Basheer Pengattiri
റോമൻ യുദ്ധദേവനായ മാർസിന്റെ പേരിലറിയപ്പെടുന്ന ഗ്രഹം, ഇനിയും ചുരുളഴിയാനിരിക്കുന്ന മഹാരഹസ്യങ്ങളുടെ ഊഷര ഭൂമിക. ഈ ചുവന്ന ഗ്രഹം നൂറ്റാണ്ടുകളായി മനുഷ്യരുടെ താല്‍പ്പര്യം പിടിച്ചെടുത്തിട്ടുണ്ട്, ആയത് കൊണ്ട് തന്നെ സയന്‍സ് ഫിക്ഷന്‍ പുസ്തകങ്ങളിലും ചലച്ചിത്രങ്ങളിലും വളരെയധികം ഇത് പ്രതിപാദിക്കപ്പെട്ടിട്ടുമുണ്ട്. ചൊവ്വക്ക് ഒരു നിഗൂഢ ചരിത്രമുണ്ട്, ഒരിക്കലത് ഭൂമിയെപ്പോലെയായിരുന്നിരിക്കാം എന്നതാണത്. ആയത് കൊണ്ട് പുരാതന ജീവിതത്തിനായി തിരയാനുള്ള മികച്ച സ്ഥലങ്ങളിലൊന്നാണിത്. സൗരയൂഥത്തെക്കുറിച്ച് നമുക്കുള്ള പല പ്രധാന ചോദ്യങ്ങളും ചൊവ്വയെ പഠിച്ചുകൊണ്ട് പരിഹരിക്കാനാകും. ‘നമ്മുടെ സൗരയൂഥത്തിലെ ഭൂമി സമാന ഗ്രഹമാണ് ചൊവ്വ. ഗ്രഹത്തിന്റെ ഭൂമിശാസ്ത്രപരവും കാലാവസ്ഥാ ചരിത്രവും അത് എങ്ങനെ വികാസം പ്രാപിച്ചുവെന്നും പഠിക്കുന്നതിലൂടെ, ഭൂമി എങ്ങനെ വികാസം പ്രാപിച്ചുവെന്നും ഭാവിയില്‍ അത് എങ്ങനെ വികസിക്കും എന്നും അറിയാനാകും’.
1960കള്‍ മുതല്‍ റോബോട്ടിക് പര്യവേക്ഷണ വിഷയമായി ചൊവ്വ കത്തിനില്‍ക്കുന്നു. 1965 മുതല്‍ നാസ ചൊവ്വയെ പര്യവേഷണം ചെയ്യുന്നതിനായി ദൗത്യങ്ങള്‍ അയയ്ക്കുകയും നമ്മുടെ കൗതുകകരമായ അയല്‍ക്കാരനെക്കുറിച്ചുള്ള ചിത്രങ്ങളും അറിവും പങ്കിടുന്നുമുണ്ട്. നമ്മുടെ സൗരയൂഥത്തില്‍ ഏറ്റവും കൂടുതല്‍ ആക്‌സസ് ചെയ്യാവുന്ന രണ്ടാമത്തെ സ്ഥലമാണ് ചൊവ്വ. ആയത് കൊണ്ട് തന്നെ ചൊവ്വയില്‍ സ്ഥിരതാമസത്തിന് പദ്ധതിയിടുന്ന തിരക്കിലാണ് പലരും. നാസ പറയുന്നത്- 2030 കളില്‍ അത് സാധ്യമാകുമെന്നാണ്. 2040- ഓടെ 80000 പേരുടെ ഒരു കോളനി ചൊവ്വയിൽ സ്ഥാപിക്കാനാവും എന്നാണ് ഇലോൺ മസ്കിന്റെ പ്രഖ്യാപനം. അതിനായി ശതകോടീശ്വരനായ ടെക് ജീനിയസ് ഇലോണ്‍ മസ്‌കും ടീമും ഭഗീരഥപ്രയത്‌നത്തിലുമാണ്. സ്‌പേസ് എക്‌സിന്റെ സ്ഥാപകനും സി ഇ ഒയും ചീഫ് എഞ്ചിനീയറുമാണ് ഇലോൺ മസ്ക്. ചൊവ്വയിലേക്കുള്ള കുടിയേറ്റമെന്ന പ്രധാന ലക്ഷ്യത്തിനു വേണ്ടിയുള്ളതാണ് മസ്കിന്റെ പ്രധാന സംരംഭങ്ങളെല്ലാം. മനുഷ്യരാശിയുടെ നിലനിൽപ്പ് ഭൂമി എന്ന ചെറുഗ്രഹത്തെ മാത്രം ആശ്രയിച്ചായിരിക്കരുത് എന്ന നിലപാട്കാരനാണ് ഈ അതുല്യ പ്രതിഭ.
ചന്ദ്രൻ കഴിഞ്ഞാൽ മനുഷ്യൻ ഏറ്റവും കൂടുതൽ പര്യവേഷണം നടത്തിയിട്ടുള്ള ഗ്രഹമാണിന്ന് ചൊവ്വ. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നിരവധി റോവറുകള്‍, പേടകങ്ങള്‍, ദൗത്യങ്ങള്‍ – ഈ ചുവന്ന ഗ്രഹത്തിന് ചുറ്റുമുള്ള ഭ്രമണപഥത്തിലും അതിന്റെ ഉപരിതലത്തിലും തിരക്കുകൂട്ടുന്ന കാഴ്ച്ചയാണിപ്പോൾ കാണാനാവുന്നത്. നാസയും ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയും ചേര്‍ന്ന് രൂപകല്പന ചെയ്ത് വികസിപ്പിച്ച പെര്‍സെവറന്‍സ് റോവര്‍ ചൊവ്വയിലെ ജസീറോ ഗര്‍ത്തത്തില്‍ തുളച്ചുകയറുമ്പോള്‍ ഗ്രഹത്തിലെ പുരാതന സൂക്ഷ്മജീവികളുടെ അടയാളങ്ങളെയാണ് തിരഞ്ഞത്. ഈ റോവറിന് ചൊവ്വയിലെ പാറയുടെയും മണ്ണിന്റെയും കോര്‍ സാമ്പിളുകള്‍ ശേഖരിക്കാനും തുടര്‍ന്ന് അവയെ വിശദമായ വിശകലനത്തിനായി ഭൂമിയിലേക്ക് തിരികെ കൊണ്ടുപോകുന്ന ഭാവി ദൗത്യം വരെ സീല്‍ ചെയ്ത ട്യൂബുകളില്‍ സൂക്ഷിച്ചു വെക്കാനുമൊക്കെ കഴിയും. റൈറ്റ് സഹോദരന്മാര്‍ ആദ്യത്തെ സുസ്ഥിര പവര്‍ ഫ്‌ലൈറ്റ് നടത്തി ഒരു നൂറ്റാണ്ടിനുശേഷം, മനുഷ്യര്‍ മറ്റൊരു ഗ്രഹത്തില്‍ യന്ത്രം പറത്താന്‍ തുടങ്ങിയതാണ് മറ്റൊരു വിശേഷം. ഇന്‍ജെനിറ്റി ഹെലികോപ്റ്റര്‍ അതിന്റെ നാല് റോട്ടറുകള്‍ ചേര്‍ത്ത് ചൊവ്വയുടെ അന്തരീക്ഷത്തില്‍ ഉയര്‍ന്നു പറന്നു. ഇതോടെ, അന്യഗ്രഹ ലോകത്ത് പറക്കുന്ന ആദ്യത്തെ ഹെലികോപ്റ്ററായി മാറി ഇന്‍ജെനിറ്റി മാര്‍സ് ഹെലികോപ്റ്റര്‍. ജസീറോ ഗര്‍ത്തത്തില്‍ ഇറങ്ങിയ പെര്‍സെവറന്‍സ് റോവറാണ് ഈ ക്വാഡ്കോപ്റ്ററിനെ ചൊവ്വയിലെത്തിച്ചത്.
ചൊവ്വയുടെ അന്തരീക്ഷത്തിലെ കാലാവസ്ഥാ ചിത്രം നല്‍കുന്നതിനായി ഹോപ്പ് മാര്‍സ് പേടകം 2021ൽ ചുവന്ന ഗ്രഹത്തിന്റെ ഭ്രമണപഥത്തില്‍ എത്തി. U A E യുടെ ആദ്യ ചൊവ്വാദൗത്യം- ഒരു അറബ് രാജ്യത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ആദ്യത്തെ ചൊവ്വ ദൗത്യം കൂടിയാണിത്. ഭൂമിയുടെ ഭ്രമണപഥത്തിനപ്പുറമുള്ള ആദ്യ സംരംഭമെന്ന നിലയില്‍, ബഹിരാകാശത്ത് ഭാവി തേടുന്ന UAE എന്ന എണ്ണ സമ്പന്ന രാജ്യത്തിന് ഈ പേടകം അഭിമാനകരമായ ഒരു മുന്നേറ്റമാണ്. ചൊവ്വയില്‍ ഭ്രമണപഥം, ലാന്‍ഡിംഗ്, റോവിംഗ് എന്നിവ ഒരൊറ്റ ദൗത്യത്തില്‍ തന്നെ പൂര്‍ത്തിയാക്കി ചൈന അമേരിക്കയ്ക്കും റഷ്യയ്ക്കും ശേഷം മറ്റൊരു ഗ്രഹത്തില്‍ റോവര്‍ ഇറക്കുന്ന മൂന്നാമത്തെ രാജ്യമായിമാറിയത് 2021ലാണ്. ടിയാന്‍വെന്‍-1 ബഹിരാകാശ പേടകം ഭ്രമണപഥത്തില്‍ പ്രവേശിച്ച് ഏകദേശം മൂന്ന് മാസത്തിന് ശേഷം 2021 മെയ് മാസത്തില്‍ ചൈനീസ് നാഷണല്‍ സ്‌പേസ് അഡ്മിനിസ്‌ട്രേഷന്‍ അതിന്റെ ഷുറോംഗ് റോവര്‍ ചൊവ്വയുടെ ഉപരിതലത്തില്‍ വിജയകരമായി ഇറക്കി.
നിശാകാശത്ത് ചുവപ്പ് ഓറഞ്ച് നിറത്തിൽ വെട്ടിത്തിളങ്ങുന്ന ചൊവ്വയെ നാം കണ്ടിട്ടുണ്ട്. ചുവപ്പുനിറം കൊണ്ടായിരിക്കാം ഗ്രീക്കുകാർ ചൊവ്വയെ യുദ്ധദേവനായി കരുതിപ്പോന്നത്. അയേണ്‍ ഓക്‌സൈഡ് വാതകമാണ് ചൊവ്വയുടെ ഈ ചുവപ്പ് നിറത്തിന് കാരണം.ചിലർ ചൊവ്വയെ ഒരശുഭ ഗ്രഹമായി കരുതുന്നു. അതിനൊരർത്ഥവും ഇല്ലെന്ന് നമുക്കിപ്പോഴറിയാം. സൗരയൂഥ വ്യവസ്ഥയിൽ സൂര്യനില്‍ നിന്നും നാലാമതായുള്ള ഈ ഗ്രഹത്തിലേക്ക് ഭൂമിയിൽ നിന്നുള്ള ഏറ്റവും കുറഞ്ഞ ദൂരം7.83 കോടി km ആണ്. ഭൂമിയും ചൊവ്വയും സൂര്യന്റെ ഒരേ വശത്താകുമ്പോൾ ഉള്ള ദൂരമാണിത്.
ഭൂമിയും ചൊവ്വയും സൂര്യന്റെ ഇരു വശശത്തുമാകുമ്പോൾ ഏറ്റവും കൂടിയ ദൂരം 37.75 കോടി കിലോ മീറ്ററും ആണ്. ഉപരിതലത്തിൽ ചന്ദ്രനിലേത് പോലെതന്നെ ഉൽക്കാ ഗർത്തങ്ങൾ, അഗ്നിപർവ്വതങ്ങൾ, താഴ്‌വരകൾ, മരുഭൂമികൾ, ധ്രുവങ്ങളിൽ മഞ്ഞുപാളികൾ തുടങ്ങിയവയുണ്ട്. 2008 ജൂണിൽ ഫീനിക്സ് ലാൻഡർ അയച്ചുതന്ന വിവരങ്ങളിൽനിന്നും ചൊവ്വയിലെ മണ്ണ് ക്ഷാരസ്വഭാവമുള്ളതാണെന്നും ജീവനുള്ളവയ്ക്ക് വളരാൻ ആവശ്യമുള്ള ധാതുക്കൾ അടങ്ങിയതാണെന്നും മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്. ചൊവ്വോപരിതലത്തിന്റെ ശ്രദ്ധേയമായ കാര്യമാണ് അതിന്റെ രണ്ട് തരത്തിലുള്ള വിഭജനം: ലാവാ പ്രവാഹങ്ങൾ വഴി നിരപ്പായതാണ് ഉത്തരാർദ്ധത്തിലെ ഭാഗങ്ങളെങ്കിൽ അതിനു വിഭിന്നമായി ഉൽക്കാപതന ഗർത്തങ്ങളും കുഴികളും ഉള്ളതാണ് ദക്ഷിണാർദ്ധഭാഗം.
ചൊവ്വയുടെ ഉത്തരാർദ്ധഗോളത്തിൽ സൗരയൂഥത്തിലെ തന്നെ ഇതുവരെ കണ്ടെത്തിയതിൽവെച്ച് ഏറ്റവും വലിയ ഒരു തടം നിലവിലുണ്ട്. ബൊറീലിസ് തടം എന്ന് പേരിട്ടിരിക്കുന്ന ഈ തടം ഗ്രഹത്തിന്റെ 40 ശതമാനം വരും. 400 കോടി വർഷങ്ങൾക്ക് മുൻപ് ഏതാണ്ട് പ്ലൂട്ടോയോളം വലിപ്പ മുള്ള ഒരു വസ്തുവുമായി ചൊവ്വ കൂട്ടിയിടിച്ചതു വഴി ഈ തടം രൂപപ്പെട്ടുവെന്നാണ് അനുമാനം. 5 കിലോമീറ്റർ മുതൽ മുകളിലോട്ട് വ്യാസമുള്ള ഏതാണ്ട് 43,000 ഉൽക്കാപതന ഗർത്തങ്ങൾ ചൊവ്വയിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ഏറ്റവും വലിയതായി കണക്കാക്കിയിട്ടുള്ളത് ഹെല്ലസ് പ്ലാനിറ്റിയ എന്ന ഗർത്തമാണ്. ചൊവ്വയുടെ തെക്കേ അർദ്ധഗോളത്തിൽ ഏകദേശം വൃത്താകൃതിയിലുള്ള ഒരു വൻ ഗർത്തമാണിത്. വിദൂരതയിൽ നിന്ന് കാണാൻ സാധ്യമായ സൗരയൂഥത്തിലെ ഏറ്റവും വലിയ ഗർത്തവും ഇത് തന്നെ. ഇതിന്റെ അടിത്തട്ടിന് ചൊവ്വയുടെ ഉപരിതലത്തിൽ നിന്നും ഏഴു കിലോമീറ്ററിലധികം താഴ്ചയുണ്ട്. ഏകദേശം 2300 കിലോമീറ്റർ വ്യാസവുമുണ്ട്. സൗരയൂഥത്തിലെ വൻ ഉൽക്കാ പതന കാലത്ത് രൂപീകരിക്കപ്പെട്ടൂ എന്ന് കരുതുന്ന ഹെല്ലസ് പ്ലാനിറ്റിയക്ക് ഏകദേശം 410 മുതൽ 380 കോടി വർഷം വരെ പഴക്കമുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ഹെല്ലസ് പ്ലാനിറ്റിയയുടെ വലിപ്പവും ഇരുണ്ട നിറവും ഇതിനെ പെട്ടെന്ന് കണ്ടെത്തുവാൻ സഹായിക്കുന്നു. ഇതിനാൽ തന്നെ ചൊവ്വയിൽ മനുഷ്യർ ദൂരദർശിനി ഉപയോഗിച്ച് ആദ്യമായി കണ്ടെത്തിയ ഗർത്തവും ഹെല്ലസ് പ്ലാനിറ്റിയ തന്നെ. മാർസ് റിക്കോണസ്സൻസ് ഓർബിറ്റർ എന്ന പേടകം പകർത്തിയ റഡാർ ചിത്രങ്ങൾ അനുസരിച്ച് ഹെല്ലസ് പ്ലാനിറ്റിയയുടെ കിഴക്കൻ മേഖലകളിൽ മണ്ണിനും പാറകൾക്കും അടിയിൽ മൂടപ്പെട്ട അവസ്ഥയിൽ ഹിമാനികൾ ഉണ്ടെന്ന വിവരം ലഭിച്ചിട്ടുണ്ട്. ഈ പേടകം ശേഖരിച്ച വിവരങ്ങൾ അനുസരിച്ച് മൂടിക്കിടക്കുന്ന ഹിമാനികൾക്ക് ഏകദേശം 250 മീറ്റർ മുതൽ 450 മീറ്റർ വരെ കട്ടി ഉണ്ടാകും.
വർഷങ്ങളായി അടിഞ്ഞുകൂടിയ മഞ്ഞ്, കട്ടയായി ഉരുകി പോകാൻ നിവൃത്തിയില്ലാതെ മണ്ണിനടിയിൽ ഉറച്ചു പോയതാകാം എന്ന് ശാസ്തജ്ഞർ കരുതുന്നു. ഗർത്തത്തിന്റെ അടിതട്ടിലും മറ്റുമുള്ള വിടവുകളും മറ്റും ഈ ഹിമാനികൾ മൂലം ഉണ്ടാകുന്നതാണ്..
1610 ല്‍ ഗലീലിയോ ഗലീലി ആണ് ചൊവ്വയെ ആദ്യമായി ടെലിസ്‌കോപ്പിലൂടെ വീക്ഷിക്കുന്നത്. പിന്നീട് വളരെ കാലത്തിന് ശേഷമാണ് ഈ ഗ്രഹത്തിന്റെ രണ്ട് ധ്രുവങ്ങളിലും സ്ഥിരമായ ഹിമാവരണങ്ങളുണ്ടെന്ന് കണ്ടെത്തിയത്.ഉത്തരധ്രുവത്തിന്റെ ആവരണത്തിന് ഏകദേശം 1,000 കിലോമീറ്റർ വ്യാസമുണ്ടാകും. ഇവ ഒരേ വിതാനത്തിൽ നിരത്തുകയാണെങ്കിൽ തന്നെ ആവരണത്തിന് രണ്ട് കിലോമീറ്റർ കട്ടിയുമുണ്ടാകും.ദക്ഷിണ ധ്രുവാവരണത്തിന് 350 കിലോമീറ്റർ വ്യാസവും 3 കിലോമീറ്റർ കട്ടിയുമുണ്ട്. ദക്ഷിണധ്രുവത്തിൽ കാലികമായി സംഭവിക്കുന്ന ധ്രുവാവരണത്തിന്റെ രൂപപ്പെടലും ബാഷ്പീകരണവും സർപ്പിളാകൃതിയിലുള്ള ചാലുകൾ സൃഷ്ടിക്കപ്പെടാൻ കാരണമാകുന്നു.ദക്ഷിണ ധ്രുവത്തിലെ ജലഹിമം ഉരുക്കുകയാണെങ്കിൽ ഗ്രഹോപരിതലം മുഴുവൻ 11 മീറ്റർ ആഴത്തോടെ മൂടുവാനാവശ്യമായ ജലം ലഭിക്കുമെന്ന് നാസ പറയുന്നു.. സൗരയൂഥത്തിലെ ഏറ്റവും ഉയരമുള്ള രണ്ടാമത്തെ പര്‍വതം ചൊവ്വയില്‍ ആണ് ഉള്ളത്.എവറസ്റ്റിന്റെ രണ്ടര ഇരട്ടിയോളം ഉയരമുള്ള ഒളിമ്പസ് മോൺസ് എന്ന ഈ അഗ്നി പർവ്വത ശിഖരവും അതിന് ചുറ്റുമുള്ള കനാലുകളും വരമ്പുകളും ചൊവ്വയുടെ പ്രത്യേകതകളിൽ പെടുന്നു. തെക്കെ അർധഗോളത്തിലുള്ള വലിയ മലയിടുക്കുകളും ഗർത്തങ്ങളും നിറഞ്ഞ ഇടങ്ങളാണ് മാരിനെറിസ് താഴവരകൾ. ഇതിന് 4,000 കിലോമീറ്റർ നീളവും 7 കിലോമീറ്റർ താഴ്ചയുമുണ്ട്. ഗ്രഹത്തിന്റെ ചുറ്റളവിന്റെ അഞ്ചിലൊന്ന് വരും ഈ പ്രദേശം . ചൊവ്വ യുടെ അന്തരീക്ഷത്തിൽ 95 ശതമാനം കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്, 3 ശതമാനം നൈട്രജന്‍, 1.6 ആര്‍ഗണ്‍, കൂടാതെ ഓക്‌സിജന്റെ സാന്നിധ്യവും ഇവിടെ കണ്ടെത്തിയിട്ടുണ്ട്. ജലസാന്നിധ്യം കണ്ടെത്തിയതോടെയാണ് ഇവിടെ ജീവിക്കാന്‍ അനുകൂലമായ സാഹചര്യമുണ്ടെന്ന ആലോചനകള്‍ വന്നു തുടങ്ങിയത്..
(നാസയുടെ മാർസ് സയൻസ് ലബോറട്ടറി ദൗത്യത്തിന്റെ ഭാഗമായി ചൊവ്വയിലെ ഗെയ്ൽ ഗർത്തത്തിൽ ഒരു പതിറ്റാണ്ടായി പര്യവേഷണം ചെയ്യുന്ന ക്യൂരിയോസിറ്റി റോവറിനെ കുറിച്ച്