ആദ്യമായി മനുഷ്യൻ ഒരു ആകാശഗോളത്തിന്റെ ഭ്രമണപഥം മാറ്റാൻ പോകുന്നു
Basheer Pengattiri
സൂര്യനു ചുറ്റും ഭ്രമണം ചെയ്യുന്ന, ഗ്രഹങ്ങളെക്കാള്‍ ചെറുതും ഉല്‍ക്കകളെക്കാള്‍ വലുതുമായ ശിലാവസ്തുക്കളാണ് ഛിന്നഗ്രഹങ്ങള്‍ (Asteroids). ദൂരദർശിനികളിലൂടെ നോക്കുമ്പോൾ ഇവ ഒരുപ്രകാശ കേന്ദ്രമായാണ് കാണുക. ഭൂരിഭാഗം ഛിന്നഗ്രഹങ്ങളും സ്ഥിതി ചെയ്യുന്നത് ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലുള്ള ആസ്റ്ററോയ്ഡ് ബെൽറ്റ് എന്നറിയപ്പെടുന്ന ഭ്രമണപഥത്തിലാണ്. ട്രോജൻ ഛിന്നഗ്രഹങ്ങൾ, ഭൂമിയോടടുത്ത ഛിന്നഗ്രഹങ്ങൾ എന്നിങ്ങനെ സൗരയൂഥത്തിന്റെ മറ്റ് മേഖലകളിലും ഛിന്നഗ്രഹങ്ങൾ കാണപ്പെടുന്നുണ്ട്
ചില ഛിന്നഗ്രഹങ്ങൾ ഉരുണ്ടതും ചിലത് നീളമുള്ളതുമാണ്. ചിലതിന് ഭൂമിയിലെ ഒരു നഗരത്തോളം വലിപ്പമുണ്ടാവും.ചില ഛിന്നഗ്രഹങ്ങൾക്ക് ഉപഗ്രഹങ്ങളുമുണ്ടാവും. ഇത്തരത്തിൽ ഉപഗ്രഹമുള്ള ഒരു ഛിന്നഗ്രഹമാണ് ഭൂമിയോടടുത്ത് സ്ഥിതിചെയ്യുന്ന ഡിഡിമോസ്. ഈ ഛിന്നഗ്രഹത്തെ ചുറ്റുന്ന ഉപഗ്രഹമാണ് ഡിമോർഫോസ്. ഡൈനസോറുകളുടെ വംശനാശത്തിനിടയാക്കിയ ഛിന്നഗ്രഹ പതനം ഭൂമിയിലെ നല്ലൊരു ശതമാനം ജീവജാലങ്ങളുടെയും നാശത്തിന് ഇടയാക്കിയെന്നാണ് കരുതുന്നത്.
ഒരു വലിയ ഛിന്നഗ്രഹത്തിന്റെ പതനം വിനാശകരമായ നാശത്തിലേക്ക് നയിക്കുമെന്ന വസ്തുത ഏതൊരു വിവേകമുള്ള വ്യക്തിക്കും നന്നായി മനസ്സിലാകും. ലോകത്തിലെ പ്രമുഖ രാജ്യങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞർ പതിറ്റാണ്ടുകളായി ഏറ്റവും അപകടകരമായ ബഹിരാകാശ വസ്തുക്കളുടെ ഭ്രമണപാത പിന്തുടരുന്നതും ഛിന്നഗ്രഹ ഭീഷണിയെ നേരിടാനുള്ള വഴികൾ വികസിപ്പിച്ചെടുക്കുന്നതും യാദൃശ്ചികമല്ല. ഭാവിയിൽ എന്നെങ്കിലും ഒരു ഛിന്നഗ്രഹം ഭൂമിക്ക് നേരേ വന്നാൽ അതിനെ വഴി തിരിച്ചുവിടാൻ പറ്റുമോ? ദിശാമാറ്റം പ്രായോഗികമാണോ? നിലവിലെ സാങ്കേതിക വിദ്യവച്ച് അത് ചെയ്യാൻ പറ്റുമോ ? തുടങ്ങിയ ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടെത്താൻ നാസയും ജോൺസ് ഹോപ്കിൻസ് അപ്ലൈഡ് ഫിസിക്സ് ലബോറട്ടറിയും (എപിഎൽ) ചേർന്നുള്ള ഒരു സംയുക്ത പദ്ധതിയാണ് DART.
ഭൂമിയെ ലക്ഷ്യമാക്കിവരുന്ന ഛിന്നഗ്രഹങ്ങളെ വഴിതിരിച്ചുവിടുക എന്ന ലക്ഷ്യത്തോടെ നാസ വികസിപ്പിച്ച ഈ ഭൗമപ്രതിരോധ സംവിധാനം ആദ്യ മായി പ്രയോഗിക്കുന്നത് ഡിഡിമോസ് ഇരട്ടകളിലാണ്. ഡിഡിമോസിന്റെ ഉപഗ്രഹമായ ഡിമോർഫോസിനെ, ഒരു ബഹിരാകാശ പേടകവുമായി കൂട്ടിയിടിപ്പിച്ച് ഛിന്നഗ്രഹങ്ങളുടെ ഗതി നിയന്ത്രിച്ച് ഭാവിയിൽ ഉണ്ടായേക്കാൻ സാധ്യതയുള്ള ഛിന്നഗ്രഹ ആഘാതങ്ങളെ ഒഴിവാക്കാനുള്ള സാധ്യത ഈ ദൗത്യം പരിശോധിക്കും.ഇതിനായി 10 മാസം മുമ്പ് വിക്ഷേപിച്ച ഡാർട്ട് പേടകം ഏതാനും ദിവസങ്ങൾക്കുള്ളിൽ ഛിന്നഗ്രഹവുമായി ഇടി നടക്കാൻ പോവുകയാണ്.
ഭൂമിയിൽ നിന്ന് വളരെ എളുപ്പത്തിൽ എത്തിച്ചേരാവുന്ന ഛിന്നഗ്രഹമാണ് ഡിഡിമോസ് ഭൂമിക്ക് യാതൊരു വിധത്തിലും ഭീഷണിയുയർത്തുന്ന ഛിന്നഗ്രഹങ്ങളല്ല ഡിഡിമോസും ഡിമോർഫോസും. പഠനത്തിന് വേണ്ടി മാത്രമാണ് ഈ ദൗത്യം. ഒറ്റയ്ക്ക് സഞ്ചരിക്കുന്ന ഒരു ഛിന്നഗ്രഹത്തെ വച്ച് പരീക്ഷണം നടത്തിയാൽ ഇടി ഫലം കണ്ടോ എന്നറിയാൻ ഏറെക്കാലം കാത്തിരിക്കേണ്ടി വരും എന്നത് കൊണ്ടാണ് ഡിമോർഫോസിനെ ദൗത്യത്തിനായി തെരഞ്ഞെടുത്തത്.
സമീപ ഭാവിയിൽ ഭൂമിയിലിടിക്കാൻ സാധ്യതയുള്ള ഛിന്നഗ്രഹങ്ങളെയൊന്നും ഇത് വരെ കണ്ടെത്തിയിട്ടില്ല എങ്കിലും ഭൂമിക്ക് ഭീഷണിയായേക്കാവുന്ന വിധത്തില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ആയിരക്കണക്കിന് ഛിന്നഗ്രഹങ്ങളെങ്കിലുമുണ്ടെന്നാണ് കരുതുന്നത്. നാസയുടെ ഭൗമപ്രതിരോധ സംവിധാനമായ ഡാർട്ടിനെ കുറിച്ച് കൂടുതൽ അറിയൂ..