കേരളത്തിലെ എല്ലാ മരപ്പൊട്ടന്മാരേയും കൃത്യമായി പാർട്ടിയിലെത്തിക്കാൻ ബിജെപിക്ക് എങ്ങിനെ കഴിയുന്നു !

120

Basheer Vallikkunnu

ഇന്നലെ ബിജെപിയിൽ ചേർന്ന മുൻ ഡിജിപി ജേക്കബ് തോമസ് പറയുന്നത് കേട്ടു. ഇന്ധന വില ഇനിയും കൂട്ടണം. അങ്ങനെ കൂട്ടുമ്പോൾ ആളുകൾ വാഹനം ഉപയോഗിക്കുന്നത് കുറയും. അപ്പോൾ അത് പരിസ്ഥിതിയെ മെച്ചപ്പെടുത്തും.. ഇനിയും കൂട്ടണമെന്നാണ് എന്റെ അഭിപ്രായം.ഇത് കേട്ടപ്പോൾ ഞാൻ ആലോചിച്ചത്, കേരളത്തിലുള്ള എല്ലാ മരപ്പൊട്ടന്മാരേയും ഇത്ര കൃത്യമായി തിരഞ്ഞു പിടിച്ചു പാർട്ടിയിൽ ചേർക്കാൻ ബിജെപിക്ക് എങ്ങിനെയാണ് കഴിയുന്നത് എന്നാണ്.

ഒരു പെർഫെക്ട് മെക്കാനിസം അവർക്ക് അതിനുണ്ട് എന്നത് ഉറപ്പാണ്. സമീപകാല ഉദാഹരണങ്ങൾ ധാരാളം നമുക്ക് മുന്നിലുണ്ട്.ഏതായാലും ഒരു കാര്യം പറയാതെ വയ്യ, ഏതാണ്ട് മൂന്നരക്കോടി ജനങ്ങളുണ്ട് കേരളത്തിൽ. അതിനിടയിൽ നിന്ന് ഇതുപോലുള്ള ഓരോ ഐറ്റംസിനെ കൃത്യമായി കണ്ടെത്തി മെമ്പർഷിപ്പ് കൊടുക്കാനും തിരഞ്ഞെടുപ്പിൽ സീറ്റ് കൊടുക്കാനും അവർ കാണിക്കുന്ന ആ ശുഷ്‌കാന്തിയുണ്ടല്ലോ, അതാണ് സത്യത്തിൽ കേരളത്തെ ചാണകം ചവിട്ടാതെ രക്ഷിച്ചു നിർത്തുന്നത്. അതിന് നമ്മൾ കേരളീയർ മൊത്തത്തിൽ ആ പാർട്ടിയോട് നന്ദിയുള്ളവരായിരിക്കണം.