Columns
വള്ളിക്കുന്ന് എന്തിന് വാലന്റയിനെ പേടിക്കണം..??
ഈ വരികളില്‍ ആ ഐതീഹ്യത്തോടും അതിന്റെ സാര്ഥകതയോടും വിശ്വസനീയതയോടും അദ്ദേഹത്തിനുള്ള പുച്ഛം അദ്ദേഹം തീക്ഷ്ണമായി വെളിവാക്കുന്നു.
145 total views

ശ്രീ ബഷീര്‍ വള്ളിക്കുന്നിന്റെ “വലന്റയിന് വരുന്നേ.. ഓടിക്കോ..“ എന്ന ബ്ലോഗ് കണ്ടപ്പോഴാണ് വലന്റയിന്‍സ് ഡേ ഇങ്ങ് അടുത്തെത്തി എന്ന് ഓര്‍മ്മ വന്നത്. അല്ലെങ്കിലും വിശേഷദിവസങ്ങള്‍ കാലേകൂട്ടി ഓര്‍മ്മിച്ച് വയ്ക്കുന്ന ശീലമില്ല. ഏതായാലും വലന്റയിന്‍സ് ഡേ വന്നു. എങ്കില്‍ പിന്നെ എന്താണ് അദ്ദേഹത്തിന് അതിനേക്കുറിച്ച് പറയുവാനുള്ളതെന്ന് നോക്കിയേക്കാമെന്ന് ചിന്തിച്ചാണ് ബ്ലോഗ് വായന തുടങ്ങിയത്. ഡിം..!! സംഭവം അത് തന്നെ. പ്രണയത്തിന്റെ മൂല്യച്യുതിയിലൂടെ, സാമൂഹികമായ അരാജകത്വത്തിലേക്ക് വിരല്‍ ചൂണ്ടുന്ന പറഞ്ഞ് പഴകിയ ക്ലീഷേ. ജനറേഷന് ഗ്യാപ്പിനേപ്പറ്റി കുറേ നാളുകള്‍ മുന്‍പ് വായിക്കുവാന്‍ ഇടയായ ചില ലേഖനങ്ങളാണ് മനസ്സിലേക്ക് വന്നത്. പുതിയ തലമുറ എന്ത് ചെയ്താലും, പ്രത്യേകിച്ച് അത് ഒരു ആഘോഷമായി ചെയ്യുമ്പോള്‍ അത് പഴയ തലമുറയ്ക്ക് ദഹിക്കുവാന്‍ പ്രയാസമാണെന്ന നഗ്നസത്യം ആ ലേഖനങ്ങള്‍ ഉദാഹരണസഹിതം അക്കമിട്ടു നിരത്തിയിരുന്നു. അതിലൊക്കെ വിചിത്രം, ഇപ്പോള്‍ തല നരച്ചു തുടങ്ങിയവര്‍ തങ്ങളുടെ രക്തം യുവത്വത്തിന്റെ തിളപ്പില്‍ കുതിച്ചപ്പോള്‍ ചെയ്തിരുന്ന പല കാര്യങ്ങളും അവരുടെ മുതിര്‍ന്ന തലമുറയ്ക്ക്, അതായത് പുതു തലമുറയുടെ സൂപ്പര്‍ സീനിയേഴ്സിന് ക്ഷ പിടിച്ചിരുന്നില്ല എന്നത് ഈ സീനിയേഴ്സ് തന്നെ സമ്മതിക്കുന്നു എന്നതാണ്. അതിന്റെ അര്‍ഥം പുതുതലമുറയോടുള്ള ആശയപരമായ അവജ്ഞ പൈതൃകസിദ്ധികള് പോലെ തലമുറകള്‍ കൈമാറി വരുന്ന ഒന്നാണെന്നാണ്. തങ്ങള്‍ക്ക് ചെയ്യുവാന്‍ കഴിയാഞ്ഞ, അല്ലെങ്കില്‍ അക്കാലത്ത് പ്രചാരത്തില്‍ ഇല്ലാതിരുന്ന പുതിയ കാര്യങ്ങള്‍ മറ്റുള്ളവര്‍ ചെയ്യുന്നതിലെ അസഹിഷ്ണുത ഏത് തലമുറയിലേയിലും മുതിര്‍ന്ന ആളുകള്‍ പ്രകടിപ്പിച്ചിരുന്നു. പലപ്പോഴും അത് അന്ധമായ ഒരു വിമര്ശനമായിത്തീരാറുമുണ്ട്.
അതിലേക്ക് കടക്കുന്നതിന് മുന്‍പ് ശ്രീ വള്ളിക്കുന്നിന്റെ ബ്ലോഗിലെ അസഹിഷ്ണുത നിറഞ്ഞ ചില സന്ദര്‍ഭങ്ങളിലേക്ക് വരാം. ശ്രീ വള്ളിക്കുന്നിന്റെ ബ്ലോഗുകള്‍ സ്ഥിരമായി വായിക്കാറുള്ളവനാണ് ഈയുള്ളവന്. ചില ബ്ലോഗുകള്‍ എന്നെ അദ്ദേഹത്തിന്റെ ഒരു ആരാധനകാക്കുക വരെയുണ്ടായി. അത്രയേറെ നിലവാരമുള്ള വിമര്‍ശനങ്ങള്‍ എഴുതാന്‍ കഴിവുള്ള ശ്രീ വള്ളിക്കുന്ന് വലന്റയിന്‍സ് ഡേയുടെ ഐതീഹ്യത്തെപ്പറ്റി പരിഹാസരൂപേണ വിവരിച്ചിരിക്കുന്നത് വായിച്ചപ്പോള്‍ സത്യം പറയട്ടേ, അതുവരെ ഉണ്ടായിരുന്ന ബഹുമാനത്തിന് അല്‍പ്പം ഇടിവ് തട്ടി എന്ന് പറയാതിരിക്കുവാന്‍ വയ്യ. പാശ്ചാത്യരുടെ ഐതീഹ്യമായതുകൊണ്ടാണോ അദ്ദേഹത്തിന് വലന്റയിനോട് ഇത്ര പുച്ഛം തോന്നുവാന്‍ എന്ന് ഞാന്‍ സന്ദേഹപ്പെടുന്നു. ഐതീഹ്യങ്ങള്‍ക്ക് ബലവത്തായ അടിസ്ഥാനം വേണമെന്ന ഒരു പുതിയ അഭിപ്രായം ആ വിവരണത്തിലൂടെ അദ്ദേഹം നമുക്ക് മുന്നില്‍ കാഴ്ച വയ്ക്കുന്നു.
ഉദാ : “പ്രേമത്തിനുണ്ടോ കണ്ണും മൂക്കും?. അവള്‍ക്ക് കണ്ണ് കാണില്ലായിരുന്നത്രേ!! (കണ്ണ് കാണുന്ന ആരേലും പള്ളീലച്ചനെ പ്രേമിക്കുവോ?. തിരക്കഥ എഴുതിയ ലവന് വിവരമുണ്ട്..) അച്ഛനല്ലേ.. നോ പ്രോബ്ലം.. അതിനും വഴി കണ്ടെത്തി. പ്രേമത്തിന്റെ പവര്‍ ദൈവികമായി കൂട്ടി പുള്ളിക്കാരത്തിക്ക് കാഴ്ച തിരിച്ചു കൊടുത്തു.. (റൊമ്പ അഴകാര്ന്ത തിരക്കഥൈ!!.. നൂറുക്ക് നൂറ്.. സാക്ഷാല്‍ രജനി സാറ് പോലും വീഴും..) ഇതറിഞ്ഞ ചക്രവര്‍ത്തി വാലന്റൈന്‍ അച്ഛന്റെ തല വെട്ടാന്‍ ഉത്തരവിട്ടു. തല വെട്ടുന്നതിന് ഒരു നിമിഷം മുമ്പ് കാമുകിക്ക് അച്ഛന് ഒരു ലവ് ലെറ്റര്‍ കാച്ചി. ഫ്രം യുവര്‍ വാലെന്റൈന്‍ .. ആ കത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഭൂമുഖത്തെ എല്ലാ കമിതാക്കളും ഫെബ്രുവരി പതിനാലിന് കത്തും, ഫ്ലവറും, പിന്നെ മറ്റു പലതും കൈ മാറുന്നു.. എന്തൊരു പവിത്രത.. എന്തൊരു സ്നേഹം..“
ഈ വരികളില്‍ ആ ഐതീഹ്യത്തോടും അതിന്റെ സാര്ഥകതയോടും വിശ്വസനീയതയോടും അദ്ദേഹത്തിനുള്ള പുച്ഛം അദ്ദേഹം തീക്ഷ്ണമായി വെളിവാക്കുന്നു. ഇതിനേക്കാള്‍ മികച്ച തിരക്കഥയല്ലേ നമ്മുടെ ഓണത്തിന്.? നന്മ നിറഞ്ഞ അസുരചക്രവര്‍ത്തി. അദ്ദേഹത്തിന്റെ കീര്‍ത്തിയില്‍ അസൂയ പൂണ്ട ദേവരാജന്‍. ദേവേന്ദ്രന്റെ പരിദേവനത്തില്‍ മനമലിഞ്ഞ സാക്ഷാല്‍ ഭഗവാന് വിഷ്ണു. വാമനാവതാരത്തില്‍ വന്നിട്ട് ആകാശത്തേക്കാള്‍ വളര്‍ന്ന് രണ്ടടി കൊണ്ട് ഈരേഴ് പതിനാല് ലോകങ്ങളും അളന്ന ഭഗവാന് (രജനി നടിച്ചാല്‍ ഈ റോള്‍ റൊമ്പ പ്രമാദമായിരിക്കും എന്ന കാര്യത്തില്‍ ഒട്ടും സംശയം വേണ്ട. ഇഷ്ടം പോലെ ഗിമ്മിക്സുകള്ക്ക് സ്കോപ്പുള്ള വേഷമാണ്.) ഒടുവില്‍ മൂന്നാമത്തെ അടിക്ക് ചക്രവര്‍ത്തിയെ പാതാളത്തിലേക്ക് ആഴ്ത്തുന്ന നായകന്റെ ക്ലോസപ്പ് ഷോട്ട്. പടം ഗംഭീരം. ഇതിന് ശേഷമാണ് പ്രജാവത്സലനായ ചക്രവര്‍ത്തി തന്റെ പ്രജകളെ കാണാന്‍ എല്ലാ വര്‍ഷവും ഓണത്തിന് എഴുന്നള്ളുവാന്‍ തുടങ്ങിയത് എന്ന് കാണികള്‍ സീറ്റില്‍ നിന്നെ എഴുന്നേല്ക്കുന്ന സമയം എഴുതിക്കാണിച്ചാല്‍ കൂടുതല്‍ നന്നായിരിക്കും.
ഈ രണ്ട് ഐതീഹ്യങ്ങള്‍ ഞാന്‍ ഇവിടെ ഉദ്ധരിക്കുവാന്‍ കാരണമെന്തെന്നാല്‍ രണ്ടും യുക്തിപരമായി ചിന്തിച്ചാല്‍ വലിയ അര്‍ഥമോ യാഥാര്‍ഥ്യബോധമോ കുറവുള്ള സംഗതികളാണ്. (വലന്റയിന്റെ ഐതീഹ്യത്തിന് കുറച്ചുകൂടി യാഥാര്ഥ്യബോധമുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. കാരാഗൃഹത്തില്‍ അടയ്ക്കപ്പെട്ട പാതിരിയും അദ്ദേഹത്തെ പ്രണയിച്ച രാജകുമാരിയും അത് അറിഞ്ഞ് പാതിരിയെ വധിച്ച ചക്രവര്‍ത്തിയും സംഭവിച്ച് കൂടായ്കയില്ല. ഏറ്റവും കുറഞ്ഞത് പുരാതനകാലത്തെങ്കിലും.). വിദേശീയരുടേത് മാത്രം നല്ലതാണെന്ന് വിളിച്ച് പറയുന്ന ചില അമൂല്‍ ബേബികളുടെ കൂട്ടത്തിലല്ല പക്ഷേ ഞാന്‍. എന്റെ നാടിനെയും എന്റെ ഭാഷയേയും, എന്റെ നാടിന്റെ നന്മകളേയും എല്ലാം അങ്ങേയറ്റം തീവ്രതയൊടെ സ്നേഹിക്കുന്ന ഒരു തനി നാട്ടിന്പുറത്തുകാരന് മലയാളിയാണ് ഞാന്‍. ഓണം എനിക്ക് ഏറ്റവും പ്രിയപ്പെട്ട വിശേഷമാണെന്നത് ഇവിടെ പ്രത്യേകം ഓര്‍മ്മിപ്പിക്കട്ടെ. പക്ഷേ ഓണത്തിന്റെ ഐതീഹ്യത്തെ ഈ രീതിയില്‍ വിവരിക്കുവാന്‍ കാരണം വലന്റയിന് ഐതീഹ്യത്തോട് നമ്മുടെ ബഹുമാനപ്പെട്ട ബഷീര്‍ പ്രകടിപ്പിച്ച കറ കളഞ്ഞ അവജ്ഞ മാത്രമാണ്. എനിക്ക് പറയാനുള്ളത്, ഐതീഹ്യങ്ങള്‍, അത് കേരളീയന്റെയായാലും, ബംഗാളിയുടെ ആയാലും, യഹൂദന്റെ ആയാലും, അമേരിക്കാക്കാരന്റെ ആയാലും ഐതീഹ്യങ്ങള്‍ തന്നെയാണ്. ഓരോ ദേശത്തെയും ജനങ്ങള്‍ കാലങ്ങളായി നെഞ്ചെറ്റി നടന്ന്, അടുത്ത തലമുറയ്ക്ക് കൈമാറുന്ന ചില മിത്തുകളാണവ. അവയ്ക്ക് വസ്തുതാപരമായ അടിസ്ഥാനം വേണമെന്ന് നിര്‍ബന്ധം പിടിക്കുന്നത് ശുദ്ധ ഭോഷ്ക്കാണ്. എന്റെ ഐതീഹ്യങ്ങള്‍ക്ക് യാതൊരു കുഴപ്പവുമില്ല, പക്ഷേ നിന്റേത് എന്തേ ഇങ്ങനെ ആയിപ്പോയി എന്ന് ചോദിക്കുന്നവന് ആദ്യം തന്റെ കൈവളമുള്ളതെല്ലാം പെര്‍ഫെക്ട് ആണോ എന്ന് ഒന്ന് പുനര്‍വിചിന്തനം നടത്തുന്നത് നല്ലതാണ്. എല്ലാ സംസ്കൃതികളെയും അതിന്റെ വിശ്വാസങ്ങളേയും ഐതീഹ്യങ്ങളേയും അവ അര്‍ഹിക്കുന്ന ബഹുമാനത്തോടെ കാണുക എന്നത് സാംസ്ക്കാരികമായി ഉയര്‍ന്ന് ചിന്തിക്കേണ്ടവര്‍ മറക്കുവാന്‍ പാടില്ലാത്ത കാര്യമാണ്.
വലന്റയിന്‍സ് ഡേയില്‍ പ്രണയസന്ദേശം കൈമാറിയാല്‍ വലന്റയിന് അച്ചനേപ്പോലെ തനിക്കും ആപത്ത് സംഭവിക്കുമോ എന്നാണ് ശ്രീ വള്ളിക്കുന്നിന്റെ മറ്റൊരു ഭീതി. ഞാനൊന്ന് ചോദിക്കട്ടെ, പെസഹാവ്യാഴത്തിന് തിരുവത്താഴത്തിന്റെ ഓര്‍മ്മയ്ക്ക് ശേഷം അത്താഴം കഴിക്കുന്ന എല്ലാ കൃസ്ത്യാനികളും പിറ്റേന്ന് കുരിശിലേറ്റപ്പെടുമോ..?? അങ്ങനെയാണെങ്കില്‍ പെസഹാവ്യാഴത്തിലെ അത്താഴം വളരെ ഭീതിജനകമായ ഒന്നാണല്ലോ. അപ്പോള്‍ ഞാന്‍ പറഞ്ഞ് വരുന്നതെന്തെന്ന് വെച്ചാല്‍, പ്രണയത്തിനായി ഒരു ദിവസം എന്ന സങ്കല്‍പ്പത്തെ ഏത് വിധേനയും അധിക്ഷേപിക്കുക എന്നതില്‍ കവിഞ്ഞ് ആ കപടഭീതികൊണ്ട് ശ്രീ ബഷീര്‍ മറ്റൊന്നും അര്‍ഥമാക്കുന്നില്ല എന്നാണ്. പ്രണയത്തിനായി ഒരു ദിവസം എന്നത് വലിയ പ്രാധാന്യം കല്‍പ്പിക്കപ്പെടേണ്ട ഒന്നല്ല എന്നത് ശരി തന്നെ. പക്ഷേ പുതിയതെന്തിനെയും മഞ്ഞപ്പിത്തം ബാധിച്ച കണ്ണുകൊണ്ട് കാണുവാന്‍ ശ്രമിക്കുന്ന മലയാളികളുടെ കപടസാമൂഹ്യബോധവും പ്രോത്സാഹിപ്പിക്കപ്പെടേണ്ട ഒന്നല്ല. നന്മ ഉള്ളത് എന്തും, അത് പുതിയതായാലും പഴയതായാലും നിറഞ്ഞ മനസ്സോടെ സ്വീകരിക്കുക എന്നതാണ് ശരിയായ വഴി. എന്റെ അഭിപ്രായത്തില്‍ വലന്റയിന്സ്ഡേ കൊണ്ട് നമുക്ക് ഉണ്ടായ നേട്ടമെന്തെന്ന് വെച്ചാല്‍, ദൈവപുത്രന്റെ ജനനം പോലെ, കുരിശിലെ മരണം പോലെ, ഓണം പോലെ, വിഷു പോലെ, ഹോളി പോലെ, സാത്താനെ കല്ലെറിയുന്നത് പോലെ, മറ്റൊരു മിത്ത്, മറ്റൊരു ഐതീഹ്യം, മറ്റൊരു നന്മ നമുക്ക് ലഭിച്ചു എന്നതാണ്. കൂടെ മനസ്സില്‍ പ്രണയം സൂക്ഷിക്കുന്ന എല്ലാവര്ക്കും ജീവിതത്തിലേക്ക് വിവാഹവാര്‍ഷികം പോലെ, ആദ്യമായി പ്രണയം വെളിപ്പെടുത്തിയ ദിവസം പോലെ, പ്രത്യേകത നിറഞ്ഞ മറ്റൊരു ദിവസം കൂടി. ഇന്ന് ലോകം മുഴുവന്‍ പ്രണയത്തിന് വേണ്ടി ഈ ദിവസത്തെ മാറ്റിവെച്ചിരിക്കുന്നു. എന്റെ ഉള്ളിലും ഇന്ന് പതിവില്‍ കവിഞ്ഞ് നിന്നോട് എന്തോ ഒരു പ്രത്യേകതയും സ്നേഹവും നിറയുന്നു എന്ന് പ്രണയിക്കുന്ന എല്ലാ ആളുകള്‍ക്കും തോന്നില്ലേ..?? തോന്നും. അതാണ് ഈ ദിവസത്തിന്റെ ആകെത്തുക. അതിന് സദാചാരവാദികളെല്ലാം കൂടി എന്തിന് വലന്റയിന് അച്ചനെ വീണ്ടും വധിക്കണമെന്ന് ആക്രോശിക്കുന്നതെന്തിനാണെന്നാണ് എനിക്ക് മനസ്സിലാവാത്തത്.
മറ്റൊരു കാര്യം, വലന്റയിന്‍സ് ഡേ ആഘോഷിക്കുവാന്‍ തുടങ്ങിയതുകൊണ്ടാണ് പ്രണയത്തിന് മൂല്യച്യുതി ഉണ്ടായതെന്ന് പറഞ്ഞാല്‍ കണ്ണുമടച്ച് വിശ്വസിച്ച് തരുവാന്‍ പ്രയാസമാണ്. പ്രണയം ഏത് കാലത്തും, ഏത് ദേശത്തും, ഏത് അവസ്ഥയിലും, ഏത് ഭാഷയിലും പ്രണയം തന്നെയാണ്. അതിന് ഒരു ച്യുതി ഉണ്ടാവുന്നതായി എനിക്ക് തോന്നുന്നില്ല. തലമൂത്ത സദാചാരക്കാരുടെ വെപ്രാളം കണ്ടാല്‍ തോന്നും രമണനെ ചതിച്ച ചന്ദ്രികയും, പളനിയെ ചതിച്ച കറുത്തമ്മയുമൊക്കെ ഈ കാലത്തെ പെണ്ണുങ്ങള് ആയിരുന്നെന്ന്. നിറഞ്ഞ മാറിലെ ആദ്യ നഖക്ഷതം മറയ്ക്കുവാനേ കഴിയൂ എന്ന് പാടുന്ന വിരഹിയായ കാമുകന് ഈ കാലഘട്ടത്തില്‍ ഉണ്ടായതല്ല. കാമുകനാല്‍ ചവിട്ടിയരയ്ക്കപ്പെട്ട നീലത്താമര എം ടിയുടെ മനസ്സില്‍ ജനിച്ചത് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് പ്രണയം അതിന്റെ തീവ്രതയില്‍ നിന്നിരുന്നു എന്ന് തല മുതിര്‍ന്നവര്‍ പറയുന്ന ആത്മാര്ഥപ്രണയത്തിന്റെ കാലത്താണ്. അന്നത്തെ സാമൂഹികചുറ്റുപാടുകളില്‍ നിന്ന് മണ്മറഞ്ഞ് പോയവരും തലമൂത്തവരുമായ നമ്മുടെ കലാകാരന്മാര് മെനഞ്ഞെടുത്ത കഥാപാത്രങ്ങളാണിവയെല്ലാം. അവയൊക്കെ വിരല്‍ ചൂണ്ടുന്നത് ആത്മാര്‍ഥമായ പ്രണയം അന്നും ഇന്നും ഉണ്ടായിരുന്നു. അതുപോലെ തന്നെ ആത്മാര്‍ഥമല്ലാത്ത പ്രണയവും. അപ്പോള്‍ ഇന്നലെ വരെ ഉണ്ടായിരുന്നതാണ് പ്രണയം, ഇന്ന് കാണുന്നത് വെറും സെക്സ് മാത്രം എന്ന കാഴ്ച്പ്പാടിനെപ്പറ്റി എന്ത് പറയുവാനാണ്.
ഇന്ന് ലൈംഗികചൂഷണത്തിന്റെ വാര്‍ത്തകള്‍ കൂടി വരുന്നു എന്നത് പരമാര്‍ഥമാണ്. അതിനൊപ്പം കൂട്ടി വായിക്കേണ്ട മറ്റൊന്നുണ്ട്; അനുദിനം പെരുകുന്ന ജനസംഖ്യ. പണ്ട് ആയിരം ആളുകള്‍ വസിച്ചിരുന്ന ഗ്രാമത്തില്‍ ഇന്ന് 25000 ആളുകള്‍ വസിക്കുന്നു. അന്ന്, 10 പെണ്‍കുട്ടികള്‍ ആ നാട്ടില്‍ ചൂഷണം ചെയ്യപ്പെട്ടെങ്കില്‍ ഇന്ന് 250 പെണ്‍കുട്ടികള്‍ ചൂഷണം ചെയ്യപ്പെടുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെടൂന്നു. ഇത് ഒരു ഉദാഹരണമെന്ന നിലയില്‍ പറഞ്ഞുവെന്നേ ഉള്ളു. ഒപ്പം ഇത് പൂര്‍ണ്ണമായും വസ്തുനിഷ്ഠമായ ഒരു നിഗമനമല്ലെന്ന് ഞാന്‍ തന്നെ പറയുന്നു. പക്ഷേ ഒന്നുണ്ട്, ചൂഷണത്തിന്റെ കണക്കും ജനപ്പെരുപ്പത്തിന്റെ കണക്കും ആപേക്ഷികമാണ്; ഒരു പരിധി വരെയെങ്കിലും. വര്‍ദ്ധിച്ച് വരുന്ന ചൂഷണക്കേസുകളുടെ കണക്കിന് ഇതും ഒരു പ്രധാനകാരണമാണെന്നത് നിഷേധിക്കുവാന്‍ പറ്റുന്ന ഒരു സത്യമല്ല. ടെക്നോളജിയുടെ വികസനം ഈ വര്‍ദ്ധനവിനെ കാര്യമായി പ്രോത്സാഹിപ്പിച്ചിട്ടുമുണ്ട് എന്നതും സമ്മതിക്കുന്നു. ടെക്നോളജി വന്നപ്പോള്‍ പ്രണയത്തിന്റെ സംഗതി പോയി എന്ന് വേവലാതിപ്പെടുന്നവരാണ് നമ്മുടെ സീനിയേഴ്സ്. ഒരു പ്രേമലേഖനത്തിന് വേണ്ടി അവര്‍ പോസ്റ്റ് മാനെ കാത്തിരുന്ന ആ കാത്തിരിപ്പിന്റെ സുഖം തന്നെയാണ് ഒരു മിസ്ഡ് കോളിനോ മെസേജിനോ കാത്തിരിക്കുന്ന ഇന്നത്തെ പ്രണയിക്കുള്ളതെന്ന് അവരെ എങ്ങനെ പറഞ്ഞ് മനസ്സിലാക്കുവാനാണ്.? പോസ്റ്റ് മാന്‍ കൊണ്ടുവരുന്ന എഴുത്തിന് മാത്രമേ പ്രണയത്തിന്റെ ആ ഒരു “ലിത്” ഉള്ളു എന്ന് കണ്ണുമടച്ച് വിശ്വസിച്ചിരുന്നാല്‍ എന്ത് ചെയ്യുവാനാണ്.? മുകളില്‍ പറഞ്ഞ ഒരു വാചകം ഞാന്‍ വീണ്ടും ഇവിടെ ഉദ്ധരിക്കുവാന്‍ ആഗ്രഹിക്കുന്നു. “പ്രണയം ഏത് കാലത്തും, ഏത് ദേശത്തും, ഏത് അവസ്ഥയിലും, ഏത് ഭാഷയിലും പ്രണയം തന്നെയാണ്.” മനസ്സില്‍ തീവ്രമായ പ്രണയം സൂക്ഷിക്കുന്ന ഒരുവന് പോസ്റ്റുമാന് കൊണ്ടുവരുന്ന പ്രണയലേഖനവും ഇന്‍ബോക്സില്‍ കാത്തുകാത്തിരുന്നു വരുന്ന ഒരു മെസേജും മൃതസഞ്ജീവനി പോലെ തന്നെ. മറ്റൊരു കാര്യം കൂടി ഓര്‍മ്മപ്പെടുത്താന്‍ ഉദ്ദേശിക്കുന്നത്, ഇന്ന് രഹസ്യസീഡിയും മെസേജ് ബോക്സും കാട്ടി ബ്ലാക്ക് മെയില്‍ ചെയ്യുമ്പോള്‍ പണ്ട് പ്രണയലേഖനങ്ങളുടെ കൂമ്പാരം കാട്ടി ബ്ലാക്ക് മെയില്‍ ചെയ്തിരുന്നു എന്നതാണ്. ഇതൊക്കെ ഇവിടെ പറയുവാന്‍ കാരണം ചൂഷണമെന്നത് പ്രണയത്തിന്റെ സഹചാരിയാണ്. ചുരുക്കം ചില ആളുകള്‍ അതിനെ പ്രണയത്തില്‍ നിന്ന് അകറ്റി നിര്‍ത്തുന്നതില്‍ വിജയിക്കുന്നു. അത് അന്നും ഇന്നും എന്നും അങ്ങനെ തന്നെയാണ്. ചൂഷണവും പ്രണയവും മാറുന്നില്ല; അവ സംവദിക്കുന്ന വഴികളിലേ വ്യത്യാസം സഭവിക്കുന്നുള്ളു എന്നതാണ് ഇത്തരുണത്തില്‍ എടുത്തുപറയുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നത് ; അത് ആത്മാര്‍ഥത നിറഞ്ഞ പ്രണയമായാലും ചതി ഒളിഞ്ഞിരിക്കുന്ന പ്രണയമായാലും.
ശ്രീ വള്ളിക്കുന്നിന്റെ ഇതേ ബ്ലോഗിലെ വൃദ്ധസദനത്തേയും അവയില്‍ ജീവിതത്തിന്റെ സായാഹ്നം ജീവിച്ചു തീര്‍ക്കുവാന്‍ വിധിക്കപ്പെട്ട വൃദ്ധമാതാപിതാക്കളേപ്പറ്റിയുമുള്ള പരാമര്‍ശങ്ങള്‍ എന്നെ ഒരുപാട് സ്പര്‍ശിക്കുകയും ചെയ്തു. ശ്രീ ബഷീര്‍ വിരല്‍ ചൂണ്ടിയ ആ സത്യങ്ങള്‍ കണ്ടുകൊണ്ട് നമുക്ക് എത്ര നാള് മുന്പോട്ട് പോകുവാനാകുമെന്നതാണെന്റെ സന്ദേഹം. ആ ബ്ലോഗിന്റെ യഥാര്‍ഥ സത്ത ഉള്‍ക്കൊള്ളുന്നത് ആ ഖണ്ഡികയില്‍ ആണെന്ന് ഞാന്‍ എടുത്ത് പറയട്ടെ. അവ എന്നെ എപ്പോഴത്തേയുമെന്ന പോലെ തീവ്രമായി വേദനിപ്പിക്കുകയും ചെയ്യുന്നു. ആ സത്യം വിളിച്ച് പറയുവാന്‍ പാവം വാലന്റയിന്‍ ഐതീഹ്യത്തെ ഇത്രയധികം അവഹേളിക്കേണ്ടിയിരുന്നില്ല എന്നതാണ് ഞാന്‍ ഇവിടെ പറയുവാന്‍ ശ്രമിച്ചത്. നമ്മുടെ യഥാര്‍ഥ മൂല്യച്യുതി എന്നത് വായിക്കേണ്ടത് വൃദ്ധസദനത്തില്‍ തള്ളപ്പെട്ട വയസ്സുചെന്ന മാതാപിതാക്കളുടെ വിളര്‍ത്ത മുഖത്ത് വല്ലപ്പോഴും വരുന്ന പേരക്കുട്ടികളെയും മക്കളെയും കാണുമ്പോള്‍ ഉണ്ടാവുന്ന പ്രകാശത്തിന്റെ ദീപ്തിയിലാണ്. അല്ലാതെ, ഫെബ്രുവരി പതിനാലാം തീയതി ഒരു കാര്‍ഡും പനിനീര്‍പ്പൂവും കൈമാറുന്ന ഒരു ആണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെയും പ്രണയാര്‍ദ്രമായ കണ്ണുകളിലെ തെളിച്ചത്തിലല്ല. കാരണം ഒരു വലന്റയിന്‍സ് ഡേ നമ്മുടെ പ്രണയത്തിന് മാറ്റ് കുറയ്ക്കുന്നില്ല. (വേറെ വഴികളിലൂടെ അത് കുറഞ്ഞെങ്കിലേ ഉള്ളു). , മറിച്ച് അമ്മൂമ്മമാര്‍ക്ക് വേണ്ടിയുള്ള ദിവസത്തില്‍ മക്കള്‍ വരുന്നതും കാത്ത് നാളുകളെണ്ണി കഴിയുന്ന അശരണരായ അമ്മൂമ്മമാര് തീര്‍ച്ചയായും സാംസ്ക്കാരികമായും മാനുഷികമായുമുള്ള നമ്മുടെ അപചയത്തിന് ദൃഷ്ഠാന്തമാണ്.
146 total views, 1 views today