രാജേഷ് ശിവ
ബിജു സി ദാമോദരൻ രചനയും സംവിധാനവും നിർവഹിച്ച ‘ബസന്തി’ കണ്ടുകഴിയുമ്പോൾ ആരായാലും മനസ് കൊണ്ടെങ്കിലും ഒന്ന് കരഞ്ഞുപോയേക്കാം. അത്രമാത്രം ആർദ്രവും ശക്തവും തീവ്രവുമായ ഒരു ആശയമാണ്. ഇവിടെ മാനവികതയുടെയും മനുഷ്യത്വത്തിന്റെയും സമ്മേളനമാണ് കാണാൻ സാധിക്കുന്നത്. അതിലെല്ലാമുപരി മറ്റുചില മാനങ്ങളും ഈ സിനിമയ്ക്കുണ്ട് എന്ന് പറയാതെ വയ്യ. ‘പെയ്ത്ത്’, ‘ദി ബിയോണ്ട്’ , ‘പൊക ‘പോലുള്ള ആശയങ്ങൾ നമുക്ക് നൽകിയ ബിജു സി ദാമോദരൻ മറ്റൊരു മനോഹരമായ സൃഷ്ടികൂടി പ്രേക്ഷകർക്കായി നൽകുമ്പോൾ ആസ്വാദകരുടെ വാനോളമുള്ള പ്രതീക്ഷ സംരക്ഷിക്കപ്പെടുക തന്നെയാണ് ചെയുന്നത്. അദ്ദേഹത്തിന്റെ സിനിമകളിൽ എല്ലാം തന്നെ സഹജീവിസ്നേഹവും വിശാലമായ മാനവികതയുടെ പ്രോജ്ജ്വലിക്കുന്ന സന്ദേശങ്ങളും കാണാൻ സാധിക്കും. കാലഘട്ടത്തിന്റെ ആവശ്യകത മനസിലാക്കി സിനിമയെടുക്കാൻ സാധിക്കുമ്പോഴാണ് ഒരു ഫിലിം മേക്കർ അവിടെ വിജയിക്കുന്നത്. ആശയം മാത്രം മതിയോ ? അത് മനുഷ്യഹൃദയങ്ങളിലേക്കു അത്രമാത്രം ആഴ്ന്നിറങ്ങാൻ സാധിക്കുകയും വേണം. അത് കലയാണ്. ഒരു സൃഷ്ടിയിൽ ആശയവും കലയും മനോഹരമായി സന്നിവേശിക്കപ്പെടുമ്പോൾ ആ സൃഷ്ടി കാലത്തിന്റെ ഷെൽഫിൽ എന്നും സുഭദ്രമായി നിലനിൽക്കുന്നു. ബസന്തി ഏറെക്കാലം ചർച്ച ചെയ്യാൻ ആർഹതയുള്ള ഒരു മൂവിയാണ് .
പുഴുവരിക്കുന്ന ഭക്ഷണം കഴിക്കാൻ വിധിക്കപ്പെട്ടൊരു സമൂഹമുണ്ട് ലോകമെങ്ങും. വിശപ്പ് ഒരു വ്യാളിയെ പോലെ ശരീരത്തിൽ തീതുപ്പുമ്പോൾ അറപ്പുകളും വെറുപ്പുകളും മറന്നുപോകുന്നു മനുഷ്യർ. അതിജീവനമാണ് വലുതെന്ന ചിന്തയിൽ അവർ എന്തും കഴിക്കാൻ വിധിക്കപ്പെട്ടവരാകുന്നു. ലോകത്തെ ദരിദ്ര സമൂഹങ്ങളിൽ ഈ കാഴ്ച ഒരു പതിവാകുമ്പോൾ എന്താണതിന്റെ പരിഹാരം എന്ന് ആരായുകയോ മറുപടി തേടുകയോ ചെയുക എന്നത് അതീവദുഷ്കരം തന്നെയാണ്. ലോകമാനവർ പാഴാക്കി കളയുന്ന ഭക്ഷണം മതി ഈ ലോകത്തിനു മുഴുവൻ വിശപ്പകറ്റാൻ എന്നതാണ് സത്യം. എന്നാലോ ആരും വിശക്കുന്നവരെ വിളിച്ചു ഭക്ഷണം വിളമ്പുകയുമില്ല. കുപ്പത്തൊട്ടിയിലും എച്ചിൽകൂനകളിലും അന്നം പരതുന്നവർ കാലഘട്ടത്തെ തന്നെ പുച്ഛിക്കുകയാണ്. ഇവിടെ ഭരണകൂടങ്ങളും വിവിധ ജനജാതി സമൂഹങ്ങളും ഒരുപോലെ കുറ്റംചെയ്തവരാകുന്നു.
ബസന്തി ലോകമെങ്ങുമുള്ള വിശക്കുന്നവരുടെയും ഭവനരഹിതരുടെയും മാത്രമല്ല അരക്ഷിതരായവരുടെയും പ്രതിനിധിയാണ്. അവളിൽ ലോകത്തെ ദുരിതങ്ങൾ മുഴുവൻ ഇരമ്പുകയാണ്. പക്ഷെ ആരോടും പരിഭവമില്ലാതെ മൗനമായി അവൾ ഒരു നേരത്തെ അന്നം തേടിയിറങ്ങുകയാണ്. വഴിയോര ഭക്ഷണശാലകളിൽ സുഗന്ധം വമിപ്പിക്കുന്ന മാംസവിഭവങ്ങളെ നോക്കി അവൾ നെടുവീർപ്പിടുകയാണ്. അവളുടെ മനസ്സിൽ അവൾ മാത്രമല്ല , ആഹാരം ചുണ്ടിലൊതുക്കി വരുന്ന പക്ഷിയെ കാത്തിരിക്കുന്ന ഒരു കുടുംബം തന്നെയുണ്ട്. എന്നാലോ അവളുടെ വഴികളിലുടനീളം തന്റെ ദുരിതങ്ങളുടെ ഘോഷയാത്രയാണ് , അത് നയിക്കുന്നതാകട്ടെ എവിടെയും കാമം തേടുന്ന ചെന്നായ്ക്കൾ. തെരുവുകളിൽ അലഞ്ഞു കിട്ടിയ അല്പഭക്ഷണം കൊണ്ട് അവൾ കൂട്ടിൽ ചേക്കേറുമ്പോൾ ആ ചെന്നായക്കണ്ണുകൾ അവളെ അനുഗമിക്കുന്നുണ്ടായിരുന്നു. പുറമ്പോക്കിൽ തുരുമ്പിച്ചു കട്ടപ്പുറത്തായ വണ്ടിയിൽ മഴയും കാറ്റും കൊള്ളാതെ കുടുംബത്തെ പോറ്റുന്ന അവളെ ചെന്നായ കണ്ണുകളിൽ നിന്നും രക്ഷിക്കുന്ന ശക്തി എന്താണ് ?
ആ ശക്തിയെ കുറിച്ച് പറയുമ്പോൾ ഓർമ്മവരുന്നത് കവി വിഷ്ണുപ്രസാദിന്റെ ‘കുനാന്‍ പോഷ്പോറ അഥവാ കവി മുഹമ്മദ് അലിയുടെ ആത്മകഥയിലെ ഒരു ഭാഗം’ എന്നൊരു കവിതയാണ് ഓര്മവരുന്നത്. മുഹമ്മദ് അലിയെന്ന കവിയുടെ ആത്മകഥയിലെ ഒരു ഭാഗം എന്ന നിലയ്ക്കാണ് കവിത. ശരിക്കും കഥാപാത്രങ്ങൾ സങ്കല്പികമാണ്. എന്നാലോ സങ്കലപികവുമല്ല, അവർ ഒരുപാട് ഉണ്ട് അങ്ങ് കുങ്കുമതാഴ്വരയിൽ. ഭരണകൂടത്തിന്റെ ഇരകളായി. റേപ്പ് ഒരു യുദ്ധായുധമാക്കുന്ന ലോക ഭരണകൂടങ്ങൾ സൃഷ്ടിക്കുന്ന ഇരകൾ ആണ് മുഹമ്മദ് അലിയും അവന്റെ അമ്മയും.
വിഷ്ണുപ്രസാദ് ഇങ്ങനെ പറയുന്നു “സമകാലിക കാശ്മീരി കവിതയിലെ പുതുതലമുറ എഴുത്തുകാരില്‍ ഏറ്റവും പ്രശസ്തനായ മുഹമ്മദ് അലിയുടെ അഭിമാനിക്കാന്‍ ഒന്നുമില്ല എന്ന ആത്മകഥയിലെ ഒരുഭാഗത്തിന്റെ സ്വതന്ത്ര ആഖ്യാനം.മുഹമ്മദ് അലി 1982 ല്‍ ജമ്മു കാശ്മീരിലെ കപ്‌വാര ജില്ലയിലെ കുനാന്‍ പോഷ്പോറ എന്ന ഗ്രാമത്തില്‍ ജനിച്ചു.കുനാന്‍ പോഷ്‌പോറ സംഭവം നടക്കുമ്പോള്‍ അലിക്ക് ഒന്‍പതു വയസ്സായിരുന്നു.സംഭവസമയത്ത് അദ്ദേഹത്തിന്റെ പിതാവ് അനന്തനാഗ് ജില്ലയിലെ അദ്ദേഹത്തിന്റെ വീട്ടിലായിരുന്നു.മാതാവ് റാബിയ പില്‍ക്കാലത്ത് ഈ സംഭവം മകനോട് വിവരിച്ചിട്ടുള്ളതാണ്”.
അതൊരുപക്ഷേ നമ്മിൽ ആശയക്കുഴപ്പം ഉണ്ടാക്കാം. എങ്കിലും കഥാപാത്രങ്ങൾ സാങ്കല്പികം തന്നെയാണ്. എന്നാൽ അനുദിനം അത്തരം സംഭവങ്ങൾ അരങ്ങേറുമ്പോൾ ആ കഥാപാത്രങ്ങൾ പല പേരുകളിൽ ജീവിക്കുകയും ദുരവസ്ഥകൾ അനുഭവിക്കുകയും ചെയ്യുകയാണ്. ബസന്തിയും റാബിയയും തമ്മിൽ എന്ത് ബന്ധമെന്നാകും അല്ലെ ? കുനാനിലെയും പോഷ്പോറയിലെയും ആണുങ്ങളെ മുഴുവൻ സൈന്യം പിടിച്ചുകൊണ്ടുപോകുകയും സ്ത്രീകളെ റേപ്പ് ചെയുകയും ചെയുമ്പോൾ റാബിയ രക്ഷപെട്ടത് സ്വന്തം വിസർജ്ജ്യം കാരണമായിരുന്നു
‘പട്ടാളക്കാരുടെ അലര്‍ച്ചകളും ബൂട്ടൊച്ചകളും കുറച്ചുപട്ടാളക്കാര്‍ നമ്മുടെ വീട്ടിലും കയറി അവര്‍ എല്ലാ മുറികളിലും കയറി പരിശോധിക്കാന്‍ തുടങ്ങി കോണിപ്പടി കയറി ഒരാള്‍ മുകളിലേക്ക് വരുന്ന ശബ്ദവും കേട്ടു.ഭയത്താല്‍ ബോധശൂന്യയാവുമെന്ന് എനിക്കു തോന്നി.അറിയാതെ എന്റെ ഉടുതുണിയിലാകെ മലം വിസര്‍ജ്ജിച്ചു. ഞാനെന്റെ മലം രണ്ടു കൈകളിലുമെടുത്ത് മുഖത്തും മുടിയിലും മുലകളിലും എന്നല്ല ,ശരീരമാകെ പുരട്ടി.എന്തിനാണ് ഞാനങ്ങനെ ചെയ്യുന്നതെന്ന് എനിക്കറിയില്ലായിരുന്നു.കോണിപ്പടി കയറിവന്ന ആ പട്ടാളക്കാരനും അവന്റെ പിന്നാലെ വന്ന മറ്റുള്ളവരും മേലാകെ തീട്ടം പുരണ്ട എന്നെ കണ്ട് കാര്‍ക്കിച്ചു തുപ്പി മൂക്കുപൊത്തി അതിവേഗം ഇറങ്ങിപ്പോയി. സ്വന്തം മലമായിരുന്നു അലീ എന്റെ കാവല്‍ക്കാരന്‍ .നൂറുകണക്കിന് സ്ത്രീകള്‍ക്ക് അവരുടെ മാനം നഷ്ടപ്പെട്ടപ്പോള്‍ നിന്റെ അമ്മ രക്ഷപ്പെട്ടുവെന്നതില്‍ അഭിമാനിക്കാന്‍ ഒന്നുമില്ല അലി അഭിമാനിക്കാന്‍ ഒന്നുമില്ല.’ (കുനാന്‍ പോഷ്പോറ അഥവാ കവി മുഹമ്മദ് അലിയുടെ ആത്മകഥയിലെ ഒരു ഭാഗം)
ബസന്തി ബൂലോകം ടീവി ഒടിടിയിൽ കാണാം
റാബിയ വിസർജ്ജ്യം കൊണ്ട് രക്ഷപെടുമ്പോൾ ബസന്തി വിശപ്പുകൊണ്ടാണ് രക്ഷപ്പെടുന്നത്. എന്നാൽ രണ്ടു സംഭവങ്ങൾക്കുമുള്ള കാതലായ വ്യത്യാസം മാനസാന്തരവും അതില്ലായ്മയുമാണ്. റാബിയയെ പിച്ചിച്ചീന്താൻ വന്നവർ മേലാകെ മലം പുരണ്ട അവളെ കാണുമ്പൊൾ അറപ്പോടെ പിന്തിരിയുന്നു. എന്നാൽ ബസന്തിയുടെ അവസ്ഥകണ്ട് പിന്നാലെ കൂടിയവനിൽ സംഭവിക്കുന്നത് ഒരു യഥാർത്ഥ മനുഷ്യനിലേക്കുള്ള മനസാന്തരമാണ്. മലം നൽകുന്ന അറപ്പും വിശപ്പ് നൽകുന്ന സഹാനുഭൂതിയും രണ്ടു സ്ത്രീകളെ രക്ഷപ്പെടുത്തുന്നു. റാബിയയ്ക്കു അഭിമാനിക്കാൻ ഒന്നുമില്ലെങ്കിലും ബസന്തിക്ക് അഭിമാനിക്കാം. കാരണം താനും കുടുംബവും അനുഭവിക്കുന്ന ഗതികേടുകൊണ്ട് ഒരു മനുഷ്യനിൽ തന്നെ മാനസാന്തരം സംഭവിക്കുന്നു. അവിടെയാണ് കാമാസക്തിയുടെ പൂർത്തീകരണത്തിൽ സംഭവിക്കുമ്പോൾ ഉള്ളതിനേക്കാൾ അയാൾക്ക് സംഭവിക്കുന്ന ‘മാനസികസ്ഖലനം’ ലോക മനുഷ്യരെ മുഴുവൻ തിരുത്താൻ പോന്ന പ്രേരക ശക്തിയാകുന്നത്. അതിലെ ബീജങ്ങൾ മനഃസാക്ഷിയുടേതായാണ്, മാനവികതയുടേതാണ്. അത് നീന്തിത്തുടക്കുന്നത് പ്രതീക്ഷാവഹമായൊരു ഭാവിയെ സൃഷ്ടിക്കാൻ പിറന്ന മനുഷ്യസ്‌നേഹത്തിന്റെ അണ്ഡത്തിലേക്ക് തന്നെയാണ്. സുഭിക്ഷതയും സുഖവും സന്തോഷവും സ്നേഹവും പ്രസവിക്കുന്ന ഗർഭപാത്രങ്ങൾ ഭരണകൂടങ്ങൾ വഹിക്കുന്ന കാലം വിദൂരമല്ലാതാകട്ടെ….
ഈ സിനിമ നിർമ്മിച്ച പ്രേമി വിശ്വാനാഥിനും രചനയും സംവിധാനവും നിർവഹിച്ച ബിജു സി ദാമോദരനും അഭിനന്ദനം അർഹിക്കുന്നു. ക്യാമറ മനോഹരമായി ചെയ്ത ജലീൽ ബാദുഷ, എഡിറ്റിങ് ചെയ്ത അഭിജിത് ഹരിശങ്കർ, സംഗീതം നിർവ്വഹിച്ച പ്രണവ്, Di നിർവഹിച്ച ലിജു പ്രഭാകർ എന്നിവർക്കും പ്രത്യകം അഭിനന്ദനങ്ങൾ.
ബിജു സി ദാമോദരൻ ബൂലോകം ടീവിയോട് സംസാരിക്കുന്നു
“2016 -17 കാലത്തു ഞാൻ ചില സിനിമാ ചർച്ചകൾക്ക് ശേഷം ഫോർട്ട് കൊച്ചിയിൽ ഒറ്റയ്ക്കിരിക്കുകയായിരുന്നു. എനിക്ക് ചെറിയ വിശപ്പും ഉണ്ടായിരുന്നു. അപ്പോഴാണ് വളയും മാലയും ഒക്കെ വിൽക്കുന്ന ഒരു ഉത്തരേന്ത്യൻ പെൺകുട്ടി എന്റെ മുന്നിൽ വന്നത്. അവൾ ഹിന്ദിയോ മറാഠിയോ എന്തോ ആണ് സംസാരിക്കുന്നത്. അവൾ കയ്യിലിരുന്ന വില്പനവസ്തുക്കൾ എന്നെ കാണിക്കുകയാണ്. അപ്പോൾ അവളുടെ വയർ കാണുന്നുണ്ടായിരുന്നു. അവളുടെ പൊക്കിൾ കാണുന്നുണ്ടായിരുന്നു. അതിലേക്കെന്റെ ശ്രദ്ധ സ്വാഭാവികമായി പോയി എന്നുതന്നെ പറയാം. ആദ്യം കണ്ടപ്പോൾ സംഭവിച്ചതിനേക്കാൾ മറ്റൊരു വികാരമാണ് എന്റെ മനസിലേക്ക് വന്നത്. അവളുടെ ഒട്ടിയ വയർ വിശപ്പിന്റെ വയർ ആയിരിക്കാം എന്നെനിക്കു തോന്നി. എന്നെകൊണ്ട് വളയും മാലയും മേടിപ്പിക്കാൻ സാധിക്കില്ല എന്ന് മനസിലായപ്പോൾ ആ പെൺകുട്ടി നടന്നുനീങ്ങി. ഞാൻ അവളെ തന്നെ നോക്കിയിരുന്നു. ആരെങ്കിലും അവളിൽ നിന്നും എന്തെങ്കിലും മേടിക്കുന്നുണ്ടോ ..അവൻ എവിടന്നു വന്നതാകും.. അവൾ എവിടേയ്ക്കാകും പോകുക .. എന്നൊക്കെ ചിന്തിച്ചുകൊണ്ട് ഞാൻ അവിടെയിരുന്നു. വിദൂരതയിൽ അവൾ പോയ് മറയുംവരെ നോക്കിയിരുന്നു.”
“അവിടെ നിന്നും ഞാൻ റൂമിലേക്ക് പോകുമ്പോൾ എല്ലാം അവൾ എന്റെ മനസ്സിൽ തന്നെ ഉണ്ടായിരുന്നു. കുറെ ദിവസങ്ങളായി അവൾ, അവളുടെ ആ ഒട്ടിയ വയറ് ..എല്ലാം എന്റെ മനസ്സിൽ തന്നെ കിടന്നു. അത് എന്റെ മനസ്സിൽ ഒരു കഥയായി…ഒരു ത്രെഡ് പോലെ രൂപപ്പെട്ടു. തെരുവിൽ ജീവിക്കുന്നൊരു പെൺകുട്ടി എന്ന കൺസപ്റ്റിലേക്കു വന്നു. പിന്നെ ഞാൻ ചിന്തിച്ചത് ഇവൾ രാത്രി എവിടെ ആയിരിക്കും… ഇവളുടെ വീട് എവിടെ ആയിരിക്കും.. അവിടെ ആരെങ്കിലുമൊക്കെ ഉണ്ടാകുമോ… എന്താകും അവളുടെ അവസ്ഥ… എന്ന ചിന്തയിലേക്ക് കഥയെ വളർത്തിക്കൊണ്ടുവന്നു. പിന്നെ എനിക്കൊരു വൺ ലൈൻ പോലെ ചില സാധനങ്ങൾ ഒക്കെ മനസ്സിൽ തോന്നി. അങ്ങനെയാണ് പിന്നെ … ഒരു രാത്രി ഈ പെൺകുട്ടി ഒറ്റയ്ക്കായാൽ ആരെങ്കിലും ഫോളോ ചെയ്യുമോ ? എന്ന തോന്നലിലേക്കു വന്നത്. പിന്നെ പല യാത്രകൾക്കിടയിൽ അവളും ആ കഥയും എന്റെ മനസ്സിൽ നിന്നും പോയി.”
“എന്റെ മറ്റൊരു ഷോർട്ട് ഫിലിം ആയ ‘ദി ബിയോണ്ട്’ പ്രൊഡ്യൂസ് ചെയ രാജീവേട്ടനൊപ്പം ഒരുദിവസം യാത്ര ചെയ്തപ്പോൾ ഞാൻ ആ ത്രെഡ് പറഞ്ഞപ്പോൾ പുള്ളിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു. അതെന്തായാലും ചെയ്യണം ഇതിൽ ഞാൻ അഭിനയിക്കാം എന്ന് പറഞ്ഞു. ഡയലോഗ്സ് ഇല്ലാത്തതുകൊണ്ട് എനിക്ക് ചെയ്യാൻ പറ്റുമെന്ന് പുള്ളി പറയുകയും ചെയ്തു. പിന്നെയും വിഷയങ്ങൾ അതിൽ നിന്നും വഴുതിപ്പോയി… പിന്നെയൊരു സിനിമ ചെയ്യാൻ വേണ്ടി ചില ചർച്ചകളും പ്രീ പ്രൊഡക്ഷൻ വർക്കുകളും മറ്റും നടക്കുമ്പോളാണ് കൊറോണ വരുന്നത് . ആ പടം ഡിലെ ആകും എന്ന ചിന്തകളും ചർച്ചകളും വന്നു. വീട്ടിലിരുന്നു സമയം കളയണ്ട എന്തെങ്കിലുമൊക്കെ എഴുതണം, പുതിയ ആശയങ്ങൾ എഴുതണം എന്ന ചിന്തയിൽ മനസിലുള്ള പല സാധനങ്ങളും പൊടിതട്ടി എടുത്തു. അപ്പോഴാണ് എന്റെ സുഹൃത്തായ ജലീൽ ബാദുഷാ എന്ന കാമറാമാൻ എന്നെ വിളിക്കുന്നത്. നമുക്കൊരുമിച്ചു എന്തെങ്കിലും ചെയ്യണമെന്നൊക്കെ സംസാരിക്കും. അപ്പോഴും ഷോർട്ട് ഫിലിം വേണ്ട സിനിമ മതി എന്ന ചിന്തയും ഉണ്ടാകും. അപ്പോഴൊക്കെ ഞാൻ മേല്പറഞ്ഞ ആ പെൺകുട്ടിയുടെ ചിന്ത മനസ്സിൽ വന്നുകൊണ്ടിരുന്നു.”
“ജലീൽ പലപ്പോഴായി നിർബന്ധിച്ചപ്പോൾ ആണ് ഇതിന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്നത്. കോവിഡ് സംബന്ധമായ, മറ്റാരും പറയാത്തൊരു വിഷയമാണ് ഞാൻ ആദ്യം ചെയ്യാൻ ഉദ്ദേശിച്ചതെങ്കിലും പിന്നീട് ആ പെൺകുട്ടിയുടെ കഥയിലേക്ക് പോകുകയാണുണ്ടായത്. അതിന്റെ ഒരു വെല്ലുവിളി മഴയത്തു മാത്രമേ അത് ഷൂട്ട് ചെയ്യാൻ സാധിക്കൂ എന്നതാണ്. മഴയും അതിലൊരു കഥാപാത്രമാണ്. മഴയില്ലാത്ത അത് ചെയ്യാൻ സാധിക്കില്ല എന്നതാണ്. ഒറ്റ ദിവസം നടക്കുന്നൊരു കഥയാണ്. മൂന്നുദിവസം സംസ്ഥാനത്തു ന്യൂനമർദം ശക്തമായിരിക്കും അതിശക്തമായ മഴിയുണ്ടാകും എന്ന വാർത്ത കൂടി വന്നപ്പോൾ ഞാൻ ജലീലിക്കയോട് പറഞ്ഞു നമുക്കാ പെൺകുട്ടിയുടെ കഥ തന്നെ ചെയ്യണം , മഴയുള്ള സമയമാണ് എന്ന്. അങ്ങനെ അത് തീരുമാനിക്കപ്പെടുന്നു.. രണ്ടുമൂന്നു ദിവസം കൊണ്ട് കാര്യങ്ങളെല്ലാം സജീകരിക്കുന്നു .”
ബിജു സി ദാമോദരൻ ശബ്‌ദരേഖ
[zoomsounds_player artistname=”BoolokamTV Interview” songname=”Biju C Dhamodharan” config=”sample–skin-wave-simple” type=”audio” dzsap_meta_source_attachment_id=”323164″ source=”https://boolokam.com/wp-content/uploads/2022/02/biju-final.ogg” thumb=”https://boolokam.com/wp-content/uploads/2021/10/BoolokamFavicon-wh.png” autoplay=”off” loop=”off” play_in_footer_player=”default” enable_download_button=”off” enable_downloads_counter=”off” download_custom_link_enable=”off” open_in_ultibox=”off”]
“അതിനുപറ്റിയൊരു പെൺകുട്ടിയെ കണ്ടെത്തുക എന്നതായിരുന്നു വലിയ വെല്ലുവിളി. ഞാനും ജലീലിക്കയും പലരെയും കാണാൻ പോകുകയും അതിൽ ഒരാൾ എനിക്ക് ബോധിക്കുകയും ചെയ്തു. ആ കുട്ടിയുടെ മാതാപിതാക്കളോട് കഥ പറയുകയും ചെയ്തു.എന്നാൽ വയർ കാണിച്ചൊക്കെ അഭിനയിക്കണം എന്ന കാര്യം വന്നപ്പോൾ ആ കുട്ടിയെ അഭിനയിക്കാൻ അവർ വിട്ടില്ല. നമ്മൾ കാണിക്കുന്നത് വിശപ്പിന്റെ വയർ ആണ്, എന്നാൽ ആസ്വാദകർ അതിനെ തെറ്റിദ്ധരിക്കും. അവിടെയാണ് കഥ വിജയിക്കുന്നത് എന്നൊക്കെ പറഞ്ഞപ്പോൾ ആ കുട്ടിയുടെ ‘അമ്മ സമ്മതിച്ചില്ല. പിന്നീട് ആണ് ഇതിൽ അഭിനയിക്കുന്ന ശ്രീഗംഗയിലേക്ക് നമ്മൾ എത്തിയത്. എന്റെയൊരു സുഹൃത്ത് വഴിയാണ് ആ കുട്ടിയെ കണ്ടെത്താൻ സാധിച്ചത്. ആ കുട്ടിയെ കണ്ടപ്പോൾ തന്നെ എനിക്ക് ബോധിച്ചു. ഇവൾ തന്നെയാണ് എന്റെ കഥയിലെ നായിക എന്ന് ഞാൻ ഉറപ്പിച്ചു. അവരോടു വിഷ്വൽ അടക്കം കഥപറഞ്ഞപ്പോൾ അച്ഛനും അമ്മയ്ക്കും ഒക്കെ വളരെ ഇഷ്ടമായി. കഥകേട്ടപ്പോൾ സിനിമ കാണുന്നതുപോലെ തോന്നിയെന്ന് അവർ പറഞ്ഞു. കഥയ്ക്ക് ആവശ്യമായതിനാൽ വയർ കാണിച്ചു അഭിനയിക്കുന്നത് പ്രശ്‌നമല്ലെന്നും ഇതൊരു ഗംഭീര കഥയാണ് എന്നും അവർ ഏകസ്വരത്തിൽ പറഞ്ഞു. അങ്ങനെ ബസന്തിക്ക് വേണ്ടി ഒരു പെൺകുട്ടി ഓക്കേ ആയതോടെ വർക്കുകൾ ഫാസ്റ്റായി.”
“ഫുൾ ഷൂട്ടിങ് രാത്രി ആയിരുന്നു. നമുക്ക് പ്രോബ്ലം ഉണ്ടായതു ന്യുനമർദ്ദം പ്രതീക്ഷിച്ചു സിനിമ ചെയ്യാനിറങ്ങിയ നമ്മളെ സമ്മർദത്തിൽ ആഴ്ത്തി കൊണ്ട് മഴയില്ലായ്മ തന്നെ ആയിരുന്നു. ടൈറ്റിൽ കാണിക്കുന്ന സമയത്ത് ആ മഴ മാത്രമാണ് നമുക്ക് ഒറിജിനൽ ആയി മഴ കിട്ടിയത്. ഒന്നര മണിക്കൂറോളം നീണ്ടുനിന്ന മഴയിൽ അത്യാവശ്യമുള്ള ചില ഷോട്ടുകളൊക്കെ എടുത്തു. എന്നാൽ ആ മഴയുടെ തുടർച്ച പ്രതീക്ഷിച്ച ഞങ്ങളെ നിരാശരാക്കികൊണ്ടു ആ മഴ പിന്നെ ലഭിച്ചില്ല. രണ്ടുദിവസത്തോളം ഷൂട്ടിങ് നിർത്തിവയ്‌ക്കേണ്ടിവന്നു. മഴയില്ലാത്ത കോമ്പ്രമൈസ് ചെയ്‌താൽ നമ്മൾ ഉദ്ദേശിച്ച ഔട്ട്പുട്ട് കിട്ടില്ല എന്നും എപ്പോഴെങ്കിലും മഴ ലഭിക്കുന്ന സാഹചര്യം വരികയാണെങ്കിൽ ചെയ്യാം എന്നും ഞാൻ എല്ലാരോടും പറഞ്ഞു. പിന്നീട് മഴ പെയ്യിക്കാൻ ടാങ്കറുകളൊക്കെ വിളിച്ചു , അങ്ങനെ ചെയ്തു എന്നിട്ടും ചില ആംഗിളുകളിൽ നോക്കുമ്പോൾ മനസിലെ പല ഫ്രയിമുകളും ഫിൽ ആകുന്നില്ല, മഴയുടെ അഭാവത്താൽ. പിന്നെ എറണാകുളത്തു നിന്നും റെയിൻ യൂണിറ്റിനെ കൊണ്ടുവന്നു. കാരണം നമ്മൾ ചെയ്യുന്നെങ്കിൽ നന്നായി ചെയ്യണം എന്ന് എനിക്ക് നിർബന്ധം ഉണ്ടായിരുന്നു. അറുപതുശതമാനം എങ്കിലും എന്റെ മനസിലുള്ള സംഗതികൾ കൊണ്ടുവരാൻ പറ്റിയില്ലെങ്കിൽ അത് ചെയ്യരുത് എന്ന് ബോധ്യമുണ്ടായിരുന്നു. അങ്ങനെ റെയിൻ ടീം വന്നു രണ്ടുദിവസം അവർ വർക്ക് ചെയ്തു. വളരെ പരിമിതമായ ക്രൂ മെമ്പേഴ്സിനെ കൊണ്ട് ആണ് നമ്മൾ നാലഞ്ച് ദിവസം കൊണ്ട് ഇത് ചെയ്തെടുത്തത് . അന്ന് കണ്ണൂർ ഒക്കെ കണ്ടൈൻമെൻറ് സോൺ ആണ്. പിന്നെ മനസിലായി കൃത്രിമമായ മഴ ആയതുകൊണ്ടുതന്നെ കുറച്ചു നന്നായി ചെയ്യാൻ പറ്റി എന്ന്. എങ്കിലും ചില പരിമിതികൾ എനിക്ക് അനുഭവപ്പെടുന്നുണ്ട് എന്നത് സത്യമാണ്. പക്കാ ഞാൻ എഴുതിവച്ചതു കിട്ടി എന്ന് അവകാശപ്പെടുന്നില്ല. എങ്കിലും നമ്മളെടുത്ത എഫർട്ട് കിട്ടി എന്നാണു ബസന്തി കണ്ടവരുടെയൊക്കെ അഭിപ്രായത്തിൽ നിന്നും വിവിധ ഫെസ്റ്റിവലുകളിൽ നിന്നും അറിയാൻ സാധിക്കുന്നത്.”
ക്യാമറ ചെയ്ത ജലീൽ ബാദുഷ ബൂലോകം ടീവിയോട് സംസാരിക്കുന്നു
“വളരെ ചെറുപ്പം മുതൽ സിനിമ എന്റെ സിരകളിൽ ഓടുന്നൊരു സംഭവം ആണ്. കണ്ണൂർ ആണ് എന്റെ സ്വദേശം . ഇപ്പോഴും സിനിമ കഴിഞ്ഞേയുള്ളൂ എനിക്ക് ബാക്കിയെല്ലാം. ഞാൻ കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തു എത്തുന്നത് പോലും സിനിമയ്ക്ക് വേണ്ടിയാണ്. അഭിനയത്തോടായിരുന്നു എനിക്ക് ആദ്യ കമ്പം. തിരുവനന്തപുരം ആണ് മലയാള സിനിമയുടെ ഈറ്റില്ലം എന്ന് ആരൊക്കെയോ പറയുന്നുണ്ടായിരുന്നു. അങ്ങനെയാണ് തിരുവനന്തപുരത്തേയ്ക്ക് വണ്ടികയറിയത്. തിരുവനന്തപുരത്തു വന്നു തമ്പാനൂർ ഇറങ്ങിയിട്ട് എങ്ങോട്ടു പോകണം എന്ന് അറിയില്ല. ആരോ ഒരാൾ ഹൊറൈസൺ ഹോട്ടൽ കാണിച്ചിട്ട് അവിടെയാണ് സിനിമാക്കാർ താമസിക്കുന്നതെന്ന് പറഞ്ഞു. ഞാൻ ഹൊറൈസൺ ഹോട്ടലിന്റെ എതിർവശത്തെ ഒരു പോസ്റ്റിനു സമീപത്തു അങ്ങനെ നിൽക്കുകയാണ്. രാവിലെ തിരുവനന്തപുരത്തെത്തിയ ഞാൻ ഉച്ചയ്ക്ക് പന്ത്രണ്ടുമണിവരെ ഹൊറൈസൺ ഹോട്ടലിനു മുന്നിൽ ഒരൊറ്റ നിൽപ്പാണ്. അപ്പോൾ ഒരാൾ വന്നെന്നെ തട്ടി വിളിച്ചു , നീ കുറേനേരമായല്ലോ ഇവിടെയിങ്ങനെ നിൽക്കുന്നത് എന്താ നിന്റെ പരിപാടി എന്ന് ചോദിച്ചു. നീ കട്ടിട്ടു വന്നതാണോ കള്ളനാണോ എന്ന് ചോദ്യം ചെയ്തു. സിനിമാ താത്പര്യം കൊണ്ടാണ് ഇവിടെ വന്നതെന്ന് പറഞ്ഞപ്പോൾ അവർക്കെന്നോട് ഒരു സിമ്പതി തോന്നി. എനിക്കവർ ആഹാരം മേടിച്ചുതന്നു. മറ്റൊരാൾ എന്നോട് പറഞ്ഞു പെട്ടന്ന് വണ്ടികയറി പോക്കൊള്ളണം എന്ന്. പിന്നെ കാലങ്ങൾ കഴിഞ്ഞു എനിക്ക് മൂന്നുനാല് ടെലിവിഷൻ സ്റ്റേറ്റ് അവാർഡുകൾ കിട്ടി. അപ്പോൾ എനിക്ക് അക്കോമഡേഷൻ ഏർപ്പെടുത്തിയത് അതെ ഹൊറൈസൺ ഹോട്ടലിൽ ആയിരുന്നു. അന്ന് പോസ്റ്റിനു സമീപത്തു നിന്ന എന്നെകൂട്ടികൊണ്ടു പോയ ആളെയാണ് അപ്പോൾ ആദ്യം ഞാൻ പോയി കണ്ടത്. രാജീവ് എന്നോ മറ്റോ ആണ് പേര്. പുള്ളി ഇപ്പോൾ മരിച്ചുപോയി. പുള്ളിക്ക് ആദ്യം മനസിലായില്ല, കാര്യം പറഞ്ഞപ്പോൾ അദ്ദേഹം എന്നെ ഓർത്തെടുത്തു. പുള്ളി എന്നോട് പറഞ്ഞൊരു വാചകമുണ്ട്. നിന്റെ ഡെഡിക്കേഷൻ ഒന്നുകൊണ്ടു മാത്രമാണ് നീ സിനിമയിൽ എത്തിയത് എന്ന്.”
“സംവിധായകൻ Sherreyയുടെ ആദിമദ്യാന്തം ആണ് ആദ്യ സിനിമ. ഞാൻ പതിനൊന്നോളം സിനിമ ചെയ്തു. അതിൽ സ്റ്റേറ്റ് അവാർഡുകൾ കിട്ടിയ സിനിമകളുണ്ട് നാഷണൽ അവാർഡ് കിട്ടിയ സിനിമകളുണ്ട് .ഇപ്പോൾ ഒരു പടത്തിന്റെ വർക്ക് കഴിഞ്ഞു ‘അന്ത്രു ദി മാൻ ‘. പിന്നെ രണ്ടുമൂന്നു പ്രോജക്റ്റ് പറഞ്ഞിട്ടുണ്ട്. അതെല്ലാം നടക്കുമെന്ന് പ്രതീക്ഷിക്കുന്നു.”
ജലീൽ ബാദുഷ ശബ്‌ദരേഖ
[zoomsounds_player artistname=”BoolokamTV Interview” songname=”Jaleel Badhusha” config=”sample–skin-wave-simple” type=”audio” dzsap_meta_source_attachment_id=”323164″ source=”https://boolokam.com/wp-content/uploads/2022/02/jaleel-final.ogg” thumb=”https://boolokam.com/wp-content/uploads/2021/10/BoolokamFavicon-wh.png” autoplay=”off” loop=”off” play_in_footer_player=”default” enable_download_button=”off” enable_downloads_counter=”off” download_custom_link_enable=”off” open_in_ultibox=”off”]
“ബസന്തിയെ കുറിച്ച് പറയുകയാണെങ്കിൽ …എന്നോട് ബിജു ഈയൊരു കൺസപ്റ്റ് നേരത്തെ തന്നെ പറഞ്ഞിരുന്നു. ഇതിൽ മഴ എന്നതൊരു കഥാപാത്രമാണ്. മഴ ഇല്ലെങ്കിൽ ബസന്തി നമുക്ക് ഇത്രമാത്രം നന്നായി കൊണ്ടുവരാൻ പറ്റില്ലായിരുന്നു. മഴക്കാലത്ത് ചെയ്യാനിരുന്നതായിരുന്നു. അങ്ങനെയിരിക്കെയാണ് ന്യൂനമർദ്ദം കാരണം കനത്ത മഴ വരുമെന്ന് പറഞ്ഞു കണ്ണൂർ ഒക്കെ റെഡ് അലർട്ട് പ്രഖ്യാപിക്കുന്നത്. അങ്ങനെയാണ് നമ്മൾ ബസന്തിയുടെ ഷൂട്ടിങ് തുടങ്ങിയത്. തുടങ്ങിവന്നപ്പോൾ ആദ്യത്തെ പത്തുമിനോട്ടോളം മാത്രമേ മഴ കിട്ടിയുള്ളൂ എന്നതാണ് വാസ്തവം . പിന്നെ നമ്മൾ മഴയ്ക്കുവേണ്ടി വെയിറ്റ് ചെയ്തു. അപ്പോൾ മഴ വരുന്നില്ല. ചെറിയ ടാങ്കർ കൊണ്ടുവന്നപ്പോ നമുക്ക് മഴയുടെ ആ ഫീൽ കിട്ടുന്നില്ല. പിന്നെ നമ്മൾ റെയിൻ യൂണിറ്റിനെ വിളിക്കുകയാണുണ്ടായത്. അങ്ങനെയാണ് നമ്മൾ അത് സാധിച്ചെടുത്തത്. എത്രമാത്രം അത് സക്സസ് ആയി എന്ന് അറിയില്ല. എന്റെ മനസ്സിൽ വേറൊരു രീതിയിൽ ഒക്കെയാണ് ഉണ്ടായിരുന്നത്. പക്ഷെ എന്നാലും നമ്മൾ ആ ഏരിയ മൊത്തം നനച്ചിട്ടു മഴയുടെ ഫീൽ ഉണ്ടാക്കിയാണ് ചെയ്തത്. വലിയൊരു എക്സ്പീരിയൻസ് ആയിരുന്നു. ചെറിയൊരു ക്രൂവിനെ വച്ചാണ് നമ്മൾ അത് ചെയ്തത്. പക്ഷെ സിനിമയ്‌ക്കൊക്കെ എടുക്കുന്ന എഫേർട്ട് ആണ് നമ്മൾ എടുത്തത്. ഇതിൽ പറയുന്നത് രണ്ടു വിശപ്പാണ്, ഒന്ന് മനുഷ്യന്റെ കാമവിശപ്പ് മറ്റൊന്ന് അവന്റെ യഥാർത്ഥ വിശപ്പുമാണ്. തിരിച്ചറിവുകൾ ഉണ്ടാകുമ്പോൾ ആണ് യഥാർത്ഥ മനുഷ്യൻ ആകുന്നത്.”
ബസന്തിയുടെ എഡിറ്റർ അഭിജിത് ഹരിശങ്കർ ബൂലോകം ടീവിയോട് സംസാരിക്കുന്നു
“ബസന്തിയുടെ ഡയറക്ടർ ബിജുചേട്ടനെയും ക്യാമറ ചെയ്ത ജലീൽ ചേട്ടനെയും എനിക്ക് നേരത്തെ തന്നെ അറിയാമായിരുന്നു. ഇങ്ങനെയൊരു വർക്ക് ഉണ്ടെന്നു അവർ പറഞ്ഞപ്പോൾ തന്നെ അതിന്റെ ഭാഗമാക്കണം എന്ന് എനിക്ക് ആഗ്രഹമുണ്ടായി. ആദ്യം കഥയൊന്നും കേട്ടില്ല, കാരണം അവരോടുള്ള വിശ്വാസം കൊണ്ടുതന്നെ. വന്നു ഷൂട്ടിങ് കണ്ടു. പടം കണ്ട അതെ ഫീലിൽ ആയിരുന്നു വിഷ്വൽസ് ഒക്കെ കണ്ടത്. തുടക്കം മുതൽ ഒടുക്കം വരെ താൻ എടുത്തുവച്ചതു എന്താണെന്നു ബിജുചേട്ടൻ പറഞ്ഞു തന്നിരുന്നു. എഡിറ്റിങ്ങിൽ എനിക്ക് കുറച്ചുകൂടി ഫ്രീഡം തന്നിരുന്നു. നിന്റെ ഇഷ്ടത്തിന് ഒരു സാധനം നീ ചെയുക , നിനക്ക് ഫുൾ ഫ്രീഡം തന്നിരിക്കുന്നു . എനിക്ക് എന്തെങ്കിലും സ്വതന്ത്രമായി ചെയ്യാൻ പറ്റുമോയെന്ന് ട്രൈ ചെയ്യാൻ സാധിച്ചിരുന്നു. ചെയ്തപ്പോൾ പല കറക്ഷനും വന്നിരുന്നു. ഞാൻ എക്സ്പീരിയൻസ് ആയി വരുന്നതേ ഉണ്ടായിരുന്നുള്ളൂ. ചില ഷോട്ട് അങ്ങനെ മാറ്റണം ഇങ്ങനെ മാറ്റണം എന്നൊക്കെ ബിജു ചേട്ടൻ പറഞ്ഞു തന്നിരുന്നു. സംവിധായകനും ക്യാമറാമാനും ഉദ്ദേശിച്ച ലെവലിലേക്കു എത്തിക്കാനുള്ള ഒരു ശ്രമം തന്നെയായിരുന്നു എഡിറ്റിങ്. എഡിറ്റിങ് പണ്ടുമുതൽക്ക് തന്നെ എനിക്കിഷ്ടമായിരുന്നു. ബസന്തി ചെയ്തപ്പോൾ തോന്നിയത്, നമ്മൾ എവിടെയെങ്കിലും പോയി പഠിക്കുന്നതിനേക്കാൾ നല്ലത് ഒരു വർക്കിന്റെ ഭാഗമായിരുന്നുകൊണ്ടു കുറെകാര്യങ്ങൾ പഠിക്കുക എന്നതായിരുന്നു.”
“ബസന്തിയിൽ മഴയും കൂടി ഒരു കാരക്റ്റർ ആയിരുന്നല്ലോ. ഒരുപാട് എഫേർട്ട് എടുത്തിട്ടാണ് അത് ചെയ്തതെന്ന് കാണുമ്പൊൾ മനസിലാകും. എഡിറ്റർ അത് നേരിൽ കാണുന്നില്ലല്ലോ ഫൂട്ടേജ് വരുമ്പോൾ അല്ലെ കാണുന്നത്. അതൊക്കെ ഒരു കൗതുകം ആയിരുന്നു.”
“നിലവിൽ ഞാൻ ഫ്രീലാൻസ് ആയി എഡിറ്റിങ് ചെയ്യുന്നുണ്ട്. ചെറിയ രീതിയിൽ റൈറ്റിങ്ങും ഉണ്ട്. ജോബ് എന്നനിലക്കു എവിടെയും വർക്ക് ചെയ്യുന്നില്ല. ഫ്രീലാൻസ് ആയി ആണ് ചെയുന്നത് . പിന്നെ ചില ആഡ് ഒക്കെ ഡയറക്റ്റ് ചെയുന്നു. സിനിമാ ഫീൽഡിൽ പിടിച്ചു നിൽക്കണം എന്നതിന്റെ ഭാഗമായിട്ടാണ് ഞാൻ എഡിറ്റിങ് തിരഞ്ഞെടുത്തത്. ഹൈദരാബാദിൽ പോയി vfx ഉം അനിമേഷനും പഠിച്ചു.”
അഭിജിത് ഹരിശങ്കർ ശബ്‌ദരേഖ
[zoomsounds_player artistname=”BoolokamTV Interview” songname=”Abhijith Harishankar” config=”sample–skin-wave-simple” type=”audio” dzsap_meta_source_attachment_id=”323164″ source=”https://boolokam.com/wp-content/uploads/2022/02/abhi-final.ogg” thumb=”https://boolokam.com/wp-content/uploads/2021/10/BoolokamFavicon-wh.png” autoplay=”off” loop=”off” play_in_footer_player=”default” enable_download_button=”off” enable_downloads_counter=”off” download_custom_link_enable=”off” open_in_ultibox=”off”]
ബസന്തി ബൂലോകം ടീവി ഒടിടിയിൽ കാണാം
Production Vmedia Entertainments
Produced by – Premi Viswanath
Written & Directed by Biju C Dhamodharan
From the Director of award winning short film “Paith” “The beyond” “poka”
Dop Jaleel Badhusha
Di Lijuprabakar
Editing AbhijithHarishankar
Music Pranav C P
Makeup JithuPayynnur
Costume Sujithmattannur
Art Ajayanmangad
Sond Design Charanvinaik Sreegangank
Year of production 2021
Release Date 1.11.2021