യുവമോർച്ചാ നേതാവല്ലേ, അയാൾക്ക് രാജ്യത്തെ നിയമമൊന്നും ബാധകമാകില്ലല്ലോ

137

ബഷീർ വള്ളിക്കുന്ന്

ബി ജെ പി യുവമോർച്ചാ നേതാവിനെ കള്ളനോട്ടുമായി മൂന്നാമതും പിടികൂടിയ വാർത്തയാണ് ലേറ്റസ്റ്റ്. രണ്ട് വർഷം മുമ്പാണ് ആദ്യം പിടികൂടിയത്.ലക്ഷക്കണക്കിന് രൂപയുടെ കള്ളനോട്ടും നോട്ടടി യന്ത്രവും എല്ലാമടക്കമാണ് അന്ന് പിടികൂടിയത്. സ്വന്തം വീട്ടിൽ വെച്ച്.

യുവമോർച്ചാ നേതാവല്ലേ, അയാൾക്ക് രാജ്യത്തെ നിയമമൊന്നും ബാധകമാകില്ലല്ലോ, മാത്രമല്ല, ബിജെപി സംസ്ഥാന നേതാക്കളോടൊപ്പം ഇടപഴകുന്ന ആളാണ്. കൂളായി ജാമ്യത്തിൽ വിട്ടു. അയാൾ വീണ്ടും കള്ളനോട്ടടിച്ചു. കൊടുവള്ളിയിൽ നിന്ന് വീണ്ടും പിടിയിലായി. അന്ന് സാമൂഹ്യ മാധ്യമങ്ങളിൽ വലിയ ബഹളമുണ്ടായി. എന്നാൽ ശക്തമായ ഒരു വകുപ്പും ചേർക്കാതെ അയാളെ കള്ളനോട്ടടിക്കാൻ വീണ്ടും പുറത്തു വിട്ടു. ഇപ്പോൾ അയാളെ മൂന്നാമതും പിടികൂടിയതായാണ് വാർത്ത.

നാല്പത് ലക്ഷം രൂപയുടെ കള്ളനോട്ടുമായാണ് അന്തിക്കാട് വെച്ച് പിടികൂടപ്പെട്ടത്. വീട് റെയിഡ് ചെയ്തപ്പോൾ പതിമൂന്ന് ലക്ഷം വേറെയും കിട്ടിയത്രെ. പുതിയ യുഎപിഎ ഭേദഗതി പ്രകാരം കള്ളനോട്ടടി അതിന്റെ പരിധിയിൽ വരുന്ന രാജ്യദ്രോഹക്കുറ്റമാണ്.

ഏതോ നോട്ടീസ് കയ്യിൽ നിന്ന് കിട്ടി എന്ന് പറഞ്ഞു മാവോയിസ്റ്റ് ഭീകരരെന്ന് മുദ്രകുത്തി രണ്ട്‌ ചെറുപ്പക്കാരെ ജയിലിലടക്കാനും അവർക്കെതിരെ ഭീകരവാദം പ്രസംഗിച്ചു നടക്കാനും പോലീസ് പറയുന്നത് അപ്പടി ആവർത്തിക്കാനും ആയിരം നാക്കാണ്‌ പിണറായി സഖാവിനും അയാളുടെ പാർട്ടി നേതാക്കന്മാർക്കും. പക്ഷേ പിടികൂടപ്പെടുന്നത് സംഘിയാകുമ്പോൾ, ഒരു ജാമ്യമില്ലാക്കേസ് ചുമത്താൻ പോലും കഴിയാത്തവിധം മുട്ട് വിറക്കുകയാണ്. നാളെ അയാൾ വീണ്ടും പുറത്തിറങ്ങും. എൻഐഎ ഇല്ല, രാജ്യദ്രോഹമില്ല, യുഎപിഎ യുമില്ല.