ഇസ്ലാമിക സ്വത്വവും രാഷ്ട്രവും സ്ഥാപിച്ചെടുക്കാനുള്ള സമരമല്ല, ജനാധിപത്യത്തേയും ബഹുസ്വരതയേയും തിരിച്ചു പിടിക്കാനുള്ള താണ്

142

Basheer Vallikkunnu

‘ലാ ഇലാഹ ഇല്ല ല്ലാഹ്’ എന്ന ബാനറും മുന്നിൽ പിടിച്ച് എസ് ഐ ഒ ക്കാർ നടത്തുന്ന പ്രകടനത്തിന്റെ ചിത്രം കണ്ടു, പൗരത്വ ബില്ലിനെതിരെ സമരം നടത്തുന്ന വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട്. സമാനമായ ഒരു എഫ് ബി പോസ്റ്റ് ഇന്നലെ ജാമിയ സമരത്തിൽ പങ്കെടുത്ത് മീഡിയകളിൽ നിറഞ്ഞുനിന്ന പെൺകുട്ടിയുടെ വാളിലും കണ്ടു. സംഘപരിവാരം അതേറ്റെടുത്തിട്ടുണ്ട്.

ഞാൻ കഴിഞ്ഞ ദിവസം എഴുതിയ പോസ്റ്റിൽ സൂചിപ്പിച്ച അതേ കാര്യമാണിത്, ഈ സമരത്തിന്റെ ദിശ മാറ്റാനും അതിന്റെ കോണ്ടെക്സ്റ്റിനെ തല കീഴായി മറിക്കാനും ഒരൊറ്റ മുദ്രാവാക്യം വിളി കൊണ്ട് സാധിക്കും, പരിസരബോധമില്ലാത്ത ഈ എസ് ഐ ഒ – സോളിഡാരിറ്റി മലരന്മാർ അത് ചെയ്യും, അതാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.

ഒരു ബഹുസ്വര സമരത്തിന്റേയും നാലയലത്തിലേക്ക് ഇവറ്റകളെ അടുപ്പിക്കരുത്. ഇസ്ലാമിക സ്വത്വവും രാഷ്ട്രവും സ്ഥാപിച്ചെടുക്കാനുള്ള ഒരു സമരമല്ല ഇത്, ഇന്ത്യൻ ജനാധിപത്യത്തേയും ബഹുസ്വരതയേയും തിരിച്ചു പിടിക്കാനുള്ള സമരമാണ്. ഈ സമരത്തിന്റെ ജീവനും ശക്തിയും ഇന്ത്യയിലെ മതേതര സമൂഹത്തിന്റെ ഐക്യമാണ്. ബഹുഭൂരിപക്ഷം വരുന്ന ഇന്ത്യയിലെ ഹൈന്ദവ സമൂഹമാണ് സംഘ്പരിവാരത്തിനെതിരായ സമരത്തിന്റെ മുൻനിരയിൽ ഉള്ളതെന്ന് ഓർക്കണം, മതമുള്ളവരും ഇല്ലാത്തവരുമൊക്ക ആ സമരനിരയിലുണ്ട്. ഹിന്ദുത്വ രാഷ്ട്രമെന്ന ഐഡിയോളജിയുടെ ബദൽ ഇസ്ലാമിക രാഷ്ട്രമെന്ന ഐഡിയോളജിയല്ല, സംഘപരിവാര രാഷ്ട്രീയത്തിന്റെ ഒരേയൊരു ബദൽ മതേതര ബഹുസ്വര രാഷ്ട്രീയം മാത്രമാണ്.

ജാമിയയിൽ സമരം നയിച്ച് അടികൊണ്ട് വാർത്തകളിൽ നിറഞ്ഞു നിന്നത്‌ ഞങ്ങളുടെ പെൺകുട്ടികളാണെന്നു നിങ്ങൾ പറഞ്ഞേക്കും, അവർ സമരത്തിൽ പങ്കെടുത്തതിനേയും ചെറുത്തു നിന്നതിനേയും അഭിനന്ദിക്കുന്നു, വ്യക്തികളെന്ന നിലക്ക് അവർക്കതിനുള്ള സ്വാതന്ത്ര്യവും അർഹതയുമുണ്ട്, പക്ഷേ ആ പങ്കാളിത്തം നിങ്ങളുടെ തലതിരിഞ്ഞ ആശയങ്ങൾ ഒരു ബഹുസ്വര സമരത്തിന് മേൽ അടിച്ചേൽപ്പിക്കാനുള്ള ലൈസൻസല്ലെന്ന് ഓർമ്മ വേണം.

ഇന്ത്യയുടെ മോചനം ഇസ്‌ലാമിലൂടെ എന്ന് തെരുവ് നീളെ എഴുതിവെച്ച ഒരു കൂട്ടത്തിന്റെ പിന്മുറക്കാരാണ് നിങ്ങൾ. ആ ആശയധാരയുമായി കുളം കലക്കാൻ മലരന്മാരേ നിങ്ങളിങ്ങോട്ട് വരരുത്. ഇത് നിങ്ങളുടെ പോരാട്ട ഭൂമികയല്ല, ഇത് ഇന്ത്യയെന്ന ബഹുസ്വര വികാരത്തെ സ്നേഹിക്കുന്ന പച്ചയായ മനുഷ്യരുടെ പോരാട്ടമാണ്. നിങ്ങളും നിങ്ങളുടെ മതരാഷ്ട്ര സിദ്ധാന്തവുമൊക്കെ ഏതെങ്കിലും അടുപ്പിൽ കൊണ്ട് പോയി പുഴുങ്ങിത്തിന്ന്, ദയവ് ചെയ്ത് ഈ വഴിക്ക് കണ്ടു പോകരുത്.