പ്രിയ സുനിൽ,ഒരു പത്രപ്രവർത്തകൻ എന്ന നിലയിൽ താങ്കൾക്ക് ഏറ്റവും അഭിമാനിക്കാവുന്ന ഒരു ദിനമാണ് ഇന്ന്

2165
ഏഷ്യാനെറ്റിന്റെ നിരോധനം നീക്കിയിരിക്കുകയാണ്. മീഡിയ വണിന്റെ നിരോധനം തുടരുന്നു. ബിജെപി രാജ്യസഭാ എംപിയും ചാനൽ ഉടമയുമായ രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടലിന്റെ ഫലമായിരിക്കാം ഏഷ്യാനെറ്റ് നിരോധനം നീക്കിയത്. എട്ടു മണിക്കൂറോളം ആണ് ഏഷ്യാനെറ്റ് നിരോധനം നേരിടേണ്ടിവന്നത്. ഇവിടത്തെ ഗൗരവമുള്ള വിഷയം ഫാസിസത്തിനെതിരെ സത്യസന്ധമായ വാർത്തകൾ നൽകിയതിന്റെ പേരിൽ ഒരു മിനിറ്റ് എങ്കിലും നിരോധനം നേരിടേണ്ടി വന്നു എന്നതാണ്.
Basheer Vallikkunnu എഴുതുന്നു 
പ്രിയ സുനിൽ,ഒരു പത്രപ്രവർത്തകൻ എന്ന നിലയിൽ താങ്കൾക്ക് ഏറ്റവും അഭിമാനിക്കാവുന്ന ഒരു ദിനമാണ് ഇന്ന്.ഡൽഹി കലാപക്കാലത്തെ താങ്കളുടെ റിപ്പോർട്ടുകളാണ് ഈ ഭരണകൂടത്തെ ഏറ്റവും കൂടുതൽ വിറളി പിടിപ്പിച്ചത്. മുട്ടിലിഴയുന്ന മാധ്യമങ്ങളുടെ ട്രമ്പ് സർക്കസ് നടന്നുകൊണ്ടിരിക്കെ ആ വഴിക്കൊന്നും പോകാതെ ഡൽഹിയിലെ കത്തുന്ന തെരുവുകളിൽ താങ്കൾ ക്യാമറയുമായി നടന്നു. അവിടെ നിന്ന് ലൈവ് കവറേജുകൾ കൊടുത്തു.
വെടിയേറ്റ് വീണ കുഞ്ഞിന്റെ അരികിൽ താങ്കൾ എത്തി, അവനെ ആശുപത്രിയിലേക്ക് കൊണ്ട് പോകാൻ ശ്രമിച്ചു.. സംഘികൾ പള്ളി കത്തിക്കുമ്പോൾ അതിന്റെ ദൃശ്യങ്ങൾ പകർത്തി, ആ പള്ളിയുടെ മിനാരത്തിൽ ഹനുമാൻ പതാക കെട്ടിയപ്പോൾ അതുറക്കേ വിളിച്ചു പറഞ്ഞു. ഗുണ്ടകളോടൊപ്പം പോലീസുകാർ കലാപത്തിൽ നേരിട്ട് പങ്കാളികളായപ്പോൾ അക്കാര്യം മാധ്യമ വാർത്തകളിലൂടെ രേഖപ്പെടുത്തി. ഡൽഹിയിലെ പതിനാറ് വർഷത്തെ ജീവിതത്തിനിടയിൽ ഇതുപോലൊരു കലാപം കണ്ടിട്ടില്ലെന്ന് ഉറക്കെപ്പറഞ്ഞു.
ഇത്തരം കൊടിയ ക്രൂരതകൾ ഒരു ഭരണകൂടത്തിന്റെ മൂക്കിന് താഴെ നടക്കുമ്പോൾ ഒരു പത്രപ്രവർത്തകൻ എന്ത് ചെയ്യണമെന്നതിന്റെ നേർചിത്രമാണ് താങ്കളിലൂടെ കേരളം കണ്ടത്.. താങ്കളുടെ റിപ്പോർട്ടുകളെക്കുറിച്ച് അന്ന് തന്നെ ഒരു കുറിപ്പ് എന്റെ എഫ് പി പേജിൽ ഇട്ടിരുന്നു. താങ്കളുടെ റിപ്പോർട്ടുകൾ ഭരണകൂടത്തെ വല്ലാതെ അസ്വസ്ഥപ്പെടുത്തുമെന്ന് അന്ന് തന്നെ അറിയാമായിരുന്നു.
ഏഷ്യാനെറ്റിനെ നാല്പത്തിയെട്ട് മണിക്കൂർ വിലക്കിക്കൊണ്ടുള്ള ഉത്തരവിലെ ആദ്യ പേജിൽ തന്നെ താങ്കളുടെ റിപ്പോർട്ടുകളെക്കുറിച്ചാണ് കേന്ദ്രത്തിലെ ഫാസിസ്റ്റുകൾ സൂചിപ്പിച്ചിട്ടുള്ളത്. അതിൽ അഭിമാനിക്കുക.താങ്കളെയോർത്ത് ഞങ്ങളും അഭിമാനിക്കുന്നു.ഈ നിരോധനം പത്രപ്രവർത്തകർ ഭയപ്പാടോടെ കാണേണ്ട ഒന്നല്ല, അവർ അഭിമാനത്തോടെ ഓർക്കേണ്ട ഒന്നാണ്.. ഇത് ഒരു അവാർഡാണ്.. ഡൽഹി കലാപക്കാലത്ത് വാർത്തകൾ സത്യസന്ധമായി റിപോർട്ട് ചെയ്ത എല്ലാ മാധ്യമപ്രവർത്തകർക്കുമുള്ള അവാർഡ്.സുനിലിന് പ്രത്യേകിച്ചുമുള്ള ഒരവാർഡ്‌.എല്ലാ ഭാവുകങ്ങളും, സ്നേഹത്തോടെ.