം അസാധാരണമാണ്. ആൻഡ്രോമീഡ നക്ഷത്രസമൂഹം അടുത്തകാലത്തായി വലിയ നക്ഷത്ര സമൂഹങ്ങളുമായി ലയിച്ചിട്ടുണ്ട്.സൂര്യനിൽ നിന്ന് ഏറവും അടുത്ത നക്ഷത്രത്തിലേക്ക് 4 1/4 പ്രകാശവർഷം ദൂരമുണ്ട്. നമ്മുടെ ഗാലക്സിയുടെ ഒരു വക്കിൽ നിന്നും മറ്റ്‌ വക്കിലേക്കുള്ള ദൂരം ഒരു ലക്ഷം പ്രകാശവർഷം വരും. ഈ ഗാലക്സിയിൽ നിന്ന് അടുത്ത ഗാലക്സി ആയ ആൻഡ്രോമിഡായിലേക്ക് 24 ലക്ഷം പ്രകാശവർഷം ദൂരമുണ്ട്. ആൻഡ്രോമിഡാ m31 എന്നും അറിയപ്പെടുന്നു. ഇതൊരു വർത്തുള ഗാലക്സി ആണ്. ഭൂമിയിൽ നിന്ന് ഇത് 25 ലക്ഷം പ്രകാശവർഷം അകലെ സ്ഥിതിചെയ്യുന്നു. നമ്മൾ നിരീക്ഷിക്കുന്ന ആൻഡ്രോമീഡ ഗാലക്സി 25 ലക്ഷം വർഷം മുൻപുള്ളതാണ്

ഓറിയോൺ നബൂല
********************
ഓറിയോൺ (ശബരൻ അഥവാ വേട്ടക്കാരൻ)നക്ഷത്രരാശിയിൽ തെക്കുഭാഗത്തായി കാണപ്പെടുന്ന പ്രസരിത നീഹാരികയാണ്‌ ഓറിയോൺ നീഹാരിക (മെസ്സിയർ 42, M42 അഥവാ NGC 1976). രാത്രി ആകാശത്തിൽ നഗ്നനേത്രങ്ങൾക്കൊണ്ട് കാണാവുന്നതും ഏറ്റവും തെളിഞ്ഞു കാണാവുന്നതിലൊന്നുമാണ്‌ ഈ നീഹാരിക. 1,344±20 പ്രകാശവർഷങ്ങൾ അകലെ സ്ഥിതിചെയ്യുന്ന ഇത് ഭൂമിക്ക് ഏറ്റവും അടുത്തു കിടക്കുന്ന നക്ഷത്രരൂപവത്കരണ മേഖലകളിലൊന്നാണ്‌. 24 പ്രകാഷവർഷം വീതിയുണ്ട് ഈ നീഹാരികയ്ക്ക്.
Image may contain: one or more peopleരാത്രി ആകാശത്തിലെ വസ്തുക്കളിൽ ഏറ്റവും കൂടുതൽ വിശകലന വിധേയമാക്കപ്പെട്ടതും ചിത്രങ്ങൽ പകർത്തപ്പെട്ടതുമായ ഒന്നാണ്‌ ഓറിയോൺ നീഹാരിക, ഇതിനെ വളരെയധികം പഠനവിധേയമാക്കപ്പെട്ടിട്ടുണ്ട്. വാതകങ്ങളുടേയും ധൂളികളുടേയും ഒരുമിച്ചുകൂടലിലൂടെ നക്ഷത്രങ്ങളും ഗ്രഹവ്യസ്ഥകളും എങ്ങനെ രൂപപ്പെടുന്നു എന്നതിനെപ്പറ്റിയുള്ള വിവരങ്ങൾ ഈ നീഹാരികയുടെ നീരീക്ഷണം വഴി മനസ്സിലാക്കാൻ കഴിഞ്ഞു. പ്രകൃതഗ്രഹവ്യൂഹത്തിന്റെ തളികാ രൂപം, തവിട്ടു കുള്ളന്മാർ, വാതകങ്ങളുടെ പെട്ടെന്നുള്ള ശക്തമായ ചലനം, സമീപത്തുള്ള പിണ്ഡമുള്ള നക്ഷത്രങ്ങൾ നീഹാരികയിൽ ചെലുത്തുന്ന ഫോട്ടോ-അയോണീകരണ പ്രഭാവങ്ങൾ എന്നിവയെല്ലാം ജ്യോതിശാസ്ത്രജ്ഞന്മാർ ഈ നീഹരികയിൽ ദർശിച്ചിട്ടുണ്ട്. അതിവേഗത്തിൽ സഞ്ചരിക്കുന്ന സാന്ദ്രമായ ഹൈഡ്രജൻ വാതകപിണ്ഡങ്ങളുടെ ഉൽസർജനവും ഓറിയോൺ നീഹാരികയിലുണ്ട്, ഈ വാതക ബുള്ളറ്റുകൾക്ക് പ്ലൂട്ടോയുടെ പരിക്രമണപാഥയുടെ പത്തിരട്ടി വ്യാസമുണ്ട്, ഇവയുടെ അഗ്രം തെളിഞ്ഞ നീല നിറത്തിൽ വിളങ്ങി കാണപ്പെടുന്നു. ഏകദേശം ആയിരം വർഷങ്ങൾക്ക് മുൻപ് നടന്ന അജ്ഞാതമായ ഏതോ പ്രതിഭസത്തിന്റെ ഫലയമായുണ്ടായതാണ്‌ ഇവ എന്ന് അനുമാനിക്കപ്പെടുന്നു.

പൊതുവിവരങ്ങൾ
*****************
യഥാർത്ഥത്തിൽ ഓറിയോൺ മോളിക്യുലാർ ക്ലൗഡ് കോപ്ലക്സ് എന്ന വലിയ നീഹാരികയുടെ ഭാഗമാണ് ഈ നീഹാരിക. ഓറിയോൺ നക്ഷത്രരാശിയിൽ മുഴുവൻ വ്യാപിച്ചു കിടക്കുന്നതാണ്‌ ഓറിയോൺ മോളിക്യുലാർ ക്ലൗഡ് കോപ്ലക്സ്. ബെർണാഡ്സ് ലൂപ്പ്, അശ്വമുണ്ഡം നീഹരിക, M43, M78, അഗ്നിജ്വാലാ നീഹാരിക എന്നിവയെല്ലം ഓറിയോൺ മോളിക്യുലാർ ക്ലൗഡ് കോപ്ലക്സ് നീഹാരികയിൽപ്പെടുന്നു. ഓറിയോൺ നീഹാരികയിലങ്ങോളമിങ്ങോളം നക്ഷത്രങ്ങൾ രൂപപ്പെടുന്നുണ്ട്, താപ-വർദ്ധിത പ്രവർത്തനങ്ങൽ കൂടുതൽ നടക്കുന്നതിനാൽ ഈ മേഖല ഇൻഫ്രാറെഡ് കിരണങ്ങളാൽ നിറഞ്ഞതാണ്‌.

വിളക്കുകളിൽ നിന്നുള്ള പ്രകാശം നേരിയ തോതിൽ തടസ്സം സൃഷ്ടിക്കുന്നിടങ്ങളിൽ നിന്നു പോലും ഈ നീഹാരികയെ നഗനനേത്രങ്ങൾ കൊണ്ട് ദർശിക്കാനാവും. ഓറിയോണിന്റെ വാളിലെ മധ്യ “നക്ഷത്രമായാണ്” ഇത് കാണപ്പെടുക, ഓറിയോണിന്റെഅരപട്ടയുടെ തെക്കുവശത്തായുള്ള മൂന്ന് നക്ഷത്രങ്ങളാണ് അത്. നല്ല കാഴ്ചശക്തിയുള്ളവർക്ക് ഇത് വിളങ്ങുന്നതായി കാണപ്പെടും. ബൈനോകുലറോ ചെറിയ ടെലിസ്കോപ്പോ ഉപയോഗിച്ചാൽ ഇതിന്റെ നീഹാരികാ രൂപം വ്യക്തമാകും

ക്രാബ് നെബൂല
****************
ഇടവം രാശിയിലെ സൂപ്പർനോവ അവശിഷ്ടമായ ഒരു പൾസാർ വാത നീഹാരികയാണ്‌ ക്രാബ് നെബുല (കാറ്റലോഗ് നാമങ്ങൾ : M1, NGC 1952, Taurus A). 1731-ൽ ജോൺ ബെവിസ് ആണ്‌ നീഹാരികയെ ആദ്യമായി നിരീക്ഷിച്ചത്. 1054-ൽ സംഭവിച്ച ഒരു സൂപ്പർനോവയുടെ അവശിഷ്ടമാണ്‌ ക്രാബ് നെബുല. ചൈനയിലെയും ഇസ്ലാമികലോകത്തെയും ജ്യോതിശാസ്ത്രജ്ഞർ ഈ സൂപ്പർനോവ നിരീക്ഷിച്ച് രേഖപ്പെടുത്തിയിരുന്നു. 30 keV യിലധികം ഊർജ്ജമുള്ള എക്സ് റേകളുടെയും ഗാമാ രശ്മികളുടെയും സ്രോതസ്സായ ക്രാബ് നെബുല സാധാരണഗതിയിൽ ആകാശത്തിലെ ഏറ്റവും ശക്തമായ സ്രോതസ്സാണ്‌. 1012 ഇലക്ട്രോൺ വോൾട്ട് വരെയാണ്‌ ക്രാബ് നെബുലയുടെ ഫ്ലക്സ്. ഭൂമിയിൽ നിന്ന് ഏതാണ്ട് 6500 പ്രകാശവർഷം (2 കിലോപാർസെക്) അകലെ സ്ഥിതിചെയ്യുന്ന നീഹാരികയുടെ വ്യാസം 11 പ്രകാശവർഷമാണ്‌ (3.4 പാർസെക്). സെക്കന്റിൽ 1500 കിലോമീറ്റർ എന്ന നിരക്കിൽ വികസിച്ചുകൊണ്ടിരിക്കുകയാണ്‌ നീഹാരിക.

No photo description available.ക്രാബ് നെബുലയുടെ കേന്ദ്രത്തിൽ ക്രാബ് പൾസാർ എന്ന പൾസാർ സ്ഥിതിചെയ്യുന്നു. പന്ത്രണ്ട് മൈൽ വ്യാസമുള്ള ഈ പൾസാർ സെക്കന്റിൽ 30.2 തവണ എന്ന ആവൃത്തിയിൽ ഗാമരശ്മികളും റേഡിയോകിരണങ്ങളും പുറപ്പെടുവിക്കുന്നു.നിരീക്ഷിക്കപ്പെട്ടിട്ടുള്ള ഒരു സൂപ്പർനോവയുമായി ബന്ധപ്പെടുത്തിയ ആദ്യത്തെ നീഹാരികയും പൾസാറുമാണ്‌ ക്രാബ് നെബുലയിലുള്ളത്.

നീഹാരികയെ ഉപഗൂഹനം ചെയ്യുന്ന ജ്യോതിശാസ്ത്രവസ്തുക്കളെക്കുറിച്ച് പഠിക്കാൻ നീഹാരികയിൽ നിന്നുള്ള വികിരണം സഹായിക്കുന്നു. 1950 കളിലും 60കളിലും ക്രാബ് നെബുലയിൽ നിന്നുള്ള റേഡിയോ തരംഗങ്ങൾ സൂര്യന്റെ കൊറോണയിലൂടെ കടന്നുപോകുമ്പോൾ വരുന്ന മാറ്റങ്ങളെ നിരീക്ഷിച്ച് കൊറോണയെ മാപ്പ് ചെയ്യുകയുണ്ടായി. 2003-ൽ ശനിയുടെ ഉപഗ്രഹമായ ടൈറ്റാന്റെ അന്തരീക്ഷത്തിന്റെ ആഴം കണക്കാക്കിയത് ക്രാബ് നെബുലയിൽ നിന്നുള്ള എക്സ് രശ്മികളെ അത് തടഞ്ഞുനിർത്തിയത് നിരീക്ഷിച്ചായിരുന്നു.

ചാൾസ് മെസ്സിയർ നിർമ്മിച്ച ജ്യോതിശാസ്ത്രവസ്തുക്കളുടെ കാറ്റലോഗായ മെസ്സിയർ കാറ്റലോഗിലെ ആദ്യത്തെ അംഗമാണ്‌ ക്രാബ് നെബുല. 1758-ൽ കാറ്റലോഗ് ചെയ്യപ്പെട്ട നീഹാരികയുടെ മെസ്സിയർ സംഖ്യ 1 ആണ്‌.
രൂപീകരണം
***********
ക്രാബ് നെബുലയുടെ രൂപീകരണത്തിന്‌ കാരണമായ 1054-ലെ സൂപ്പർനോവ (SN 1054) ചൈനയിലെയും അറേബ്യയിലെയും ജ്യോതിശാസ്ത്രജ്ഞർ നിരീക്ഷിച്ച് രേഖപ്പെടുത്തിയിരുന്നു. 1731-ൽ ജോൺ ബെവിസ് ആണ്‌ നീഹാരികയെ ആദ്യമായി നിരീക്ഷിക്കുന്നത്. സ്വതന്ത്രമായി, 1758-ൽ ചാൾസ് മെസ്സിയറും ക്രാബ് നെബുലയെ നിരീക്ഷിച്ചു. വാൽനക്ഷത്രങ്ങളായി തെറ്റിദ്ധരിക്കപ്പെടാൻ സാധ്യതയുള്ള ജ്യോതിശാസ്ത്രവസ്തുക്കളുടെ കാറ്റലോഗിലെ ആദ്യത്തെ അംഗമായി അദ്ദേഹം ഇതിനെ ഉൾപ്പെടുത്തി. 1840-കളിൽ ബിർ കൊട്ടാരത്തിൽ വച്ച് നീഹാരികയെ നിരീക്ഷിച്ച റോസ്സെ പ്രഭുവാണ്‌ ക്രാബ് നെബുല എന്ന പേരിട്ടത്. അദ്ദേഹം നീഹാരികയുടെ ചിത്രം വരച്ചതിന്‌ ഒരു ഞണ്ടിന്റെ ആകൃതി തോന്നിച്ചതിനാലായിരുന്നു ഇത്.
20-ആം നൂറ്റാണ്ടിന്റെ ആദ്യത്തിൽ നീഹാരികയുടെ ചിത്രങ്ങൾ വിശകലനം ചെയ്യുക വഴി നിന്ന് അത് വികസിച്ചുകൊണ്ടിരിക്കുകയാണെന്ന് മനസ്സിലാക്കാനായി. നീഹാരികയുടെ പരിണാമം കണക്കാക്കിയതിൽ നിന്ന് ഏതാണ്ട് 900 വർഷങ്ങൾക്ക് മുമ്പാകും നീഹാരിക ഭൂമിയിൽ ദൃശ്യമാകാൻ തുടങ്ങിയത് എന്നും ശാസ്ത്രജ്ഞർ അനുമാനിച്ചു. പകൽസമയത്തുപോലും ദൃശ്യമാകാൻ മാത്രം പ്രകാശമുണ്ടായിരുന്ന ഒരു നക്ഷത്രം 1054-ൽ ആകാശത്തിന്റെ ആ ഭാഗത്തിലായി ദൃശ്യമായിരുന്നുവെന്ന് ചൈനീസ്, അറേബ്യൻ ജ്യോതിശാസ്ത്രജ്ഞർ രേഖപ്പെടുത്തിയത് ചരിത്രരേഖകളിൽ കാണാനായി.ക്രാബ് നെബുലയിലേക്കുള്ള ദൂരം കണക്കിലെടുത്താൽ ഇത്ര കൂടിയ പ്രകാശമുള്ള അതിഥിനക്ഷത്രം ഒരു സൂപ്പർനോവയല്ലാതെ മറ്റൊന്നുമാകാൻ സാധ്യതയില്ലായിരുന്നു.

ചരിത്രരേഖകൾ അടുത്തകാലത്തായി വിശകലനം ചെയ്തതിൽ നിന്നും മനസ്സിലാക്കാനാവുന്നത്, ക്രാബ് നീഹാരികയുടെ മാതൃസൂപ്പർനോവ 1054 ഏപ്രിലിലോ മേയുടെ ആദ്യമോ ആണ്‌ പ്രത്യക്ഷപ്പെട്ടതെന്നാണ്‌. ജൂലൈ മാസത്തിൽ പ്രഭയേറിയ സമയത്ത് -7നും -4.5നും ഇടയിലായിരുന്നു സൂപ്പർനോവയുടെ ദൃശ്യകാന്തിമാനം. അതായത്, ജൂലൈയിലെ രാത്രികളിൽ ചന്ദ്രൻ കഴിഞ്ഞാൽ ഏറ്റവും പ്രകാശമുള്ള ജ്യോതിശാസ്ത്രവസ്തു ഇതായിരുന്നു. ഇതുകഴിഞ്ഞ് ഏതാണ്‌ രണ്ടുവർഷക്കാലത്തോളം സൂപ്പർനോവ നഗ്നനേത്രങ്ങൾ കൊണ്ട് ദൃശ്യമായിരുന്നു. അക്കാലത്തെ ജ്യോതിശാസ്ത്രജ്ഞരുടെ നിരീക്ഷണങ്ങളുടെ സഹായമുണ്ടായിരുന്നതിനാൽ സൂപ്പർനോവയുമായി ബന്ധപ്പെട്ട ആദ്യത്തെ ജ്യോതിശാസ്ത്രവസ്തുവായി ക്രാബ് നെബുലയെ തിരിച്ചറിയാനായി.

ഭൗതികസവിശേഷതകൾ
*************************
ദൃശ്യപ്രകാശത്തിൽ ക്രാബ് നെബുല വ്യാപിച്ചുകിടക്കുന്ന നീല കേന്ദ്രത്തിനുചുറ്റും നാരുകളുടെ ദീർഘവൃത്താകാരമായ ഒരു കൂട്ടമായാണ്‌ കാണപ്പെടുന്നത്. 6 ആർക്മിനിറ്റ് നീളവും 4 ആർക്മിനിറ്റ് വീതിയുമാണ്‌ ഇതിനുള്ളത് (താരതമ്യത്തിന്‌, പൂർണ്ണചന്ദ്രന്റെ കോണീയവ്യാസം 30 ആർക്മിനിറ്റാണ്‌). നീഹാരികയുടെ ത്രിമാനഘടന നീണ്ട ഗോളാഭമാണെന്ന് കരുതുന്നു.നാരുകൾ മാതൃനക്ഷത്രത്തിന്റെ അന്തരീക്ഷത്തിന്റെ അവശിഷ്ടമാണ്‌. അയണീകൃതമായ ഹീലിയം, ഹൈഡ്രജൻ, കാർബൺ, ഓക്സിജൻ, നൈട്രജൻ, നിയോൺ, ഗന്ധകം എന്നിവയാലാണ്‌ ഇവ നിർമ്മിക്കപ്പെട്ടിരിക്കുന്നത്. 11000-18000 കെൽവിനാണ്‌ നാരുകളുടെ താപനില, സാന്ദ്രത പ്രതിഘനസെന്റിമീറ്റർ ഏതാണ്ട് 1300 കണങ്ങളും.

കേന്ദ്രത്തിലെ നീലഭാഗം സിൻക്രോട്രോൺ വികിരണം മൂലമുണ്ടാകുന്നതാണെന്ന് 1953-ൽ യോസിഫ് ഷ്ക്ലോവ്സ്കി പരികല്പന ചെയ്തു. പ്രകാശവേഗത്തിന്റെ പകുതിവരെ വേഗത്തിൽ സഞ്ചര ഇലക്ട്രോണുകളാണ്‌ സിൻക്രോട്രോൺ വികിരണം പുറപ്പെടുവിക്കുന്നത്. മൂന്നുവർഷങ്ങൾക്കുശേഷം നിരിക്ഷണങ്ങൾ ഈ സിദ്ധാന്തത്തെ ശരിവച്ചു. ഇലക്ട്രോൺ വക്രമായ പാതയിലൂടെ സഞ്ചരിക്കാൻ കാരണമാകുന്നത് നീഹാരികയുടെ കേന്ദ്രത്തിലെ ന്യൂട്രോൺ നക്ഷത്രത്തിൽ നിന്നുള്ള കാന്തികക്ഷേത്രത്തിന്റെ പ്രഭാവം മൂലമാണെന്ന് 1960-കളിൽ മനസ്സിലായി.

ദൂരം
*****
ജ്യോതിശാസ്ത്രജ്ഞരുടെ ശ്രദ്ധാകേന്ദ്രമാണ്‌ ക്രാബ് നെബുലയെങ്കിലും ഭൂമിയിൽ നിന്ന് നീഹാരികയിലേക്കുള്ള ദൂരം എത്രയെന്ന കാര്യത്തിൽ തർക്കമുണ്ട്. ദൂരമളക്കാനുപയോഗിക്കുന്ന രീതികളിലെല്ലാം അനിശ്ചിതത്വങ്ങളുണ്ട് എന്നതാണ്‌ ഇതിന്‌ കാരണം. എങ്കിലും പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്നത് 2.0 ± 0.5 kpc (6.5 ± 1.6 kly) എന്ന വിലയാണ്‌. ഏതാണ്ട് 1800km/s വേഗത്തിൽ വികസിച്ചുകൊണ്ടിരിക്കുകയാണ്‌ വർഷങ്ങളുടെ വ്യത്യാസത്തിൽ എടുത്ത ചിത്രങ്ങളിൽ നിന്ന് നീഹാരിക വികസിക്കുന്നതായി മനസ്സിലാക്കാൻ സാധിക്കും.ഈ കോണീയവികാസവും ചുവപ്പുനീക്കത്തിൽ നിന്ന് കണക്കാക്കുന്ന വേഗവുമുപയോഗിച്ച് നീഹാരികയിലേക്കുള്ള ദൂരം കണക്കുകൂട്ടാം. 1973-ൽ വിവിധ രീതികളെല്ലാം വിശകലനം ചെയ്തതിൽ നിന്ന് 6300 ly ആണ്‌ നീഹാരികയിലേക്കുള്ള ദൂരമായി കണക്കാക്കിയത്.[3] 13 ± 3 ly ആണ്‌ നീഹാരികയുടെ ഒരറ്റത്തുനിന്ന് മറ്റേ അറ്റം വരെയുള്ള കൂടിയ ദൂരം.

നിലവിലെ വികാസനിരക്കുതന്നെയായിരുന്നു എല്ലാ കാലവും എന്ന് കണക്കാക്കുകയാണെങ്കിൽ നീഹാരിക രൂപം കൊണ്ടത് 1054-നും ദശകങ്ങൾ കഴിഞ്ഞാണെന്നാണ്‌ വരുക. സൂപ്പർനോവസ്ഫോടനത്തിനുശേഷം പുറത്തേക്കുപോകുന്ന പിണ്ഡത്തിന്റെ വേഗം കൂടിയിട്ടുണ്ടെന്നാണ്‌ ഇതിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്. പൾസാറിൽ നിന്നുള്ള ഊർജ്ജം നീഹാരികയുടെ കാന്തികക്ഷേത്രത്തി upലേക്ക് പ്രവഹിക്കുകയും കാന്തികക്ഷേത്രം നീഹാരികയിലെ നാരുകളെ പുറത്തേക്ക് വലിച്ചുനീട്ടുകയും ചെയ്യുന്നതിന്റെ ഫലമാണീ ത്വരണം.

പിണ്ഡം
********
നീഹാരികയുടെ ആകെ പിണ്ഡം കണക്കാക്കുന്നത് സൂപ്പർനോവയ്ക്ക് കാരണമായ നക്ഷത്രത്തിന്റെ പിണ്ഡത്തിന്റെ അനുമാനം ലഭിക്കുന്നതിന്‌ പ്രധാനമാണ്‌. അയണീകൃതവും അല്ലാത്തതുമായ ഹീലിയം കൊണ്ട് പ്രധാനമായും നിർമ്മിതമായ നാരുകളുടെമൊത്തം പിണ്ഡം 4.6 ± 1.8 സൗരപിണ്ഡമാണെന്നാണ്‌ കണക്കാക്കിയിരിക്കുന്നത്.

ഹീലിയം വൃത്തവളയം
*********************
കേന്ദ്രത്തിലെ പൾസാറിനെ വലയം ചെയ്തിരിക്കുന്ന ഒരു വൃത്തവളയം നീഹാരികയുടെ ഭാഗമായുണ്ട്. ദൃശ്യമായ നീഹാരികയുടെ ഭാഗത്തിന്റെ 25 ശതമാനം വരും ഈ വൃത്തവളയം. ഇതിന്റെ 95 ശതമാനവും ഹീലിയമാണ്‌. വൃത്തവളയത്തിന്റെ ഘടനയ്ക്ക് വിശദീകരണങ്ങളൊന്നും ഇതവരെ നൽകാനായിട്ടില്ല.

കേന്ദ്രത്തിലെ നക്ഷത്രം
**********************
ക്രാബ് നെബുലയുടെ കേന്ദ്രത്തിൽ രണ്ട് മങ്ങിയ നക്ഷത്രങ്ങളുണ്ട്. ഇവയിലൊന്നാണ്‌ നീഹാരികയുടെ രൂപീകരണത്തിന്‌ കാരണമായത്. 1942-ൽ റുഡോൾഫ് മിങ്കോവ്സ്കി നക്ഷത്രത്തിന്റെ ദൃശ്യപ്രകാശത്തിലെ വർണ്ണരാജി അസാധാരണമാണെന്ന് നിരീക്ഷിച്ചതിൽ നിന്നാണ്‌ ഈ അനുമാനം സാധ്യമായത്. നക്ഷത്രത്തിന്‌ ചുറ്റുമുള്ള മേഖലകൾ ശക്തിയായ റേഡിയോവികിരണം പുറപ്പെടുവിക്കുന്നതായി 1949-ലും എക്സ് രശ്മികൾ പുറപ്പെടുവിക്കുന്നതായി 1963ലും കണ്ടെത്തി. ഗാമാ രശ്മികളുടെ ആകാശത്തെ ഏറ്റവും ശക്തമായ പ്രഭവകേന്ദ്രങ്ങളിലൊന്നാണ്‌ ഈ മേഖലയെന്ന് 1967-ൽ തെളിഞ്ഞു. നക്ഷത്രം വികിരണം പുറപ്പെടുവിക്കുന്നത് പൾസുകളായാണെന്ന് 1968-ൽ മനസ്സിലാക്കാനായി. നിരീക്ഷിക്കപ്പെട്ട ആദ്യത്തെ പൾസാറുകളിലൊന്നായിരുന്നു ഇത്.

പൾസാറുകൾ
**************
വിദ്യുത്കാന്തികവികിരണത്തിന്റെ ശക്തിയായ സ്രോതസ്സുകളാണ്‌. വളരെ കൃത്യമായ ഇടവേളകളിൽ അവ വികിരണത്തിന്റെ പൾസുകൾ പുറപ്പെടുവിക്കുന്നു. സെക്കന്റിൽ അനേകം തവണ വരെ ഇങ്ങനെ പൾസുകൾ പുറപ്പെടുവിക്കാം. 1967-ൽ പൾസാറുകൾ ആദ്യമായി നിരീക്ഷിക്കപ്പെട്ടപ്പോൾ അവ ഒരു പ്രഹേളികയായിരുന്നു. അന്യഗോളങ്ങളിലെ ജീവികൾ അയക്കുന്ന സിഗ്നലുകളാകാം ഇവ എന്ന് കരുതപ്പെട്ടു.ക്രാബ് നെബുലയുടെ കേന്ദ്രത്തിൽ പൾസാറിനെ കണ്ടെത്താനായത് പൾസാറുകൾ സൂപ്പർനോവ അവശിഷ്ടങ്ങളാണെന്നതിന്‌ ശക്തമായ തെളിവായി. പൾസാറുകൾ ഭ്രമണം ചെയ്യുന്ന ന്യൂട്രോൺ നക്ഷത്രങ്ങളാണെന്ന് ഇന്ന് നമുക്കറിയാം. അവയുടെ കാന്തികക്ഷേത്രം അവയിൽ നിന്ന് പുറപ്പെടുന്ന വികിരണങ്ങളെ നേർത്ത ബീമുകളായി കേന്ദ്രീകരിക്കുന്നു.

ക്രാബ് പൾസാറിന്റെ വ്യാസം 28-30 കിലോമീറ്റർ ആണെന്ന് കരുതപ്പെടുന്നു 33 സെക്കന്റിന്റെ ഇടവേളകളിലാണ്‌ അത് വികിരണപൾസുകൾ പുറപ്പെടുവിക്കുന്നത്.റേഡിയോ തരംഗങ്ങൾ മുതൽ എക്സ് രശ്മികൾ വരെ വിദ്യുത്കാന്തികവർണ്ണരാജിയുടെ എല്ലാ ഭാഗങ്ങളിലും പൾസാറിൽ നിന്നുള്ള വികിരണങ്ങളെത്തുന്നുണ്ട്. ഒറ്റപ്പെട്ട ഏതൊരു പൾസാറിനെയും പോലെ ക്രാബ് പൾസാറിന്റെയും പൾസുകൾക്കിടയിലുള്ള ഇടവേള വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്‌. ഇടയ്ക്ക് പൾസാറിന്റെ ഭ്രമണകാലത്തിൽ പൊടുന്നനെ വ്യതിയാനങ്ങൾ വരാം. ഇവ ഗ്ലിച്ചുകൾ എന്നറിയപ്പെടുന്നു. ന്യൂട്രോൺ നക്ഷത്രത്തിനകത്തെ പുനക്രമീകരണമാകാം ഇതിൻ കാരണം. പൾസാർ ഭ്രമണവേഗം കുറക്കുന്നതോടനുബന്ധിച്ച് പുറത്തുവിടുന്ന ഊർജ്ജം വളരെയധികമാണ്‌. ക്രാബ് നെബുലയുടെ സിൻക്രോട്രോൺ വികിരണത്തിനുള്ള ഊർജ്ജം ഇതിൽ നിന്നാണ്‌ ലഭിക്കുന്നത്. തദ്ഫലമായി, ക്രാബ് നെബുല പുറപ്പെടുവിക്കുന്ന ആകെ ഊർജ്ജം സൂര്യന്റെ 75000 മടങ്ങാണ്‌.

പൾസാർ പുറത്തുവിടുന്ന ഉയർന്ന അളവിലുള്ള ഊർജ്ജം ക്രാബ് നെബുലയുടെ കേന്ദ്രത്തിൽ അത്യന്തം ചലനാത്മകമായ ഒരു മേഖല സൃഷ്ടിക്കുന്നു. മിക്ക ജ്യോതിശാസ്ത്രവസ്തുക്കളുടെയും പരിണാമം അനേകം വർഷങ്ങളെടുക്കുമ്പോൾ ക്രാബ് നെബുലയുടെ കേന്ദ്രത്തോടടുത്തുള്ള മേഖലയിൽ മാറ്റങ്ങൾ ഏതാനും ദിവസങ്ങൾ കൊണ്ടുതന്നെ ദൃശ്യമാകുന്നു. പൾസാറിന്റെ മധ്യരേഖാപ്രദേശത്തുനിന്നുള്ള കാറ്റ് നീഹാരികയിൽ പതിച്ച് ഒരു ഷോക്ക് തരംഗം ഉണ്ടാകുന്നിടമാണ്‌ നെബുലയുടെ കേന്ദ്രത്തിലെ ഏറ്റവും ചലനാത്മകമായ ഭാഗം. ഇതിന്റെ രൂപത്തിലും സ്ഥാനത്തിലും വളരെപ്പെട്ടെന്ന് മാറ്റങ്ങളുണ്ടാകുന്നു.

ജനകനക്ഷത്രം
**************
സൂപ്പർനോവയായി പൊട്ടിത്തെറിക്കുന്ന നക്ഷത്രം സൂപ്പർനോവയുടെ ജനകനക്ഷത്രം (progenitor star) എന്നറിയപ്പെടുന്നു. രണ്ട് തരം നക്ഷത്രങ്ങളാണ്‌ സൂപ്പർനോവകളാകുക : വെള്ളക്കുള്ളന്മാരും ഭീമൻ നക്ഷത്രങ്ങളും. ടൈപ് Ia സൂപ്പർനോവകളിൽ വെള്ളക്കുള്ളന്മാരുടെമേൽ പതിക്കുന്ന വാതകങ്ങൾ അതിന്റെ പിണ്ഡം വർദ്ധിപ്പിക്കുന്നു. ഇങ്ങനെ പിണ്ഡം ചന്ദ്രശേഖർ പരിധിയിലും അധികമാകുമ്പോൾ നക്ഷത്രം സൂപ്പർനോവയായി പൊട്ടിത്തെറിക്കുന്നു. ടൈപ് Ib, Ic സൂപ്പർനോവകളിൽ ജനകനക്ഷത്രം ഒരു നക്ഷത്രഭീമനാണ്‌. കാലക്രമേണ അണുസംയോജനത്തിന്‌ ആവശ്യമായ ഇന്ധനമില്ലാതെ വരുമ്പോൾ നക്ഷത്രം ചുരുങ്ങുകയും ഒടുവിൽ ഉയർന്ന താപനില കൈവരിച്ച് പൊട്ടിത്തെറിക്കുകയും ചെയ്യുന്നു. ടൈപ് Ia സൂപ്പർനോവകൾ പൾസാറുകളുടെ രൂപീകരണത്തിന്‌ കാരണമാകുന്നില്ല എന്നതിനാൽ ക്രാബ് നെബുല രണ്ടാമത്തെ തരം സൂപ്പർനോവ വഴിയാണ്‌ ഉണ്ടായതെന്ന് മനസ്സിലാക്കാം.

സൂപ്പർനോവകളുടെ സൈദ്ധാന്തികമാതൃകകളിൽ നിന്നും മനസ്സിലാക്കാനാകുന്നതനുസരിച്ച് ക്രാബ് നെബുലയുടെ ജനകനക്ഷത്രത്തിന്റെ പിണ്ഡം സൂര്യന്റെ 9-11 ഇരട്ടിയായിരുന്നു. സൂര്യന്റെ എട്ടിരട്ടിയിൽ താഴെ പിണ്ഡമുള്ള നക്ഷത്രങ്ങൾ സൂപ്പർനോവകളാകാതെ ഗ്രഹനീഹാരികകളായിമാറി തങ്ങളുടെ ജീവിതചക്രമവസാനിപ്പിക്കുമെന്നാണ്‌ കരുതിപ്പോരുന്നത്. 12 സൗരപിണ്ഡത്തിൽ കൂടുതലുള്ള നക്ഷത്രങ്ങളാകട്ടെ ക്രാബ് നെബുലയിൽ കാണപ്പെടുന്നതിൽ നിന്ന് വളരെ വ്യത്യസ്തമായ ഒരു രാസഘടനയ്ക്കാകും കാരണമായിട്ടുണ്ടാവുക.

പൾസാറിന്റെയും നെബുലയുടെയും ആകെ പിണ്ഡം ജനകനക്ഷത്രത്തിന്റെ പ്രവചിക്കപ്പെട്ട പിണ്ഡത്തെക്കാൾ വളരെ കുറവാണെന്നത് ഒരു പ്രഹേളികയാണ്‌. ഈ പിണ്ഡവ്യത്യാസം എങ്ങനെയുണ്ടാകുന്നതാണെന്ന് ഇതുവരെ തൃപ്തികരമായി വിശദീകരിക്കാനായിട്ടില്ല.. പുറത്തുവരുന്ന മൊത്തം പ്രകാശം, താപനില, സാന്ദ്രത എന്നിവയെല്ലാമുപയോഗിച്ചാണ്‌ നെബുലയുടെ പിണ്ഡം കണക്കാക്കുന്നത്. 1-5 സൗരപിണ്ഡമാണ്‌ നെബുലയുടെ പിണ്ഡം എന്നാണ്‌ ഇങ്ങനെയുള്ള കണക്കുകൂട്ടലുകളിൽ നിന്നും മനസ്സിലാകുന്നത്. 2-3 സൗരപിണ്ഡം എന്ന വിലയാണ്‌ പൊതുവെ അംഗീകരിക്കപ്പെടുന്നത്.ന്യൂട്രോൺ നക്ഷത്രത്തിന്റെ പിണ്ഡമാകട്ടെ സൂര്യന്റെ 1.4-2 ഇരട്ടി വരെയാണെന്നും അനുമാനിക്കുന്നു.

സൂപ്പർനോവ സ്ഫോടനത്തിനുമുമ്പ് നക്ഷത്രക്കാറ്റിന്റെ ഭാഗമായി ജനകനക്ഷത്രത്തിന്റെ പിണ്ഡത്തിന്റെ വലിയൊരു ഭാഗവും നഷ്ടപ്പെട്ടു എന്നതാണ്‌ പിണ്ഡവ്യത്യാസം വിശദീകരിക്കാൻ മുന്നോട്ടുവയ്ക്കുന്ന ഒരു സിദ്ധാന്തം. എന്നാൽ ഇത് ശരിയാണെങ്കിൽ നീഹാരികയ്ക്കുചുറ്റും ഒരു ഷെൽ ഉണ്ടാകേണ്ടതാണ്‌. വിവിധ തരംഗദൈർഘ്യങ്ങളിൽ നിരീക്ഷിച്ചിട്ടും ഇതുവരെ ഇങനെയൊരു ഷെൽ കണ്ടെത്താൻ സാധിച്ചിട്ടില്ല.

സൗരയൂഥവസ്തുക്കളുടെ സംതരണം
**************************
ക്രാബ് നെബുലയുടെ സ്ഥാനം ക്രാന്തിവൃത്തത്തിൽ (ഭൂമി സൂര്യനുചുറ്റും പരിക്രമണം ചെയ്യുന്ന തലം) നിന്ന് 1½ ° മാത്രം മാറിയാണ്‌. അതിനാൽ ചന്ദ്രനും ഇടയ്ക്ക് ഗ്രഹങ്ങളും നീഹാരികയ്ക്ക് മുന്നിലൂടെ കടന്നുപോകുന്നു. ഇങ്ങനെ സംതരണം, ഉപഗൂഹനം എന്നിവ സംഭവിക്കാം. സൂര്യൻ നീഹാരികയെ ഒരിക്കലും മറയ്ക്കുന്നില്ലെങ്കിലും സൂര്യന്റെ കൊറോണ ഇതിനുമുന്നിലൂടെ കടന്നുപോകാം. സംതരണങ്ങളുടെയും ഉപഗൂഹനങ്ങളുടെയും സമയത്ത് നീഹാരികയിൽ നിന്നുള്ള വികിരണത്തിൽ എന്ത് മാറ്റം വരുന്നു എന്ന് നിരീക്ഷിക്കുന്നത് വഴി നീഹാരികയെക്കുറിച്ചും അതിനുമുന്നിലൂടെ കടന്നുപോകുന്ന വസ്തുവിനെക്കുറിച്ചും കൂടുതൽ വിവരങ്ങൾ നൽകും.

നെബുലയിൽ നിന്നുള്ള എക്സ് വികിരണങ്ങളുടെ മാപ്പുണ്ടാക്കാൻ ചാന്ദ്രസംതരണങ്ങൾ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ചന്ദ്ര ഒബ്സർവേറ്ററി ഉൾപ്പെടെയുള്ള എക്സ് റേ ദൂരദർശിനികളടങ്ങിയ ബഹിരാകാശവാഹനങ്ങൾ വിക്ഷേപിക്കപ്പെടുന്നതിനുമുമ്പ് എക്സ് റേ നിരീക്ഷണങ്ങളുടെ വ്യതിരിക്തത വളരെ മോശമായിരുന്നു. എന്നാൽ ചന്ദ്രൻ അതിനുമുന്നിലൂടെ കടന്നുപോകുമ്പോൾ സ്രോതസ്സിന്റെ സ്ഥാനം വളരെ കൃത്യതയോടെ അറിയാനാകും. ഇങ്ങനെ നീഹാരികയുടെ പ്രഭയിൽ വരുന്ന മാറ്റങ്ങളിൽ നിന്ന് എക്സ് വികിരണത്തിന്റെ നല്ല മാപ്പുകളുണ്ടാക്കാൻ സാധിക്കും. ക്രാബ് നെബുലയിൽ നിന്ന് ആദ്യമായി എക്സ് രശ്മികൾ നിരീക്ഷിക്കപ്പെട്ടപ്പോൾ സ്രോതസ്സിന്റെ സ്ഥാനം മനസ്സിലാക്കിയത് ചാന്ദ്ര ഉപഗൂഹനത്തിന്റെ സഹായത്തോടെയായിരുന്നു.

ഓരോ ജൂൺ മാസവും സൂര്യന്റെ കൊറോണ ക്രാബ് നെബുലയ്ക്ക് മുന്നിലൂടെ കടന്നുപോകുന്നു. നീഹാരികയിൽ നിന്നുള്ള റേഡിയോതരംഗങ്ങളിൽ വരുന്ന വ്യതിയാനങ്ങൾ കൊറോണയുടെ സാന്ദ്രതയെയും ഘടനയെയും കുറിച്ച് വിവരങ്ങൾ നൽകുന്നു. മുമ്പ് കരുതിയിരുന്നതിനെക്കാൾ ഏറെയാണ്‌ കൊറോണയുടെ വ്യാപ്തി എന്ന് ആദ്യനിരീക്ഷണങ്ങളിൽ നിന്നുതന്നെ വ്യക്തമായി. തുടർപഠനങ്ങൾ കൊറോണയുടെ സാന്ദ്രത തീരെ ഏകമാനമല്ലെന്നും തെളിയിച്ചു.

അപൂർവമായാണെങ്കിലും ശനിയും നീഹാരികയ്ക്ക് മുന്നിലൂടെ കടന്നുപോകാം. ശനിയുടെ 2003-ലെ സംതരണം 1296-ന്‌ ശേഷം ആദ്യത്തേതായിരുന്നു. അടുത്ത സംതരണം നടക്കുക 2267-ലുമായിരിക്കും. 2003-ലെ സംതരണസമയത്ത് ചന്ദ്ര എക്സ് റേ ഒബ്സർവേറ്ററി ഉപയോഗിച്ച് ശനിയുടെ ഉപഗ്രഹമായ ടൈറ്റാനെ നിരീക്ഷിച്ചു. ടൈറ്റാന്റെ എക്സ്-റേ നിഴൽ അതിന്റെ ഖരഭാഗത്തെക്കാൾ വലുതാണെന്നാണ്‌ മനസ്സിലാക്കാൻ സാധിച്ചത്. എക്സ് രശ്മികൾ ടൈറ്റാന്റെ അന്തരീക്ഷത്തിൽ ആഗിരണം ചെയ്യപ്പെടുന്നതിനാലാണ്‌ ഇങ്ങനെ സംഭവിച്ചത്. ടൈറ്റാന്റെ അന്തരീക്ഷത്തിന്റെ ഉയരം 880 കി.m (550 mi) ആണെന്ന് ഇതിൽ നിന്ന് മനസ്സിലായി. ചന്ദ്ര വാൻ അലൻ വലയത്തിലൂടെ സഞ്ചരിക്കുകയായിരുന്നതിനാൽ ശനിയുടെ സംതരണം നിരീക്ഷിക്കാൻ സാധിച്ചിരുന്നില്ല.

ഡംബെൽ നെബുല
—————-
ജംബുകൻ രാശിയിലെ ഒരു ഗ്രഹനീഹാരികയാണ് ഡംബെൽ നെബുല (മെസ്സിയർ 27 – M27) ചാൾസ് മെസ്സിയറാണ് 1764 ജൂലൈ 12-ന് ഈ നീഹാരികയെ കണ്ടെത്തുകയും തന്റെ പട്ടികയിൽ ഇരുപത്തി ഏഴാമത്തെ അംഗമായി ഉൾപ്പെടുത്തുകയും ചെയ്തത്. ജ്യോതിശാസ്ത്രചരിത്രത്തിൽ ആദ്യമായി നിരീക്ഷിക്കപ്പെട്ട ഗ്രഹനീഹാരികയാണ് ഡംബെൽ നെബുല.

Image may contain: nightസവിശേഷതകൾ
________________
ഈ നെബുലയ്ക്ക് 3000-4000 വർഷം പ്രായം കണക്കാക്കുന്നു. ഭൂമിയിൽ നിന്ന് 1360 പ്രകാശവർഷം അകലെയായാണ് ഈ നീഹാരിക സ്ഥിതിചെയ്യുന്നത്.(അതായത് 1360 വർഷം മുൻപുള്ള നെബുലെയെയാണ് നാം ഇപ്പോൾ കാണുന്നത്. ഇപ്പോഴത്തെ നബുലയുടെ അവസ്ത്ഥയറിയാൻ 1360 വർഷം കാത്തിരിക്കണമെന്ന് സാരം)

നെബുലയുടെ കേന്ദ്രനക്ഷത്രത്തിന്റെ ദൃശ്യകാന്തിമാനം 13.5 ആണ്. അതിനാൽ അമേച്വർ ദൂരദർശിനികളുപയോഗിച്ച് കേന്ദ്രനക്ഷത്രത്തെ നിരീക്ഷിക്കുക വളരെ വിഷമമാണ്. വളരെ ഉയർന്ന താപനിലയുള്ള (85,000 കെൽവിൻ) ഒരു നീലനിറമുള്ള വെള്ളക്കുള്ളൻ നക്ഷത്രമാണിത്. ഈ നക്ഷത്രത്തിന് 6.5 ആർക്സെകന്റ് അകലെയായി പ്രകാശം കുറഞ്ഞ (ദൃശ്യകാന്തിമാനം 17) ഒരു ഇരട്ടയും ഉണ്ടാകാം.

നിരീക്ഷണം
____________
ആകാശത്തിലെ പ്രഭയേറിയതും വലിപ്പമുള്ളതുമായ ജ്യോതിശാസ്ത്രവസ്തുക്കളിലൊന്നാണിത്. M27 ന്റെ കോണീയവ്യാസം 6.8 ആർക്സെകന്റാണ്, ചന്ദ്രന്റെ കോണീയവ്യാസത്തിന്റെ അഞ്ചിലൊന്ന് വരുമിത്. ദൃശ്യകാന്തിമാനം 7.4 ആണ്. ജംബുകൻ രാശിയുടെ ഭാഗമായ നെബുല ഗ്രീഷ്മത്രികോണത്തിനുള്ളിലായാണ് സ്ഥിതിചെയ്യുന്നത്.

ഉയർന്ന ദൃശ്യകാന്തിമാനമുള്ളതിനാൽ നഗ്നനേത്രങ്ങൾ കൊണ്ട് നീഹാരികയെ നിരീക്ഷിക്കുക സാധ്യമല്ല. എന്നാൽ തെളിഞ്ഞ ആകാശത്ത് 10×50 ബൈനോകൂലറുകളുടെ സഹായത്തോടെ ഈ നെബുലയെ നിരീക്ഷിക്കാനാകും. 150-200mm വ്യാസമുള്ള ദൂരദർശിനികളുപയോഗിച്ചാൽ നെബുലയുടെ പ്രഭയേറിയ കാമ്പ് കാണാനാകും. 300mm ദൂരദർശിനിയും OIII ഫിൽട്ടറും ഉപയോഗിച്ചാൽ കാമ്പ് വ്യക്തമായി കാണാനാകും, അന്തരീക്ഷത്തിൽ പൊടിയും ടർബ്യുലെൻസുമില്ലെങ്കിൽ കേന്ദ്രനക്ഷത്രത്തെയും നിരീക്ഷിക്കാൻ സാധിക്കും.

ലഗൂൺ നെബുല
_________________
ധനു രാശിയിലെ ഒരു നീഹാരികയാണ് (നക്ഷത്രരൂപീകരണ മേഖല) ലഗൂൺ നെബുല (M8 അഥവാ NGC 6523). ഈ ഭീമൻ നക്ഷത്രാന്തരീയമേഘം ഒരു എമിഷൻ നീഹാരികയും H II (ഹൈട്രജൻ ആറ്റങ്ങൾ കൂടിച്ചേർന്ന് നക്ഷത്രങ്ങളുടെരൂപീകരണത്തിന് തുടക്കം കുറിക്കുന്നഅവസ്ത്ഥ) മേഖലയുമാണ്.

നിരീക്ഷണം
____________
1747-ൽ ഗിയോം ലെ ജെന്റിൽ ആണ് ഈ നീഹാരികയെ ആ ദ്യമായി നിരീക്ഷിച്ചത്. നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കുന്ന ചുരുക്കം നക്ഷത്രരൂപീകരണനീഹാരികകളിലൊന്നാണിത്. ചാൾസ് മെസ്സിയർ തന്റെ പട്ടികയിൽ ഇതിനെ എട്ടാമത്തെ അംഗമായി ചേർത്തു.

No photo description available.ബൈനോകൂലറുകൾ ഉപയോഗിച്ചാൽ ഇതിനെ അണ്ഡാകാരമുള്ള മേഘരൂപത്തിൽ കാണാൻ സാധിക്കും. പ്രകാശം കുറഞ്ഞ ഒരു താരവ്യൂഹത്തിന്റെ പശ്ചാത്തലത്തിലാണ് നീഹാരിക സ്ഥിതിചെയ്യുന്നത്. ഉയർന്ന എക്സ്പോഷർ ഉള്ള ചിത്രങ്ങളിൽ പിങ്ക് നിറത്തിൽ കാണാനാവുമെങ്കിലും ബൈനോകൂലറുകളുടെയോ ദൂരദർശിനികളുടെയോ സഹായത്തോടെ കണ്ണുകൾ കൊണ്ട് നോക്കിയാൽ ചാരനിറമേ കാണാനാവൂ, വെളിച്ചം കുറഞ്ഞിരിക്കുന്ന അവസ്ഥയിൽ നിറങ്ങൾ ശരിക്ക് മനസ്സിലാക്കാൻ കാഴ്ചയുടെ പരിമിതിയാണ് ഇതിന് കാരണം.

സവിശേഷതകൾ
_________________
ഭൂമിയിൽ നിന്ന് 4000-6000 പ്രകാശവർഷമാണ് നീഹാരികയുടെ ദൂരം. 90’×40′ കോണളവിൽ ദൃശ്യമാകുന്ന നീഹാരികയുടെ യഥാർത്ഥ വലിപ്പം 110×50 പ്രകാശവർഷമാണ്. പ്രാഗ്നക്ഷത്രദ്രവ്യത്തിന്റെ ഇരുണ്ട, ചുരുങ്ങുന്ന മേഘങ്ങളായ ബോക് ഗ്ലോബ്യൂളുകൾ ലഗൂൺ നെബുലൽ കാണാനാകും. ഇവയിൽ പ്രധാനപ്പെട്ടവ ബർണാഡിന്റെ പട്ടികയിലെ B88, B89, B296 അംഗങ്ങളാണ്. ചൂടേറിയ ഒരു O തരം നക്ഷത്രം പുറപ്പെടുവിക്കുന്ന അൾട്രാവയലറ്റ് വികിരണം നീഹാരികയെ ചൂടാക്കുകയും അയണീകരിക്കുകയും ചെയ്യുന്നതിനാൽ രൂപമെടുത്ത ഫണലിന്റെ ആകൃതിയിലുള്ള ഒരു ഘടനയും M8ൽ കാണാം.

ലഗൂൺ നെബുലന്റെ കേന്ദ്രത്തിൽ ജോൺ ഹെർഷൽ അവർഗ്ലാസ് നെബുല എന്ന് നാമകരണം ചെയ്ത ഒരു ഘടനയുമുണ്ട് (മഷികം രാശിയിലെ അവർഗ്ലാസ് നെബുലയുമായി ഇതിന് ബന്ധമില്ല). 2006-ൽ ആദ്യമായി ഹെർബിഗ്-ഹാരോ വസ്തുക്കൾ നിരീക്ഷിക്കപ്പെട്ടത് അവർഗ്ലാസിനകത്താണ്. നക്ഷത്രരൂപീകരണം ആദ്യമായി നേരിട്ട് നിരീക്ഷിക്കാൻ സാധിച്ച HH 870 ഇവയിൽപ്പെടുന്നു.

ഈഗിൾ നെബുല
——————
ജ്യോതിർവസ്തുക്കളിൽ ഏറ്റവും പ്രസിദ്ധമായതും വിശകലനം നടന്നതുമായ ഒന്നാണ്‌ ഈഗിൾ നെബുല,(M 16) സർപ്പമണ്ഡലം നക്ഷത്രരാശിയിലെ (constellation Serpens) പ്രായം കുറഞ്ഞ നക്ഷത്രകുഞ്ഞുങ്ങളുടെ കൂട്ടമാണ്‌ ഈ നെബുല. 1745-46 കാലയളവിൽ ജീൻ ഫിലിപ്പ് ഡി ഷെസൂസ് എന്നയളാൺ ഇതിനെ ആദ്യമായി നിരീക്ഷണവിധേയമാക്കിയത്. ഇത് ഭൂമിയിൽ നിന്ന് ഏകദേശം 7,000 പ്രകാശ വർഷങ്ങൾ അകലെയാണ്‌, ഇതിലുള്ള ഏറ്റവും തിളക്കമുള്ള നക്ഷത്രത്തിന്റെ പ്രകാശമാനം 8.24 ആണ്‌.Image may contain: people standing and text

1995 ൽ ഹബിൾ ബഹിരാകാശ ദൂരദർശിനി ഈഗിൾ നെബുലയുടെ കൂടുതൽ വ്യക്തമായ ചിത്രങ്ങൾ നൽകിയതോടെ ഈ നെബുലയിൽ നടക്കുന്ന പ്രവത്തനങ്ങളെ പറ്റിയുളള കൂടുതൽ അറിവുകൾ ജ്യോതിർശാസ്ത്രജ്ഞന്മാർക്ക് ലഭിക്കുകയുണ്ടായി. ഈഗിൾ നെബുലയിലുള്ള “സൃഷ്ടിയുടെ തൂണുകൾ” എന്നറിയപ്പെടുന്ന മേഖലയിൽ അനേകം നക്ഷത്രങ്ങൾ പിറവികൊള്ളുന്നു.

Advertisements
Previous articleവെള്ളംകോരികളും വിറകുവെട്ടികളും
Next articleസൗരയൂഥത്തിലൂടെ ഒരു സഞ്ചാരം
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.