ഭൗമേതര ജീവൻ തേടി

Basheer Pengattiri

സൗരയൂഥത്തിന് പുറത്തുള്ളതും, മറ്റൊരു നക്ഷത്രത്തെ പരിക്രമണം ചെയ്യുന്നതോ സ്വതന്ത്രമായി ബഹിരാകാശത്ത് അലഞ്ഞുനടക്കുന്നതോ ആയ ഗ്രഹങ്ങളാണ് എക്സ്ട്രാസോളാർ പ്ലാനറ്റ് അഥവാ എക്സോപ്ലാനറ്റ്. 1990 കൾ വരെ നമുക്കറിയാവുന്ന ഒരേയൊരു ഗ്രഹ വ്യൂഹം ഭൂമിയുൾപ്പെടുന്ന സൗരയൂഥം മാത്രമായിരുന്നു. എന്നാൽ അതിനു ശേഷം അന്യഗ്രഹങ്ങളെ തിരയാൻ ബഹിരാകാശത്ത് സ്ഥാപിച്ച നാസയുടെ ബഹിരാകാശ ദൂരദർശിനികൾ അവയുടെ 30 വർഷത്തെ നിരീക്ഷണങ്ങൾ കൊണ്ട് വിദൂരങ്ങളിൽ നിലകൊള്ളുന്ന പ്ലാനറ്ററി സിസ്റ്റങ്ങളിൽ 5,157 ഗ്രഹങ്ങളെ ഇതുവരെ കണ്ടെത്തികഴിഞ്ഞു. നമ്മുടെ സൗരയൂഥത്തെ പോലെ ഒറ്റ നക്ഷത്രങ്ങളെ ചുറ്റുന്ന ഗ്രഹങ്ങൾ, രണ്ട് നക്ഷത്രങ്ങൾക്കിടയിൽ കറങ്ങുന്ന ഗ്രഹങ്ങൾ, ജ്വലിച്ചുതീർന്ന നക്ഷത്രത്തെ ഇപ്പോഴും വലംവെക്കുന്ന ഗ്രഹങ്ങൾ എന്നിവയെല്ലാം ഇതുവരെ കണ്ടെത്തിയ എക്സോപ്ലാനറ്റുകളുടെ കൂട്ടത്തിലുണ്ട്. ഭൂമിയെക്കാള്‍ വലിയ ഗ്രഹങ്ങളാണ് കണ്ടെത്തിയതില്‍ ഭൂരിഭാഗവും. നെപ്ട്യൂണിന് സമാനമായ നിരവധി ഗ്രഹങ്ങളുമുണ്ട് ഇക്കൂട്ടത്തിൽ.

സൂര്യസമാനമായ നക്ഷത്രത്തിനെ ചുറ്റുന്ന ഒരു ഗ്രഹത്തെ ആദ്യമായി കണ്ടെത്തുന്നത് 1995 ലാണ്. 51 പെഗാസി എന്നറിയപ്പെടുന്ന ഈ നക്ഷത്രം ഭൂമിയിൽ നിന്നും ഏതാണ്ട് 50 പ്രകാശവർഷം അകലെയാണ്. സ്വിസ് ജ്യോതിശാസ്ത്രജ്ഞരായ മിഷേൽ മേയർ , ദിദിയെ ക്വിലോസ് എന്നിവർ റേഡിയൽ വെലോസിറ്റി ടെക്നിക്ക് എന്ന ന്യൂതന സങ്കേതം ഉപയോഗിച്ചാണ് ഈ ബഹിർഗ്രഹത്തെ കണ്ടെത്തിയത്. ചരിത്ര പ്രധാനമായ ഈ ശാസ്ത്രീയ നേട്ടം 2019 ലെ ഊര്‍ജ്ജ തന്ത്രത്തിനുള്ള നൊബേൽ സമ്മാനം നല്കി അംഗീകരിക്കപ്പെട്ടു.എക്സോപ്ലാനറ്റുകളെ കണ്ടെത്തുന്ന നിരവധി മാർഗങ്ങളിൽ ഒന്നാണ് റേഡിയൽ വെലോസിറ്റി അല്ലെങ്കിൽ ഡോപ്ലർ രീതി. ന്യൂട്ടന്റെ മൂന്നാം ചലന നിയമം അനുസരിച്ച് , ഒരു നക്ഷത്രം ഒരു ഗ്രഹത്തിൽ ചെലുത്തുന്ന ഗുരുത്വബലത്തിന് തുല്യമായ ഒരു ബലം , ഗ്രഹം തിരിച്ച് നക്ഷത്രത്തിലും പ്രയോഗിക്കും. അതിന്റെ ഫലമായി നക്ഷത്രവും ചെറുതായി ചലിക്കും. നക്ഷത്രം ചലിക്കുമ്പോൾ അതിൽ നിന്നു പുറത്തു വരുന്ന പ്രകാശത്തിന്റെ വർണരാജിയിലെ തരംഗദൈർഖ്യങ്ങൾക്ക് ഏറ്റക്കുറച്ചിലുണ്ടാകും. നക്ഷത്രം നിരീക്ഷകനിൽ നിന്നകലുമ്പോൾ ചുവപ്പുനീക്കവും അടുക്കുമ്പോൾ നീല നീക്കവും ഉണ്ടാകും. ഇതാണ് ഡോപ്ലർ പ്രഭാവം എന്നറിയപ്പെടുന്നത്. ഡോപ്ലർ പ്രഭാവം പ്രയോജനപ്പെടുത്തിയാൽ നക്ഷത്രം ചലിക്കുന്ന വേഗതയും ചലനത്തിന്റെ കാലയളവും കണ്ടെത്താൻ കഴിയും. ഇതിൽ നിന്ന് ഗ്രഹത്തിന്റെ മാസും ഭ്രമണ കാലവും നക്ഷത്രത്തിൽ നിന്നുള്ള ദൂരവും കണ്ടെത്താം.

51 പെഗാസിയുടെ കാര്യത്തിൽ അതിന്റെ ഉയർന്ന മാസും നക്ഷത്രവുമായുള്ള ഗ്രഹത്തിന്റെ അടുപ്പവും കാര്യങ്ങൾ എളുപ്പമാക്കി. 51 പെഗാസിയിൽ നിന്ന് ആ ഗ്രഹത്തിലേക്കുള്ള ദൂരം വെറും 80 ലക്ഷം കിലോമീറ്ററാണ്. അത് നക്ഷത്രത്തെ ചുറ്റി വരാനെടുക്കുന്ന സമയമാകട്ടെ 4 ദിവസവും.
ബഹിർഗ്രഹങ്ങളെ കണ്ടുപിടിക്കാൻ വ്യാപകമായി ഉപയോഗിക്കുന്ന മറ്റൊരു രീതിയാണ് ഗ്രഹസംതരണം. അറിയപ്പെടുന്ന മിക്ക എക്സോപ്ലാനറ്റുകളും ഈ രീതി ഉപയോഗിച്ചാണ് കണ്ടെത്തിയത്.

ഒരു നക്ഷത്രത്തെ നിരീക്ഷിച്ചുകൊണ്ടിരിക്കേ ആ നക്ഷത്രത്തിന് മുന്നിൽക്കൂടി ഒരു ഗ്രഹം കടന്നുപോകുന്നതിനെ ഗ്രഹസംതരണം എന്ന് പറയുന്നു . ഇത്തരത്തിൽ ഗ്രഹങ്ങൾ നക്ഷത്രത്തിന് മുൻപിൽ കൂടി കടന്നു പോകുമ്പോൾ നക്ഷത്രത്തിന്റെ തിളക്കത്തിൽ 1000 ൽ ഒരംശം കുറവ് സംഭവിക്കും. ഈ കുറവ് കുറച്ച് സമയം നീണ്ടു നിൽക്കും . ഈ തിളക്കക്കുറവ് ഒരു ഗ്രഹത്തിന്റെ ഗ്രഹസംതരണം കൊണ്ടാണു സംഭവിക്കുന്നതെങ്കിൽ അത് വീണ്ടും വീണ്ടും ആവർത്തിക്കും. ഗ്രഹസംതരണം കൊണ്ടുണ്ടാവുന്ന നക്ഷത്രത്തിന്റെ തിളക്കക്കുറവ് എല്ലാ ആവർത്തനങ്ങളിലും ഒരേ അളവിലായിരിക്കുകയും ഒരേ നിശ്ചിത സമയം നീണ്ടുനിൽക്കുകയും ചെയ്യും. ഇത് ബഹിർഗ്രഹങ്ങളെ കണ്ടുപിടിക്കാൻ തെറ്റ് പറ്റാത്ത ഒരു രീതിയാണ്. ഒരിക്കൽ ഗ്രഹത്തെ കണ്ടുപിടിച്ച് കഴിഞ്ഞാൽ അതിന്റെ ആവർത്തന സമയത്തിൽ നിന്നും അതിന്റെ ഭ്രമണപഥത്തിന്റെ വലുപ്പവും , ഗ്രഹസംതരണ സമയത്ത് അതിന്റെ പ്രകാശം എത്ര കുറയുന്നുവന്ന് മനസ്സിലാക്കാൻ കഴിഞ്ഞാൽ ഗ്രഹത്തിന്റെ വലുപ്പവും കണക്കാക്കാൻ കഴിയും. ഗ്രഹത്തിന്റെ ഭ്രമണ പഥത്തിന്റെ വലുപ്പവും , നക്ഷത്രത്തിന്റെ ചൂടും അറിയാൻ കഴിഞ്ഞാൽ ഗ്രഹത്തിന്റെ ചൂട് കണക്കാക്കാൻ കഴിയും . ഗ്രാഹത്തിന്റെ താപനിലയിൽ നിന്നും അത് വാസയോഗ്യ മേഖലയിലാണോ എന്നും തീരുമാനിക്കാം. സംതരണരീതിയുടെ പരിമിതി എന്തെന്നാൽ വ്യാഴത്തെപ്പോലെയുള്ള വലിയ ഗ്രഹങ്ങളെയാണ് ഈ രീതിയില്‍ കൂടുതലും കണ്ടെത്താനാവുക എന്നതാണ്. അവയാകട്ടെ വാതക ഗോളങ്ങളുമായിരികും.

മറ്റൊരു പ്രധാന പരിമിതി, സംതരണവിദ്യ ഉപയോഗിച്ച് ചെറിയ ഗ്രഹങ്ങളെ കണ്ടെത്തിയാല്‍തന്നെ അവയുടെ അന്തരീക്ഷഘടന മനസ്സിലാക്കാന്‍ കഴിയില്ല എന്നതാണ്. ഒരു ഗ്രഹം വാസയോഗ്യമാണോ എന്നു നിര്‍ണയിക്കുന്നതില്‍ ഗ്രഹാന്തരീക്ഷത്തിന് വലിയ പങ്കുണ്ട്. കൂടാതെ ഗ്രഹത്തിന്റെ വലുപ്പം, പിണ്ഡം, ഭ്രമണപഥത്തിന്റെ സവിശേഷതകള്‍, മാതൃനക്ഷത്രത്തില്‍നിന്നുള്ള അകലം, അന്തരീക്ഷ ഘടന എന്നിവയെല്ലാം പരിഗണിക്കണം. ഭൂമിയെപ്പോലെയുള്ള ചെറിയ ഗ്രഹങ്ങളിലാണ് പൊതുവെ ജീവന്‍ ഉത്ഭവിക്കുന്നതിനും വികസിക്കുന്നതിനും സാഹചര്യങ്ങളുള്ളതെന്നാണ് പൊതുവെയുള്ള ധാരണ. ആയത് കൊണ്ടുതന്നെസംതരണവിദ്യ ഉപയോഗിച്ചുള്ള അന്യഗ്രഹവേട്ടയില്‍ ഭൗമസമാനഗ്രഹങ്ങളെ കണ്ടെത്താനുള്ള സാധ്യത കുറവാണ്.

illustration of Alien and milky way in the night

ഗ്രഹസംതരണവിദ്യ ഉപയോഗിച്ച് അന്യഗ്രഹവേട്ട നടത്താൻ നാസയെ വളരെയധികം സഹായിച്ച സ്പേസ് ടെലസ്കോപ്പാണ് 2009 ൽ ഭൂമിയുടെഹീലിയോസെൻട്രിക് ഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ച കെപ്ലര്‍ ബഹിരാകാശ ദൂരദർശിനി. കെപ്ലർ 530,506 നക്ഷത്രങ്ങളെ നിരീക്ഷിക്കുകയും 2,662 ഗ്രഹങ്ങളെ കണ്ടെത്തുകയും ചെയ്തു. ഒമ്പതര വർഷത്തെ പ്രവർത്തനത്തിന് ശേഷം, ടെലിസ്കോപ്പിന്റെ റിയാക്ഷൻ കൺട്രോൾ സിസ്റ്റം ഇന്ധനം തീരുകയും, 2018 ഒക്ടോബർ 30-ന് നാസ ഈ ദൂരദർശിനിയുടെവിരമിക്കൽ പ്രഖ്യാപിക്കുകയും ചെയ്തു. നാസയുടെ എക്‌സ്‌പ്ലോറർ പ്രോഗ്രാമിന്റെ ഭാഗമായി 2018 ഏപ്രിൽ 18-ന് ഭൂമിക്ക് ചുറ്റുമുള്ള ഉയർന്ന ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിൽ സ്ഥാപിച്ച മറ്റൊരു ബഹിരാകാശ ദൂരദർശിനിയാണ് ട്രാൻസിറ്റിംഗ് എക്‌സോപ്ലാനറ്റ് സർവേ സാറ്റലൈറ്റ് എന്ന TESS. 300 പ്രകാശവർഷങ്ങൾക്കുള്ളിൽ നിൽക്കുന്ന രണ്ടുലക്ഷത്തോളം നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും നിരീക്ഷിക്കുകയാണ് അതിന്റെ ദൗത്യം.

വിവിധ നിരീക്ഷണ ഉപാധികളും വിശകലന വിദ്യകളും വഴി തിരിച്ചറിഞ്ഞ്, ആധികാരിക ശാസ്ത്രജേണലുകളില്‍ പ്രസിദ്ധീകരിക്കപ്പെട്ട അന്യഗ്രഹങ്ങളുടെ പട്ടികയാണ് നാസ എക്സോപ്ലാനെറ്റ് ആർക്കൈവ്സിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ ഗ്രഹങ്ങളിൽ ഒന്നിൽപോലും ജീവന്‍റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ, ജീവൻ നിലനിൽക്കാനുള്ള സാധ്യതയെ ശാസ്ത്രം തള്ളിക്കളയുന്നുമില്ല. ഇവയിൽ ഭൂരിഭാഗം ഗ്രഹങ്ങളെയും കണ്ടെത്താനല്ലാതെ മറ്റ് ആഴത്തിലുള്ള പഠനങ്ങളൊന്നും സാധ്യമായിട്ടില്ല. എവിടെയെങ്കിലും നാം ജീവന്‍റെ സാന്നിധ്യം കണ്ടെത്തുമെന്ന കാര്യം തീർച്ചയാണെന്ന് നാസ പറയുന്നു. ഒരു പക്ഷേ അത് ആദിമരൂപത്തിലുള്ള ഒരു ജീവനായിരിക്കാം. അടുത്ത പത്ത് പതിമൂന്ന് വർഷത്തിനുള്ളിൽ അത് സംഭവിക്കും എന്നു തന്നെ നാസ ഉറപ്പിച്ച് പറയുന്നു. കാരണം ഇതുവരെയുള്ള ബഹിരാകാശ ദൂരദർശിനികളുടെയെല്ലാം പരിമിതികളെല്ലാം മറികടക്കുന്ന ടെസ് ബഹിരാകാശ ദൂരദർശിനിയും ജെയിംസ് വെബും ബഹിരാകാശത്ത് അവയുടെ പണി തുടങ്ങിക്കഴിഞ്ഞു.

Leave a Reply
You May Also Like

തമോദ്വാരങ്ങൾ സമാന്തര പ്രപഞ്ചങ്ങളുടെ ഇടനാഴികൾ ?

തമോദ്വാരങ്ങൾ സമാന്തര പ്രപഞ്ചങ്ങളുടെ ഇടനാഴികൾ ? Sabu Jose (ഫേസ്ബുക്കിൽ എഴുതിയത് ) “ഐൻസ്റ്റൈൻ ക്ഷമിക്കുക,…

എക്സ്ട്രീംലി ലാർജ് ടെലസ്കോപ്, ഭൗമേതര ജീവന്‍ തിരയാന്‍ ഇനി എല്‍റ്റ്

എക്സ്ട്രീംലി ലാർജ് ടെലസ്കോപ് ഭൗമേതര ജീവന്‍ തിരയാന്‍ ഇനി എല്‍റ്റ് Sabu Jose ലോകത്തിന്നുവരെ നിര്‍മിച്ചിട്ടുള്ളതില്‍…

ഇലക്ട്രിക് സ്‌കൂട്ടറുകൾ അപകടകാരികളാണോ ? യാഥാർഥ്യമെന്ത് ? വായിക്കാം

വീട്ടിനുള്ളില്‍ ചാര്‍ജ് ചെയ്യാനിട്ട ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് ആന്ധ്രാപ്രദേശിലെ വിജയവാഡയില്‍ ഇന്നലെ യുവാവ് മരിച്ച…

ഒട്ടകപ്പക്ഷിയുടെ കാലുമായി ജനിച്ചവര്‍

സിംബാബ്‌വേയുടെ പടിഞ്ഞാറന്‍ ഭാഗത്ത്, സംബേഴ്രി നദിയുടെ തിരത്ത്, പുറലോകവുമായി ഒറ്റപ്പെട്ട് ജീവിക്കുന്ന ഗോത്രവംശം ആണ് ഡോമാ ഗോത്രം. ഇവരില്‍ ശാസ്ത്രലോകത്തിന് താത്‌പര്യമുണര്‍ത്തിയ ഒരു സംഗതി എന്താണ് എന്ന് അറിയാമോ !!. ഡോമാ ഗോത്രവംശത്തില്‍ ജനിക്കുന്ന അധികം വ്യക്തിക്കളും ഒട്ടകപ്പക്ഷിയുടെ കാല് പോലെ രണ്ട് വിരലുക്കള്‍ ആയി ആണ് ജനിക്കുന്നത്.