ഞെട്ടിക്കുന്ന ഒരു വാർത്തയാണ് രാജ്യം ഇന്ന് കേട്ടത്.
അതിർത്തിയിലെ ഭീകരവാദികൾക്കെതിരെ പ്രവർത്തിക്കുന്ന സ്പെഷ്യൽ സ്ക്വാഡിലെ ഡിഎസ്പി ദവീന്ദർ സിങ്ങിനെ രണ്ട് ജെയ്ഷെ മുഹമ്മദ് ഭീകരർക്കൊപ്പം അറസ്റ്റ് ചെയ്തിരിക്കുന്നു എന്നത്. ശ്രീനഗർ ജമ്മു ഹൈവേയിൽ ഡൽഹിലേക്കുള്ള യാത്രാമധ്യേയാണ് ഭീകരരോടൊപ്പം ആയുധങ്ങളുമായി ഇയാൾ അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത് എന്നാണ് വാർത്ത.
ഇത്തരം വാർത്തകളിൽ നിന്ന് പ്രാഥമികമായി തന്നെ അനുമാനിക്കാവുന്നത് എന്തൊക്കെയാണ്?. ഭീകരരെ ആയുധങ്ങളുമായി വേണ്ട സ്ഥലങ്ങളിൽ എത്തിക്കുന്നതും അവർക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുക്കുന്നതും ഭീകരവിരുദ്ധ സ്ക്വഡിലെ ഉയർന്ന ഉദ്യോഗസ്ഥർ തന്നെ എന്നത്. റിപ്പബ്ലിക് ദിനത്തിന് ഇനി ഏതാനും നാളുകൾ മാത്രമേ ബാക്കിയുള്ളൂ എന്നോർക്കുക.
പുൽവാമ പോലൊരു ഭീകരാക്രമണത്തിന്റെ ചിത്രം നമ്മുടെ മുന്നിലുണ്ട്.. ഇന്ത്യൻ പൊതുബോധത്തെ ബിജെപിക്ക് അനുകൂലമായി പുൽവാമ എങ്ങിനെ മാറ്റിമറിച്ചു എന്നതും നമുക്കറിയാം. രാജ്യമുടനീളം പൗരത്വ പ്രക്ഷോഭം കൊടുമ്പിരി കൊള്ളുമ്പോൾ അതിൽ നിന്ന് ശ്രദ്ധ തിരിക്കാൻ മറ്റൊരു ഭീകരാക്രമണം ആരെക്കെയോ ചേർന്ന് ആസൂത്രണം ചെയ്യുന്നുണ്ടെന്ന് സംശയിച്ചാൽ അവരെ കുറ്റം പറയാനൊക്കുമോ?.
ഇക്കഴിഞ്ഞ ആഗസ്റ്റ് പതിനഞ്ചിന് രാഷ്രപതിയുടെ മെഡൽ വാങ്ങിയ ആളാണ് ഇപ്പോൾ അറസ്റ്റിലായ ഡി എസ് പി എന്ന് കൂടി കൂട്ടിവായിക്കുമ്പോൾ ചിത്രം പൂർത്തിയാകും…മാത്രമല്ല, തൂക്കിലേറ്റപ്പെട്ട അഫസ്ൽ ഗുരു പാർലമെന്റ് ആക്രമണ കേസിന്റെ സൂത്രധാരനായി ചൂണ്ടിക്കാട്ടിയ പോലീസ് ഓഫീസറും ഇയാൾ തന്നെയാണ്. കൊണ്ട് നടക്കുന്നതും നീയേ ചാപ്പാ കൊണ്ട് പോയി കൊല്ലിക്കുന്നതും നീയേ ചാപ്പാ.