റോക്കറ്റ് വിട്ടാൽ പട്ടിണി മാറുമോ ?

Basheer Pengattiri

‘കോടികൾ ചെലവഴിച്ച് ബഹിരാകാശത്തേക്ക് റോക്കറ്റ് വിക്ഷേപിക്കുന്നത് കൊണ്ട് സാധാരണക്കാരനു എന്താണ് നേട്ടം? പട്ടിണി മാറിയിട്ടു പോരെ ചന്ദ്രനിൽ വെള്ളമുണ്ടോ, ചൊവ്വയിൽ മനുഷ്യ ജീവിതം സാധ്യമാണോ എന്നൊക്കെ അന്വേഷിക്കുന്നത്?’ ISROയുടേതായാലും NASAയുടെതായാലും ഓരോ വലിയ ബഹിരാകാശ ദൗത്യങ്ങളോടുബന്ധപ്പെട്ടും നമ്മുടെ നാട്ടിലെ ദോഷൈകദൃക്കുകൾ സാധാരണ ഉയർത്തുന്ന ചോദ്യങ്ങളാണിത്. ബഹിരാകാശ ദൗത്യങ്ങളും അതിനുവേണ്ടിയുള്ള സാങ്കേതിക വിദ്യകളും സാധാരണക്കാരിലേക്ക് ഏത് വിധം എത്തിച്ചേരുന്നു എന്നതിനെകുറിച്ചുള്ള അറിവില്ലായ്മയിൽ നിന്നാണ് ഇത്തരം ചോദ്യങ്ങൾ ഉണ്ടാവുന്നത്.

നമ്മുടെ ജീവിതത്തിലെ ഓരോ നിമിഷവും ബഹിരാകാശ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.ബഹിരാകാശത്തേക്ക് റോക്കറ്റ് വിക്ഷേപിച്ചതുകൊണ്ട് പട്ടിണി മാറുക എന്ന കാര്യം മാത്രമല്ല, ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ കൂടി അതിന് കഴിയും.2013 ഒക്ടോബറിൽ ഒടീഷ തീരത്ത് മണിക്കൂറിൽ 225 km വേഗത്തിൽ വീശിയടിച്ച ഫൈലിൻ കൊടുകാറ്റിൽ മരിച്ചത് 23 പേർ മാത്രമാണെങ്കിൽ 1999ൽ ഇതേ സ്ഥലത്തുണ്ടായ സമാനമായ കൊടുകാറ്റിൽ മരണമടഞ്ഞത് പതിനായിരം പേരായിരുന്നു. ബഹിരാകാശത്ത് ഭ്രമണം ചെയ്യുന്ന ഇന്ത്യൻ കാലാവസ്ഥ ഉപഗ്രഹങ്ങൾ നല്‍കിയ വിവരങ്ങൾ അനുസരിച്ച് കൊടുംകാറ്റ് എപ്പോൾ എവിടെ വീശിയടിക്കും എന്ന് പ്രവചിക്കാനും പത്ത് ലക്ഷം പേരെ മാറ്റിപാർപ്പിച്ച് മുൻകരുതലുകളെടുക്കാനും കഴിഞ്ഞതുകൊണ്ടു മാത്രമാണ് മരണസംഖ്യ ഇത്രയും ലഘൂകരിക്കാൻ ഇന്ത്യക് കഴിഞ്ഞത്. ചെന്നൈ നഗരത്തെ തകർത്ത വാർധ ചുഴലിക്കാറ്റിൽ, കൂടുതൽ മരണവും നാശനഷ്ടങ്ങളും സാമ്പത്തിക നഷ്ടങ്ങളും ഒഴിവാക്കാനായതും ISRO വിക്ഷേപിച്ച ഉപഗ്രഹങ്ങൾ മൂലമാണ്. ISROയുടെ ഇൻസാറ്റ് 3D, സ്കാറ്റ്സാറ്റ് 1 എന്നീ കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹങ്ങളാണ് വാർധയുടെ നശീകരണ തോത് കുറച്ചത്. ചുഴലിക്കാറ്റിന്റെ സഞ്ചാരപാത ഈ ഉപഗ്രഹങ്ങൾ കൃത്യമായി പ്രവചിച്ചതോടെ കൂടുതൽ ദുരന്തങ്ങൾ ഒഴിവാക്കാനുള്ള മുന്നൊരുക്കങ്ങൾ നടത്താനായി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തെതന്നെ ബാധിക്കുമായിരുന്ന വാർധയെ പ്രതിരോധിക്കാൻ കഴിഞ്ഞത് ഉപഗ്രഹ സഹായത്തോടെയാണ്.

1960 കളിൽ തലസ്ഥാന നഗരമായ ഡൽഹിയിൽ 30km ചുറ്റുവട്ടത്തിൽ മാത്രം സംപ്രേഷണ ശേഷിയുള്ള ടെലിവിഷനുണ്ടായിരുന്ന കാലത്ത്, ഉൾനാടുകളിലുള്ള ദരിദ്ര കർഷകരെ ആധുനിക കൃഷിരീതികൾ പഠിപ്പിക്കാൻ ഉപഗ്രഹങ്ങളിൽ നിന്ന് നേരിട്ട് ഗ്രാമങ്ങളിലെ ടീവികളിലേക്ക് കൃഷിദർശൻ പരിപാടി സംപ്രേഷണം ചെയ്യാമെന്ന് അതികൃതർക്ക് കാണിച്ചു കൊടുത്തത് ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവായി അറിയപ്പെടുന്ന വിക്രം സാരാബായിയാണ്. 1969 സെപ്റ്റബർ18ന് ഇന്ത്യയും നാസയും തമ്മിൽ ടെലിവിഷൻ ഫോർ ഡവലപ്പ്മെന്റ് കരാറിൽ ഒപ്പ് വച്ചു. ഒഡീഷ യു പി ബീഹാർ രാജസ്ഥാൻ ഗ്രമങ്ങളിലെ ഗ്രാമീണർക്ക് ടെലിവിഷൻ സിഗ്നലുകൾ എത്തിക്കാൻ നാസ അവരുടെ ATSF ഉപഗ്രഹത്തെ 20 ഡിഗ്രി കിഴക്കോട്ട് മാറ്റി. ടെലിവിഷനിലൂടെ കൃഷി ദർശൻ എന്ന കാർഷിക പരിപാടിയായിരുന്നു ഗ്രാമീണർക്ക് നല്കിയത്. ഇന്ത്യയുടെ ഹരിതവിപ്ലവത്തെ ത്വരിതപ്പെടുത്താൻ ടെലിവിഷനും സഹായിച്ചു എന്നത് പില്കാല ചരിത്രം. ബഹിരാകാശ ഗവേഷണം വലിയൊരു പണസമാഹരണ മാർഗംകൂടിയാണ്.ലോകത്ത് ഇന്ന് വാണിജ്യ വിക്ഷേപണങ്ങൾ നടത്തുന്ന 5 രാജ്യങ്ങളിൽ ഒന്നാമതാണ് ഇന്ത്യ. ഏറ്റവും ചെലവു കുറഞ്ഞ രീതിയിൽ ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നതിനായി അമേരിക്കയും ബ്രിട്ടനുമടക്കം പല രാജ്യങ്ങളും ഇന്ത്യയെ ആശ്രയിക്കാറുണ്ട്. ഖജനാവിലേക്ക് ഏറ്റവും കൂടുതൽ പണമെത്തിക്കുന്ന പൊതുമേഖലാ സ്ഥാപനവും ഇന്ന് ISRO ആണ്.

2004 വിദ്യാഭ്യാസ ആവശ്യത്തിന് മാത്രമായി എഡൂസാറ്റ് എന്ന ഉപഗ്രഹം ഇന്ത്യ ബഹിരാകാശത്തേക്കയച്ചു. അത് ആദ്യമേ പ്രയോജനപ്പെടുത്തിയ സംസ്ഥാനമാണ് കേരളം. തൊട്ടടുത്ത വർഷംതന്നെ രാജ്യത്ത് വിക്ടേർസ് എന്ന വിദ്യാഭ്യാസ ചാനലും തുടങ്ങി. കോവിഡ് കാലത്ത് അതെത്രമാത്രം ഉപകരിച്ചെന്ന് പറയേണ്ടതില്ലല്ലോ..സൈനിക നിരീക്ഷണത്തിനും ശത്രു രാജ്യത്തിന്റെ ആക്രമണങ്ങൾ തടയാനും തിരിച്ചടിക്കൃനുമെല്ലാം ഉപഗ്രഹ സാങ്കേതിക വിദ്യ സഹായിക്കുന്നുണ്ട്. ഇന്ത്യ പാക്കിസ്ഥാനെതിരെ നടത്തിയ സർജിക്കൽ സ്ട്രൈക്കിന് ഏറെ സഹായിച്ചത് കാർട്ടോസാറ്റ് 2 സി എന്ന ഉപഗ്രഹമാണത്രേ..
മൊബൈൽഫോണിന്റേയും ഇന്റർ നെറ്റിന്റേയും വ്യാപനത്തിന് കാരണമായതും ഇത്തരം ഉപഗ്രഹങ്ങൾ തന്നെ..കാർഷിക രംഗം, മത്സ്യ ബന്ധനം, വ്യോമയാനം, ജല ഗതാഗതം തുടങ്ങി എത്രയോ മേഖലകൾ -അവയുടെ നിലനില്പും വളർച്ചയും ബഹിരാകാശ സാങ്കേതികതയെ ആശ്രയിച്ചാണ്.കാലാവസ്ഥ നിരീക്ഷണം സുനാമി പ്രവചനം കാട്ടു തീ തടയൽ ദുരന്തനിവാരണം തുടങ്ങിയ കര്യങ്ങൾക്കും സാറ്റലൈറ്റ് സഹായം വളരെ നിർണ്ണായകമാണ്.

ബഹിരാകാശ നിലയങ്ങൾ ബഹിരാകാശ ത്തിലെ പരീക്ഷണ ശാലകൾ ആണ്.ജീവശാസ്ത്രം, ഭൌതിക ശാസ്ത്രം, മെഡിസിന്‍, കംമ്യുനിക്കേഷന്‍, ബഹിരാകാശ ശാസ്ത്രം കാലാവസ്ഥാശാസ്ത്രം തുടങ്ങി ഒട്ടേറെ മേഖലകളിലായി ഘവേഷണങ്ങൾ നടക്കുന്ന മൈക്രോഗ്രാവിറ്റി ലബോറട്ടറികളായാണ് ഈ സ്റ്റേഷനുകൾ പ്രവർത്തിച്ചുവരുന്നത്. ബഹിരാകാശ സാങ്കേതികതയുടെ വളർച്ച നമ്മുടെ നിത്യ ജീവിതത്തിലും ഒട്ടനവധി പ്രയോജനങ്ങൾ ഉണ്ടാക്കി തന്നിട്ടുണ്ട്. നമ്മൾ നിത്യ ജീവിതത്തിൽ ഉപയോഗിക്കുന്ന പല സാങ്കേതിക വിദ്യയുടെയും തുടക്കം വർഷങ്ങൾക്കു മുമ്പേ ഏതെങ്കിലുമൊരു ബഹിരാകാശ ദൗത്യത്തിനു വേണ്ടി നടത്തിയ ഗവേഷണത്തിൽ ഉരുത്തിരിഞ്ഞതാണ്. അപ്പോളോ മിഷന്റെ ഭാഗമായി രൂപ കല്പന ചെയ്തതാണ് ഇന്ന് ഇലക്ട്രോണിക് മേഘലയിൽ സാധാരണമായി ഉപയോഗിക്കുന്ന ഐ.സി.ചിപ്പ്.

എൽ.ഇ.ഡി, വയർലെസ് ഉപകരണങ്ങൾ, വാട്ടർ ഫിൽട്ടർ, സോളാർ സെൽ, കോക്ലിയർ ഇംപ്ലാന്റ് തുടങ്ങി അക്കമിട്ടു നിരത്തിയാൽ തീരാത്ത വിധം സാങ്കേതിക വിദ്യകൾ ലഭ്യമാക്കാൻ നമ്മെ ഓരോ ബഹിരാകാശ ദൗത്യങ്ങളും സഹായിച്ചിട്ടുണ്ട്. ഇത്തരം സാങ്കേതിക വിദ്യകളാണ് spin-off technologies. അതായത് ശാസ്ത്രത്തിലേക്കുളള investment എന്നാൽ നല്ലൊരു ഭാവിയിലേക്കുളള വഴിയൊരുക്കൽ കൂടിയാണെന്ന് മനസിലാക്കുക.

Leave a Reply
You May Also Like

കഥകളിലും സിനിമയിലും മാത്രമേ നടക്കൂ എന്ന് നമ്മൾ വിശ്വസിച്ച പലതും അദ്ദേഹം യാഥാർഥ്യമാക്കുകയാണ്

Basheer Pengattiri ഭൂമി ഇല്ലാതായാലും മനുഷ്യന് നിലനിൽക്കാനാവുമെന്നും മറ്റൊരു ഗ്രഹത്തിലേക്ക് താമസം മാറ്റാനാവുമെന്നും ചിന്തിക്കുന്നവർ എത്ര…

നാനോ വയറുകൾ (Quantum wires) എന്ന കാണാച്ചരടുകൾ

ഭൗതികശാസ്ത്ര ഗവേഷകരുടെ മേശപ്പുറത്തുള്ള ഏറ്റവും ‘ഹോട്ട് ടോപ്പിക്’ഏതാണെന്ന് ചോദിച്ചാൽ ഒരുത്തരമേ ഉണ്ടാകൂ. നാനോ വയറുകൾ

എസ് ഡി കാർഡിനെ ഇന്റേണൽ മെമ്മറീ ആയി ഉപയോഗിക്കുന്നത് നല്ലതോ ?

Sujith Kumar (ഫേസ്ബുക്കിൽ എഴുതിയത് ) ഒരു ജി ബി യും രണ്ട് ജി ബിയും…

സർക്കാരിന്റെ പരസ്യവും സബ്സിഡി വാഗ്ദാനങ്ങളും കേട്ട്, ഇല്ലാത്ത കാശ് ലോണെടുത്ത് വരെ സോളാർ വച്ചവരെ അതേ സർക്കാരും കെ എസ് ഇബിയും ചേർന്ന് വഞ്ചിക്കുന്നത് എങ്ങിനെ എന്ന് നോക്കുക

സർക്കാരിന്റെ പരസ്യവും സബ്സിഡി വാഗ്ദാനങ്ങളും കേട്ട് ഇല്ലാത്ത കാശ് ലോണെടുത്ത് വരെ സോളാർ വച്ചവരെ അതേ സർക്കാരും കെ എസ് ഇബിയും ചേർന്ന് വഞ്ചിക്കുന്നത് എങ്ങിനെ എന്ന് നോക്കുക.