Basheer Pengattiri

ഒരു പക്ഷേ ആധുനിക ശാസ്ത്രം അന്വേഷിക്കുന്ന ഏറ്റവും വലിയ രഹസ്യം ഭൂമിയിൽ ജീവൻ എങ്ങനെ ഉണ്ടായി എന്നതാണ്. ലളിതമായ ഏകകോശ ജീവികളിൽനിന്ന് ഇന്ന് നാം എല്ലായിടത്തും കാണുന്ന സങ്കീർണ്ണമായ ജൈവവൈവിധ്യത്തിലേക്ക് ജീവൻ പരിണമിക്കുകയായിരുന്നുവെന്ന് കഴിഞ്ഞ രണ്ട് നൂറ്റാണ്ടുകളായി നമുക്ക് തെളിയിക്കാൻ സാധിച്ചിട്ടുണ്ട്. എന്നിരുന്നാലും ആദ്യത്തെ ജീവി എന്താണെന്നോ എങ്ങനെയാണ് അത് ഉണ്ടായതെന്നോ ആർക്കുമറിയില്ല. ഇന്ന് ഭൂമിയിൽ കാണുന്ന എല്ലാ ജീവി വിഭാഗങ്ങളുടെയും ഉത്ഭവത്തിന് കാരണമായ ആ അവസാനത്തെ പൊതു പൂർവികനെ ലാബുകളിൽ സൃഷ്ടിക്കാനോ പുറത്തെവിടെയെങ്കിലും കണ്ടെത്താനോ ശാസ്ത്രജ്ഞർക്കിതുവരെ കഴിഞ്ഞിട്ടില്ല. ആദിമ ഭൂമി കടന്നുവന്ന സാഹചര്യങ്ങളെ ശാസ്ത്രജ്ഞർ ലാബുകളിൽ അനുകരിച്ചു നോക്കി; വ്യത്യസ്ത അന്തരീക്ഷം, താപനില, ഇടയ്ക്കിടെയുള്ള ഇടിമിന്നലുകൾ മറ്റ് നിരവധി അവസ്ഥകൾ..

എന്നാൽ ഈ പരീക്ഷണങ്ങളിൽ നിന്ന് ജീവനെ ഉണർത്താൻ അവർക്കൊരിക്കലും സാധിച്ചില്ല. ജീവന്റെ ചേരുവകളിൽ ഒരു ഭാഗം ശാസ്ത്രജ്ഞർക്ക് ഇതുവരെ ലഭ്യമായില്ല എന്നതാകാം അതിനു കാരണം. ജീവൻ രൂപപ്പെടാൻ ആവശ്യമായ തന്മാത്രകളുടെ ഗ്രൂപ്പുകളെ ഒരു ജീവവസ്തുവിനോട് സാമ്യമുള്ള ഒന്നാക്കി മാറ്റുന്ന ചില അജ്ഞാത ഘടകങ്ങൾ കൂടി ഉണ്ടായിരുന്നിരിക്കണം, അവയാകട്ടെ ഭൂമിക്ക് പരിചിതമല്ലാത്ത ഒരു ചുറ്റുപാടിൽ ഉള്ളതുമായിരിക്കാം- ജീവൻ രൂപപ്പെടാൻ ചില അന്യഗ്രഹ സാഹചര്യങ്ങൾ തീർച്ചയായും ആവശ്യമായി വന്നിരിക്കണം.

ഭൂമിയിലാണ് ജീവൻ ഉത്ഭവിച്ചത് എന്നോ ജീവൻ എന്നത് ഭൂമിയിലെ മാത്രം പ്രത്യേകതയാണെന്നോ ഇന്ന് ശാസ്ത്രം കരുതുന്നില്ല. ഒരു പക്ഷേ ജീവൻ എന്നത് പ്രപഞ്ചത്തിൽ സർവ്വ സാധാരണമായ ഒരു സംഗതിയുമായിരിക്കാം. ഭൂമിക്ക് പുറത്ത് അനേകമനേകം ഇടങ്ങളിൽ അത് സൊയ്രവിഹാരം നടത്തുന്നുമുണ്ടാവാം..

‘ബഹിരാകാശത്ത് ഉടലെടുക്കുന്ന ജീവകണങ്ങൾ അവിടെ നിന്ന് രക്ഷപ്പെട്ട് ബഹിരാകാശ ധൂളീപടലങ്ങളിൽ കൂടി കാലങ്ങളോളം സഞ്ചരിച്ച് മറ്റു ഗ്രഹങ്ങളിലോ പ്രദേശങ്ങളിലോ എത്തിച്ചേരുന്നു; അവിടങ്ങളിലെ അനുകൂല പരിതഃസ്ഥിതി ഉപയോഗപ്പെടുത്തി അവ പരിണാമത്തിനു വിധേയമായി കൂടുതൽ സങ്കീർണ്ണ ഘടനയിലുള്ള ജീവരൂപങ്ങളായി മാറുന്നു’. ഉൽക്കകൾ, ഛിന്നഗ്രഹങ്ങൾ, ധൂമകേതുക്കൾ, ഗ്രഹശകലങ്ങൾ എന്നിവയിലൂടെയെല്ലാം ജീവൻ പ്രപഞ്ചത്തിലെങ്ങും ഇങ്ങനെ വ്യാപിച്ചു എന്ന് അവകാശപ്പെടുന്ന ഈ സിദ്ധാന്തം പാൻസ്പെർമിയ സിദ്ധാന്തം എന്നറിയപ്പെടുന്നു. എങ്ങനെയാണ് ജീവൻ വിതരണം ചെയ്യപ്പെട്ടത് എന്ന് പറയുകയല്ലാതെ ജീവൻ എങ്ങനെ ഉണ്ടായി എന്ന് പാൻസ്പെർമിയ സിദ്ധാന്തം വിശദീകരിക്കുന്നില്ല.

ഭൂമിക്ക് വെറും ഇരുപത് കോടി വര്‍ഷം മാത്രം പഴക്കമുള്ള സയമത്ത് സൂക്ഷ്മ രൂപത്തിലാണെങ്കിലും ഇവിടെ ജീവന്‍ നിലനിന്നിരുന്നു. ഭൂമിയിൽ ആദ്യ ജീവൻ പിറവി എടുത്തിട്ട് ഏതാണ്ട് 440കോടി വർഷമായി എന്ന വിസ്മയകരമായ അറിവിലേക്ക് ശാസ്ത്രലോകത്തെ നയിച്ച ഫോസില്‍ തെളിവുകളായ സ്‌ട്രോമറ്റോലൈറ്റുകള്‍ പടിഞ്ഞാറൻ ഓസ്ട്രേലിയ പോലുള്ള സ്ഥലങ്ങളിൽ ഇപ്പോഴും നിലനില്ക്കുന്നു.
കാനഡയിലെ ക്യുബെകില്‍ നിന്നും 375കോടി മുതൽ 420കോടി വര്‍ഷം വരെ പഴക്കമുള്ള ഇത്തരം ഫോസിലുകൾ കണ്ടെത്തിയിട്ടുണ്ട്.

2008ല്‍ കാനഡയില്‍ നടത്തിയ പര്യവേഷണത്തിനിടെ ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നുള്ള ഗവേഷകരാണ് ഈ സൂഷ്മാണുക്കളുടെ ഫോസിലുകള്‍ ശേഖരിച്ചത്. 2017ല്‍ ഇതേകുറിച്ചുള്ള പഠനഫലം പ്രസിദ്ധീകരിച്ചപ്പോള്‍ ഇത് ജീവശാസ്ത്രമാണോ ഭൂമിശാസ്ത്രമാണോ എന്ന സന്ദേഹത്തിലായി ശാസ്ത്രലോകം പോലും!

ഈ അതിപുരാതന ഫോസിലുകളെക്കുറിച്ചുള്ള പഠനഫലം മറ്റൊരു കാര്യംകൂടി വെളിപ്പെടുത്തുന്നുണ്ട്. ഭൂമിയിലേതുപോലെ തന്നെ ചൊവ്വ അടക്കമുള്ള മറ്റു ഗ്രഹങ്ങളിലും ജീവന്റെ ആദിമകണങ്ങളായ സൂഷ്മാണുക്കള്‍ പിറവിയെടുത്തിരിക്കാന്‍ ഇടയുണ്ട് എന്നതാണത്. അതായത് ഭൂമിയില്‍ ജീവന്റെ തുടിപ്പുകള്‍ ആരംഭിച്ച 440 കോടി വര്‍ഷങ്ങള്‍ക്ക് മുൻപ് തന്നെ അനുയോജ്യമായ സാഹചര്യങ്ങളുള്ള മറ്റു ഗ്രഹങ്ങളിലും ജീവൻ തുടിച്ചു തുടങ്ങിയിരുന്നു എന്നു തന്നെ.

ജീവൻ എന്ന പ്രതിഭാസം ഭൂമിയിലാണ് ആരംഭിച്ചതെങ്കിൽ പോലും ഒരുപക്ഷേ അത് പ്രപഞ്ചത്തിലെ പലകോണുകളിലേക്കും ഇതിനകം പരന്നിട്ടുമുണ്ടാകണം. കോടിക്കണക്കിന് വർഷങ്ങൾക്ക് മുമ്പേ അത് സംഭവിച്ചിട്ടുമുണ്ടാകും. കാരണം, രൂപപ്പെട്ട് അധികം താമസിയതെ തന്നെ ഭൂമിയിൽ ജീവനും ഉള്ളതായണല്ലോ തെളിവുകൾ സൂചിപ്പിക്കുന്നത്. പ്രക്ഷുബ്ധമായ ഭൂമിയിൽ ജീവന്റെ തുടിപ്പുകൾ ഉണ്ടായിരുന്നുവെങ്കിൽ, അക്കാകാലത്ത് സംഭവിച്ച വമ്പൻ ഉൽക്കാ പതനങ്ങൾ- ഭൂമിയിൽ നിന്നും ബഹിരാകാശത്തേക്ക് തെറിപ്പിച്ച വസ്തുക്കളിലൂടെ ജീവൻ പുറത്തേക്ക് വിതരണം ചെയ്യപ്പെടാൻ വലിയ സാധ്യതയാണുണ്ടാവുക.

കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ധൂമകേതുക്കള്‍ വന്‍ പ്രഹരശേഷിയോടെ ഭൂമിയില്‍ പതിച്ചപ്പോഴാകാം ജീവന്റെ അടിസ്ഥാന രാസഘടകങ്ങള്‍ ഇവിടെ ഭൂമിയിൽ രൂപപ്പെട്ടതെന്ന് പുതിയൊരു പഠനം പറയുന്നു. ഭൂമിയില്‍ ജീവന്റെ ഉത്ഭവം ധൂമകേതുക്കള്‍ വഴിയാണെന്ന വാദത്തിന് ഈ കണ്ടെത്തൽ അടിവരയിടുന്നുണ്ട്. ജീവന്റെ വിതരണത്തിനോ, ജീവന്റെ സമവാക്യങ്ങൾ കൂട്ടിച്ചേർക്കുന്നതിനോ ധൂമകേതുക്കള്‍ നിമിത്തമായിട്ടുണ്ടെന്ന് വേണം കരുതാൻ..

ചെറുതും വലുതുമായ കോടാനു കോടി ഗ്രഹങ്ങളും നക്ഷത്രങ്ങളും നിറഞ്ഞ പ്രപഞ്ചത്തിലെ ഒരു ചെറിയ മണൽതരിക്ക് തുല്യമത്രേ നമ്മുടെ കൊച്ചു ഭൂമി. ഭൂമിയിലെ കടൽ തീരങ്ങളിലെല്ലാം ചേർത്ത് എത്ര മണൽ തരിയുണ്ടോ അത്രയും എണ്ണം ഭൂമിസമാനമായഗ്രഹങ്ങൾ മാത്രം ഈ പ്രപഞ്ചത്തിൽ ഉണ്ടാവാമെന്നാണ് കണക്കുകൾ പറയുന്നത്. ആയത് കൊണ്ട് തന്നെ ജീവൻ എന്നത് ഭൂമിയിലെ മാത്രം പ്രത്യകത ആവാൻ തരമില്ല. പ്രപഞ്ചത്തിൽ ഒരിക്കലും ഭൂമിയിൽ മാത്രമായിരിക്കില്ല ജീവൻ എന്ന വാദം ശരിവയ്ക്കുന്നവർ ഏറെയാണ്.
ഭൂമിക്കു വെളിയിൽ ജീവനുണ്ടെന്നു ശാസ്ത്രം അനുമാനിക്കുന്നുണ്ടെങ്കിലും അതിനു തക്ക തെളിവുകൾ ഇതുവരെയും ലഭിച്ചിട്ടില്ല. ചന്ദ്രനിലും ചെവ്വയിലുമെല്ലാം മനുഷ്യരെ പോലുള്ള ജീവികൾവരെ ഉണ്ടാവുമെന്നു ഒരുകാലത്ത് ജനങ്ങൾ വിശ്വസിച്ചിരുന്നു. ഒരുപക്ഷേ, സൗരയൂഥത്തിലെ ചില ഉപഗ്രഹങ്ങളിൽ പ്രാകൃതമായ ജീവൻ കണ്ടെത്തിയേക്കാം.

സൗരയൂഥത്തിൽ ഭൂമിക്ക് പുറത്ത് ജീവൻ ഉണ്ടായേക്കാൻ സാധ്യത കൂടുതലുള്ള ഗോളങ്ങളിലൊന്നാണ് എന്‍സിലാഡസ്. ശനിയുടെ ആറാമത്തെ വലിയ ഉപഗ്രഹം. മഞ്ഞ് മൂടിയ ഈ ഉപഗ്രഹത്തിന്റെ പ്രശാന്തമായ പുറംഭാഗം സൗരയൂഥത്തിലെ തന്നെ ഏറ്റവും വലിയ രഹസ്യം ഒളിപ്പിച്ചു വച്ചിട്ടുണ്ടെന്ന് ശാസ്ത്രലോകം കരുതുന്നു. പക്ഷേ, ബുദ്ധിയുള്ള, സംസ്കാരം കെട്ടിപ്പടുത്തിയ ജീവജാലങ്ങളേതായാലും സൗരയൂഥത്തിലില്ലെന്ന് ഇതുവരെയുള്ള ബഹിരാകാശ ഗവേഷണങ്ങളിൽ നിന്നും നമുക്ക് ബോധ്യമായികഴിഞ്ഞു.

ഒരുനാൾ ഭൂമിക്ക് പുറത്ത് അന്യ ജീവനെ നമ്മൾ കണ്ടെത്തിയേക്കാം, എന്നിരുന്നാലും ജീവൻ യഥാർത്ഥത്തിൽ എവിടെ രൂപപ്പെട്ടുവെന്ന് കണ്ടെത്തുന്നതിന് അത് നമ്മെ സഹായിക്കില്ല. യഥാർത്ഥത്തിൽ നമ്മൾ അന്യഗ്രഹജീവികളുടെ പിൻഗാമികളാണെന്നേ അത് വെളിപ്പെടുത്തൂ..
(ജീവൻ പ്രപഞ്ചത്തിൽ സർവ്വ സാധാരണമായിരിക്കാം..
വീഡിയോ കാണുക-

You May Also Like

എത്ര സമ്പന്നർ ആണെങ്കിലും ഫിൻലാൻഡുകാർ സർക്കാർ ഫ്രീയായി കൊടുക്കുന്ന ഈ പെട്ടി പോയി മേടിക്കും, എന്തൊക്കെയാണ് അതിനുള്ളിൽ ഉള്ളത് ?

ഫിൻലാൻഡിലെ പെട്ടി അറിവ് തേടുന്ന പാവം പ്രവാസി ലോകത്തിലെ ഭൂരിഭാഗം ആളുകളും ഫിൻലാന്റിനെ അറിയുന്നത് നോക്കിയയുടെ…

റെയിൻബോ ഷെയ്ഖിന്റെ ‘ആന’ ഹമ്മർ

റെയിൻബോ ഷെയ്ഖിന്റെ ‘ആന’ ഹമ്മർ അറിവ് തേടുന്ന പാവം പ്രവാസി ‘ദുബായിലെ റെയിൻബോ ഷെയ്ഖ്’ എന്നറിയപ്പെടുന്ന…

ഈച്ചയടി എന്നത് മലയാളിയുടെ കാഴ്ച പ്പാടില്‍ ഒരു പണിയും ഇല്ലാത്തവന്‍ ചെയ്യുന്ന പരിപാടിയാണ്, എന്നാൽ ഈച്ചയടി നിസാരമല്ല

ഈച്ചയടി നിസാരമല്ല അറിവ് തേടുന്ന പാവം പ്രവാസി ഈച്ചയടി എന്നത് മലയാളിയുടെ കാഴ്ച പ്പാടില്‍ ഒരു…

ഐപിഎല്‍ ടീമുകള്‍ക്ക് വരുമാനം ലഭിക്കുന്നത് എങ്ങനെ?

ഐപിഎല്‍ ടീമുകള്‍ക്ക് വരുമാനം ലഭിക്കുന്നത് എങ്ങനെ? അറിവ് തേടുന്ന പാവം പ്രവാസി വിവിധ രീതിയിലാണ് ഐപിഎല്ലില്‍…