Basheer Pengattiri

സൂര്യനു ചുറ്റും ഭ്രമണം ചെയ്യുന്ന, ഗ്രഹങ്ങളെക്കാള്‍ ചെറുതും ഉല്‍ക്കകളെക്കാള്‍ വലുതുമായ ശിലാവസ്തുക്കളാണ് ഛിന്നഗ്രഹങ്ങള്‍ അഥവാ ക്ഷുദ്രഗ്രഹങ്ങള്‍(Asteroids). ഭൂരിഭാഗം ഛിന്നഗ്രഹങ്ങളും സ്ഥിതി ചെയ്യുന്നത് ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലുള്ള ഛിന്നഗ്രഹവലയം(Asteroid Belt) എന്നറിയപ്പെടുന്ന ഭ്രമണപഥത്തിലാണ്. വ്യാഴത്തിന്റെ ശക്തമായ ഗുരുത്വാകര്‍ഷണം കാരണം ഒന്നുചേര്‍ന്ന് ഒരു ഗ്രഹമാകാന്‍ കഴിയാതെപോയ പ്രപഞ്ച വസ്തുക്കളാണിവയെന്നൊരു അനുമാനമുണ്ട്. ട്രോജൻ ഛിന്നഗ്രഹങ്ങൾ, ഭൂമിയോടടുത്ത ഛിന്നഗ്രഹങ്ങൾ എന്നിങ്ങനെ സൗരയൂഥത്തിന്റെ മറ്റ് മേഖലകളിലും ഛിന്നഗ്രഹങ്ങൾ കാണപ്പെടുന്നു.

ഛിന്നഗ്രഹവലയത്തിനകത്തുള്ള രണ്ട് ഛിന്നഗ്രഹങ്ങള്‍ തമ്മിലുള്ള ദൂരം ഏകദേശം 10 മുതല്‍ 30 ലക്ഷം കി.മീ ആണ്.ആയത് കൊണ്ടു തന്നെ അവ തമ്മില്‍ കൂട്ടിയിടിക്കാനുള്ള സാധ്യത കുറവാണ്.
ചില ഛിന്നഗ്രഹങ്ങൾ ഉരുണ്ടതും ചിലത് നീളമുള്ളതുമാണ്. ചിലതിന് ഭൂമിയിലെ ഒരു നഗരത്തോളം വലിപ്പമുണ്ടാവും. ചില ഛിന്നഗ്രഹങ്ങൾക്ക് ഉപഗ്രഹങ്ങളുണ്ടാവും. ഇത്തരത്തിൽ ഉപഗ്രഹമുള്ള ഒരു ഛിന്നഗ്രഹമാണ്‌ ഭൂമിയോടടുത്ത് സ്ഥിതിചെയ്യുന്ന ഡിഡിമോസ്. ഇതിനെ ചുറ്റുന്ന ഉപഗ്രഹമാണ് ഡിമോർഫോസ്.

സമീപ ഭാവിയിൽ ഭൂമിയിലിടിക്കാൻ സാധ്യതയുള്ള ഛിന്നഗ്രഹങ്ങളെയൊന്നും ഇത് വരെ ശാസ്ത്ര ലോകം കണ്ടെത്തിയിട്ടില്ല എങ്കിലും ഭൂമിക്ക്‌ ഭീഷണിയായേക്കാവുന്ന വിധത്തില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ആയിരക്കണക്കിന് ഛിന്നഗ്രഹങ്ങളെങ്കിലുമുണ്ടെന്നാണ്‌ കരുതുന്നത്. ആധുനിക ശാസ്ത്രം അനുസരിച്ച് കഴിഞ്ഞ 250 ദശലക്ഷം വർഷങ്ങളിൽ ശരാശരി 30 ദശലക്ഷം വർഷ ഇടവേളയുള്ള ഒൻപത് തവണ ജീവജാലങ്ങളുടെ വംശനാശം സംഭവിച്ചിട്ടുണ്ട്. ഈ ദുരന്തങ്ങൾ വലിയ ഛിന്നഗ്രഹങ്ങളോ ധൂമകേതുക്കളോ ഭൂമിയിലേക്ക് പതിച്ചതുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്. 1,000 മുതൽ 10,000 വർഷത്തിലൊരിക്കൽ ഭൂമിയെ ബാധിക്കുമെന്ന് വിശ്വസിക്കപ്പെടുന്ന ചെറിയ ഛിന്നഗ്രഹങ്ങൾ ഒരു നഗരത്തെ നശിപ്പിക്കുകയോ വിനാശകരമായ സൂനാമികൾക്ക് കാരണമാകുകയോ ചെയ്യാം.

ഭൂമിയിൽ പതിക്കുന്ന ഛിന്നഗ്രഹത്തിന്റെ ഭീഷണി ഇല്ലാതാക്കാനുള്ള ഏക മാർഗം അവയെ കണ്ടെത്തി ഗതിമാറ്റിവിടുക എന്നതാണ്. നാസ പോലെയുള്ള ബഹിരാകാശ ഏജൻസികൾ ഭൂമിയ്ക്ക് ഭീഷണിയായേക്കാവുന്ന ആകാശഗോളങ്ങളെ പതിവായി നിരീക്ഷിക്കുന്നുണ്ട്. ഭൂമിയെ ലക്ഷ്യമാക്കിവരുന്ന ഛിന്നഗ്രഹങ്ങളെ വഴിതിരിച്ചുവിടുക എന്ന ലക്ഷ്യത്തോടെ നാസയും ജോൺസ് ഹോപ്കിൻസ് അപ്ലൈഡ് ഫിസിക്സ് ലബോറട്ടറിയും (എപിഎൽ) ചേർന്നുള്ള ഒരു സംയുക്ത പദ്ധതിയായിരുന്നു DART. ഈ ഭൗമപ്രതിരോധ സംവിധാനം ആദ്യ മായി പ്രയോഗിച്ചത് ഡിഡിമോസ് ഇരട്ടകളിലാണ്. ഡിഡിമോസിന്റെ ഉപഗ്രഹമായ ഡിമോർഫോസിനെ, ഒരു ബഹിരാകാശ പേടകവുമായി കൂട്ടിയിടിപ്പിച്ച് അവയുടെ ഗതി നിയന്ത്രിച്ച് ഭാവിയിൽ ഉണ്ടായേക്കാൻ സാധ്യതയുള്ള ഛിന്നഗ്രഹ ആഘാതങ്ങളെ ഒഴിവാക്കാനുള്ള സാധ്യതയാണ് ഈ ദൗത്യം പരിശോധിച്ചത്.

ഛിന്നഗ്രഹങ്ങളെക്കുറിച്ചുള്ള പഠനം സൗരയൂഥത്തിന്റെ ഉല്‍പത്തിയെക്കുറിച്ച് വെളിച്ചം വീശുമെന്നും കരുതുന്നു. ആറ് ബഹിരാകാശ ദൗത്യങ്ങള്‍ അവയെക്കുറിച്ച് പഠിക്കാനായി അയച്ചിട്ടുണ്ട്. ഏകദേശം 16.8 കിലോമീറ്റർ വ്യാസമുള്ളതും – ഭൂമിക്കടുത്തുള്ള ആദ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വസ്തുവുമായ 433 ഇറോസ് എന്ന ഛിന്നഗ്രഹത്തെ പഠിക്കാനായി1996 ൽ നാസ വിക്ഷേപിച്ച ഒരു റോബോട്ടിക് ബഹിരാകാശ പര്യവേഷണ വാഹനമാണ് NEAR Shoemaker. 2001 ഫെബ്രുവരി 12 -ന് ഷൂമാക്കർ ഛിന്നഗ്രഹത്തിന്റെ ഉപരിതലത്തിൽ സോഫ്റ്റ് ലാന്റിഗ് നടത്തുകയുണ്ടായി.ഭൂമിക്കടുത്തുള്ള ഒരു ഛിന്നഗ്രഹത്തെ ഒരു ബഹിരാകാശ പേടകം അടുത്തു സന്ദർശിക്കുന്നത് അത്തരത്തിൽ ആദ്യമായാണ്.

ഭൂമിക്ക് പുറത്ത് ജീവനെ കണ്ടെത്താനുള്ള സാധ്യതയോട് വളരെ അടുത്ത് കൊണ്ടിരിക്കുകയാണ് ശാസ്ത്ര ലോകം എന്ന് തെളിയിക്കുന്ന കണ്ടെത്തുലകളും ഈയിടെയായി പുറത്തു വന്നു.. ജപ്പാൻ എട്ടു വർഷം മുമ്പ് വിക്ഷേപിച്ച ഹയബൂസ 2 (Hayabusa2) പ്രോബ്, ബഹിരാകാശത്തുനിന്നും തിരികെ ഭൂമിയിലേക് കൊണ്ടുവന്ന ഛിന്നഗ്രഹ സാംപിളുകളിൽ ഇരുപതിലധികം അമിനോ ആസിഡുകൾ ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നു. ഭൂമിയിൽ നിന്ന് 30 കോടി കിലോമീറ്റർ അകലെയുള്ള റ്യൂഗു എന്ന ഛിന്നഗ്രഹത്തിലേക്ക് ജാപ്പനീസ് ബഹിരാകാശ ഏജൻസിയായ ജാക്സ 2014 ഡിസംബർ 3-ന് വിക്ഷേപിച്ച ദൗത്യമായിരുന്നു ഹയബൂസ 2. 2018 ജൂൺ 27 -ന് ഇത് ഛിന്നഗ്രഹത്തിലെത്തുകയും ഒന്നര വർഷത്തോളം സൗരയൂഥത്തിന്റെ ഉല്ഭവത്തളം പഴക്കമുള്ള ഈ കാർബണേഷ്യസ് ഛിന്നഗ്രഹത്തിൽ സർവേ നടത്തുകയും ചെയ്തു.

തുടർന്ന് ഛിന്നഗ്രഹത്തിൽ നിന്നും 5.4 ഗ്രാം സാമ്പിളുകൾ ശേഖരിച്ച് 2019 നവംബറിൽ അവിടെനിന്നും തിരിക്കുകയും 2020 ഡിസംബർ 5-ന് ഭൂമിയിൽ എത്തുകയും ചെയ്തു. 2021 മുതൽ ടോക്കിയോ സർവകലാശാല, ഹിരോഷിമ സർവകലാശാല തുടങ്ങിയവരുടെ സഹായത്തോടെ വലിയ പഠനങ്ങൾ ഈ സാംപിളുകളിൽ നടത്തിയിരുന്നു. ഭൂമിയിലെ ജീവന് വളരെ പ്രധാനപ്പെട്ടതാണ് അമിനോ ആസിഡുകൾ. ഛിന്നഗ്രഹങ്ങളിൽ ഇത്തരത്തിൽ അമിനോ ആസിഡുകൾ നിലനിൽക്കുന്നത്, ബഹിരാകാശത്തു നിന്നാണ് ഇത്തരം സംയുക്തങ്ങൾ ഭൂമിയിലെത്തിയതെന്ന സാധ്യതയിലേക്കാണ് വിരൽചൂണ്ടുന്നത്. അതിനാൽ തന്നെ ഇത്തരം അമിനോ ആസിഡുകൾ മറ്റു ഗ്രഹങ്ങളിലും കാണാനുള്ള സാധ്യതയുണ്ടെന്നും മറ്റു ഗ്രഹങ്ങൾ ജീവൻ വിമുക്തമാണെന്ന സിദ്ധാന്തങ്ങൾ ഇതിലൂടെ വെല്ലുവിളിക്കപ്പെട്ടിരിക്കുകയാണെന്നും ശാസ്ത്രജ്ഞർ പറയുന്നു.

ഛിന്നഗ്രഹങ്ങൾ തമ്മിലുള്ള കൂട്ടിയിടികളുടെ ഫലമായുണ്ടാകുന്ന ഖണ്ഡങ്ങൾ ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിക്കുന്ന ഉൽക്കകളായി പരിണമിക്കാം. ഭൂമിയിൽ ഇതുവരെ കണ്ടെത്തിയ 30,000 ഉൽക്കാവർഷങ്ങളുടെ 99.8 ശതമാനവും ഛിന്നഗ്രഹവലയത്തിൽ നിന്നുള്ളതാണെന്ന് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. ആകാശത്ത് വിസ്മയക്കാഴ്ച്ചയൊരുക്കുന്ന ഉൽക്കകളെ കുറിച്ചൊരു വീഡിയോ-

Leave a Reply
You May Also Like

നിശ്ചയം കഴിഞ്ഞ് ഏഴ് മാസം ഗർഭിണി ആയ ശേഷം വിവാഹം കഴിക്കുന്ന തോടർ

നിശ്ചയം കഴിഞ്ഞ് ഏഴ് മാസം ഗർഭിണി ആയ ശേഷം വിവാഹം കഴിക്കുന്ന തോടർ അറിവ് തേടുന്ന…

ചായക്കടകളും ചായയും ,സമോവറും(Samovar) മലയാളിയും തമ്മിലുള്ള ബന്ധം എന്താണ് ?

ചായക്കടകളും ചായയും ,സമോവറും(Samovar) മലയാളിയും തമ്മിലുള്ള ബന്ധം എന്താണ് ?⭐ അറിവ് തേടുന്ന പാവം പ്രവാസി…

ലോകത്തിൽ വച്ചേറ്റവും വിലയേറിയ പാനീയത്തിന്റ വിലയെത്രയെന്നു അറിയാമോ ?

ലോകത്തിൽ വച്ചേറ്റവും വിലയേറിയ പാനീയം അറിവ് തേടുന്ന പാവം പ്രവാസി ലോകത്തിൽ വച്ചേറ്റവും വിലയേറിയ പാനീയം…

ആരാണ് അഘോരികൾ ? ഇവർക്ക് അമാനുഷിക ശക്തികൾ ഉണ്ടോ ?

അറിവുകൾക്ക് കടപ്പാട്  പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാത്തഭാരതീയ സന്ന്യാസിമാരാണ് അഘോരികൾ. അഘോരമൂർത്തി എന്ന സങ്കല്പത്തിൽ ശിവനെയും…