Basheer Pengattiri
പ്രപഞ്ചനാഗരികതകളുടെ പരിണാമം
പ്രാചീനമനുഷ്യർ ജീവസന്ധാരണത്തിന് തങ്ങളുടെ കായിക ശേഷിയെ മാത്രമാണ് ഉപയോഗിച്ചിരുന്നത്. പുറകേ ഓടിയും എറിഞ്ഞുവീഴ്ത്തിയും അമ്പെയ്തുമൊക്കെ അവർ തങ്ങളുടെ ഇരയെപിടിച്ചു ഭക്ഷിച്ചു. പിന്നീട് തീയുടെ ഉപയോഗം കൂടി മനസിലാക്കിയതോടെ അതിനെ മെരുക്കി പലകാര്യങ്ങൾക്ക് ഉപയോഗിക്കാൻ തുടങ്ങി. കാലം കഴിഞ്ഞപ്പോൾ ഭാരിച്ച പ്രവൃത്തികൾക്കും സവാരിക്കും മൃഗങ്ങളെ ഉപയോഗിക്കാൻ തുടങ്ങി.
നമ്മുടെ ഗ്രാമങ്ങളിലൊന്നും ഒരു അമ്പതു വർഷം മുൻപ് വൈദ്യുതി ഉണ്ടായിരുന്നില്ല. രാത്രിയായാൽ ചൂട്ടിന്റേയും മണ്ണെണ്ണ വിളക്കിന്റേയുമൊക്കെ വെട്ടത്തിലാണ് കാര്യങ്ങൾ ചെയ്തിരുന്നത്. പാചകം ചെയ്യാൻ വിറകും മണ്ണെണ്ണയും ഉപയോഗിച്ചു. ഇന്ന് അവസ്ഥയാകെ മാറി- വൈദ്യുതി വന്നു ; ബൾബും ഫാനും ടെലിവിഷനും റഫ്രിജറേറ്ററുമൊക്കെയായി. വാട്ടർ ഹീറ്ററും ഓവനും എയർ കണ്ടീഷനും ഇല്ലാത്ത വീടുകൾ കുറഞ്ഞുകൊണ്ടിരിക്കുന്നു. കാൽനടയായും കാളവണ്ടിയിലും സൈക്കിളിലുമൊക്കെ യാത്ര ചെയ്തിരുന്നവർ ബൈകിനേയും കാറിനെയും വിമാനത്തേയുമൊക്കെ ആശ്രയിക്കുവാൻ തുടങ്ങി. പഴയ ലാന്റ് ഫോണുകൾ മൊബൈൽ ഫോണുകൾക്ക് വഴിമാറി എന്ന് മാത്രമല്ല, ഒരാൾക്ക് തന്നെ രണ്ടും മൂന്നും ഫോണുകൾ വരെയായി.
ഇവിടെ സംഭവിക്കുന്നതെന്തെന്നാൽ സൗകര്യങ്ങളും സാങ്കേതികവിദ്യയും വർദ്ധിക്കുന്നതിനനുസരിച്ച്
നാം ഉപയോഗിക്കുന്ന ഊർജത്തിന്റെ അളവും കൂടിക്കൊണ്ടിരിക്കുന്നു എന്നതാണ്. പണ്ട് വിറകു മാത്രം ഉപയോഗിച്ചിരുന്ന മനുഷ്യർ ഇപ്പോൾ പെട്രോളിയം ഉത്പന്നങ്ങളും, വൈദ്യുതിയും, ആണവ ഊർജവും, സൗരോർജവും ഉപയോഗിക്കുന്നു. ഇനിയും ഊർജത്തിന്റെ ആവശ്യകത കൂടും , അപ്പോൾ നാം സൗരോർജം കൂടുതൽ കൂടുതൽ ഉപയോഗിക്കുവാൻ തുടങ്ങും. ഒരിക്കൽ അതും തികയാതെ വരികയും മറ്റു നക്ഷത്രങ്ങളുടെ ഊർജം കൂടി നമ്മൾ ഉപയുക്തമാക്കാൻ തുടങ്ങുകയും ചെയ്യും. അങ്ങനെയങ്ങനെ നമ്മുടെ ഗാലക്സിയിലെ മൊത്തം നക്ഷത്രങ്ങളുടെയും ഊർജം ഉപയോഗിക്കും. പിന്നീട് മറ്റു ഗാലക്സികളിലേക്കും നമ്മുടെ അന്വേഷണം തുടരും..ഇതാണ് കാർദാഷേവ് സ്കെയിലിന്റെ അടിസ്ഥാനം.
കർദാഷേവ് സ്കെയിൽ എന്നത്- ഒരു നാഗരികതയുടെ സാങ്കേതിക പുരോഗതിയുടെ നിലവാരം, അതിന് അവർക്ക് ഉപയോഗിക്കാനാകുന്ന ഊർജ്ജത്തിന്റെഅടിസ്ഥാനത്തിൽ അളക്കുന്ന ഒരു രീതിയാണ്. അന്യഗ്രഹ നാഗരികതകൾക്കായുള്ള തിരയലിന് വഴികാട്ടുക എന്നതാണ് കർദാഷേവ് സ്കെയിൽ എന്ന ഈ സാങ്കൽപ്പിക വർഗ്ഗീകരണത്തിന്റെ ഉദ്ദേശം. ഇതിനായി നാഗരികതയുടെ പരിണാമത്തെ പ്രധാനമായും ടൈപ്-1, ടൈപ്പ് -2, ടൈപ്പ്-3 എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായി വേർതിരിക്കുന്നു.1964-ൽ സോവിയറ്റ് ജ്യോതിശാസ്ത്രജ്ഞനായ നിക്കോളായ് കർദാഷേവ് ആണ് ഇങ്ങനെയൊരു മാനദണ്ഡം നിർദ്ദേശിച്ചത്. ടൈപ്പ് -0 മുതൽ ടൈപ്പ്-3 വരെ ഉള്ള നാഗരികതയെക്കുറിച്ച് വളരെ വിപുലമായ ഒരു പ്രബന്ധം അദ്ദേഹം അവതരിപ്പിച്ചു. അതിനുശേഷം പലരും കൂടുതൽ കാര്യങ്ങൾ ഇതിൽ കൂട്ടിച്ചേർക്കുകയുണ്ടായി.
നമ്മൾ ,മനുഷ്യരുടെ സിവിലൈസേഷൻ ഇതിൽ എവിടം വരെ എത്തിനിൽക്കുന്നു എന്ന് നോക്കാം-
ടൈപ്പ്-1 നാഗരികത ഒരു ഗ്രഹനാഗരികത (planetary civilization) ആയിരിക്കും. ഉദാഹരണത്തിന് നമ്മൾ മനുഷ്യർ , ഭൂമിയുടെ സകലമാന ഊർജം – അതായത് ഭൂമിയുടെ അകകാമ്പ് ഉൾപ്പെടെ എന്തൊക്കെ ഭൂമിയിൽ ഊർജ്ജമായി എടുക്കാൻ പറ്റുമോ അതൊക്കെ സൂക്ഷിക്കാനും ഉപയോഗിക്കാനുമുള്ള സാങ്കേതികവിദ്യയും ബുദ്ധിയും കഴിവും നേടിയാൽ നമ്മൾ ടൈപ്പ്-I നാഗരികതയിലെത്തി എന്നു പറയാം. അങ്ങനെയെങ്കിൽ അടുത്ത നക്ഷത്രം , അതായത് സൂര്യനിൽ നിന്നുള്ള ഊർജം ശേഖരിക്കാനും പുനരുപയോഗം ചെയ്യാനുമുള്ള ശേഷിയും നമുക്കുണ്ടായിരിക്കും. പക്ഷേ, നമ്മൾ മനുഷ്യർ ടൈപ്പ്-1 ഗണത്തിൽ പെടാൻ ഇനിയും നൂറ്റാണ്ടുകൾ കഴിയേണ്ടിവരും. 1973ൽ കാൾ സാഗൻ മനുഷ്യരുടെ അന്നത്തെ കർദാഷേവ് സ്കെയിൽ കണക്കു കൂട്ടുകയുണ്ടായി. അന്ന് നാം 0.7 ആയിരുന്നു. ഇപ്പോഴാകട്ടെ 0. 75 ഉം. അതായത് നമ്മൾ മനുഷ്യർ ടൈപ്പ്-1 ലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. ഇന്റർനെറ്റ്, സ്മാർട്ട് ഫോൺ, ലേസർ, LIGO, Ion thruster ഒക്കെ അതിന്റെ ലക്ഷണങ്ങൾ ആണ്. ഭൗതീക ശാസ്ത്രജ്ഞനും ഫ്യൂച്ചറിസ്റ്റുമായ ഡോ. മിച്ചിയോ കാക്കുവിന്റെ അഭിപ്രായത്തിൽ മനുഷ്യർ ഓരോ വർഷവും ശരാശരി മൂന്ന് ശതമാനം എന്ന തോതിൽ ഊർജ ഉപഭോഗം വർധിപ്പിക്കുകയാണെങ്കിൽ, നമുക്ക് 100 മുതൽ 200 വർഷത്തിനുള്ളിൽ ടൈപ്പ്-I പദവിയും ഏതാനും ആയിരം വർഷത്തിനുള്ളിൽ ടൈപ്പ്-II പദവിയും ടൈപ്പ്-III പദവിയും നേടാനാകുമെന്നാണ്. ടൈപ്പ്-1നാഗരികതക്ക് അവർ ജീവിക്കുന്ന ഗ്രഹതിന്റെ എല്ലാ ഊർജ്ജ സ്രോതസ്സുകളും നിയന്ത്രിക്കാൻ കഴിയും, അതിനാൽതന്നെ അവർക്ക് ഇഷ്ടാനുസരണം കാലാവസ്ഥ നിയന്ത്രിക്കാനും പരിഷ്കരിക്കാനോ തന്നെയും, ചുഴലിക്കാറ്റിന്റെ ശക്തി പ്രയോജനപ്പെടുത്താനും സമുദ്രങ്ങളിൽ നഗരങ്ങൾ നിർമ്മിക്കാനും കഴിയും..
ടൈപ്പ്-0 യിൽ നിന്നും ടൈപ്പ്-1 ലേക്കുള്ള മാറ്റം ഏറ്റവും വിഷമം പിടിച്ചതാണെന്ന് മിച്ചിയോ കാക്കു പറയുന്നു. നമ്മൾ മനുഷ്യർ ഇപ്പോൾ ഈ ഘട്ടത്തിൽ ആണ്. മിക്കവാറും നമ്മൾ കലഹിച്ചോ, വിദ്ധ്വംസകപ്രവർത്തനം വഴിയോ, അണവ ബോംബ് പൊട്ടിച്ചോ ടൈപ്പ്-1ൽ എത്തുന്നതിന് മുമ്പേതന്നെ ഇല്ലാതാവാനാണത്രേ അധിക സാധ്യത. ടൈപ്പ്-2 നാഗരികത ഒരു നക്ഷത്ര നാഗരികത (Stellar civilization) ആയിരിക്കും. ടൈപ്പ്-1ൽ നിന്നം ടൈപ്പ്-2 ആവാൻ ഉദ്ദേശം ആയിരം വർഷമെടുക്കും. ഒരു നാഗരികതക്ക് സോളാർ സിസ്റ്റം ലെവലിൽ നിന്ന് ഊർജം ശേഖരിച്ച് ഉപയോഗിക്കാനുള്ള സാങ്കേതികവിദ്യയും ബുദ്ധിയും കഴിവും ഉണ്ടെങ്കിൽ അവർ ടൈപ്പ് -2 ലെവൽ എത്തി എന്നു പറയാം. ടൈപ്പ്-2 സിവിലൈസേഷൻ ആയാൽ പിന്നെ അവരെ ഒരു പ്രകൃതി ദുരന്തത്തിനും നശിപ്പിക്കുവാൻ കഴിയില്ല. സൂര്യൻ തന്നെ ഇല്ലാതായാലും, അല്ലെങ്കിൽ അടുത്തൊരു സൂപ്പർനോവാ സ്ഫോടനം നടന്നാൽ പോലും അവരെ അതൊന്നും ബാധിക്കില്ല. കാരണം അവർ അപ്പാടെ മറ്റൊരു നക്ഷത്രത്തിന് അടുത്തേക്ക് ചേക്കേറാൻ പ്രാപ്തരായിരിക്കും. മനുഷ്യർ ടൈപ്പ്-2 ലെവൽ എത്തിയാൽ നമ്മുക്ക് ഭൂമിയെ കൂടാതെ സൗരയൂഥത്തിലെ മറ്റു ഗ്രഹങ്ങളിൽ നിന്നും സൂര്യനിൽ നിന്നും നേരിട്ട് ഊർജം ശേഖരിച്ച് ഉപയോഗിക്കാൻ കഴിയും. ടൈപ്പ് -2 നാഗരികതയുടെ ഊർജത്തിന്റെ പ്രധാന സ്രോതസ്സ് സൂര്യൻ തന്നെ ആയിരിക്കും. അതിന് അവർ ഡൈസൺ സ്‌ഫിയർ എന്ന സംവിദാനം നിർമിച്ചെന്നു വരും.
ഒരു നക്ഷത്രത്തെ മുഴുവനായും പൊതിയുകയും അതിന്റെ സൗരോർജ്ജ ഉൽപ്പാദനത്തിന്റെ വലിയൊരു ശതമാനം പിടിച്ചെടുക്കുകയും ചെയ്യുന്ന ഒരു സാങ്കൽപ്പിക മെഗാസ്‌ട്രക്‌ചറാണ് ഡൈസൺ സ്‌ഫിയർ. സാധരണ ഒരു നക്ഷത്രം പുറത്തുവിടുന്ന ഊർജ്ജത്തിന്റെ ഒരു ചെറിയ ഭാഗം മാത്രമേ പരിക്രമണം ചെയ്യുന്ന ഗ്രഹത്തിന്റെ ഉപരിതലത്തിൽ എത്തുകയുള്ളൂ എന്നതിനാൽ, ഒരു നക്ഷത്രത്തെ വലയം ചെയ്യുന്ന ഇത്തരം നിർമിതി ഘടനകൾ ആ നാഗരികതയെ കൂടുതൽ ഊർജ്ജം ശേഖരിക്കാൻ പ്രാപ്തമാക്കും. ഒരു പക്ഷേ, പ്രപഞ്ചത്തിന്റെ മറ്റേതെങ്കിലും കോണിൽ അല്ലെങ്കിൽ നമ്മുടെ ഗാലക്സിയിൽ തന്നെ ഡൈസൺ സ്‌ഫിയർ ഉപയോഗിക്കുന്ന നാഗരികതകൾ ഉണ്ടായേക്കാം.
ടൈപ്പ്-2 ൽ എത്തിയാൽ മനുഷ്യൻ സോളാർ സിസ്റ്റത്തിന്റെ മൊത്തം അധിപനായിരിക്കും.
ടൈപ്പ്-3 നാഗരികതയിലെത്താൻ പിന്നെയും ലക്ഷക്കണക്കിന് വർഷങ്ങൾ എടുക്കും. ടൈപ്പ് -2 ഒരു സൗരയൂഥ ലെവൽ സിവിലൈസേഷൻ ആണെങ്കിൽ ടൈപ്പ് 3 കോടിക്കണക്കിന് സൗരയൂഥങ്ങൾ അടങ്ങിയ Galactic civilization ആണ്. ഇത്തരമൊരു ജീവനാഗരികത മൊത്തം ഗാലക്സിയിലെ ഊർജത്തെ ഉപയോഗിക്കുവാൻ ശേഷി ഉള്ളതായിരിക്കും. കോടി കണക്കിന് നക്ഷത്രങ്ങളിൽ നിന്നും സൂപ്പർനോവകളിൽ നിന്നും ബ്ലാക്ക്‌ഹോളിൽ നിന്നും ക്വാസെറുകളിൽ നിന്നും വരെ ടൈപ്പ്- 3 നാഗരികത ഊർജം ശേഖരിക്കുകയും ഉപയോഗിക്കുകയും ചെയ്യാം. സ്വന്തം ഗാലക്സിയുടെ മുഴുവൻ നിയന്ത്രണവും ഇവരുടെ കൈകളിലുമായിരിക്കും. ഗാലക്സിയിലെ എണ്ണാൻ കഴിയാത്ത അത്ര ഗ്രഹങ്ങളിൽ ഇവർ വാസമുറപ്പിക്കും. നമ്മുടെ ഗാലക്സിയിൽ ഇത്തരമൊരു ജീവസമൂഹം ഉണ്ടെങ്കിൽ നമ്മൾ ഇവരുടെ അധികാര പരിധിക്ക് ഉള്ളിൽ ആയിരിക്കും.
കർദ്ധഷേവ് സ്കെയിലിൽ ടൈപ്പ്-3 ക്കു ശേഷം ടൈപ്പ്-10 വരെ അല്ലെങ്കിൽ അതിൽ കൂടുതൽ ഉണ്ട്. പക്ഷേ, അതിനെയൊന്നും പൂർണതോതിൽ നിർവചിക്കാൻ നമുക്ക് സാധിക്കില്ല.. ടൈപ്പ്-3 ലും അനന്തമായ തോതിൽ എല്ലാത്തിലും അഡ്വാൻസ്ഡ് ആയിരിക്കും ടൈപ്പ്-4 നാഗരികത. ദൃശ്യപ്രപഞ്ചത്തിനുള്ളിൽ ഏകദേശം രണ്ട് ട്രില്യൻ ഗാലക്സികൾ ഉണ്ടെന്നാണ് നിഗമനം, ടൈപ്പ്- 4 നാഗരികതക്ക് ഈ പ്രപഞ്ചത്തിലെ എന്തിൽ നിന്നും ഊർജം ശേഖരിച്ചു ഉപയോഗിക്കാനാവും. ചില സിദ്ധാന്തങ്ങളും ഊഹങ്ങളും വെച്ച് പറയുകയാണെങ്കിൽ ടൈപ്പ്-4 കഴിഞ്ഞുള്ള നാഗരികതകളിൽ, അവർക്ക് പ്രപഞ്ചത്തിലെ ഭൗതിക നിയമങ്ങൾ വരെ തിരുത്തിയെഴുതാനും നിയന്ത്രിക്കാനും സാധിക്കും. ഒരു പ്രപഞ്ചം മാത്രമല്ല അനന്തമായ പ്രപഞ്ചങ്ങൾ അതായത് മൾട്ടിവേഴ്സും,അനന്തമായ മൾട്ടിവേഴ്സും അതായത് മെഗാവേഴ്സും,അനന്തമായ മേഗാവേഴ്സും അതായത് മെറ്റാവേഴ്സും,അനന്തമായ മെറ്റാവേഴ്സ് അതായത് ഒമനിവേഴ്സും, ആന്റിമറ്റെർ പ്രപഞ്ചങ്ങളും,ഏകാന്തര പ്രപഞ്ചങ്ങളും, സമാന്തര പ്രപഞ്ചങ്ങളും ഇവരുടെ കൈ വെള്ളയിൽ ആയിക്കും.