‘ഞാനും തബ്‌ലീഗും’

147

Basheer CV 

‘ഞാനും തബ്‌ലീഗും’

1991 ഡിസംബർ.ക്രിസ്മസ് അവധിക്ക് കോളേജ് അടക്കുന്നതിനു രണ്ടു ദിവസം മുൻപ് ഒരു ലൈൻ ബസ്സിലെ ജീവനക്കാരുമായി വിദ്യാർത്ഥികൾ കശപിശ ഉണ്ടാക്കുന്നു. അടിപിടിയുടെ ആവേശം മൂത്ത്, വിദ്യാർത്ഥികളിൽ ചിലർ, ബസ് കയറ്റം കയറി വരുമ്പോൾ അതിനു നേരെ ടാർ വീപ്പകൾ ഉരുട്ടി വിടുന്നു. സ്വാഭാവികമായും വാഹനത്തിന് കാര്യമായ തകരാറുകൾ സംഭവിക്കുകയും അതിലേറെ സ്വാഭാവികമായി അവർ പോലീസിൽ പരാതി നൽകുകയും ചെയ്യുന്നു.പോലീസ് കേസിലെ ഒരു പ്രതി പൊതുവെ വിനീതനായ ഞാനായിരുന്നു. തൽക്കാലം ഒതുങ്ങുന്നതാണ് ബുദ്ധി എന്ന ഉപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ എങ്ങോട്ടു മുങ്ങും എന്ന് ആലോചിച്ചു നിൽക്കുമ്പോഴാണ് യാദൃശ്ചികമായി ഹിസ്റ്ററി അധ്യാപകൻ മായിന്കുട്ടി സാർ എന്നെ സമീപിക്കുന്നത്. എൻറെ കേസോ തൽക്കാലം ഉള്ള പ്രശ്നങ്ങളോ അറിഞ്ഞുകൊണ്ടല്ല അദ്ദേഹം എന്നെ സമീപിച്ചത്.

തബ്ലീഗ് ജമാഅത്ത് എന്ന ഒരു സംഭവം ഉണ്ടെന്നും കുറെ ആളുകൾ അതിൻറെ സമ്മേളനത്തിന് വേണ്ടി പത്തനംതിട്ട വരെ പോകുന്നുണ്ട് എന്നും താല്പര്യമുണ്ടെങ്കിൽ നിനക്കും ചേരാം എന്നും അദ്ദേഹം അറിയിച്ചു. പോലീസ് പിടിക്കുന്ന തിനേക്കാൾ എന്തുകൊണ്ടും നല്ലത് ഒരു സമ്മേളനത്തിന് പോകുന്നത് തന്നെയാണ് എന്ന് ഞാൻ തീരുമാനിച്ചു. പത്ത് ദിവസങ്ങളാണ് പരിപാടി. പല സ്ഥലങ്ങളിലേക്ക് യാത്ര. പല ആളുകളെ കാണാം. പള്ളികളിൽ രാപ്പാർക്കാം. ക്രിസ്മസ് വെക്കേഷൻ പൊളിക്കാം!
അങ്ങനെയാണ് ഞാനും സുഹൃത്ത് ഹമീദും സംഘത്തിൽ ചേരാൻ തീരുമാനിച്ചത്.

അറബിക് അധ്യാപികയായിരുന്ന ഹബീബ ടീച്ചറെ വഴിയിൽ വച്ചു കണ്ടപ്പോൾ ഞാൻ നന്നാവാൻ തീരുമാനിച്ച വിവരം അറിയിച്ചു.
“എനിക്ക് ഒരു കുരുത്തം കെട്ട മകനുണ്ട്, ജി ഒനേം കൂടി കൂട്ടിക്കോ” ടീച്ചർ പറഞ്ഞു.അങ്ങനെയാണ് പത്താം ക്ലാസ്കാരനായിട്ടും കോളജിനു മുന്നിൽ സ്ഥിരമായി വായ് നോക്കി നടന്നിരുന്ന ‘നാജിദ്’ നേയും കൂടെ കൂട്ടിയത്.ഞങ്ങൾ ആദ്യം പോയത്, പത്തനംതിട്ട യിലെ വടശ്ശേരിക്കര എന്ന സ്ഥലത്തുള്ള തബ്‌ലീഗ് സമ്മേളന നഗരിയിലേക്കാണ്.ബിരിയാണി, നെയ്ച്ചോർ, പോത്തെർച്ചി ഒക്കെയായി രണ്ടു ദിവസങ്ങൾ അവിടെ കുശാലാക്കി. ആകെയുള്ള ഒരു പ്രയാസം അഞ്ചു നേരവും നമസ്കരിക്കണം എന്നതായിരുന്നു. കൂട്ടത്തിലുള്ള നാജിദ് അന്ന് നല്ല തമാശക്കാരൻ ആയിരുന്നു. (ഇന്നവൻ ദുബായിക്കാരൻ ആണ്) അവസരത്തിലും അനവസരത്തിലും ഉള്ള അവന്റെ കോമഡി യാത്രയുടെ രസം വർധിപ്പിച്ചു.

അല്ലാഹു സുബ്ഹാനവുതാല ഈ ദുനിയാവിലെ മുഴുവൻ മനുഷ്യരെയും സൃഷ്ടിച്ചു പോറ്റി പരിപാലിക്കുന്നതിന്റെ വിശദമായ വിവരങ്ങൾ ഓരോ നമസ്കാരത്തിനു ശേഷവും ‘അമീർ’ പ്രസംഗിക്കാറുണ്ടായിരുന്നുവെങ്കിലും ഞങ്ങൾക്കിടയിൽ ഓരോ നേരത്തും ലഭിച്ചു കൊണ്ടിരുന്ന ബിരിയാണിയുടെ പ്രത്യേകതകളെ കുറിച്ചുള്ള ചർച്ചകൾ ആയിരുന്നു മുഖ്യമായും നടന്നിരുന്നത്.
മാറി മാറി വരുന്ന എല്ലാ പഴയതും പുതിയതുമായ സിനിമകൾ രണ്ടും മൂന്നും വട്ടം കണ്ട് അറമാദിച്ച് ജീവിച്ചു വന്ന നാജിദിന് രണ്ടു ദിവസം കഴിഞ്ഞപ്പോൾ തന്നെ മടുത്തു തുടങ്ങിയിരുന്നു.

സമ്മേളനം നടന്നു കൊണ്ടിരിക്കെ ചെറു സംഘങ്ങളായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് യാത്രാ സംഘങ്ങൾ പുറപ്പെട്ടു കൊണ്ടിരുന്നു. ഏതെങ്കിലും കൊള്ളാവുന്ന സ്ഥലത്തേക്ക് പുറപ്പെടുന്ന ഗ്രൂപ്പുകൾ ഉണ്ടോ എന്ന് ഞങ്ങൾ അന്വേഷിച്ചു കൊണ്ടിരുന്നു. അങ്ങനെയാണ് പൊന്നാനി സ്വദേശി ആസിഫ് അമീൻ നേതൃത്വം നൽകുന്ന സംഘത്തിൽ ഞങ്ങൾ ചേരുന്നത്. ഇതുവഴി മായിൻ കുട്ടി സാറുടെ ക്ലച്ചിൽ നിന്ന് തൽക്കാലം ഞങ്ങൾ മോചിതരുമായി. കോയമ്പത്തൂർ, കോടയ്ക്കാനാൽ, ഊട്ടി വഴി നിസാമുദീൻ വരെ പോകുന്ന സംഘം. ഊട്ടിയിലെ കിടുകിടാച്ചി തണുപ്പിന്റെ സുഖവും വിവിധ ഇനം ബിരിയാണികളും മാത്രമായിരുന്നു ഞങ്ങളുടെ മനസിൽ. അധിക ദൂരം ഒന്നും യാത്ര ഇല്ല. ഒരു പള്ളി വിട്ടാൽ മറ്റൊരു പള്ളി. സുബഹി നമസ്കാരം കഴിഞ്ഞാൽ കൂടിയാലോചന. സമീപ പ്രദേശങ്ങളിലെ മുസ്ലിം വീടുകൾ സന്ദർശിക്കും. പള്ളിയിലേക്ക് ക്ഷണിക്കും. നല്ല മെരുക്കത്തിൽ നമ്മളെ സ്വീകരിക്കുന്നവരെ കൂടെ കൂടാൻ പ്രേരിപ്പിക്കും. വല്ല ചായയോ ബിസ്ക്കറ്റോ ഒക്കെ തന്നാൽ അശേഷം ആർത്തി ഇല്ലാതെ അത് കഴിക്കും.

കേരളത്തിൽ പ്രത്യേകിച്ച് മലബാറിൽ എല്ലാ പള്ളികളിലും തബ്‌ലീഗ് ജമാഅത്തിന്റെ ആളുകൾക്ക് രാത്രി താമസിക്കാനുള്ള അനുവാദം ഇല്ല. തബ്‌ലീഗ് കാർ കട്ട പിഴച്ചു പോയവരാണ് എന്നാണ് സാധാരണ സുന്നി വിഭാഗത്തിൻറെ അഭിപ്രായം. എന്നാൽ തെക്കൻ കേരളത്തിലോ ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലോ കാര്യങ്ങൾ അങ്ങനെയല്ല. പള്ളികളിൽ ഇവർക്ക് വലിയ സ്വീകരണമാണ്.
തബ്‌ലീഗ് ക്കാർക്ക് അനുവാദമുള്ള പള്ളിയും അനുവാദമില്ലാത്ത പള്ളിയും തിരിച്ചറിയാൻ ഒരു എളുപ്പമാർഗം ഉണ്ട്. അനുവാദമുള്ള പള്ളിയിൽ മൂത്രപ്പുരകളേ ക്കാൾ കൂടുതൽ കക്കൂസുകൾ ഉണ്ടാവും. ധാരാളം ഭക്ഷണം കഴിക്കുകയും ഇവിടെ രാത്രി താമസിക്കുകയും ചെയ്യുന്നതുകൊണ്ടാണ് ആണ് ഇത്.

തണുത്ത പ്രഭാതത്തിൽ കാലിന്നിടയിൽ കൈകൾ തിരുകിയുള്ള ഉറക്കത്തിന് അഡിക്റ്റ് ആയി പ്പോയ ഞങ്ങൾക്ക് അതി കാലത്ത് എഴുന്നേറ്റ് സുബഹി നമസ്കരിക്കുക എന്നത് ഒരു കടുത്ത വെല്ലുവിളി ആയിരുന്നു. ഒരു ദിവസം കാലത്തെ യുള്ള കൂടിയാലോചന നടക്കുകയാണ്. എല്ലാവരോടും അവരവരുടേതായ അഭിപ്രായങ്ങൾ പറയാൻ അമീർ ആവശ്യപ്പെട്ടു. മാന്യനും പതിയെ സംസാരിക്കുന്നവനും എല്ലാവരെയും സ്നേഹത്തോടെ പരിഗണിക്കുന്ന ആളുമായിരുന്നു ആസിഫ് അമീൻ സാഹബ്. നാജിദ് വളരെ പുരോഗമന പരവും ക്രിയാത്മകവുമായ ഒരു നിർദ്ദേശം മുന്നോട്ടു വച്ചു.”ഉസ്താദേ, മോശപ്പെട്ട ആളുകളെ നന്നാക്കുന്നതിന് വേണ്ടിയാണല്ലോ നമ്മൾ ഈ പരിശ്രമം നടത്തുന്നത്. മോശപ്പെട്ട ആളുകൾ വരുന്നത് സിനിമ തീയേറ്ററിൽ ആണ്. നമുക്ക് അവിടെ പോകാം. അവരെ നന്നാക്കുകയും നമുക്ക് സിനിമ കാണുകയും ചെയ്യാം”!

കൂട്ടത്തിൽ പ്രായം ചെന്ന ഒരാൾ നാജിദിനെ ശാസിച്ചു. അദബ് കേടാണ് ഈ പറച്ചിൽ എന്ന് അദ്ദേഹം സൂചിപ്പിച്ചു. പക്ഷെ, അമീർ വഴക്കൊന്നും പറയാതെ ചിരിച്ചു കൊണ്ട് മറ്റുള്ളവരോട് അഭിപ്രായങ്ങൾ ചോദിച്ചു കൊണ്ടിരുന്നു.
അന്ന് രാത്രി ഇഷാ നമസ്കാരത്തിന് ശേഷം എല്ലാവരും ഒരുമിച്ചു കൂടി ഇരിക്കുമ്പോൾ അമീർ നാജിദിനോട് ഒരു കാര്യം പറഞ്ഞു.
“മോനെ, നീ ഒറ്റക്കെ കിടക്കാവൂ, ആരുടെയും കൂടെ കിടക്കരുത്”
“അതെന്താ ഉസ്താദെ?”
“കൂടെ കിടക്കുന്ന കാര്യത്തിൽ പ്രായപൂർത്തി ആവാത്ത ആണ് കുട്ടികൾക്കും സ്ത്രീകൾ ക്കും ഇസ്ളാമിൽ ഒരേ നിയമമാണ്. അതു കൊണ്ട് നീ ഒറ്റക്കെ കിടക്കാവൂ” അമീർ പറഞ്ഞു.
“ഈ പറഞ്ഞത് എനിക്ക് ആയിട്ടുണ്ട്” എന്ന് അവൻ മുറുമുറുത്തു. അമീർ അത് കേട്ട ഭാവം നടിച്ചില്ല.
ക്രിക്കറ്റ് ലൈവായി പോക്കറ്റ് റേഡിയോവിൽ കേട്ടും കാലത്തും വൈകീട്ടുമായി ചുരുങ്ങിയത് മൂന്നു പത്രങ്ങൾ ചരമക്കോളം സഹിതം വായിച്ചു തീർത്തും ഉൽബുദ്ധനായി നടന്ന കാല മാണ്. എന്നാൽ ഈ ‘അമലിന്’ ഇറങ്ങിയാൽ പിന്നെ പത്രവും ടിവിയും വാർത്തയും ഒന്നും നോക്കരുത്. എല്ലാം പടച്ചോൻ നോക്കും!

ഈരാറ്റുപേട്ട, പാലക്കാട്‌ തുടങ്ങിയ ഇട താവളങ്ങൾക്കു ശേഷം യാത്ര സംസ്ഥാനം കടന്ന് കോയമ്പത്തൂർ എത്തി. ഇഡലി, സാമ്പാർ, തമിഴ് തുടങ്ങിയ എളുപ്പത്തിൽ ദഹിക്കാത്ത സംഭവങ്ങൾ പ്രതീക്ഷിച്ച ഞങ്ങൾക്ക് അടപടലം തെറ്റി. അവിടെ ഞങ്ങളെ സ്വീകരിച്ചത് ബിരിയാണി, കൊളമ്പ്‌, ഉറുദു എന്നിവയാണ്.

“ചുട്ടു തിന്നവനേം കട്ട് തിന്നവനേം പുടിച്ചാ കിട്ടൂല” എന്ന് വെല്ലിമ്മ പറയാറുണ്ടായിരുന്നു എന്നല്ലാതെ ഇന്നത്തെ പോലെ ആൽഫാമും ശവർമ്മയും ഒന്നും അന്ന് നാട്ടിൽ ഉണ്ടായിരുന്നില്ല. എന്നാൽ കോയമ്പത്തൂരിലെ ഹനഫി / പട്ടാണികൾക്ക് ഇടയിൽ അന്നൊക്കെ ചുട്ടു തിന്നൽ വ്യാപകമായിരുന്നു. ആദ്യമായിട്ട് ആട് ചുട്ടത്‌ തിന്നത് തബ്ലീഗിന് പോയിട്ടാണ്.

സ്‌കൂളിൽ ഉപ ഭാഷയായി ഉറുദു പഠിച്ചത് കൊണ്ടും എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭാഷ എന്ന നിലയിലും അവരോട് ഉറുദു ഭാഷയിൽ സംസാരിക്കാൻ കിട്ടിയ അവസരം ഞാനും ഹമീദും പരമാവധി ഉപയോഗിച്ചു. ഉറുദു വിൽ പ്രസംഗിക്കാനുള്ള ഒരു അവസരവും ഒഴിവാക്കിയില്ല. ചുട്ട ഇറച്ചി മാത്രമല്ല, അല്ഹംദു ലില്ലാഹ്, മാഷാ അല്ലാഹു, സുബ്ഹാനല്ല, യർഹമുകല്ലാഹ്, ജസാകല്ലാഹ്… തുടങ്ങി അള്ളാനെ പണി ഏൽപ്പിക്കുന്ന അനേകം ആശംസകളും ആദ്യമായി കേൾക്കുന്നത് ഈ യാത്രയിലാണ്. ഇതിനിടയിൽ തബ്‌ലീഗ് നടത്തുന്നതിന് ആവശ്യമായാത്ര ഖുർആൻ ഹദീസ് തുടങ്ങിയവ ഞാൻ മനപാഠം ആക്കിയിരുന്നു.കോയമ്പത്തൂരിൽ രണ്ടു ദിവസം തിന്നും പ്രസംഗിച്ചും നിരപരാധികളായ മുസ്ലിംകളുടെ വീട് കയറി ആക്രമിച്ചും അങ്ങനെ കഴിഞ്ഞു. അവിടെ നിന്നും മേട്ടുപ്പാളയം വഴി കോടയ്ക്കാനാൽ ഒരു ദിവസം കഴിഞ്ഞു കൂടി. അവിടുത്തു കാർക്ക് ഇറച്ചി ചുടുന്നതിൽ വലിയ വൈദഗ്ധ്യം ഇല്ല എന്നു തോന്നി. പിറ്റേ ദിവസം ഞങ്ങൾ ഊട്ടിയിലെത്തി.

കടുത്ത തണുപ്പിൽ എഴുന്നേറ്റ് തണുത്ത വെള്ളത്തിൽ വുളു എടുക്കുക എന്ന ഐസ് ബക്കറ്റ് ചലഞ്ച് ഞങ്ങൾക്ക് വലിയ പ്രയാസമായിരുന്നു. പ്രായമായവർക്ക് വെള്ളം ചൂടാക്കി നൽകാനുള്ള ഒരു സംവിധാനം ഉണ്ടായിരുന്നു.
ഇതിലേറെ പ്രശ്നം ഉണ്ടായ മറ്റൊരു സംഭവം ഉണ്ടായിരുന്നു. ഒരാഴ്ചയോളം സിനിമ കാണാത്തത് കൊണ്ട് നാജിദ് ആകെ പരവശനായി. എന്തു വന്നാലും സിനിമ കാണണം എന്ന് അവൻ ഞങ്ങളോട് പറഞ്ഞു. ചെമ്മാട് ദര്ശനയിലെ തറ സീറ്റും വേറെ ഒന്നു രണ്ടു തിയേറ്ററുകളും അവൻ സ്വപ്നത്തിൽ കണ്ടു എന്നും പറഞ്ഞു.ഞാനും ഹമീദും ഒരുവിധം മടുത്ത മട്ടായി. നാട്ടിലെ കേസൊന്നും പ്രശ്നമില്ല എന്നു നാട്ടിൽ വിളിച്ചപ്പോൾ അറിയാൻ കഴിഞ്ഞു.ഊട്ടിയിലെ രണ്ടാം ദിവസം. കൊടും തണുപ്പിൽ എഴുന്നേറ്റ് സുബഹി നിസ്കരിച്ചു. സുബഹി കഴിഞ്ഞ ഉടൻ വലതു വശം ചരിഞ്ഞു മുഖം ഖിബ്‌ല ക്കു തിരിച്ച് കുറച്ചു നേരം മയങ്ങുന്നത് സുന്നത്താക്കിയ മുത്ത് നബിക്ക് സലാത്ത് ചൊല്ലി അമീർ കിടക്കാൻ തുടങ്ങുമ്പോൾ പള്ളി യാകെ മുഴങ്ങുന്ന ശബ്ദത്തിൽ ഒരു കരച്ചിൽ. എല്ലാവരും എഴുന്നേറ്റ് ഇരുന്നു. എക്കട്ടും മുക്കട്ടും ഇട്ട് ഉച്ചത്തിൽ കരയുന്നത് നാജിദ് ആണ്. സംസാരിക്കാൻ പോലും കഴിയാത്ത തരത്തിൽ അവൻ ഏങ്ങി ഏങ്ങി കരയുന്നു. എല്ലാവരും ചുറ്റും കൂടി. കണ്ണിൽ നിന്ന് ധാര ധാര യായി കണ്ണീർ. ഇടക്കിടെ നെഞ്ചത്ത് അടിക്കുകയും കമിഴ്ന്ന് കിടക്കുകയും ചെയ്തു. വല്ല ഷെയത്താന്റെ ഇളക്കമോ മറ്റോ ആവുമെന്ന് കരുതി കൂട്ടത്തിലുള്ള പ്രായം ചെന്നയാൾ ചെറിയ കുപ്പിയിൽ സൂക്ഷിച്ച സം സം വെളളം കൊണ്ടു വന്നു അവന്റെ നാവിൽ ഉറ്റിച്ചു.

കരച്ചിലിന്റെ പിച്ച് കൂടി.
“കാര്യം പറ മോനെ” അമീർ സ്നേഹത്തിൽ തലോടിക്കൊണ്ടു പറഞ്ഞു.
“ഇക്ക് മ്മാനെ കാങ്ങണം” മുറിച്ചു മുറിച്ച് അവൻ പറഞ്ഞൊപ്പിച്ചു.
അമീർ പറഞ്ഞ ഒരു വ്യവസ്ഥക്കും അവൻ തയ്യാറായില്ല.
ഒടുവിൽ അമീർ സമ്മതിച്ചു.
“പക്ഷെ ഒറ്റക്ക് എങ്ങനെ പോകും?” അമീർ ചോദിച്ചു.
ഞാനും ഹമീദും കോറസായി മുന്നോട്ടു നീങ്ങി നിന്നു.
“ആരെങ്കിലും ഒരാൾ നാജിദിന്റെ കൂടെ പൊയ്ക്കോ” അമീർ
“അപ്പൊ ഒരാൾ ഒറ്റക്കാവൂലെ, ന്റെ മാതിരി തന്നെ അല്ലെ ഓലും?” കരച്ചിലിനിടയിൽ നാജി ക്രമ പ്രശ്നം ഉന്നയിച്ചു.
അങ്ങനെ ഞങ്ങൾ മൂന്നു പേരും നാട്ടിൽ പോകാൻ ‘മഷൂറ’ കൂടി തീരുമാനമായി.
ഞങ്ങൾ ഊട്ടി ബസ്സ്റ്റാൻഡിൽ എത്തി. ചായയും പൂരിയും കഴിക്കാൻ ഒരു ചായ പ്പീടികയിൽ കയറി.
“നീ ശരിക്കും ഉമ്മാനെ കിനാ കണ്ടാ?” ഹമീദ് അവനോട് ചോദിച്ചു.
“പൊയ്ക്കങ്ങള്. എത്ര ദിവസമായി സിൽമ കണ്ടിട്ട്! പുറത്തിറങ്ങാൻ ഞാൻ ഇട്ട ഒരു നമ്പറല്ലേ. അതു കൊണ്ട് നിങ്ങളും കെയിച്ചിലായീലെ? ഞമ്മക്ക് ഇന്ന് ഇവിടന്നു മൂന്നു സിൽമ കാണണം. രാത്രി പോകുന്ന കെ എസ് ആർ ടി സി യില് നാട്ടിലേക്ക് പോകാം”
പഹയൻ ഒരു ഇന്തോനേഷ്യക്കാരിയെയും കെട്ടി, അന്താരാഷ്ട്ര ബിസിനസുമായി നടപ്പാണ് ഇപ്പോൾ
– ശുഭം
(ഇനി മുന്നോട്ടു പോകാൻ ചില കണ്സെന്റുകൾ വേണ്ടി വരും)