പാർട്ടിയിലെ സകല തൊരപ്പന്മാരും തരൂരിനെതിരെ തിരിഞ്ഞിരിക്കുകയാണ്‌

220

ബഷീർ വള്ളിക്കുന്ന്.

ശശി തരൂരിനെതിരെ തിരിഞ്ഞിരിക്കുകയാണ് കേരളത്തിലെ കോൺഗ്രസ്സുകാർ മൊത്തത്തിൽ.അയാൾ ചെയ്ത കുറ്റമെന്താണ്?.. പാർട്ടിയെ ശക്തിപ്പെടുത്തണമെന്ന് പറഞ്ഞു. കോൺഗ്രസ്സിന് ഒരു സജീവ നേതൃത്വം വേണമെന്ന് പറഞ്ഞു. ഒരു വർഷത്തിലധികമായി തുടരുന്ന അനിശ്ചിതാവസ്ഥക്ക് പരിഹാരം വേണമെന്ന് പറഞ്ഞു.അപ്പോഴേക്ക് തുടങ്ങി പാർലിമെന്റിൽ പതിറ്റാണ്ടുകളായി ചൊറിഞ്ഞു കുത്തിയിരിക്കുന്ന പല മരപ്പാഴുകളും കുരച്ചു ചാടാൻ.ശശി തരൂരിനെപ്പോലെ നേരാം വണ്ണം നാലക്ഷരം സംസാരിക്കാൻ കഴിയില്ല, എഴുതാൻ കഴിയില്ല, ഒരു സാമൂഹ്യ ഇടപെടലും നടത്താൻ കഴിയില്ല.. ശമ്പളവും ബത്തയും വാങ്ങി അത് വെട്ടിവിഴുങ്ങി കാലം കഴിക്കുക.ചാകുന്നത് വരെ അതൊക്കെ ആസ്വദിക്കുക.. കോൺഗ്രസ്സെന്ന് പറഞ്ഞാൽ ഇവന്മാർക്ക് അതാണ്. മുല്ലപ്പള്ളി, കെ മുരളീധരൻ തുടങ്ങി സകലരും വാളുമായി ഇറങ്ങിയിട്ടുണ്ട്, തരൂരിനെ വെട്ടിവീഴ്ത്താൻ.മുടിഞ്ഞ അസൂയയാണ് ഇവറ്റകൾക്കൊക്കെ.. തരൂർ വാർത്തയിൽ നിറഞ്ഞു നിൽക്കുന്നത് കാണുമ്പോൾ, ശബ്ദമുയർത്തുമ്പോൾ, പാർലിമെന്റിൽ ഇരുന്ന് അത് നോക്കി വെള്ളമിറക്കാനല്ലാതെ ഒന്നിനും കഴിയാത്ത കുറേ കോലങ്ങൾ.അവർക്ക് തരൂരിനെ ഈ പാർട്ടിക്ക് പുറത്താക്കണം..
കപിൽ സിബലിനെപ്പോലുള്ളവരെ നിശ്ശബ്ദമാക്കണം.എന്നിട്ട് ഹൈക്കമാൻറ് എന്ന് പറഞ്ഞു അവിടെ ചൊറിഞ്ഞു കുത്തിയിരിക്കുന്ന നിർഗുണ പരബ്രഹ്മങ്ങൾക്ക് വായുഗുളിക നൽകണം.കോൺഗ്രസ്സ് നശിച്ചാലും പ്രതിപക്ഷ നിര തകർന്നാലും അതിലൊട്ടും ആശങ്കയില്ലാത്ത ഒരു വർഗ്ഗമെന്നല്ലാതെ മറ്റെന്ത് പറയാൻ.

**

Saif Thaikandi

ഇന്ന് കേരളത്തിൽ നിന്ന് ഇന്ത്യയുടെ പ്രധാനമന്ത്രിയാവാൻ യോഗ്യതയുള്ള ഒരേയൊരു പാർലമെന്ററിയൻ ഡോക്ടർ ശശി തരൂർ ആണെന്ന കാര്യത്തിൽ മറ്റു പാർട്ടിക്കാർക്ക് പോലും സംശയമുണ്ടാവില്ല
സത്യത്തിൽ കേരളത്തിൽ നിന്ന് അല്ല ഇന്ന് ഇന്ത്യയിൽ തന്നെ മൻമോഹൻ സിംഗ്ന് പകരം പ്രധാന മന്ത്രിയാവാൻ യോഗ്യതയുള്ള കോൺഗ്രസ് നേതാക്കളിൽ ഒന്നാമൻ തരൂരാണ്
ഒരു പക്ഷെ ഇന്നത്തെ ഇന്ത്യയിലെ വിദ്യ സമ്പന്നരായ യുവ തലമുറയിൽ ഏറ്റവും ആദരിക്കപ്പെടുന്ന ആളും തരൂർ തന്നെയായിരിക്കും .രാജ്യം നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങൾ- പൗരത്വ ഭേദഗതി നിയമം, ദേശീയ വിദ്യാഭ്യാസ നയം, മതേതരത്വ കാഴ്ചപ്പാടുകൾ, നെഹ്‌റുവിയൻ ആശയങ്ങൾ, ഭാവി ഇന്ത്യയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ,യുവാക്കളുടെ സ്പന്ദങ്ങൾ.ദേശീയതയുടെ ശരിയായ നിർവചനം ,ഇതെല്ലാം പൊതുസമൂഹത്തിന്, പ്രത്യേകിച്ചു യുവാക്കൾക്ക് ഏറ്റവും വ്യക്തമായി മനസ്സിലാക്കാൻ കഴിഞ്ഞിട്ടുള്ളത് ഡോക്ടർ ശശി തരൂരിലൂടെയാണ്.

അദ്ദേഹം ഒരു വിശ്വപൗരൻ ആയതുകൊണ്ടാണ് കോവിഡ് കാലത്ത് കേന്ദ്രസർക്കാർ MP ഫണ്ടുകൾ നിർത്തലാക്കിയപ്പോൾ ബന്ധങ്ങൾ ഉപയോഗിച്ചുകൊണ്ട് തിരുവനന്തപുരത്തിനു വേണ്ടി മാതൃകയായ പല കോവിഡ് പ്രവർത്തനങ്ങളും നടത്താൻ സാധിച്ചത് ഒരു എം പി എങ്ങനെയായിരിക്കണം എന്നത് അദ്ദേഹത്തിന്റെ പ്രവർത്തങ്ങളിലൂടെ അദ്ദേഹം തെളിയിച്ചു കഴിഞ്ഞിട്ടുള്ളതാണ്
ഈ പ്രവർത്തനങ്ങൾ കാരണമാണ് തിരുവനന്തപുരത്തുക്കാർ മഹാ ഭൂരിപക്ഷം നൽകി അദ്ദേഹത്തെ മൂന്നാം തവണയും ലോക്സഭയിലേക്ക് അയച്ചത്.

ഇന്ത്യൻ ജനാധിപത്യത്തിന്റെ ബഹുസ്വരതയ്ക്കും കോൺഗ്രസ് പാർട്ടിയുടെ വിശാല കാഴ്ചപ്പാടിനും എന്നും ഒരു മുതൽക്കൂട്ടാണ് ഡോ:തരൂർ.അത് പോലും മനസ്സിലാക്കാൻ കഴിവ് ഇല്ലാത്ത ചില മന്ദബുദ്ധികൾ AICC പ്രവർത്തക സമിതിയിൽ വരെ കയറി പറ്റിയതാണ് ഈ പാർട്ടിയുടെ ശാപം .പ്രതിപക്ഷ പാർട്ടികൾ പോലും ആക്ഷേപം ഉന്നയിക്കാൻ മടിക്കുന്ന അദ്ദേഹത്തിനെതിരെ നിരന്തരം അപവാദ പ്രചരണങ്ങൾ നടത്തുന്ന മരപ്പാഴുകളിൽ പാർട്ടിയെ രക്ഷിക്കാൻ ഇനി ദൈവത്തിന് മാത്രമേ സാധിക്കു.


Sudha Menon

പ്രതീക്ഷയുടെ തുരുത്തുകള് ഓരോന്നായി കടലെടുക്കുന്ന അതികഠിനമായ പരീക്ഷണകാലത്തിലൂടെ കടന്നുപോവുകയാണ് ഇന്ത്യന് നാഷണല് കോണ്ഗ്രസ്. പരിമിതികള്, വീഴ്ചകള്, ഭ്രംശങ്ങള്, തെറ്റുകള്, ഒത്തുതീർപ്പുകൾ,നയവ്യതിയാനങ്ങള്…കോണ്ഗ്രസ്സിനെ വിമർശിക്കാൻ ധാരാളം കാരണങ്ങൾ എല്ലാവര്ക്കും ഉണ്ടാകും.എങ്കിലും ‘കോൺഗ്രസ്സ് മുക്ത ഭാരതം’ ഇപ്പോഴും ഇന്ത്യയിലെ ജനാധിപത്യവിശ്വാസികളുടെ അജണ്ട ആയിട്ടില്ല. കാരണം ഇപ്പോഴും കാശ്മീർ മുതൽ കന്യാകുമാരി വരെയുള്ള ഇന്ത്യയിലെ എല്ലാ ബൂത്തിലും നാല് വോട്ടെങ്കിലും കിട്ടുന്ന വേറെ ദേശിയ പാർട്ടി ഇല്ല. അതുപോലെ ഇന്ത്യയെപോലെ തന്നെയാണ് ഇന്ത്യന് നാഷണല് കോണ്ഗ്രസും. അത്രയേറെ വൈരുധ്യങ്ങളും, സങ്കീര്ണ്ണമായ ഉള്പ്പിരിവുകളും, ആന്തരീകസംഘര്ഷങ്ങളും ആഴവും പരപ്പുമുള്ള വേറൊരു രാഷ്ട്രീയപ്രസ്ഥാനം ഇന്ത്യയില് ഒരിക്കലും ഉണ്ടായിരുന്നില്ല. ഇന്ത്യ അസാധാരണമായ ഒരു ദേശരാഷ്ട്രമാണെങ്കില് കോണ്ഗ്രസ് അസാധാരണമായ ഒരു പാര്ട്ടിയുമാണ്.
കോൺഗ്രസ്സ് നശിച്ചിട്ട് അതിൽ നിന്നും ഒരു ബദൽ ഉണ്ടാകുമെന്നത് പ്രായോഗികമല്ല. അറുപതുകൾ മുതൽ ഇന്ത്യൻ സോഷ്യലിസ്റ്റുകൾ ശ്രമിച്ചിട്ട് നടക്കാത്ത സ്വപ്നം ആണത്.അതുകൊണ്ടു കോൺഗ്രസ്സ് പാർട്ടി ഒരു പാൻ ഇന്ത്യൻ ലിബറൽ ‘കൺസെൻസസ്പ്ലാറ്റ്ഫോം’ആയി നിലനിൽക്കണം എന്ന ആഗ്രഹം ഉള്ളവർ ഇന്ത്യയിൽ ഇപ്പോഴും ധാരാളം ഉണ്ട്. പക്ഷെ ഇന്നത്തെ നിലയിൽ ആണ് കാര്യങ്ങളെ വിലയിരുത്തുന്നതെങ്കിൽ, അടുത്ത തിരഞ്ഞെടുപ്പോടെ കോൺഗ്രസ്സിന്റെ ഭാവി പ്രവചനാതീതമാകും. മറു വശത്തു നിൽക്കുന്നത് , രാഷ്ട്രീയപ്രവർത്തകരല്ല, മറിച്ചു ഇന്ത്യ കണ്ട ഏറ്റവും മികച്ച പൊളിറ്റിക്കൽ മാനിപ്പുലേറ്ററും, ജനായത്ത പ്രക്രിയയെ ദൈനംദിന ട്രേഡിങിന്റെ നിലവാരത്തിലേക്ക് താഴ്ത്തിയ രാഷ്ട്രീയ നെറികേടിന്റെ ഉസ്താദുമാരും ആണെന്ന് മനസിലാവാത്തവരാണ് കോൺഗ്രസ്സിന്റെ അഖിലേന്ത്യ നേതാക്കന്മാരെങ്കിൽ അധികം വൈകാതെ കോൺഗ്രസ്സ് മുക്ത ഭാരതം കൂടി സാധ്യമാക്കാൻ ബിജെപിക്ക്‌ കഴിയും.
അത് വ്യക്തമായി മനസിലാക്കിയത് കൊണ്ടാണ് തരൂരും ,കപിൽ സിബലും ഗുലാം നബി ആസാദും ഒക്കെ ഇടപെട്ടത്. അവർ കരിയർ രാഷ്ട്രീയക്കാരാണെങ്കിൽ ഏറ്റവും എളുപ്പം ബിജെപിയിൽ ചേരുന്നതായിരുന്നു. അവർ അത് ചെയ്തില്ല. പകരം അവർ ശ്രമിക്കുന്നത് കോൺഗ്രസ്സിനെ ജനാധിപത്യവൽക്കരിക്കാൻ ആണ്.ഒരു മുഴുവൻ സമയ പ്രസിഡന്റ് വേണം എന്നതും, കോൺഗ്രസ്സിനെ നവീകരിക്കണം എന്ന് ആവശ്യപെടുന്നതും ഇന്നത്തെ സാഹചര്യത്തിൽ ഏറ്റവും പ്രാഥമികമായ ഒരാവശ്യമാണ്. അത് പോലും പറയാൻ കോൺഗ്രസിൽ ഇനിയും ആരുമില്ലെങ്കിൽ എങ്ങനെയാണ് സ്വയം ജനാധിപത്യ പാർട്ടി എന്ന് വിളിക്കുന്നത്? എങ്ങനെയാണ് സംഘടന ബൂത്ത് തലം മുതൽ കെട്ടിപ്പടുക്കുന്നത്?
അത് തുറന്നു പറഞ്ഞതിനാണ് കോൺഗ്രസ്സിൽ ഇന്നുള്ള ഏറ്റവും മിടുക്കനായ നേതാക്കന്മാരിൽ ഒരാളായ ശശി തരൂരിനെ ഗസ്റ്റ് ആർട്ടിസ്റ്റ് എന്ന് വിളിച്ചു അപമാനിക്കുന്നത്! തരൂരിന്റെ എല്ലാ അഭിപ്രായങ്ങളോടും യോജിപ്പ് ഇല്ലെങ്കിലും അദ്ദേഹം നല്ലൊരു ജനപ്രതിനിധിയും, ലോക്സഭയിൽ കോൺഗ്രസ്സിന്റെ ഏറ്റവും പ്രഗത്ഭനായ പ്രാസംഗികനും ആണെന്ന കാര്യത്തിൽ സംശയം ഒന്നുമില്ല. അദ്ദേഹത്തെ അപമാനിക്കുന്നതിന് പകരം യാഥാർഥ്യബോധത്തോടെ കോൺഗ്രസ്സ് പാർട്ടിയുടെ ഇന്നത്തെ പ്രശ്നങ്ങൾ ഉൾക്കൊള്ളുകയും പരിഹരിക്കാൻ ഒരുമിച്ച് നിന്ന് ശ്രമിക്കുകയും ആണ് വേണ്ടത്.
ഓർക്കുക,ചാണക്യന്മാരും റിസോർട്ടുകളും അല്ല ഇവിടെ പാർട്ടിയെ നിലനിർത്തിയത് . കോൺഗ്രസ്സ് വളർന്നതും, പൂത്തുലഞ്ഞതും തെരുവുകളിലും ഗ്രാമങ്ങളിലും തന്നെയായിരുന്നു, എക്കാലത്തും. ആ ഇടങ്ങളെ തിരിച്ചു പിടിക്കാനാണ് ഒരു മതേതര ലിബറൽ പ്ലാറ്റുഫോം എന്ന നിലക്ക് കോൺഗ്രസ്സ് ശ്രമിക്കേണ്ടത്. അതാണ് തരൂർ പറയാൻ ശ്രമിച്ചതും. ഗസ്റ്റ് ആർട്ടിസ്റ്റ് ആണെങ്കിൽ അദ്ദേഹം അത് പറയേണ്ട കാര്യമില്ലായിരുന്നു. മറിച്ച്‌ എളുപ്പത്തിൽ പാർട്ടി വിട്ടുപോകാമായിരുന്നു.
നിർഭാഗ്യവശാൽ,ഭജനസംഘങ്ങൾക്കും ഭക്തജനങ്ങൾക്കും ആണ് ഇന്ന് എല്ലാ രാഷ്ട്രീയപാര്ടികളിലും മേധാവിത്വം. ജനാധിപത്യവാദികൾക്ക് അല്ല. എന്തായാലും ഈ വിഷയത്തിൽ തരൂർ തന്നെയാണ് ഏറ്റവും വലിയ ശരി.