Basheer Pengattiri

ഭൂമി ഇല്ലാതായാലും മനുഷ്യന് നിലനിൽക്കാനാവുമെന്നും മറ്റൊരു ഗ്രഹത്തിലേക്ക് താമസം മാറ്റാനാവുമെന്നും ചിന്തിക്കുന്നവർ എത്ര പേരുണ്ടാവും? എന്നാൽ, അങ്ങനെ ചിന്തിക്കുകയും അതിന് വേണ്ടി തന്റെ ജീവിതം സമർപ്പിക്കുകയും ചെയ്ത പ്രതിഭാശാലിയായ ഒരു മനുഷ്യനുണ്ട്- കഥകളിലും സിനിമയിലും മാത്രമേ നടക്കൂ എന്ന് നമ്മൾ വിശ്വസിച്ച പലകാര്യങ്ങളും അദ്ദേഹം യാഥാർഥ്യമാക്കികൊണ്ടിരിക്കുകയാണ്; ലോകത്തിലെ ഏറ്റവും ധനികനും മികച്ച സംരംഭകനും നിക്ഷേപകനും ശാസ്ത്രജ്ഞനും എഞ്ചിനീയറുമായ ഇലോൺ മസ്ക് (Elon Musk).

ആരും ചിന്തിക്കാത്ത ആശയങ്ങളാണ് ഇലോൺ മസ്കിന്റെ തലയിലുദിക്കുക. അത്തരം ഒരു ആശയമാണ് അന്യഗ്രഹങ്ങളിൽ മനുഷ്യന്റെ താമസം. ഈ ആശയത്തിന്റെ പൂർത്തീകരണത്തിന് വേണ്ടി ഇലോൺ മസ്ക് രൂപം കൊടുത്ത ബഹിരാകാശ കമ്പനിയാണ് സ്പേസ് എക്സ് ( SPACE X). സ്പേസ് എക്സ് കമ്പനിയുടെ ഓരോ വളർച്ചാഘട്ടത്തിലും മസ്കിന്റെ ചൊവ്വായാത്ര എന്ന ലക്ഷ്യത്തിലേക്കുള്ള ദൂരം കുറഞ്ഞു വരുന്നതായി കാണാം. അതിനായി മസ്ക് എടുത്ത റിസ്ക് ഈ നൂറ്റാണ്ടിൽ ആരും ധൈര്യപ്പെടാത്ത ഗണത്തിലുള്ളതാണ്. മനുഷ്യരാശിയുടെ നിലനിൽപ്പ് ഭൂമി എന്ന ചെറുഗ്രഹത്തെ മാത്രം ആശ്രയിച്ചായിരിക്കരുത് എന്നാണ് ഇലോൺ മസ്കിന്റെ നിലപാട്. മനുഷ്യൻ ഏകഗ്രഹജീവിയായി ഒതുങ്ങിക്കൂട ; പകരം ബഹുഗ്രഹജീവിയാകാൻ പരിശ്രമിക്കണം. മൾട്ടിപ്ലാനട്ടറി സ്പീഷിസ് എന്ന വാക്കുപയോഗിച്ചാണ് മസ്ക് എല്ലായിടത്തും മനുഷ്യവംശത്തെ വിശേഷിപ്പിക്കുന്നത്.

“കുറച്ചു നൂറ്റാണ്ടുകൾ പിന്നോട്ടു സഞ്ചാരിച്ചാൽ ഇന്ന് വളരെ സാധാരണമായ പലതും മാജിക് പോലെയേ നമുക്ക് തോന്നൂ. ദൂരെയുള്ള ആളുകളോട് സംസാരിക്കുക, ചിത്രങ്ങൾ അയച്ചു കൊടുക്കുക, പറക്കുക തുടങ്ങിയ കാര്യങ്ങളൊക്കെ പണ്ടുള്ളവർക്ക് മാജിക് മാത്രമായിരുന്നു” ഇന്ന് കെട്ടുകഥപോലെ തോന്നുന്ന തന്റെ ആശയങ്ങൾ നാളെ മൊബൈൽഫോണും ഇന്റർനെറ്റും പോലെ മനുഷ്യരുടെ നിത്യ ജീവിതത്തിന്റെ ഭാഗമാകും എന്ന ഉറപ്പാണ് ഇലോൺ മസ്കിന്റെ ഈ വാക്കുകളിൽ ഉള്ളത്.

ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയയിൽ 1971 ജൂൺ 28നാണ് ഇലോൺ റീവ് മസ്ക് എന്ന ഇലോൺ മസ്ക് ജനിച്ചത്. കുട്ടിക്കാലത്ത് സയൻസ് ഫിക്ഷൻ നോവലുകളും കഥാ പുസ്തകങ്ങളുമായിരുന്നു മസ്കിന്റെ കൂട്ട്. രാസവസ്തുക്കളും വൈദ്യുതിയും ഉപയോഗിച്ചുള്ള പരീക്ഷണങ്ങളായിരുന്നു അക്കാലത്തെ മറ്റൊരു പ്രധാന ഹോബി.പൊട്ടിത്തെറികളും തീ പിടുത്തവുമൊക്ക പതിവ് കാര്യങ്ങൾ. “തന്റെ കൈയിൽ – ഇപ്പോഴും എല്ലാ വിരലുകളും ബാക്കിയായതിൽ അത്ഭുതം തോന്നുന്നു ” എന്ന് മസ്ക് ഇതിനെക്കുറിച്ച് പിന്നീട് തമാശയായി പറഞ്ഞിട്ടുണ്ട് .

ഒമ്പതാം വയസ്സിൽ മസ്കിന് ഒരു കംപ്യൂട്ടർ സ്വന്തമായി ലഭിച്ചു. കംപ്യൂട്ടർ പ്രോഗ്രാമുകൾ നിർമ്മിക്കലായി പിന്നീടവന്റെ വിനോദം. പന്ത്രണ്ടാം വയസ്സിൽ മസ്ക് സ്വയം ഉണ്ടാക്കിയ കംപ്യൂട്ടർ ഗെയിം വലിയ വിലക്കാണ് വിറ്റുപോയത്. ദക്ഷിണാഫ്രിക്കയിൽ നിന്നും പതിനേഴാം വയസിൽ വെറും കൈയ്യോടെ കാനഡയിലേക്ക് വന്ന ഇലോൺ മസ്ക് ഇന്ന് ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയാണ്. പക്ഷേ, സമ്പത്തുണ്ടാക്കുക എന്നതായിരുന്നില്ല മസ്കിന്റെ പ്രധാനലക്ഷ്യം.

ആ ലക്ഷ്യം കൈവരിക്കാനുള്ള കഠിനപരിശ്രമം അദ്ദേഹത്തെ മറ്റുള്ള വ്യവസായസംരംഭകരിൽ നിന്നും വ്യത്യസ്ഥനാക്കുന്നു.1992 ൽ അമേരിക്കയിലെത്തിയ മസ്ക്ഫിസിക്സിലും സാമ്പത്തിക ശാസ്ത്രത്തിലും ബിരുതം നേടി. തന്റെ കോളേജ് വിദ്യാഭ്യാസ കാലത്ത് ധാരാളം പുസ്തകങ്ങൾ വായിച്ച മസ്ക് , തനിക്കെങ്ങനെയാണ് മനുഷ്യകുലത്തിന്റെ ഭാവിയെ സ്വാധീനിക്കുന്ന ഒരു ഘടകമാകാൻ കഴിയുക എന്ന് ഗൗരവമായി ചിന്തിച്ചു.ഇന്റർനെറ്റ്, ഊർജ്ജത്തിന്റെ പുനരുപയോഗം, ബഹിരാകാശ കോളനി വത്കരണം എന്നിങ്ങനെ മൂന്ന് ഉത്തരങ്ങളാണ് ആ മനസ്സിൽ തെളിഞ്ഞുവന്നത്. ഈ മേഖലകളിലെ ഗവേഷണത്തിനായി തന്റെ ജീവിതം ഉഴിഞ്ഞുവെക്കാൻ അദ്ദേഹം തീരുമാനിച്ചു. ഇന്ന് സ്പേസ് എക്സ് കൂടാതെ ഇലക്ട്രിക് വാഹന നിർമ്മാണ കമ്പനിയായ ടെസ് ല , അമേരിക്കയില പ്രമുഖ സൗരോർജ കമ്പനിയായ സോളാർ സിറ്റി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്ഥാപനമായ ഓപ്പൺ എ.ഐ , വൻകിട ടണൽ നിർമ്മാണ സ്ഥാപനമായ ബോറിങ് കമ്പനി തുടങ്ങിയവയുടെ തലവനും ലോകം പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന പ്രതിഭാശാലിയുമാണ് ഇലോൺ മസ്ക്.

അന്യ ഗ്രഹങ്ങളിലേക്ക് മനുഷ്യനെ അയക്കണമെങ്കിൽ അതിനു പറ്റിയ വാഹനമാണ് ആദ്യം വേണ്ടത്. കുറഞ്ഞ ചെലവിൽ അതു നിർമിക്കുക എന്ന ലക്ഷ്യവുമായി 2002ൽ അമേരിക്കയിലെ കാലിഫോർണിയയിൽ സ്പേസ് എക്സ്പ്ലൊറേഷർ എന്ന സ്പേസ് എക്സ് സ്ഥാപിച്ചു ഇലോൺ മസ്ക്. വിവിധ സ്വകാര്യ നിക്ഷേപകരുടെ സഹായത്തോടെ ലക്ഷക്കണക്കിന് ഡോളർ ചെലവഴിച്ച് സ്പേസ് എക്സ് ഒരു റോക്കറ്റ് നിർമിച്ചു. ഫാൽക്കൺ-1 (Falcon-1) എന്നായിരുന്നു അതിന്റെ പേര്. 2008-സെപ്തംബർ 28 ന് ഫാൽക്കൺ-1 വിജയകരമായി ബഹിരാകാശത്തെത്തി. ദ്രവ ഇന്ധനം ഉപയോഗിച്ച് ഭൂമിയുടെ ഭ്രമണപഥത്തിൽ എത്തുന്ന ആദ്യത്തെ സ്വകാര്യ റോക്കറ്റ് ആണ് ഫാൽക്കൺ-1.ഫാൽക്കൺ-9 , ഫാൽക്കൺ ഹെവി എന്നിവയാണ് ഈ ശ്രേണിയിലെ മറ്റു റോക്കറ്റുകൾ.ഒരു ടണ്ണിൽ താഴെ ഭാരം വഹിക്കാൻ ശേഷിയുള്ളതാണ്

ഫാൽക്കൺ-1 എങ്കിൽ, 22800 kg ഭാരവുമായി കുതിക്കാൻ ശേഷിയുള്ള ഫാൽക്കൺ-9 2010 ജൂൺ 4ന് നടന്ന ആദ്യ ശ്രമത്തിൽ തന്നെ ഇത് ലക്ഷ്യം കണ്ടു. വിവിധ കരുത്തിലുള്ള ഫാൽക്കൺ-9 റോക്കറ്റുകൾ പിന്നീട് നിർമിച്ചു. കോടികൾ ചെലവേറിയതാണ് ഓരോ റോക്കറ്റ് വിക്ഷേപണവും റോക്കറ്റുകൾ സാധാരണയായി ഒറ്റത്തവണയേ ഉപയോഗിക്കാൻ പറ്റൂ. വിമാനങ്ങൾ ഓരോ യാത്രയ്ക്കു ശേഷവും ഡിസ്പോസ് ചെയ്യേണ്ട അവസ്ഥയായിരുന്നുവെങ്കിൽ ഇന്നത്തെ വിമാനയാത്രാ ചെലവ് എത്രയാകുമായിരുന്നു?

ബഹിരാകാശയാത്രയുടെ ചെലവ് കുറക്കാൻ വിമാനങ്ങൾ പോലെ വീണ്ടും വീണ്ടും ഉപയോഗിക്കാവുന്നവ എങ്ങിനെ ഉണ്ടാക്കാമെന്ന് ഇലോൺ മസ്ക് ചിന്തിച്ചു. 2011 മുതൽ ഇതിനായി ശ്രമം തുടങ്ങിയ അദ്ദേഹം 2015 ഡിസംബറിൽ വിജയം കണ്ടു. അതാണ് ഫാൽക്കൺ-9 റോക്കറ്റ്. റോക്കറ്റുകളുടെ സഹായത്തോടെ അന്തരീക്ഷത്തിലേക്ക് ലംബമായി കുതിച്ചുയരുകയും പിന്നെ ഒരു വിമാനം കണക്കെ തിരശ്ചീനമായി റൺവേയിൽ തിരിച്ചിറങ്ങുകയും, വീണ്ടും വിക്ഷേപണത്തിന് യോഗ്യവുമായ ബഹിരാകാശ വാഹനങ്ങളാണ് സ്പേസ് ഷട്ടിലുകൾ. എന്നാൽ, റോക്കറ്റുകൾ കുത്തനെ നിർത്തി വിക്ഷേപിക്കുന്ന അതേ രീതിയിൽ തന്നെ ഭൂമിയിൽ തിരിച്ചിറക്കാനുള്ള സംവിധാനം സ്പേസ് എക്സ് ആണ് ആദ്യമായി കൊണ്ട് വന്നത്. റോക്കറ്റുകൾ തിരിച്ചിറക്കാനുള്ള പ്രത്യേക തരം സ്പേസ്പോർട്ട് ഡ്രോൺ ഷിപ്പും (Spaceport Drone ship) ഇതിനായി മസ്ക് കടലിലിറക്കി.

2018 ഫെബ്രുവരി 7 ന് സ്പേസ് എക്സ് വിജയകരമായി ബഹിരാകാശത്തെത്തിച്ച റോക്കറ്റ് ആണ് ഫാൽക്കൺ ഹെവി (Falcon heavy) ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ഏജൻസിയായ നാസയ്കുപോലും സാധിക്കാത്ത നേട്ടമാണ് സ്വകാര്യ ഏജൻസിയായ സ്പേസ് എക്സ് ഇതിലൂടെ സ്വന്തമാക്കിയത്. സൗരയൂഥത്തിന്റെ അങ്ങേയറ്റത്തുള്ള പ്ലൂട്ടോയിലേക്ക് വരെ എത്താൻ കരുത്തുള്ള റോക്കറ്റ് ആണ് ഫാൽക്കൺ ഹെവി. റോക്കറ്റിന്റെ ബൂസ്റ്ററുകളും അപ്പർ സ്റ്റേജും വീണ്ടും ഉപയോഗിക്കാനും സാധിക്കും. ഉയർന്ന വലുപ്പവും ശേഷിയുമുള്ള ഉപഗ്രഹങ്ങൾ ബഹിരാകാശത്തെത്തിക്കാൻ ഫാൽക്കൺ ഹെവിക് കഴിയും.

63,800 കി.വരെ ഭാരമുള്ള ചരക്കുകൾ ബഹിരാകാശത്തെത്തിക്കാൻ ഇതിന് സാധിക്കും. ഒരുപാട് ഉപഗ്രങ്ങള്‍ ഒന്നിച്ച് ഭ്രമണ പഥത്തിലെത്തിക്കാമെന്നതാണ് ഫാല്‍ക്കണ്‍ ഹെവിയുടെ മറ്റൊരു പ്രത്യേകത.സാധാരണ റോക്കറ്റുകൾ പരീക്ഷണ വിക്ഷേപണം നടത്തുമ്പോൾ കോണ്ക്രീറ്റ് കട്ടകളോ ഇരുമ്പ്കട്ടകളോ ഒക്കെയാണ് പേലോഡായി ബഹിരാകാശത്തേക്ക് കൊണ്ട് പോവുക. ഈസ്ഥാനത്ത് ഫാൽക്കൺ ഹെവി കൊണ്ട് പോയതാകട്ടെ ലക്ഷങ്ങൾ വിലമതിക്കുന്ന റോഡ്സ് റ്റർ സ്പോർട്സ് കാറായിരുന്നു. സ്പേസ് സ്യൂട്ട് ധരിച്ച, മനുഷ്യ രൂപത്തിലുള്ള സ്റ്റാർമാൻ എന്ന പാവയെ റോഡ്സ്റ്ററിന്റെ ഡ്രൈവിംഗ് സീറ്റിൽ ഇരുത്തിയിട്ടുമുണ്ടായിരുന്നു.

2017 സെപ്തംബറിൽ ഇലോൺ മസ്ക് പ്രഖ്യാപിച്ച മറ്റൊരു റോക്കറ്റ് പദ്ധതിയാണ് ബിഗ് ഫാൽക്കൺ റോക്കറ്റ്( BFR).ഇതിന് ഒന്നര ലക്ഷം കിലോ ഭാരവുമായി ബഹിരാകാശത്തേക്ക് കുതിക്കാനാവും. 106 മീറ്റർ ഉയരം ഉണ്ട് ഈ റോക്കറ്റിന്. മസ്ക് ന്റെ സ്വപ്ന പദ്ധതികളായ ചൊവ്വയിലെ മനുഷ്യ കോളനിക്കും ഭൂമി- ചന്ദ്രൻ ഗതാഗതത്തിനും പറ്റിയതാണ് BFR. ഭൂഖണ്ഡങ്ങളിൽ നിന്നും ഭൂഖണ്ഡങ്ങളിലേക്ക് ബഹിരാകാശം വഴി സഞ്ചാരം സാധ്യമാക്കുക എന്ന ലക്ഷ്യവുമുണ്ട് പിന്നീട് ‘സ്റ്റാർഷിപ്പ് ‘ എന്ന് പേര്മാറ്റിയ BFR പദ്ധതിക്ക്. ഈ റോക്കറ്റില്‍ ഇന്ത്യയിൽ നിന്നും അമേരിക്കയില്‍ എത്തുന്നതിന് വെറും ഒരു മണിക്കൂറിൽ താഴെ സമയം മതിയാകും. ബഹിരാകാശത്തേക്ക് മനുഷ്യരെയോ മറ്റു വസ്തുക്കളേയോ എത്തിക്കാനായി സ്പേസ് എക്സ് വികസിപ്പിച്ചെടുത്ത ബഹിരാകാശ പേടകമാണ് ഡ്രാഗൺ കാപ്സൂൾ. (DRAGON CAPSULE)ഫാൽക്കൺ-9 റോക്കറ്റ് ഉപയോഗിച്ച് 2010ൽ ഈ പേടകത്തെ വിജയകരമായി ബഹിരാകാശത്തേക്ക് വിക്ഷേപിച്ചു. ഇത് പിന്നീട് ഭൂമിയിൽ തിരിച്ചെത്തി.

https://youtu.be/H15uuDMqDK0

2012ൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിയ ഡ്രാഗൺ ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ സ്വകാര്യ വാണിജ്യ പേടകമായി . സ്പേസ് എക്സ്ന്റെ ഈ നേട്ടം അംഗീകരിച്ച നാസ ഫാൽക്കൺ 9 റോക്കറ്റും ഡ്രാഗൺ ബഹിരാകാശ വാഹനവും ഉപയോഗിച്ചുള്ള ബഹിരാകാശ യാത്രകൾക്ക് സ്പേസ് എക്സുമായി കരാറുണ്ടാക്കി.

“2040-കളോടെ 80000 പേരുടെ ഒരു കോളനി ചൊവ്വയിൽ സ്ഥാപിക്കാനാവും” എന്നാണ് ഇലോൺ മസ്കിന്റെ പ്രഖ്യാപനം. ഈ പ്രധാന ലക്ഷ്യത്തെ പിന്തുണക്കുന്നതാണ് മസ്കിന്റെ എല്ലാ പ്രധാന സംരംഭങ്ങളും. ടെസ്ലാ കമ്പനി ഒരിക്കൽ ചൊവ്വയിൽ ഓടുന്ന വാഹനങ്ങൾ കണ്ടു പിടിച്ചേക്കാം.. ചൊവ്വയിലെ ഗതാഗതം സുഗമമാക്കുന്ന മികച്ച സാങ്കേതികവിദ്യകളാണ് ഹൈപ്പർലൂപ്പ് – ബോറിങ് കമ്പനികളുടെ ഉദ്ദേശ്യം. സോളാർ സിറ്റിയുടെ ഗവേഷണങ്ങളാവട്ടെ ചൊവ്വയിൽ ഊർജ്ജം നല്കും.

മനുഷ്യന്റെ തലച്ചോറും കംപ്യൂട്ടറും തമ്മിൽ ബന്ധിപ്പിക്കുക; അങ്ങനെ മനുഷ്യന്റെ തലച്ചോറിന് കൂടുതൽ കഴിവ് നേടാൻ ആവുമെന്നും മനുഷ്യരുടെ ബുദ്ധിയും ഓർമ്മശക്തിയും വർദ്ധിപ്പിക്കാൻ സാധിക്കുമെന്നും അൽസ്ഹൈമർസ് പോലുള്ള രോഗങ്ങളെ ചെറുക്കാനാകുമെന്നും മസ്ക് കണക്കുകൂട്ടുന്നു. ഈ ലക്ഷ്യത്തോടെ മസ്ക് സ്ഥാപിച്ച കമ്പനിയാണ് ന്യൂറാലിംങ്ക് (Neuralink). എത്ര തവണ പരാജയപ്പെട്ടാലും വിജയിക്കുന്നതുവരെ ശ്രമം തുടരും; അതാണ് മസ്കിന്റെ നിശ്ചയദാർഢ്യം. ആരും ചെയ്യാത്ത അതിനൂതന പദ്ധതികൾ ഇന്ന് ചരിത്രത്തിൻ്റെ ഭാഗമാകുന്നതും ഈ നിരന്തര ശ്രമങ്ങളുടെ അനന്തര ഫലങ്ങളാണ്.

അറിവ്, ആഗ്രഹം, അഭിനിവേശം വിജയത്തിനാവശ്യമായ ഈ മൂന്നു ചേരുവകളും കൃത്യമായി സമന്വയിപ്പിച്ചു കൊണ്ട് ദീർഘവീക്ഷണത്തോടു കൂടി പദ്ധതികൾ ആസൂത്രണം ചെയ്ത്, കഠിനാധ്വാനവും നിശ്ചയദാർഢ്യവും കൊണ്ട് ലോകത്തെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുകയാണ് ഇലോൺ മസ്ക്. ലോകം മുഴുവൻ ഇന്റർനെറ്റ് സൗകര്യം നല്കാൻ ആകാശത്തുനിന്ന് WiFi കണക്ഷൻ!! ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക് (Starlink) എന്ന പദ്ധതിയെ കുറിച്ച് അറിയൂ…

Leave a Reply
You May Also Like

മനുഷ്യൻ ചന്ദ്രനിലിറങ്ങിയതിനെക്കാൾ മഹത്തായ കാൽവയ്പ്പാണ് ഹബിൾ പ്രപഞ്ചക്കാഴ്ചകളിലേക്കു വച്ചത്

സാബു ജോസ് നമ്മുടെ കണ്ണുകൊണ്ട് കാണാൻ കഴിയാത്ത അനേകം കാഴ്ചകളുണ്ട് പ്രപഞ്ചത്തിൽ. അത്രത്തോളം പരിമിതമാണ് നമ്മുടെ…

പറക്കും തളികകൾ…. സത്യങ്ങൾ പുറത്തുവരുമ്പോൾ

പറക്കും തളികകൾ…. സത്യങ്ങൾ പുറത്തുവരുമ്പോൾ തോമസ് ചാലാമനമേൽ അമേരിക്കയിലെ ന്യൂ മെക്സിക്കോ സംസ്ഥാനത്തെ റോസ്‌വെൽ പട്ടണം.…

എന്താണ് പോയിന്റ് നെമോ: സ്‌പേസ്‌ക്രാഫ്റ്റ് സെമിത്തേരി ?

✍️ Sreekala Prasad പോയിന്റ് നെമോ: സ്‌പേസ്‌ക്രാഫ്റ്റ് സെമിത്തേരി ന്യൂസിലാന്റിന്റെ കിഴക്കൻ തീരത്ത്, പസഫിക് സമുദ്രത്തിൽ…

സിനിമകളിൽ വില്ലന്മാർ ഐഫോൺ ഉപയോഗിക്കാൻ ആപ്പിൾ അനുവദിക്കാത്തത് എന്ത്കൊണ്ട് ?

സിനിമകളിൽ വില്ലന്മാർ ഐഫോൺ ഉപയോഗിക്കാൻ ആപ്പിൾ അനുവദിക്കാത്തത് എന്ത്കൊണ്ട് ? അറിവ് തേടുന്ന പാവം പ്രവാസി…